നെതര്‍ലന്‍ഡ്‌സ് സാക്ഷി, മതമില്ലാത്ത ലോകം സുന്ദരം
Jess Varkey Thuruthel & D P Skariah
സന്തോഷതോതടെയും സമാധാനത്തോടെും ജീവിക്കാന്‍ മതത്തിന്റെ ആവശ്യമില്ല എന്നു പറയുന്ന നിമിഷം മതവിശ്വാസികള്‍ വാളും പരിചയുമായി ചാടിവീഴും. മതവിശ്വാസം തകര്‍ന്നതിന്റെ ഫലമാണത്രെ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ചെറിയ കുട്ടികള്‍ പോലും തെറ്റായ വഴികള്‍ തെരഞ്ഞെടുത്തത്...! ബലാത്സംഗങ്ങളും അക്രമങ്ങളും ലഹരി വഴികളും എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങളും സമാധാനമില്ലായ്മയ്ക്കുമെല്ലാം മതവിശ്വാസികള്‍ പ്രതിസ്ഥാനത്തു നിറുത്തുന്നത് മതങ്ങളെയും മതദൈവങ്ങളെയും എതിര്‍ക്കുന്നവരെയാണ്. മതമില്ലെങ്കില്‍ മനുഷ്യന്‍ എത്രമാത്രം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുമെന്നതിന്റെ ഉദാഹരണമാണ് നെതര്‍ലന്‍ഡ്‌സ്.
ഈ ആധുനിക യുഗത്തില്‍ ജീവിക്കുന്ന മനുഷ്യന് മതങ്ങളെക്കൊണ്ട് യാതൊരു ഉപയോഗവും ഇല്ല എന്ന് നെതര്‍ലന്‍ഡ്‌സ് ജനത നമുക്ക് ജീവിച്ചു കാണിച്ചു തരികയാണ്. പക്ഷേ, മതമെന്ന കോടികളുടെ ബിസിനസ് സാമ്രാജ്യങ്ങള്‍ കൈവശപ്പെടുത്തി ജീവിക്കുന്നവര്‍ മനുഷ്യനെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അനുവദിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്ഭുത സാക്ഷ്യങ്ങളും വെളിപാടുകളും ദൈവത്തിന്റെ പ്രത്യക്ഷപ്പെടലുകളും അത്ഭുത രോഗശാന്തികളും കൊണ്ട് മനുഷ്യരെയവര്‍ വരിഞ്ഞുമുറുക്കും. രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങളേതുമില്ലാതെ വിശ്വാസത്തിന്റെ പടുകുഴിയില്‍ അവരെ ആജീവനാന്തം ചവിട്ടിത്താഴ്ത്തും. കാരണം, അങ്ങനെ ചെയ്താല്‍ മാത്രമേ അഞ്ചുപൈസയുടെ പോലും ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാത്ത, കിട്ടുന്നതെല്ലാം ലാഭം മാത്രമായ മതമെന്ന ബിസിനസ് ഇവിടെ തഴച്ചു വളരുകയുള്ളു.
കേരളത്തില്‍, ആരോടെങ്കിലും സംസാരിച്ചാല്‍ ഉടനെ ഒരു ചോദ്യം വരും. നിങ്ങള്‍ ഏതു മതമാണ്....?? ക്രിസ്ത്യാനികള്‍ക്കിടയിലാണ് ഈ ചോദ്യം കൂടുതലായി കണ്ടുവരുന്നത്. മതവിശ്വാസിയല്ലെന്ന് പറഞ്ഞാല്‍, ഒരു ചുഴിഞ്ഞു നോട്ടമുണ്ട്. എന്നാല്‍, നെതര്‍ലന്‍ഡുകാരോട് മതമേതെന്നു ചോദിച്ചാല്‍ ഉടന്‍ ഉത്തരമെത്തും, 'എനിക്കു മതമില്ല'എന്ന്. നെതര്‍ലാന്‍ഡ്സില്‍ 67.8% ആളുകളും മതമില്ലെന്നു പ്രഖ്യാപിച്ചവരാണ്.
ഈ പൈ ചാര്‍ട് കണ്ടാല്‍ കേരളത്തിലെ വിശ്വാസികളുടെയെല്ലാം ബോധം പോകും.
