Header Ads

വിവാഹം കഴിക്കാന്‍ മുതിര്‍ന്നവരുടെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി

Thamasoma News Desk 

മതവും വിശ്വാസവും പരിഗണിക്കാതെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ടെനന് ഡല്‍ഹി ഹൈക്കോടതി. വിവാഹം കഴിക്കാനുള്ള അവകാശം മനുഷ്യന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതിന് മാതാപിതാക്കളുടെയോ സമൂഹത്തിന്റെയോ ഭരണകൂടത്തിന്റെയോ സമ്മതം ആവശ്യമില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

വ്യത്യസ്ഥ മതത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചതിന് മാതാപിതാക്കളില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന കാരണത്താല്‍ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവതിക്ക് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് സൗരഭ് ബാനര്‍ജിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രായപൂര്‍തത്തിയായ യുവതിയും യുവാവും മാതാപിതാക്കളുടെ സമ്മതമില്ലാതെ, 954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അതിശക്തമായ എതിര്‍പ്പാണ് ദമ്പതികള്‍ക്ക് മാതാപിതാക്കളില്‍ നിന്നും നേരിടേണ്ടി വന്നത്.

ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ അവിഭാജ്യഘടകമാണ് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശമെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍, പ്രത്യേകിച്ച് വിവാഹ കാര്യങ്ങളില്‍, ആര്‍ട്ടിക്കിള്‍ 21 പ്രകാരം പരിരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് അത് എടുത്തുകാണിച്ചു.

ദമ്പതികളുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയാകാന്‍ സ്ത്രീയുടെ മാതാപിതാക്കള്‍ക്ക് കഴിയില്ലെന്നും അവരുടെ വ്യക്തിപരമായ തീരുമാനങ്ങള്‍ക്കും തിരഞ്ഞെടുപ്പുകള്‍ക്കും സാമൂഹിക അംഗീകാരം ആവശ്യമില്ലെന്നും ജസ്റ്റിസ് ബാനര്‍ജി പറഞ്ഞു. ഒരു ബീറ്റ് കോണ്‍സ്റ്റബിളിനെയും എസ്എച്ച്ഒയെയും ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ദമ്പതികള്‍ക്ക് നല്‍കാനും അവരുടെ സംരക്ഷണം ആവശ്യാനുസരണം ഉറപ്പാക്കാനും കോടതി അധികാരികളോട് നിര്‍ദ്ദേശിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.