കീറിയ ജീന്‍സ് ഇടരുതെന്ന് വിദ്യാര്‍ത്ഥികളോട് കോല്‍ക്കത്തയിലെ എ ജെ സി കോളജ്
Thamasoma News Desk
കോല്‍കോത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജില്‍ ഇനി പഠിക്കണമെങ്കില്‍ കീറിയ ജീന്‍സ് ഉപേക്ഷിച്ചേ തീരൂ. കീറിയതോ കീറിയതു പോലെ തോന്നിക്കുന്നതോ ആയ വസ്ത്രം ധരിച്ച് കോളജില്‍ എത്തില്ല എന്ന സത്യവാങ്മൂലം വാങ്ങിയ ശേഷം മാത്രമാണ് വിദ്യാര്‍ത്ഥികളെ ഈ കോളജില്‍ ഈ വര്‍ഷം മുതല്‍ പ്രവേശിപ്പിക്കുന്നത്. ഇത്തരം വസ്ത്രം ധരിക്കുന്നത് അനാചാരമാണെന്നും അതിനാല്‍, ഈ വസ്ത്രം ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നുമാണ് കോളജിന്റെ നിലപാട്.
'ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജില്‍ പ്രവേശനം ലഭിച്ച ശേഷം, കീറിയതോ കൃത്രിമമായി കീറിയതോ ആയ ജീന്‍സോ കോളേജ് അന്തരീക്ഷത്തിനു യോജിക്കാത്ത തരത്തിലുള്ള ഏതെങ്കിലും വസ്ത്രം ധരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ഈ കോളജില്‍ പഠിക്കുന്ന കാലമത്രയും ഇത്തരം വസ്ത്രങ്ങള്‍ ഉപേക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു' എന്ന സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ കോളജില്‍ പ്രവേശനം ലഭിക്കുകയുള്ളു.
കോളജില്‍, 07-08-2023 മുതല്‍ കീറ വസ്ത്രങ്ങള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി കോളജിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. മാന്യമല്ലാത്ത വസ്ത്രങ്ങള്‍ കോളജില്‍ ധരിക്കാന്‍ പാടില്ലെന്ന് എ ജെ സി കോളജ് കഴിഞ്ഞ തവണ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ഉപദേശം വകവയ്ക്കാതെ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ച് കോളജില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തില്‍ വസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോളജില്‍ പ്രവേശനം നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു അധികൃതര്‍.
ജീവിതത്തില്‍ മാന്യത പുലര്‍ത്തേണ്ടതിന്റെ ഭാഗമായി കോളേജ് അഡ്മിനിസ്‌ട്രേഷന്‍ ഈ നീക്കത്തെ കാണുമ്പോള്‍, ചില വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്ന ഒന്നായിട്ടാണ് ഈ നടപടിയെ പലരും കാണുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല