Header Ads

ജീവിതം ആഘോഷമാക്കിയ മുത്തശി യാത്രയായി


കേരളത്തിലായിരുന്നുവെങ്കില്‍, 'വയസായില്ലേ, ഈശ്വരനാമവും ജപിച്ച്, നല്ല മരണത്തിനായി പ്രാര്‍ത്ഥിക്ക്' എന്ന ഉപദേശങ്ങളുടെ കൂമ്പാരത്തില്‍ നരകിച്ച് അവര്‍ ഈ ലോകം വിട്ടു പോയേനെ. ഒരു പ്രായം കഴിഞ്ഞാല്‍ അടങ്ങിയൊതുങ്ങി, ആരാധനാലയങ്ങളും പ്രാര്‍ത്ഥനകളുമായി മരണത്തെ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന കേരളത്തിലെ കാഴ്ചപ്പാടുകള്‍ക്ക് വിപരീതമായി, തന്റെ 104-ാമത്തെ വയസില്‍ 104 വയസുള്ള അമേരിക്കക്കാരിയായ ഡൊറോത്തി ഹോഫ്‌നര്‍ സ്‌കൈ ഡൈവിംഗില്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു.

ചിക്കാഗോ എയര്‍പോര്‍ട്ടിലെ ഒരു വിമാനത്തില്‍ നിന്നും കുതിച്ചു ചാടിയ ഡൊറോത്തി, ടാന്‍ഡം പാരച്യൂട്ട് ജമ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോര്‍ഡിട്ടു. സ്വീഡനിലെ 103 വയസ്സുള്ള ഒരാള്‍ സ്ഥാപിച്ച 2022 ലെ റെക്കോര്‍ഡ് ആണ് ഡൊറോത്തി മറികടന്നത്.



1918 ല്‍ ജനിച്ച ഡൊറോത്തി, സ്പാനിഷ് ഫ്‌ളൂ, കോവിഡ്-19 എന്നീ മാരകരോഗങ്ങളെ അതിജീവിച്ചു. ജീവിതത്തിലൊരിക്കലും നിറവേറ്റാതെ പോയ ആഗ്രഹങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കരുത് എന്ന പിതാവിന്റെ വാക്കുകള്‍ അതേപടി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയാണ് ഡൊറോത്തി. ജീവിതത്തില്‍ ഒരിക്കലും തിരിഞ്ഞു നോക്കാന്‍ ആഗ്രഹിക്കാത്ത ആ മുത്തശ്ശി തന്റെ അവസാനത്തെ ആഗ്രഹവും നിറവേറ്റി ഈ ലോകം വിട്ടു യാത്രയായി. ജീവിതത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തോടും പ്രാധാന്യത്തോടും കൂടി അവര്‍ ജീവിച്ചു തീര്‍ത്തു.

ചിക്കാഗോയിലെ തന്റെ വസതിയില്‍ ഉറങ്ങുന്നതിനിടെയാണ് ഡൊറോത്തി മരിച്ചത്. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

പ്രാരാബ്ദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കര്‍ത്തവ്യങ്ങള്‍ക്കും കടമകള്‍ക്കുമിടയില്‍ ജീവിക്കാന്‍ മറന്നു പോകുന്ന ഓരോ മനുഷ്യര്‍ക്കും പ്രചോദനമാണ് ഡൊറോത്തി. ശരീരത്തില്‍ ശ്വാസം നിലനില്‍ക്കുന്ന കാലത്തോളം സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെ സഞ്ചരിക്കാന്‍ നമുക്കാവുമെന്ന മഹത്തായ പാഠം അവര്‍ നമ്മെ പഠിപ്പിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.