മക്കള്‍ മുങ്ങിമരിച്ചു, മണ്ണുമാന്തി കുഴിച്ചിട്ട് അമ്മ നായ്
Thamasoma News
അവള്‍ തെരുവില്‍ ജനിച്ചവളായിരുന്നു. എങ്കിലും എല്ലാവരുടെയും പൊന്നോമനയായി അവള്‍ വളര്‍ന്നു. നാട്ടുകാര്‍ക്കൊപ്പം എല്ലാക്കാര്യത്തിലും അവള്‍ പങ്കെടുത്തു. അവര്‍ക്കൊപ്പം പന്തുകളിക്കാനും കൂടി. അരുമായി കൂടെ കൂടിയ അവള്‍ക്ക് ജൂലി എന്ന പേരിട്ടതും നാട്ടുകാരായിരുന്നു. അവളുടെ രണ്ടാമത്തെ പ്രസവത്തില്‍ എട്ടു കുഞ്ഞുങ്ങള്‍ പിറന്നു.
മാമ്പാട് വനിതാ ബാങ്കിന്റെ സമീപത്തെ ഓവുചാലിലായിരുന്നു ജൂലി മക്കളെയുമായി താമസിച്ചിരുന്നത്. അവള്‍ ഭക്ഷണം തേടിയിറങ്ങുമ്പോള്‍, കുഞ്ഞുങ്ങള്‍ അവിടെ വിശ്രമിക്കും. നാളതു വരെ പെരുമഴയില്‍ വെള്ളമൊഴുകിയിരുന്നത് ഓവുചാലിന്റെ മറ്റൊരു ഭാഗത്തു കൂടിയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസത്തെ മഴ പ്രതീക്ഷകളെ തകര്‍ത്തു. അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയില്‍ വെള്ളം ചാലുമാറി ഒഴുകി. ജൂലിയുടെ എട്ടു കുഞ്ഞുങ്ങളും വെള്ളത്തില്‍ മുങ്ങിമരിച്ചു.
ഭക്ഷണം തേടി മടങ്ങിയെത്തിയപ്പോള്‍ ജൂലി കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ചയായിരുന്നു. ചേതനയറ്റ കുഞ്ഞുങ്ങളെ ഓരോരുത്തരെയായി അവള്‍ ഓവുചാലില്‍ നിന്നും പുറത്തെടുത്തു കിടത്തി. പിന്നീട്, സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കാലുകൊണ്ടു കുഴിയുണ്ടാക്കി. കുഞ്ഞുങ്ങളെ ഓരോരുത്തരെയായി കുഴിയില്‍ കിടത്തി മണ്ണിട്ടു മൂടി.
അഭിപ്രായങ്ങളൊന്നുമില്ല