ഇന്ത്യയിലെ വിവാഹ സ്ഥാപനം തകര്‍ക്കാന്‍ ഗൂഢശ്രമം: അലഹബാദ് ഹൈക്കോടതി
Thamasoma News Desk
വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നും ഇന്ത്യയില്‍ വിവാഹമെന്ന സമ്പ്രദായം തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്നും അലഹബാദ് ഹൈക്കോടതി. വിവാഹ സ്ഥാപനം പാടെ തകര്‍ന്ന ശേഷം മാത്രമേ ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് ഇന്ത്യയില്‍ സാധ്യതയുള്ളുവെന്നും ഇത്തരം പങ്കാളികള്‍ വേര്‍പിരിഞ്ഞാല്‍, സ്ത്രീയ്ക്ക് മറ്റൊരു വിവാഹബന്ധം ലഭിക്കാന്‍ പ്രയാസമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ലിവിംഗ് ടുഗെതര്‍ പങ്കാളിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കവെ ജസ്റ്റിസ് സിദ്ധാര്‍ത്ഥ് ആണ് ഈ നിരീക്ഷണം നടത്തിയത്. 'വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ച ശേഷം വേര്‍പിരിഞ്ഞാല്‍, സ്ത്രീ പങ്കാളിയെ വളരെ മോശമായ രീതിയിലാണ് ഈ സമൂഹം കാണുന്നത്. സ്ത്രീ പങ്കാളിക്ക് പിന്നീട് ഈ സമൂഹത്തെ അഭിമുഖീകരിക്കാനും പ്രയാസമാണ്. പരസ്യമായ അശ്ലീല കമന്റുകള്‍ അവള്‍ നേരിടേണ്ടി വരുന്നു. ഇത്തരത്തില്‍ അവള്‍ക്കു നേരിടേണ്ടി വരുന്നത് സാമൂഹിക ബഹിഷ്‌കരണമാണ്. എന്നാല്‍, പുരുഷ പങ്കാളിക്കാകട്ടെ, മറ്റൊരു ലിവ് ഇന്‍ പങ്കാളിയെയോ ഭാര്യയെയോ ലഭിക്കാന്‍ യാതൊരു പ്രയാസവുമില്ല. പക്ഷേ, സാമൂഹിക പദവി വീണ്ടെടുക്കാനുള്ള അവളുടെ പരിശ്രമങ്ങള്‍ക്കു പോലും സമൂഹത്തില്‍ നിന്നും അവള്‍ക്കു നേരിടേണ്ടി വരുന്നത് അതിരൂക്ഷമായ എതിര്‍പ്പുകളാണ്. വിവാഹമെന്ന സ്ഥാപനം ഒരു വ്യക്തിക്കു നല്‍കുന്ന സുരക്ഷയും സാമൂഹിക സ്വീകാര്യതയും പുരോഗതിയും സ്ഥിരതയും ലിവ് ഇന്‍ ബന്ധങ്ങള്‍ക്കു നല്‍കാന്‍ കഴിയില്ല,' ജസ്റ്റിസ് സിദ്ധാര്‍ത്ഥ് പറഞ്ഞു.
'എല്ലാ സീസണിലും പങ്കാളിയെ മാറുക എന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. വിവാഹ ബന്ധങ്ങള്‍ തകര്‍ന്നടിഞ്ഞ രാജ്യങ്ങളാണ് ലിവ്- ഇന്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. ഈ രാജ്യത്തെ വിവാഹ സ്ഥാപനത്തെ നശിപ്പിക്കാനും സമൂഹത്തെ അസ്ഥിരപ്പെടുത്താനും രാജ്യപുരോഗതിയെ തടസ്സപ്പെടുത്താനും കരുതിക്കൂട്ടിയുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. നല്ല കുടുംബ അടിത്തറ ഇല്ലാത്ത ഒരാള്‍ക്ക് രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാന്‍ കഴിയില്ല,' ജസ്റ്റിസ് സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടു.
വിവാഹമെന്ന സ്ഥാപനം ഒരു വ്യക്തിക്കു നല്‍കുന്ന സുരക്ഷിതത്വവും സാമൂഹിക സ്വീകാര്യതയും സ്ഥിരതയും ലിവ്-ഇന്‍ ബന്ധങ്ങള്‍ക്കു നല്‍കാനാവില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. പുരോഗമനത്തിന്റെയും തത്വചിന്തയുടേയും മാനസിക വികാസത്തിന്റെയും പ്രതീകമായാണ് ലിവ് ഇന്‍ ബന്ധങ്ങളെ പുതുതലമുറ കാണുന്നത്. എന്നാല്‍, ഇത്തരം ബന്ധങ്ങള്‍ സാമൂഹിക ശിഥിലീകരണത്തിലേക്കു മാത്രമേ നയിക്കുകയുള്ളു, കോടതി നിരീക്ഷിച്ചു.
ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ സ്വദേശിയായ അദ്‌നാന് ജാമ്യം അനുവദിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ലിവ്-ഇന്‍ പങ്കാളിയായ 19 കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 2023 ഏപ്രില്‍ 18 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു അദ്‌നാന്‍. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 316 (മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കാരണമായത്), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), കൂടാതെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
വിവാഹം കഴിക്കാതെ ഒരുവര്‍ഷത്തോളം ഇവര്‍ ഒരുമിച്ചു താമസിച്ചു. എന്നാല്‍, യുവതി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് വിവാഹവാഗ്ദാനത്തില്‍ നിന്നും അദ്‌നാന്‍ പിന്‍മാറുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. അദ്‌നാന് ജാമ്യം അനുവദിക്കവെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല