Header Ads

ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീയ്ക്ക് ജീവനാംശം നല്‍കേണ്ടതില്ല: ഡല്‍ഹി ഹൈക്കോടതി

Thamasoma News Desk 

ജോലിയോ ജോലി ചെയ്യാന്‍ കഴിവോ ശേഷിയോ ഉള്ള സ്ത്രീക്ക് വേര്‍പിരിഞ്ഞ ഭര്‍ത്താവ് ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിതപങ്കാളിക്ക് ജീവനാംശം നല്‍കാനുള്ള നിയമം, വേര്‍പിരിഞ്ഞ പങ്കാളിയില്‍ നിന്നുള്ള പണത്തിനായി കാത്തിരിക്കുന്ന നിഷ്‌ക്രിയരായ ആളുകളുടെ ഒരു സൈന്യത്തെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തീര്‍ത്തും നിസ്സഹായരായ സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണ് ഈ നിയമമെന്നും ജോലി ചെയ്യാന്‍ കഴിവുള്ളവരെ നിഷ്‌ക്രിയരാക്കാനുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു.

വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും പ്രതിമാസം 35,000 രൂപ ഇടക്കാല ആശ്വാസമായും കോടതി ചെലവിനു വേണ്ടി വന്ന 55,000 രൂപയും ആവശ്യപ്പെട്ട് സ്ത്രീ നല്‍കിയ കേസില്‍ വാദം കേള്‍ക്കവെയാണ് ഡല്‍ഹി ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ ഈ സ്ത്രീ നല്‍കിയ പരാതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു യുവതി.

'ഒരു വ്യക്തിയുടെ ശേഷിയും യഥാര്‍ത്ഥ സമ്പാദ്യവും തമ്മില്‍ വ്യത്യാസമുണ്ട്. പക്ഷേ, ഇവിടെ പരാതിക്കാരിയായ സ്ത്രീയ്ക്ക് ശേഷി മാത്രമല്ല ഉള്ളത്, മറിച്ച്, അവളും ജോലി ചെയ്തിരുന്നതായി രേഖയില്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിന്ദു വിവാഹ നിയമത്തിലെ (എച്ച് എം എ) സെക്ഷന്‍ 24 പങ്കാളിക്ക് ധനസഹായം നല്‍കുന്നതിനു വേണ്ടി നടപ്പാക്കിയതു തന്നെയാണ്. പക്ഷേ, വിവാഹ സമയത്ത് എം ഫില്‍ ബിരുദധാരിയായിരുന്നു യുവതി. ഇപ്പോള്‍ കംപ്യൂട്ടറില്‍ പ്രൊഫഷണല്‍ ഡിഗ്രിയും പി എച്ച് ഡി (മാനേജ്‌മെന്റ്) യോഗ്യതയും നേടിയിട്ടുണ്ടെന്നും ജോലി ചെയ്യുന്നുവെന്നും സമര്‍പ്പിച്ച രേഖകളില്‍ നിന്നും വ്യക്തമാണ്. വേര്‍പിരിഞ്ഞ ഭര്‍ത്താവിനാകട്ടെ, ബിരുദം മാത്രമാണ് യോഗ്യത. ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടും നല്ലൊരു ജോലി കണ്ടുപിടിക്കാന്‍ കഴിയിഞ്ഞിട്ടുമില്ല. ഇത്തരം സാഹചര്യത്തില്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവ് യുവതിക്ക് ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല,' ഹൈക്കോടതി വ്യക്തമാക്കി.

'ഈ കേസില്‍ പരാതിക്കാരിയായ സ്ത്രീ ഉയര്‍ന്ന യോഗ്യതയുള്ളവളും സമ്പാദിക്കാന്‍ ശേഷിയുള്ളവളുമാണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല, അവരുടെ യഥാര്‍ത്ഥ വരുമാനം സത്യസന്ധമായി വെളിപ്പെടുത്താന്‍ തയ്യാറായിട്ടുമില്ല. താന്‍ ജോലി ചെയ്യുന്നില്ലെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും തെളിയിക്കുന്ന തരത്തിലുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. താന്‍ ചെയ്യുന്നത് ജീവകാരുണ്യപ്രവര്‍ത്തനമാണെന്ന് കോടതിയെ ബോധിപ്പിക്കാനുള്ള രേഖകള്‍ മാത്രമാണ് അവര്‍ ഹാജരാക്കിയിട്ടുള്ളത്. ഇത്രയും ഉയര്‍ന്ന യോഗ്യതകളുള്ള ഒരു വ്യക്തി, സ്വന്തം ജീവിതത്തിനു വേണ്ടി അധ്വാനിക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കാനും പ്രയാസമാണ്. യുവതി നല്‍കിയ രേഖകളും നല്‍കിയ മൊഴിയും വിശദമായി പരിശോധിച്ചതില്‍ നിന്നും ഇവര്‍ ഒരു നിയമസഭാംഗത്തിന്റെ ഓഫീസില്‍ ജോലി ചെയ്യുന്നു എന്ന ശക്തമായ നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നിരിക്കുന്നത്. അതിനാല്‍ ഇവര്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അര്‍ഹയല്ല,' ഹൈക്കോടതി ചൂണ്ടിക്കാട്ടി.



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.