ബലാത്സംഗം ചെയ്‌തെന്ന എഫ് ഐ ആര്‍ പിന്‍വലിച്ച സ്ത്രീയ്ക്ക് 25,000 രൂപ പിഴ
Thamasoma News Desk
ബലപ്രയോഗത്തിലൂടെ ഗര്‍ഭഛിദ്രം നടത്തിയെന്നും തന്നെ ബലാത്സംഗം ചെയ്തുവെന്നും ആരോപിച്ച് പുരുഷനെതിരെ ആദ്യം എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും പിന്നീട് അതു റദ്ദാക്കാന്‍ അനുമതി നല്‍കുകയും ചെയ്ത സ്ത്രീക്ക് 25,000 രൂപ പിഴ ചുമത്തി ബോംബെ ഹൈക്കോടതി.
2017 ല്‍, സന്ദീപ് പാട്ടീലിനും കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് യുവതി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഗര്‍ഭഛിദ്ര നിയമപ്രകാരവും കേസെടുത്തിരുന്നു.
ആദ്യവിവാഹം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുവതി കുടുംബക്കോടതിയില്‍ വിവാഹ മോചന ഹര്‍ജ്ജി നല്‍കിയിരുന്നു. ഈ കേസ് നടക്കുന്നതിനിടെയാണ് ഇവര്‍ പാട്ടീലുമായി പരിചയത്തിലായത്. വിവാഹ വാഗ്ദാനം നല്‍കിയതിനെത്തുടര്‍ന്ന് പാട്ടീലുമായി താന്‍ ശാരീരികമായി ബന്ധപ്പെട്ടുവെന്നും യുവതി തന്റെ പരാതിയില്‍ പറഞ്ഞു.
എന്നാല്‍, പാട്ടീലും കുടുംബവും തന്നെ ആക്രമിക്കുകയും രണ്ട് തവണ അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. ആദ്യതവണ മഹാരാഷ്ട്രയിലെ സോലാപൂരില്‍ വച്ചും രണ്ടാം തവണ കര്‍ണാടകയില്‍ വച്ചുമാണ് ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതെന്നു യുവതി ആരോപിച്ചു.
എന്നാല്‍, ഉഭയസമ്മതപ്രകാരമാണ് താന്‍ യുവതിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയതെന്ന് പാട്ടീല്‍ കോടതിയെ ബോധ്യപ്പെടുത്തി. നിയമപരമായി വിവാഹം കഴിക്കാത്തതിനാലാണ് വിവാഹം അലസിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പ്രതികള്‍ കോടതിയെ ബോധ്യപ്പെടുത്തി.
താന്‍ ഇതിനകം മറ്റൊരു വിവാഹം കഴിച്ചുവെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും ഇപ്പോള്‍ സമാധാനപരമായ ജീവിതമാണ് നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പാട്ടീലിനും കുടുംബത്തിനും ഡോക്ടര്‍മാര്‍ക്കുമെതിരെ നല്‍കിയ എഫ് ഐ ആര്‍ റദ്ദാക്കാന്‍ യുവതി സമ്മതം നല്‍കുകയായിരുന്നു.
പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ശാരീരികബന്ധം ഐപിസി 375-ാം വകുപ്പിന്റെ അര്‍ത്ഥത്തില്‍ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
''എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന മറ്റ് കാര്യങ്ങളിലും ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍, പൂര്‍ണ്ണമായി അംഗീകരിച്ചാലും, യുവതിയും പാട്ടീലും തമ്മിലുള്ള ശാരീരിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് വ്യക്തമാണ്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ശാരീരികബന്ധം ഐപിസി 375-ാം വകുപ്പിന്റെ അര്‍ത്ഥത്തില്‍ ബലാത്സംഗമല്ല,' കോടതി പറഞ്ഞു.
അതിനാല്‍, പരാതിക്കാരിക്ക് 25,000 രൂപ പിഴ ചുമത്താനും രണ്ടാഴ്ചയ്ക്കകം ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിക്ഷേപിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല