Header Ads

യേശുക്രിസ്തുവിന്റെ ഉപവാസം അനുകരിച്ച പാസ്റ്റര്‍ മരിച്ചു

ഭക്ഷണവും വെള്ളവുമില്ലാതെ 40 നാളത്തെ ഉപവാസം ആരംഭിച്ച മൊസാംബിക് പാസ്റ്റര്‍ ഫ്രാന്‍സിസ്‌കോ ബരജയ്ക്ക് തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഉപവാസം ആരംഭിച്ചതിന്റെ 25-ാം നാള്‍ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് പാസ്റ്റര്‍ മരിച്ചു. യേശുക്രിസ്തുവിനെപ്പോലെ 40 നാള്‍ ഉപവസിക്കുക എന്നതായിരുന്നു പാസ്റ്ററുടെ ലക്ഷ്യം.

ഹോളി ട്രിനിറ്റി ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ സ്ഥാപകനായിരുന്നു 39 കാരനായ ബരജ. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ബൈറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭക്ഷണമോ വെള്ളമോ കഴിക്കാത്തതുമൂലം പാസ്റ്ററുടെ ആന്തരീകാവയവങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിറുത്തിയിരുന്നു. ആശുപത്രിയില്‍ മരുന്നുകള്‍ നല്‍കിയെങ്കിലും ശരീരത്തിന് അത് സ്വീകരിക്കാനുള്ള ആരോഗ്യം പോലും ഉണ്ടായിരുന്നില്ല. ആവശ്യത്തിന് ഓക്‌സിജന്‍ വഹിക്കുന്നതിന് ആരോഗ്യമുള്ള ചുവന്ന രക്താണുക്കളും പാസ്റ്ററുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.

ഉപവാസം ആരംഭിച്ച് 25 നാള്‍ പിന്നിട്ടപ്പോഴേക്കും പാസ്റ്ററുടെ ആരോഗ്യനില അതീവ ഗുരുതരമായി. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ശരീരത്തില്‍ ജലാംശം തിരികെ കൊണ്ടുവരാന്‍ മെഡിക്കല്‍ ടീം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി പാസ്റ്ററെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള ശ്രമവും വിജയിച്ചില്ല. ഭക്ഷണം കഴിക്കാനുള്ള ശേഷി പോലും അദ്ദേഹത്തിന്റെ ശരീരത്തിന് ഉണ്ടായിരുന്നില്ല. ഒന്നെഴുന്നേറ്റു നില്‍ക്കാന്‍ പോലുമുള്ള ആരോഗ്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

ഉപവാസം മൂലമല്ല, മറിച്ച് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് ബരജ മരിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മാര്‍ക്വസ് ബരജ പറഞ്ഞു.

ഭക്ഷണവും വെള്ളവുമില്ലാതെ ഏറ്റവും കൂടുതല്‍ ദിവസം ജീവിച്ചിരുന്ന വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് ഫ്രാന്‍സിസ്‌കോ ബരജ സ്വന്തമാക്കി. ഇതിനുമുന്‍പ് ഈ റെക്കോര്‍ഡ് നേടിയ വ്യക്തി ജീവിച്ചത് 18 ദിവസമാണ്. 1979 ല്‍, ഒരു ഓസ്ട്രിയന്‍ യുവാവിനെ പോലീസ് സെല്ലിനകത്തു പൂട്ടിയത് മറന്നുപോയതിനെത്തുടര്‍ന്നായിരുന്നു ഇത്.

ജീസസിനു വിശന്നു, പക്ഷേ, ഒന്നും കഴിച്ചില്ല എന്നാണ് ബൈബിള്‍ പറയുന്നത്. മത്തായിയുടെയും ലൂക്കയുടെയും സുവിശേഷത്തിലാണ് ഈ പരാമര്‍ശമുള്ളത്. ഇവിടെ ജീസസ് വെള്ളവും ഉപേക്ഷിച്ചായിരുന്നോ ഉപവസിച്ചത് എന്ന കാര്യം സുവിശേഷകര്‍ പറയുന്നില്ല.

യേശുക്രിസ്തുവിനെ അനുകരിച്ച് 40 നാളത്തെ ഉപവാസം ആരംഭിച്ച ആദ്യത്തെ ക്രിസ്ത്യാനിയല്ല ബരജ. 2006 ല്‍, കിഴക്കന്‍ ലണ്ടനിലെ ഒരു സ്ത്രീയും ഇത്തരത്തില്‍ ഉപവാസം നടത്തിയിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ഉപവസിച്ച അവര്‍ 23-ാം നാള്‍ മരണത്തിനു കീഴടങ്ങി.

#indefinitefasting #pastordiedforfasting #religiousmadness



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.