Header Ads

വൈറ്റ് റൂം ടോര്‍ച്ചര്‍ അഥവാ വെണ്മയുടെ ക്രൗര്യം

Thamasoma News Desk

വെളുപ്പിനെ വിവക്ഷിക്കുന്നത് നന്മയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയുമെല്ലാം പ്രതീകമായിട്ടാണ്. പക്ഷേ, വെളുപ്പിന് അതിക്രൂരവും പൈശാചികവും പ്രാകൃതവുമാവാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? പക്ഷേ, അതാണ് യാഥാര്‍ത്ഥ്യം. ലോകത്തില്‍ വച്ച് ഏറ്റവും ഭീതിദം കറുപ്പല്ല, മറിച്ച് വെളുപ്പാണ്. വെളുപ്പിന്റെ ഭീകരതയെക്കുറിച്ച് അറിവില്ലാത്തതിനാലാണ് നമ്മള്‍ വെളുപ്പിനെ നന്മയുടെയും വിശുദ്ധിയുടേയും സമാധാനത്തിന്റെയുമെല്ലാം പ്രതീകമായി കാണുന്നത്. യു എസ്, ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വൈറ്റ് റൂം ടോര്‍ച്ചര്‍ (White Room torture) പോലുമുണ്ട്. പല വിദേശ സിനിമകളിലും ഇത് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യയില്‍ ബലാത്സംഗകുറ്റവാളികള്‍ക്ക് വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന ശിക്ഷ നല്‍കണമെന്ന മുറവിളിയും ഉയരുന്നുണ്ട്.

വൈറ്റ് റൂം ടോര്‍ച്ചറിന്റെ ഭീകരത കാണിക്കുന്ന ഒരു അമേരിക്കന്‍ ആക്ഷന്‍ സീരീസാണ് 'ദി ബ്രേവ്'.


വളരെ പ്രാകൃതവും ക്രൂരവുമായ ഒരു ശിക്ഷാരീതിയാണ് വൈറ്റ് റൂം ടോര്‍ച്ചറിംഗ്. രാഷ്ട്രീയ കുറ്റവാളികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം നല്‍കപ്പെട്ടിരുന്ന ഒരു ശിക്ഷയാണിത്. വൈറ്റ് റൂം ടോര്‍ച്ചറിംഗിനായി ഉപയോഗിക്കുന്ന മുറിയില്‍ വെള്ളയല്ലാതെ മറ്റൊരു നിറവും ഉണ്ടായിരിക്കില്ല. കട്ടില്‍, ഫാന്‍, ലൈറ്റ്, കര്‍ട്ടണ്‍, എന്തിന് ഭക്ഷണത്തിനു പോലും വെള്ള നിറം മാത്രമായിരിക്കും. വെളുത്ത ചോറ്, ബ്രഡ്, മുട്ട, പാല്‍ എന്നിങ്ങനെ. ഇവര്‍ ധരിക്കുന്ന വസ്ത്രത്തിനും വെള്ള നിറമായിരിക്കും. മുറികളില്‍ ജനാല ഉണ്ടായിരിക്കില്ല. പുറത്തുനിന്നുള്ള ഒരു ശബ്ദവും കേള്‍ക്കാന്‍ ഇവര്‍ക്കു സാധിക്കില്ല. ഇത്തരം മുറിയില്‍ എത്രകാലം അടച്ചിടുമെന്നത് ശിക്ഷയുടെ കാഠിന്യമനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. ചിലപ്പോള്‍ ആഴ്ചകള്‍, ചിലപ്പോള്‍ മാസങ്ങള്‍ വരെ നീണ്ടേക്കാം.

ഇത്തരം ശിക്ഷയിലൂടെ കടന്നുപോയിട്ടുള്ളവര്‍ പറയുന്നത് ലോകത്തിലെ ഏറ്റവും ഭീകരമായ ശിക്ഷാരീതിയാണ് ഇതെന്നാണ്. ശാരീരികമായി ആരും അടിക്കുകയോ ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യില്ല. പക്ഷേ, അതിനെക്കാള്‍ അതിഭീകരമായ മാനസിക പീഡനത്തിലൂടെയാണ് ഇതില്‍ അടയ്ക്കപ്പെട്ടവര്‍ കടന്നു പോകുന്നത്. ആരെയും കാണാനോ കേള്‍ക്കാനോ കഴിയാതെ, വെള്ള നിറം മാത്രം കണ്ടുകൊണ്ട് കഴിഞ്ഞുകൂടുക എന്നത് എത്രയോ ഭീകരമാണ്! ഒരിക്കലും വെളിച്ചം അണയ്ക്കാത്ത, രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാത്ത, സമയത്തെക്കുറിച്ചറിയാത്ത ഇടമാണത്.

കണ്ണുകള്‍ ഇറുക്കിയടച്ചാല്‍പ്പോലും ഇരുട്ടു കാണാന്‍ കഴിയില്ല. വെളുത്ത ബള്‍ബുകള്‍ 24 മണിക്കൂറും തെളിഞ്ഞു കത്തും. ഇത്തരമൊരു മുറിയില്‍ കുറച്ചു ദിവസങ്ങള്‍ ചെലവഴിക്കുമ്പോഴേക്കും ഓര്‍മ്മകള്‍ പോലും നഷ്ടപ്പെടും. മാനസിക സമ്മര്‍ദ്ദം കൂടി, വെള്ളയല്ലാത്തൊരു നിറം കാണാനായി സ്വയം മുറിപ്പെടുത്തിയെന്നും വരാം. കാഴ്ച, കേള്‍വി, മണം, രുചി എന്നീ കഴിവുകളെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. സ്വന്തം മാതാപിതാക്കളെയും മക്കളെയും ജീവിത പങ്കാളിയെയുമെല്ലാം തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ക്രമേണ ഇവര്‍ മാറും. കൂടുതല്‍ കാലം ഈ മുറിയില്‍ കഴിയുന്നതോടെ, സ്വയം ആരാണെന്നു പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തും. മാനസികമായി എത്ര തളര്‍ന്നാലും ഇവിടെ അടയ്ക്കപ്പെട്ടവര്‍ക്ക് ചികിത്സ കിട്ടില്ല. ഒരു മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും ക്രൂരമായ ശിക്ഷയാണ് വൈറ്റ് റൂം ടോര്‍ച്ചറിംഗ്.



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.