ആത്മഹത്യ: കര്‍ഷകരെ കടത്തിവെട്ടി വിദ്യാര്‍ത്ഥികള്‍
Thamasoma News Desk
ഇന്ത്യയില്‍, പ്രത്യേകിച്ചും സൗത്ത് ഇന്ത്യയില്‍, ആത്മഹത്യയില്‍ കര്‍ഷകരെ പിന്നിലാക്കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. രാജ്യത്താകമാനമുള്ള വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ 29 ശതമാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണെന്ന് സന്നദ്ധ സംഘടനയായ ഐസി 3 ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ധവളപത്രം പറയുന്നു. സ്‌കൂളുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവാക്കളില്‍ അധികം പേര്‍ക്കും ലക്ഷ്യബോധമില്ലെന്നും അവരെ നയിക്കുന്നത് അരക്ഷിതവും അസന്തുഷ്ടവുമായ ജീവിത സാഹചര്യങ്ങളാണെന്നും ഐസി3 സ്ഥാപകന്‍ ഗണേഷ് കോഹ്ലി പറഞ്ഞു.
2021 ലെ എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട് അനുസരിച്ച് 13,089 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.5 ശതമാനം വര്‍ദ്ധനവ്! 2019-നെ അപേക്ഷിച്ച് വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ 21.2 ശതമാനം വര്‍ധനവാണ് 2020-ലെ കണക്കുകള്‍ കാണിക്കുന്നത്. 2021-ല്‍, ഇന്ത്യയിലെ മൊത്തം ആത്മഹത്യകളുടെ 8 ശതമാനവും വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയാണ്, അതേസമയം കര്‍ഷക ആത്മഹത്യയാകട്ടെ 6.7 ശതമാനവും.
'കര്‍ഷക ആത്മഹത്യകളേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥി ആത്മഹത്യകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നത് ഞെട്ടലുളവാക്കുന്നു. ഉത്കണ്ഠയ്ക്കും വിഷാദത്തിനും വഴങ്ങാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനൊപ്പം നമ്മുടെ കുഞ്ഞുങ്ങളെ ശാക്തീകരിക്കാനും അവര്‍ക്ക് ജീവിതത്തില്‍ തിരഞ്ഞെടുപ്പുകള്‍ നല്‍കാനും ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യും, ''ഐസി 3 ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദീര്‍ഘകാല പിന്തുണയുള്ള ലക്ഷ്മി മഞ്ചു പറഞ്ഞു.
ജീവിതത്തിലെ സാമ്പത്തിക പരാധീനതകളെ സധൈര്യം നേരിട്ട വിഷ്ണുപ്രിയ നെറികെട്ട ഒരുവന്റെ ഭീഷണിക്കു മുന്നില്‍ പകച്ചു പോയി. ബന്ധുവില്‍ നിന്നുള്ള മാനസിക പീഡനം സഹിക്കാനാവാതെ സ്വയം മരണം തെരഞ്ഞെടുക്കുകയായിരുന്നു തന്റെ മകളെന്ന് വിഷ്ണുപ്രിയയുടെ അച്ഛന്‍ വ്യക്തമാക്കി.
തൊടുപുഴ അല്‍ അസര്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി എ ആര്‍ അരുണ്‍ രാജ് ആത്മഹത്യ ചെയ്തത് 2023 ജൂണിലായിരുന്നു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു അരുണ്‍.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തത് ജൂണ്‍ രണ്ടിനായിരുന്നു. ഒപ്പം താമസിച്ചിരുന്ന കുട്ടികള്‍ ഭക്ഷണം കഴിച്ചു തിരിച്ചെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
2019 ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 230 കുട്ടികളാണ്. 2020 ല്‍ ഇത് 311 ആയും 2021 ല്ഡ 345 ആയും വര്‍ദ്ധിച്ചു. കടുത്ത മാനസിക സംഘര്‍ഷം, കുടുംബത്തില്‍ നിന്നുള്ള അമിതമായ നിയന്ത്രണം, സ്‌കൂള്‍-കോളജ് അന്തരീക്ഷം, മയക്കുമരുന്നിന്റെയും മറ്റും ഉപയോഗം, പ്രണയ പരാജയം, കുടുംബ പ്രശ്‌നങ്ങള്‍, പഠന വൈകല്യം, വ്യാജ പ്രചാരണങ്ങള്‍, അപകീര്‍ത്തിപ്പെടുത്തലുകള്‍ തുടങ്ങിയവ ആത്മഹത്യയ്ക്കു കാരണമാകുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന അമിതമായ സമ്മര്‍ദ്ദവും ചില ആത്മഹത്യകളിലേക്കു നയിക്കുന്നു.
അമിതമായ ഭാരം അടിച്ചേല്‍പ്പിച്ച് ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ നിറച്ച് വിദ്യാര്‍ത്ഥികളുടെ ജീവിതവും ദുസ്സഹമാക്കുകയാണ്. പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയാതെ ആത്മഹത്യ തെരഞ്ഞെടുത്ത് ജീവിതത്തില്‍ നിന്നുതന്നെ അവര്‍ അപ്രത്യക്ഷരാകുന്നു.
കുട്ടികള്‍ക്ക് അവരവരുടേതായ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ട്. അവരുടെ ജീവിതം ഏതുതരത്തില്‍ രൂപപ്പെടുത്തണമെന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവര്‍ക്ക് ഉണ്ടായിരിക്കും. അവരുടെ ലക്ഷ്യങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമൊപ്പം നില്‍ക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഈ സമൂഹത്തിനുമുണ്ട്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘചട്ടമാണ് വിദ്യാഭ്യാസ കാലഘട്ടം. പ്രതീക്ഷയുടെ അമിത ഭാരങ്ങളില്ലാതെ അതു പൂര്‍ത്തിയാക്കുവാനും തങ്ങളുടെ മനസിന് ഏറ്റവുമിണങ്ങിയ ജീവിത മേഖല തെരഞ്ഞെടുക്കാന്‍ ഉതകുന്നതുമാകണം വിദ്യാഭ്യാസം. ചില ജോലികള്‍ക്കു മാന്യത കല്‍പ്പിച്ചു നല്‍കി ജില ജോലികളെ മ്ലേച്ഛമാക്കുന്നതും പ്രശ്‌നങ്ങളിലേക്കു വഴി തെളിക്കുന്നു. ജീവിക്കാന്‍ ആവശ്യമായ പണം നല്‍കുന്ന മാന്യമായ എന്തു ജോലിയും അന്തസോടെ ചെയ്യാനും സ്വന്തം ജീവിതാന്തസ് തെരഞ്ഞെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്കു കഴിയണം. ഒപ്പം, ജീവിതവിജയത്തിന്റെ ആധാരം പണമല്ല, മറിച്ച് സന്തോഷമാണ് എന്ന തത്വം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം.
Tags: #Suicides #Student suicides #farmer Suicides, #VishnuPriya #Amal Jyoti
അഭിപ്രായങ്ങളൊന്നുമില്ല