ബിരുദധാരിയായ ഭാര്യയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി
Thamasoma News Desk
ഭാര്യ ബിരുദധാരിയായതിനാല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ മനഃപൂര്‍വം ജോലി ചെയ്യുന്നില്ലെന്ന് കരുതാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി.
ബിഎസ്സി ബിരുദം ഉള്ളതിനാല്‍ ഭാര്യക്ക് നല്‍കേണ്ട ഇടക്കാല ജീവനാംശം പ്രതിമാസം 25,000 രൂപയില്‍ നിന്ന് 15,000 രൂപയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
'ഭാര്യ ബിരുദധാരിയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അവര്‍ക്ക് ഇന്നേവരെ ജോലി ലഭിച്ചിട്ടില്ല. ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ജോലിചെയ്യാതിരിക്കുകയാണ് എന്നു കരുതാനുമാവില്ല. അതിനാല്‍, കുടുംബകോടതി നിശ്ചയിച്ച ഇടക്കാല ജീവനാംശത്തില്‍ ഇടപെടേണ്ട സാഹചര്യം കോടതിക്കില്ല,' ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
എന്നാല്‍, ജീവനാംശ തുക വര്‍ദ്ധിപ്പിക്കാനുള്ള ഭാര്യയുടെ ഹര്‍ജ്ജി കോടതി തള്ളി. ഇവരുടെയും മകന്റെയും ചെലവിന് ഉതകുന്ന തുകയാണ് അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍, ഇടക്കാല ജീവനാംശം നല്‍കുന്നതില്‍ ഭര്‍ത്താവ് കാലതാമസം വരുത്തിയാല്‍ പ്രതിദിനം 1000 രൂപ പിഴ ഈടാക്കുന്നതിനുള്ള ഹര്‍ജ്ജി കോടതി മാറ്റിവച്ചു. ഇടക്കാല ജീവനാംശം വൈകിയാല്‍, ഭാര്യക്ക് പ്രതിവര്‍ഷം 6 ശതമാനം പലിശ നല്‍കാനാണ് കോടതി നിര്‍ദ്ദേശം.
അഭിപ്രായങ്ങളൊന്നുമില്ല