Header Ads

വളര്‍ത്തുനായ് കടിച്ച യുവതിയുടെ വാഹനങ്ങള്‍ക്ക് നായയുടെ ഉടമ തീയിട്ടു

Thamasoma News Desk

വളര്‍ത്തുനായ കടിച്ചതിനെത്തുടര്‍ന്ന്‌ യുവതി പോലീസില്‍ പരാതി നല്‍കിയതില്‍ പ്രകോപിതയായി, നായയുടെ ഉടമയും കുടുംബവും ചേര്‍ന്ന് യുവതിയുടെയും മകന്റെയും രണ്ട് വാഹനങ്ങള്‍ കത്തിച്ചു. റോട്ട്വീലര്‍ ഇനത്തില്‍ പെട്ട നായയാണ് യുവതിയെ കടിച്ചത്. ബാംഗ്ലൂര്‍ കോതനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

വീട്ടുജോലിക്കാരിയായ പുഷ്പ (43)യുടെയും മകന്റെയും വാഹനങ്ങള്‍ക്കാണ് നായയുടെ ഉടമ തീയിട്ടത്. പുഷ്പയുടെ അയല്‍വാസികളായ നാഗരാജ് എന്ന എച്ച്എംടി രാജണ്ണ, മകള്‍ ഗായത്രി കാവ്യ, മകന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് വാഹനങ്ങള്‍ കത്തിച്ചതെന്ന് യുവതി ആരോപിച്ചു. ഇവര്‍ കോതനൂരില്‍ ഒരു റസ്‌റ്റോറന്റ് നടത്തുന്നുണ്ട്.

ജോലിക്ക് പോകുന്നതിനിടെ ജൂണ്‍ 13 നാണ് പുഷ്പയെ വളര്‍ത്തുനായ ആക്രമിച്ചതും കടിച്ചു മുറിവേല്‍പ്പിച്ചതും. ഇത് കണ്ട ബാബുവും ഗായത്രിയും പുഷ്പയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടരുതെന്ന് പുഷ്പയോടും മകനോടും ഇവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പുഷ്പയുടെ ചികിത്സാച്ചെലവ് തങ്ങള്‍ വഹിക്കാമെന്ന് നാഗരാജും ഭാര്യ ഗൗരമ്മയും ഉറപ്പുനല്‍കുകയും ചെയ്തു. കൂടാതെ, ജോലി ചെയ്യാന്‍ കഴിയുന്നത് വരെ പുഷ്പയ്ക്ക് സാമ്പത്തിക സഹായം നല്‍കിക്കൊള്ളാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തു. തങ്ങള്‍ വാക്കു പാലിച്ചതായി നാഗരാജും കുടുംബവും പറയുന്നു.

എന്നാല്‍, സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും തന്റെ ചികിത്സാ ചെലവുകള്‍ക്കായി വീട്ടുകാരില്‍ നിന്ന് പണം ലഭിച്ചില്ലെന്ന് പുഷ്പ പറഞ്ഞു. ''ചികിത്സാ ചെലവിന് പണമില്ലാത്തതിനാല്‍, നാഗരാജിന്റെ കുടുംബവും കൂടി അംഗങ്ങളായ ചിട്ടി ഫണ്ടില്‍ നിന്ന് ഞാന്‍ പണം പിന്‍വലിച്ചു. പണം നല്‍കാന്‍ നാഗരാജും കുടുംബവും വിസമ്മതിച്ചതിനാല്‍ ജൂലൈയില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു,' പുഷ്പ പറയുന്നു.

''തിങ്കളാഴ്ച ബാബു എന്റെ വീടിനു സമീപം വന്ന് ചിട്ടി ഫണ്ട് തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടു. പണം തിരിച്ചടയ്ക്കാന്‍ ഏതാനും മാസത്തെ സാവകാശം ചോദിച്ചപ്പോള്‍ അയാള്‍ എന്നെയും എന്റെ മകനെയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെ വലിയൊരു ശബ്ദം കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്. എന്താണെന്നറിയാന്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് രണ്ട് വാഹനങ്ങളും കത്തിക്കുന്നതാണ്. ഞങ്ങളും മറ്റ് അയല്‍വാസികളും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങള്‍ കത്തിനശിച്ചു,'' പുഷ്പ വിശദീകരിച്ചു. കോതനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.