ആകെ 14% വിശ്വാസികള്‍. വിശ്വാസികളായ ഈ 14% ആളുകളും മറ്റൊരു നൂറ്റാണ്ടില്‍ ജനിച്ചുവളര്‍ന്ന വയസ്സായവരാണ്. ഇതു മനസ്സിലാക്കാന്‍ ഇവിടത്തെ ഏതെങ്കിലുമൊരു പള്ളിയില്‍ പോയാല്‍ മാത്രം മതിയാകും.
നെതര്‍ലന്‍ഡ്‌സിലെ 82% ജനങ്ങളും ആരാധനാലയങ്ങളില്‍ പോയിട്ടേയില്ല എന്നു സര്‍വേകള്‍ പറയുന്നു. താഴേക്കാണുന്ന ചാര്‍ട്ടിലെ ഓറഞ്ച് ഭാഗം ശ്രദ്ധിച്ചാല്‍ ഇതു മനസിലാകും.
നെതര്‍ലന്‍ഡ്‌സിലെ 82% ജനങ്ങളും ആരാധനാലയങ്ങളില്‍ പോയിട്ടേയില്ല എന്നു സര്‍വേകള്‍ പറയുന്നു. താഴേക്കാണുന്ന ചാര്‍ട്ടിലെ ഓറഞ്ച് ഭാഗം ശ്രദ്ധിച്ചാല്‍ ഇതു മനസിലാകും.
നിരീശ്വരവാദികളുടെ പറുദീസയാണ് നെതര്‍ലാന്‍ഡ്സ്. 1985ല്‍ നെതര്‍ലന്‍ഡില്‍ പോപ്പ് സന്ദര്‍ശനത്തിനെത്തി. പക്ഷേ, ആരും അദ്ദേഹത്തെ ഗൗനിച്ചതുപോലുമില്ല. മനുഷ്യാവകാശങ്ങളെ ലംഘിക്കാന്‍ പ്രേരിപ്പിച്ച മതഗ്രന്ഥങ്ങളെ ഡച്ചുകാര്‍ പൂര്‍ണ്ണമായി കൈവിട്ടു. ദൈവം അതോടെ ഈ നാട്ടില്‍ നിന്നും ഓടിമറഞ്ഞു.
നെതര്‍ലന്‍ഡ്‌സ് കാരുടെ ക്രിസ്മസ് അവധി രണ്ടാഴ്ച്ച നീണ്ടതാണെങ്കിലും ഇവരുടെ ആഘോഷങ്ങളില്‍ നിന്നും ഇവര്‍ ദൈവത്തെ എന്നേ തുടച്ചുമാറ്റിക്കഴിഞ്ഞു....! ബന്ധുക്കള്‍ക്ക് ഒത്തുകൂടാനുള്ള ഒരു അവധിക്കാലം മാത്രമാണ് ഇന്നവര്‍ക്ക് ക്രിസ്മസ്. ഈ സമയമാകുമ്പോള്‍ ഇവര്‍ നഗരങ്ങളാകെ ഭംഗിയായി അലങ്കരിക്കും. പടുകൂറ്റന്‍ ക്രിസ്മസ് മരങ്ങളും, ഭംഗിയുള്ള നിശാവിളക്കുകളും കെട്ടും. എന്നാല്‍ ദൈവത്തിന്റെ ഒരു അടയാളം പോലും അവിടെ ആര്‍ക്കും കാണാനാകില്ല.
ക്രിസ്മസ് മരങ്ങളുണ്ടെങ്കിലും ക്രിസ്തുവില്ല - പകരമൊരു സാന്ത ക്ലോസ് മാത്രം. പുല്‍ക്കൂടുമില്ല, മാലാഖമാരുമില്ല, ദൈവവുമില്ല. ഈസ്റ്റര്‍ ദിവസം സാധാരണ പോലെ കടന്നു പോകും.
വിശ്വാസങ്ങളുടെ അഭാവത്തില്‍ ലോകത്തിന്റെ ഗതി ആകെ താറുമാറാകും എന്ന വാദം പൊളിച്ചടുക്കുന്നതാണ് ഇവരുടെ ജീവിത രീതി. ഉയര്‍ന്ന വിദ്യാഭ്യാസം, ഉയര്‍ന്ന Human Development Index (HDI), ചുരുങ്ങിയ ലിംഗ വിവേചനം, ചുരുങ്ങിയ ഗാര്‍ഹിക പീഡനങ്ങള്‍. പൊതുവേ സമാധാനപരമായ ജീവിതസാഹചര്യങ്ങള്‍. എന്തിനേറെ പറയുന്നു, കുറ്റകൃത്യങ്ങള്‍ കുറവായതിനാല്‍ തടവുകാരില്ലാതെ ഇവിടത്തെ ജയിലുകള്‍ അടച്ചു പൂട്ടുകയാണ്. മതമില്ലാത്ത ജനത അക്രമാസക്തരാവുന്നതിനു പകരം ഏറ്റവും കൂടുതല്‍ സമാധാനത്തോടെ ജീവിക്കുന്ന കാഴ്ച്ചയാണ് നിങ്ങള്‍ക്കു കാണാനാകുക!
