Header Ads

മരണസമയത്തെ അവസാന ചിന്ത

Thamasoma News Desk

മരിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ, രോഗികളുടെ മനസിലൂടെ കടന്നു പോകുന്ന അവസാനത്തെ ചിന്ത എന്തായിരിക്കും? മരണമെന്ന നിഗൂഢതയുടെ ചുരുളഴിക്കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പക്ഷേ, ഈ ലോകത്തില്‍ നിന്നും യാത്രയാകും മുമ്പ് ഒരാളുടെ മനസിലൂടെ കടന്നു വരുന്ന ചിന്ത എന്തായിരിക്കും? എല്ലാ ദിവസവും കണ്‍മുന്നില്‍ മരണം കാണുന്ന ഒരു ഡോക്ടറുടെ ടിക് ടോക് വീഡിയോ ഇപ്പോള്‍ വൈറലാണ്. മരണത്തിലേക്കു നടന്നടുക്കുന്ന രോഗികള്‍ക്കൊപ്പമാണ് ഇദ്ദേഹം ദിവസവും ജോലി ചെയ്യുന്നത്. TikTok ഉപയോക്താവായ @tripat.sahi ആണ് ഇദ്ദേഹം.

മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്തു ചിന്തിക്കും എന്നു കരുതി, തന്റെ ആഗ്രഹങ്ങളെ അടിച്ചമര്‍ത്തി ജീവിച്ചതില്‍ അതിയായി ദു:ഖിച്ചാണ് തന്റെ രോഗികള്‍ ഈ ലോകം വിട്ടു പോയതെന്ന് ഡോക്ടര്‍ തന്റെ വീഡിയോയയില്‍ പറയുന്നു. മരണമാണ് മുന്നില്‍, ഇനിയൊരു ജീവിതമില്ല. ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്കുമില്ല. അന്നേവരെ ജീവിച്ചത് മറ്റുള്ളവരുടെ ചിന്തകളെയും അഭിപ്രായങ്ങളെയും ഭയന്നിട്ടാണ്. ജീവിതകാലം മുഴുവനും മറ്റുള്ളവരുടെ ചിന്തകള്‍ക്കും വിധിന്യായങ്ങള്‍ക്കും അനുസരിച്ചു മാത്രം ജീവിച്ചു. തനിക്കു വേണ്ടി മാത്രം ജീവിച്ചില്ല, ജീവിക്കാന്‍ ധൈര്യം കിട്ടിയതുമില്ല. അതില്‍ അതിയായി പശ്ചാത്തപിച്ചാണ് ഓരോ രോഗിയും മരണം പുല്‍കിയത്.

ഡോക്ടര്‍ പറയുന്നു, ഈ ചിന്ത വരേണ്ടത് മരണം പടിവാതില്‍ക്കല്‍ എത്തുമ്പോഴല്ല. ആരോഗ്യത്തോടെയിരിക്കുമ്പോഴാണ്. മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്തു ചിന്തിക്കും എന്ന ചിന്ത അവസാനിപ്പിക്കുക, നിങ്ങളാണ് നിങ്ങളുടെ ജീവിതമെന്ന വാഹനത്തിന്റെ ഡ്രൈവര്‍. അതിന്റെ സ്റ്റീയറിംഗ് നിയന്ത്രിക്കേണ്ടതും നിങ്ങള്‍ തന്നെയാണ്. അല്ലാതെ മറ്റുള്ളവരല്ല. വേദനാജനകമായ ഒരു ഓര്‍മ്മപ്പെടുത്തലാണിത്. നിങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ മറ്റുള്ളവര്‍ക്കു സമയമില്ല എന്ന കാര്യം നിങ്ങള്‍ മനസിലാക്കിയേ തീരൂ.

ഏകദേശം 243,000-ലധികം പേരാണ് ഈ TikTok വീഡിയോ കണ്ടത്. നിരവധി പേര്‍ അഭിപ്രായങ്ങളും രേഖപ്പെടുത്തി. മറ്റുള്ളവരുടെ വിധികളുടെ ചങ്ങലകളില്‍ നിന്ന് സ്വതന്ത്രമായി നിങ്ങളുടെ ജീവിതം ആധികാരികമായി ജീവിക്കുക എന്നതാണ് അഭിപ്രായങ്ങളുടെ കാതല്‍.



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.