Header Ads

വീട്ടില്‍ ക്രിസ്തുവിന്റെ ഫോട്ടോ ഉള്ളതുകൊണ്ട് മതം മാറിയെന്ന് അര്‍ത്ഥമില്ല

Thamasoma News Desk 

'മഹാര്‍' ജാതിയില്‍ പെട്ട 17 വയസുകാരി പെണ്‍കുട്ടി തന്റെ ജാതി സര്‍ട്ടിഫിക്കറ്റിനായി അമരാവതി ജില്ലാ ജാതി സര്‍ട്ടിഫിക്കറ്റ് സ്‌ക്രൂട്ടിനി കമ്മറ്റി മുമ്പാകെ 2022 ല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, കമ്മറ്റിയുടെ വിജിലന്‍സ് സെല്‍ ഇവരേക്കുറിച്ച് അന്വേഷണം നടത്തി. എന്നാല്‍, പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും ക്രിസ്തുമതം സ്വീകരിച്ചവരാണെന്നും യേശുക്രിസ്തുവിന്റെ ഫോട്ടോ അവരുടെ വീട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നുമുള്ള കാരണത്താല്‍ ഈ അപേക്ഷ തള്ളി.

യേശുക്രിസ്തുവിന്റെ ഫോട്ടോ തങ്ങള്‍ക്ക് ആരോ സമ്മാനമായി നല്‍കിയതാണെന്നും അത് വീട്ടില്‍ പ്രദര്‍ശിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും പെണ്‍കുട്ടി പറഞ്ഞിട്ടും അത് അംഗീകരിക്കാന്‍ കമ്മറ്റി തയ്യാറായില്ല. കമ്മറ്റിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് ഈ ഉത്തരവ്.

ഹര്‍ജിക്കാരിയുടെ കുടുംബം പരമ്പരാഗതമായി ബുദ്ധമത പാരമ്പര്യം പിന്തുടരുന്നുവെന്ന് വ്യക്തമായതിനാല്‍ വിജിലന്‍സ് ഓഫീസറുടെ (കമ്മിറ്റിയുടെ) റിപ്പോര്‍ട്ട് തള്ളുന്നതായും കോടതി പറഞ്ഞു.

പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും ക്രിസ്തുമതം സ്വീകരിച്ചു എന്ന സമിതിയുടെ വാദത്തെ ബലപ്പെടുത്താന്‍ ഇവര്‍ മാമോദീസ സ്വീകരിച്ചതിന്റെ തെളിവുകളൊന്നും സമിതിയുടെ വിജിലന്‍സ് സെല്‍ കണ്ടെത്തിയിരുന്നില്ലെന്നും ഹൈക്കോടതി ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ''വീട്ടില്‍ യേശുക്രിസ്തുവിന്റെ ഫോട്ടോ ഉള്ളതുകൊണ്ട് മാത്രം ഒരാള്‍ സ്വയം ക്രിസ്തുമതം സ്വീകരിച്ചുവെന്ന് വിവേകമുള്ള ഒരാളുപോലും വിശ്വസിക്കില്ല,'' കോടതി പറഞ്ഞു.

ഒരാള്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യണമെങ്കില്‍ മാമ്മോദീസ എന്ന കൂദാശ സ്വീകരിക്കണം, കോടതി വ്യക്തമാക്കുന്നു. വിജിലന്‍സ് സെല്‍ ഓഫീസര്‍, ഹരജിക്കാരന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍, കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടതിനാല്‍, ഹര്‍ജിക്കാരന്റെ കുടുംബം ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്ന് അദ്ദേഹം കരുതി, ഹൈക്കോടതി പറഞ്ഞു.

സൂക്ഷ്മപരിശോധനാ കമ്മറ്റിയുടെ ഉത്തരവ് റദ്ദാക്കിയ ബെഞ്ച്, രണ്ടാഴ്ചയ്ക്കകം 'മഹാര്‍' (പട്ടികജാതി) യില്‍ പെട്ടയാളാണെന്ന് ഹരജിക്കാരി എന്ന ജാതി സാധുത സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദ്ദേശിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.