Header Ads

അവിവാഹിതകള്‍ക്ക് വാടക ഗര്‍ഭം നിഷേധിക്കുന്നത് എന്തിന്?

Thamasoma News Desk

വിവാഹം കഴിക്കാതെ, ലൈംഗികതയിലൂടെയല്ലാതെ, ഒരു കുഞ്ഞു വേണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന വ്യക്തിക്കുള്ള തിരിച്ചടിയാണ് അവിവാഹിതര്‍ക്കും ഒറ്റയ്ക്കു ജീവിക്കുന്നവര്‍ക്കും വാടക ഗര്‍ഭധാരണം അനുവദിക്കില്ല എന്നുള്ള നടപടിക്രമം. ഇത് കടുത്ത വിവേചനമാണെന്നു ചൂണ്ടിക്കാട്ടി, വാടക ഗര്‍ഭധാരണ നടപടിക്രമം തിരഞ്ഞെടുക്കുന്നതില്‍ നിന്ന് നിയമപരമായി വിലക്കേര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സരോഗസിയിലൂടെ ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹമുമായിട്ടാണ് 44 കാരിയായ  അവിവാഹിത ആശുപത്രിയിലെത്തിയത്. എന്നാല്‍, അവിവാഹിതര്‍ക്കും ഒറ്റയ്ക്കു ജീവിക്കുന്നവര്‍ക്കും സരോഗസി സാധ്യമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ദാതാക്കളുടെ അണ്ഡങ്ങള്‍ വേണമെന്നും വാടക ഗര്‍ഭധാരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രായം അധികരിച്ചതിനാല്‍, തന്റെ അണ്ഡം ഉപയോഗിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.

നിയമത്തിലെ സങ്കീര്‍ണതകള്‍ പരിശോധിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷനുവേണ്ടി ഹാജരായ ടി സിംഗ്‌ദേവ് പറഞ്ഞു.

പല കാരണങ്ങളാലും ജീവിതത്തിന്റെ തുടക്കത്തില്‍ വിവാഹം കഴിക്കാന്‍ സാധിക്കാത്തവരുണ്ട്. സ്വന്തമായി ഒരു കുഞ്ഞുവേണമെന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവര്‍ക്കെല്ലാമുള്ള തിരിച്ചടിയാണ് വാടക ഗര്‍ഭധാരണ നടപടിക്രമങ്ങള്‍. വാടക ഗര്‍ഭധാരണ (റെഗുലേഷന്‍) ആക്ട്, 2021 ലെ വ്യവസ്ഥകള്‍, ഒരു കുഞ്ഞുവേണമെന്ന പലരുടെയും ആഗ്രഹത്തിനു തിരിച്ചടിയാണ്.

ഇവിടെ, വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും രണ്ടു നിയമമാണ് ഉള്ളത്. ഇത്, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), 21 (ജീവിക്കാനുള്ള അവകാശം) എന്നിവ പ്രകാരം മൗലികാവകാശങ്ങളുടെ ലംഘനവും യുക്തിരഹിതവും നിയമവിരുദ്ധവും വിവേചനപരവും ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.