മതമില്ലാത്തതിനാല്‍ മതം കൊണ്ടുള്ള പ്രശ്നങ്ങളും ഇവിടെയില്ല. കലാപങ്ങളില്ല, മതരാഷ്ട്രീയമില്ല, കപടശാസ്ത്രമില്ല, കള്ളസന്യാസിമാരില്ല. സ്വവര്‍ഗ്ഗ വിവാഹം നിയപരമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമാണ് നെതര്‍ലന്‍ഡ്‌സ്. Amsterdam നഗരത്തിലൂടെ ഇന്നു നടന്നുനീങ്ങുമ്പോള്‍ കാണുന്ന LGBTQ പതാക പാറിപ്പറക്കുന്ന കാഴ്ച്ച ഡച്ചുകാരുടെ തുറന്ന ചിന്താഗതിയുടെ അടയാളങ്ങളാണ്. മതം ഉണ്ടായിരുന്നെങ്കില്‍ ഇതു വല്ലതും നടക്കുമായിരുന്നോ?
സത്യത്തില്‍, സാമൂഹിക പുരോഗതിയില്‍ ഇവര്‍ നമ്മളെക്കാളും നൂറുകണക്കിനു വര്‍ഷങ്ങള്‍ മുന്നിലാണ്.
ലോകത്തില്‍ തന്നെ ഏറ്റവും സമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കുന്ന ആളുകളാണിവര്‍. ആധുനിക മനുഷ്യനു മതമില്ലാതെ ജീവിക്കാനാകുമെന്നു തെളിയിക്കുന്നൊരു സംസ്‌കാരമാണ് ഇന്നത്തെ ഡച്ച് സംസ്‌കാരം.
പക്ഷേ, മതങ്ങളെയും വിശ്വാസികളെയും ചൂഷണം ചെയ്തു ജീവിക്കുന്ന രാഷ്ട്രീയക്കാരും രാഷ്ട്രീയക്കാരെ ചൂഷണം ചെയ്തു ജീവിക്കുന്ന മതവിശ്വാസികളും ഉള്ളിടത്തോളം കാലം സമാധാനവും സന്തോഷകരവുമായൊരു ജീവിതം കേരളത്തില്‍ സാധ്യമല്ല. കേരളത്തിലെ മനുഷ്യരെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ അളവുകോല്‍ എന്നത് പണവും വിശ്വാസവും സ്വാധീനവും അധികാരവുമെല്ലാമാണ്. അതിനപ്പുറമുള്ള, സമാധാന പൂര്‍ണ്ണമായൊരു ലോകത്തെക്കുറിച്ച് അറിവില്ലാത്ത മനുഷ്യരോട് നെതര്‍ലന്‍ഡ്‌സിലെ സ്വപ്‌നതുല്യമായി ജീവിതത്തെക്കുറിച്ചു പറഞ്ഞാല്‍ അവരതിനെ പുച്ഛിച്ചു തള്ളും..... എന്നിട്ടു പറയും, ദൈവം തീരുമാനിച്ചാല്‍ ഇതെല്ലാം ഞൊടിയിട കൊണ്ടു സാധ്യമെന്ന്....! പക്ഷേ, മനുഷ്യന്റെ കണ്ണുനീരിലും അവരുടെ പ്രശംസയിലും ജീവിക്കുന്ന മതദൈവങ്ങള്‍ അതിനെങ്ങനെ തയ്യാറാവും. അതിനു തയ്യാറാകുന്ന നിമിഷം ദൈവത്തിനു സ്വന്തം അസ്തിത്വം തന്നെ നഷ്ടമാകുമെന്ന് ദൈവത്തിനറിയാം.
#world'sHappiestNation #Netherlands #WorldHappinessIndex
അഭിപ്രായങ്ങളൊന്നുമില്ല