Header Ads

വിദ്യാസമ്പന്നരും ജോലിക്കാരുമായ സ്ത്രീകള്‍ അനുസരണകെട്ടവരെന്ന് കുപ്രസിദ്ധ മാച്ച് മേക്കര്‍


Thamasoma News Desk

വിദ്യാസമ്പന്നരായവരും ജോലി ചെയ്യുന്നതുമായ സ്ത്രീകള്‍ സഹിക്കാനോ ക്ഷമിക്കാനോ അഡ്ജസ്റ്റ് ചെയ്തു ജീവിക്കാനോ ഉള്ള കഴിവില്ലെന്നും വിവാഹ മോചനങ്ങള്‍ പെരുകാനുള്ള കാരണം ഇതാണെന്നും കുപ്രസിദ്ധ മാച്ച് മേക്കര്‍ സിമ തപരിയ. അഹംഭാവികള്‍ മാത്രമേ വിവാഹ മോചനം തേടുകയുള്ളുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'ഞാന്‍ ഇണക്കിച്ചേര്‍ത്തവര്‍ ആരും വിവാഹ മോചനം നേടിയിട്ടില്ല. അതിനു കാരണം, അവര്‍ക്കെല്ലാം ക്ഷമയും സഹന ശേഷിയും ഉണ്ടായിരുന്നതു കൊണ്ടാണ്. കുടുംബ ജീവിതം എത്രമാത്രം പ്രശ്‌നങ്ങളിലൂടെ കടന്നു പോയാലും അതെല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കാന്‍ അറിയുന്ന സ്്ത്രീകളാണ് അവര്‍. പങ്കുവയ്ക്കാനും കരുതാനും സന്നദ്ധരുമാണവര്‍. മാത്രവുമല്ല, അഹംഭാവം ലവലേശം പോലും അവര്‍ക്കില്ല. അതിനാല്‍ത്തന്നെ അവര്‍ വിവാഹ മോചനം നേടിയിട്ടുമില്ല, സിമ അഭിപ്രായപ്പെട്ടു.

അതേസമയം വിദ്യാസമ്പന്നരായ സ്ത്രീകള്‍ ആരു പറഞ്ഞാലും അനുസരിക്കില്ലെന്നും ആരെയും കേള്‍ക്കാന്‍ തയ്യാറല്ലെന്നും സിമ അഭിപ്രായപ്പെട്ടു. ഭര്‍ത്താവിന്റെ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമൊത്തു ജീവിക്കാനും അവര്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു.

'ക്ഷമിക്കാനും സഹിക്കാനും കഴിവില്ലാത്തവരും അഹംഭാവികളുമാണ് വിവാഹമോചനം നേടുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ആരെയും പരിഗണിക്കുന്നില്ല,' അവര്‍ പറഞ്ഞു.

സിമ തപരിയയ്‌ക്കെതിരേയും അവരുടെ ഷോ ആയ ഇന്ത്യന്‍ മാച്ച് മേക്കിംഗിന് എതിരെയും വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. 1980 കളില്‍ നിന്നും മാനസികമായി വളരാത്ത സ്ത്രീയാണ് സിമ എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനത്തെയും അന്തസിനെയും വ്രണപ്പെടുത്തുകയാണ് സിമ ചെയ്തതെന്നും വിമര്‍ശനങ്ങളുണ്ട്.


#Divorce #Educationinwomen #womenEmpowerment #SimaTaparia

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.