സ്ത്രീകള്‍ക്ക് നിയമത്തില്‍ പ്രത്യേക ശിക്ഷ ഇളവ് ഇല്ല: ഡല്‍ഹി ഹൈക്കോടതി
Thamasoma News Desk
ലിംഗ നിഷ്പക്ഷതയുടെ തത്വത്തിലാണ് ഇന്ത്യന്‍ നിയമ സംവിധാനം സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നും ലിംഗഭേതമില്ലാതെ ഓരോ വ്യക്തിയും അവരവരുടെ പ്രവൃത്തികള്‍ക്ക് അനുസൃതമായി നിയമപരമായ ശിക്ഷാനടപടികള്‍ക്ക് അര്‍ഹരാണെന്നും ഡല്‍ഹി ഹൈക്കോടതി. സ്ത്രീകള്‍ കുറ്റവാളികളാകുന്ന സാഹചര്യത്തില്‍, സ്ത്രീകള്‍ക്ക് അനുകൂലമായ അനുമാനങ്ങളില്‍ എത്തിച്ചേരുന്നത് ക്രിമിനല്‍ നീതി ന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.പുരുഷ പ്രതികള്‍ പരാതിക്കാരിയെ മര്‍ദ്ദിക്കുമ്പോള്‍, പുരുഷ പ്രതികളോടൊപ്പം ചേരാനോ ആക്രമിക്കാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കാന്‍ സ്ത്രീ പ്രതികള്‍ തയ്യാറാവില്ല എന്ന അനുമാനത്തില്‍ കൂട്ടുപ്രതികളായ സ്ത്രീകളെ വിചാരണ പോലും ചെയ്യാതെ വിചാരണക്കോടതി വെറുതെ വിട്ടത് തെറ്റാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുരുഷന്‍ സ്ത്രീയെ ശാരീരികമോ മാനസികമോ ആയി ഉപദ്രവിക്കുമ്പോള്‍, അതിനു പ്രേരണ നല്‍കുകയോ ഇരയെ ആക്രമിക്കുന്നതില്‍ പങ്കാളികളാകുകയോ ചെയ്യുന്നവരെ സ്ത്രീകളാണെന്ന കാരണത്താല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
'നിയമത്തിനു മുന്നില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. സ്ത്രീകള്‍ ചില കുറ്റകൃത്യങ്ങള്‍ ചെയ്യില്ല എന്ന തരത്തിലുള്ള അനുമാനങ്ങള്‍ അടിസ്ഥാന രഹിതവും അസാധുവുമാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണിത്. മുന്‍വിധികളിലല്ല, മറിച്ച് വസ്തുനിഷ്ടമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ നിയമവ്യവസ്ഥ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ലിംഗ ഭേതത്തെ അടിസ്ഥാനമാക്കിയുള്ള അനുമാനങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ സ്ഥാനമില്ല,' ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ പറഞ്ഞു.
ഒരു കുറ്റകൃത്യത്തില്‍ ഒരാള്‍ പങ്കാളിയാണോ അല്ലയോ എന്നു തെളിയിക്കുന്നത് പ്രോസിക്യൂഷന്‍ രേഖപ്പെടുത്തിയ മൊഴികളുടേയും ശേഖരിച്ച തെളിവുകളുടേയും അടിസ്ഥാനത്തില്‍ നടത്തുന്ന സ്വതന്ത്രമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ്, കോടതി അഭിപ്രായപ്പെട്ടു.
തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ശ്രമം എന്നീ കേസുകളില്‍ നാലു സ്ത്രീകളുമുണ്ടായിരുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രതികളെ പ്രേരിപ്പിച്ചതിനും ആയുധം കൈവശം വച്ചതിനും തെളിവില്ലെന്ന കാരണത്താല്‍ വിചാരണക്കോടതി ഇവരെ വിചാരണ പോലും ചെയ്യാതെ വെറുതെ വിടുകയായിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് നല്‍കിയ റിവിഷന്‍ ഹര്‍ജ്ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഈ കേസില്‍ അഞ്ചുപേര്‍ക്കെതിരെയാണ് വിചാരണക്കോടതി കുറ്റം ചുമത്തിയത്. ആരോപണ വിധേയരായ സ്ത്രീകളെ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വെറുതെ വിടുകയായിരുന്നു.
കുറ്റാരോപിതരായ സ്ത്രീകളെക്കുറിച്ചുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും കുറ്റം ചുമത്തി വീണ്ടും ഉത്തരവിടാന്‍ കേസ് വീണ്ടും വിചാരണക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല