മലിന വൈകൃത കളിക്കളങ്ങളെ ഉള്‍ക്കൊള്ളുന്നതെങ്ങനെ.....???
Jess Varkey Thuruthel & D P Skariah
പറയാന്‍ പോകുന്നത് ഫുട്‌ബോളിനെക്കുറിച്ചോ ക്രിക്കറ്റിനെക്കുറിച്ചോ അതുപോലുള്ള മറ്റേതെങ്കിലും കായിക വിനോദങ്ങളെക്കുറിച്ചോ അല്ല. ശരിയായ വിധത്തില്‍ പങ്കെടുക്കുമ്പോള്‍ മനസിനെയും ശരീരത്തെയും ജീവിതത്തെത്തന്നെയും മധുരതരമാക്കുന്നൊരു വിനോദത്തെക്കുറിച്ചാണ്. ജെന്നിഫര്‍ ലോപ്പസിന്റെ നഗ്നപിന്‍ഭാഗം കാണിച്ചുള്ള ചിത്രത്തെ ആസ്പദമാക്കി എഴുതിയ ലേഖനവും അതിനു കിട്ടിയ ചില പ്രതികരണങ്ങളുമാണ് ഈ കുറിപ്പിന് ആധാരം.ഈയിടെ ഒരു സുഹൃത്തു പങ്കുവച്ച അനുഭവക്കുറിപ്പിലൂടെയല്ലാതെ ആ കളിയെയും കളിയാരവത്തെയും വിവരിക്കാനാവില്ല.
സൗദി അറേബ്യയില്‍ സ്വന്തമായി ബിസിനസ് ചെയ്തു തനിച്ചു ജീവിക്കുകയാണ് സുഹൃത്ത്. അവള്‍ സ്വന്തം കുടുംബത്തെയും മക്കളെയും മാത്രമല്ല, ഭര്‍ത്താവിന്റെ കുടുംബത്തെയും സാമ്പത്തികമായി താങ്ങി നിറുത്തുന്നുന്നുണ്ട്. പ്രണയവിവാഹമായിരുന്നു, പക്ഷേ, ജീവിത വഴിയുടെ ആരംഭത്തില്‍ തന്നെ മനസിലായി, എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന്. എന്നിട്ടും പിടിച്ചു നിന്നു, നാട്ടില്‍, സാമ്പത്തികമായി ചുവടുറപ്പിക്കാന്‍ നോക്കി. കഴിയാതെ വന്നപ്പോഴാണ് സൗദിയിലേക്കു പോയത്. അവിടെയെത്തി, ഒരു കമ്പനിയില്‍ ജോലിക്കു കയറി, പിന്നീട് ഒരു കമ്പനി സ്വന്തമാക്കി, ഇളകിപ്പോയ സാമ്പത്തികാടിത്തറ ശരിയാക്കി.
അവളുടെ കുടുംബന്ധങ്ങള്‍ തകര്‍ന്നു തരിപ്പണമായതായി അറിയാവുന്ന, സൗദിയിലുള്ള അവളുടെ ചില അയല്‍ക്കാര്‍ നിരന്തരമായി അവളെ സമീപിക്കുന്നു..... നിന്നെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു, കുട്ടിക്കാലം മുതലേ നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നു.... ഒരു തവണയെങ്കില്‍ ഒരു തവണ..... നമുക്ക് ഒന്നായിക്കൂടേ....?? ജീവിതം ആസ്വദിച്ചു കൂടെ....?? ഞാന്‍ നിന്റെ കാമുകനാകട്ടെ...?? ഞാന്‍ ഒരുപാടു പേരോട് ചോദിച്ചു, അവര്‍ക്കെല്ലാം കാമുകന്മാരുണ്ട്. നിനക്കങ്ങനെ ആരുമില്ലെങ്കില്‍ എന്നെ കാമുകനാക്കിക്കൂടെ...? പരസ്പരം അറിയുന്ന അയല്‍ക്കാരായ നമ്മള്‍ രണ്ടുപേരും ഒന്നാകുന്നതല്ലേ നല്ലത്....??
ഒന്നിനെ ഒഴിവാക്കിവിടുമ്പോള്‍ മറ്റൊന്ന്. കിടപ്പറയിലേക്കുള്ള നിരന്തരമായ ക്ഷണങ്ങള്‍. അവളെ ഒരു മാത്രപോലും കിട്ടില്ലെന്നു മനസിലാക്കുന്നവര്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതു മറ്റൊന്നാണ്..... അവളവിടെ അറബിയുടെ വെപ്പാട്ടിയായി സമ്പാദിച്ചു കൂട്ടുന്നു എന്ന്......! ഒടുവിലിപ്പോള്‍, നാട്ടുകാരെ കണ്ടാലും ഇനിയാരോടും സംസാരിക്കില്ലെന്ന തീരുമാനത്തിലാണ് അവള്‍....... വ്യഭിചരിച്ചു പണമുണ്ടാക്കാനാണെങ്കില്‍ ആ പണി നാട്ടില്‍ ചെയ്താല്‍ പോരെയെന്ന് അവള്‍ ചോദിക്കുന്നു.....
അവരാരും അവളെ കയറിപ്പിടിച്ചില്ലല്ലോ... മാന്യമായി ചോദിച്ചതല്ലേയുള്ളു, വേണമെന്നോ വേണ്ടെന്നോ പറഞ്ഞാല്‍ തീരുന്നൊരു പ്രശ്‌നമല്ലേയുള്ളു എന്നൊരു മറുവാദം ഉന്നയിച്ചേക്കാം.... പക്ഷേ, അവിടെയാണ് കുഴപ്പം.....
ഈ ലോകത്തുള്ള ജീവനുള്ള സകലതിലും അടങ്ങിയിരിക്കുന്ന ഒന്നാണ് ലൈംഗികത. ഒരു തരത്തില്‍ പറഞ്ഞാല്‍, ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാനം തന്നെ ലൈംഗികതയിലാണ്. പക്ഷേ, ബുദ്ധിയും ചിന്താശേഷിയുമുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ലൈംഗികതയില്‍ തീരുമാനങ്ങളെടുക്കാനും മാറ്റങ്ങള്‍ വരുത്താനും കഴിയും. മറ്റു ജീവജാലങ്ങളുടെയെല്ലാം ലൈംഗികത ഏതാണ്ട് ഒരേ തരത്തിലാണ്. പക്ഷേ, മനുഷ്യനാകട്ടെ തനിക്കു മുന്നിലൊരു വര്‍ണ്ണപ്രപഞ്ചം തന്നെ തീര്‍ക്കുവാനുള്ള ശേഷിയുണ്ട്. പക്ഷേ, അവിടെയെല്ലാം അഴുക്കും മാലിന്യങ്ങളും വാരി നിറച്ച് മുറിപ്പാടുകള്‍ സൃഷ്ടിച്ച് അത്യന്തം മലീമസവും വികൃതമാക്കുകയുമാണ് മനുഷ്യര്‍.
ആഗ്രഹം തോന്നുമ്പോള്‍ അവയെ സംതൃപ്തിപ്പെടുത്താനുള്ള പല മാര്‍ഗ്ഗങ്ങളും നിങ്ങള്‍ തേടിയേക്കാം. അതുമല്ലെങ്കില്‍, അവയെ നിങ്ങളുടെ ഉള്ളില്‍ത്തന്നെ അടക്കിനിറുത്താന്‍ പരിശ്രമിച്ചേക്കാം. ജീവിതകാലം മുഴുവന്‍ ലൈംഗികതയെ അടിച്ചമര്‍ത്തി ജീവിക്കുന്ന മനുഷ്യരുണ്ട്. ഒരവസരവും പാഴാക്കാതെ ഉപയോഗപ്പെടുത്തുന്നവരും കിട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ നിരന്തരം തേടുന്നവരുമുണ്ട്. പൊതുസ്ഥലത്തും നിരത്തു വക്കിലും കാട്ടിലോ പുഴക്കരയിലോ കടല്‍ത്തീരത്തോ അതാസ്വദിക്കുന്നവരുമുണ്ട്. അവരെനോക്കിക്കണ്ടാസ്വദിച്ച് സ്വന്തം ആഗ്രഹങ്ങള്‍ക്ക് അറുതി വരുത്തുന്നവരുണ്ട്. നഗ്ന ശരീരങ്ങള്‍ കണ്ടു വിറളിപിടിച്ച് ബലാത്കാരമായി നേടിയെടുക്കുന്നവരുമുണ്ട്.
ആരോഗ്യമുള്ള ശരീരമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങളില്‍ ലൈംഗികതയുമുണ്ട്. അവയെ നിയന്ത്രിക്കാന്‍ തക്ക മനശക്തിയുള്ള അനേകം പേരുണ്ട്. പക്ഷേ, തനിക്കങ്ങനെയൊരു വികാരമില്ലെന്ന് പറയുന്ന നിരവധി പേരുണ്ട്. ലൈംഗികതയെന്നത് മോശവും മ്ലേച്ഛവുമായ ഒരു വികാരമാണെന്നും ചിന്തിക്കുന്നവര്‍. ഇത്തരക്കാര്‍ ഒന്നുകില്‍ കള്ളം പറയുന്നു. അതല്ലെങ്കില്‍, അവരുടെ ശാരീരികാരോഗ്യം അത്രമേല്‍ മോശമാണെന്നര്‍ത്ഥം.
പക്ഷേ, എന്നെങ്കിലും നിങ്ങള്‍ നിങ്ങളുടെ ലൈംഗികതയെ വേണ്ടവിധത്തില്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ....?? നിങ്ങളിലെ ആ വികാരത്തെ നിങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ....?? ഓരോ മനുഷ്യന്റെയും വികാരങ്ങളും വിചാരങ്ങളും പ്രതികരണ ശേഷികളും എല്ലാമെല്ലാം വ്യത്യസ്തമാണ്. ചില സമാനതകള്‍ കണ്ടേക്കാം. പക്ഷേ, ഒരുമനുഷ്യന്റെ അതേ സ്വഭാവങ്ങളും പ്രത്യേകതകളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഭാവഹാവാദികളുമുള്ള മറ്റൊരു മനുഷ്യനില്ല. അങ്ങനെയെങ്കില്‍, നിങ്ങളുടെ ലൈംഗികതയും വ്യത്യസ്തമല്ലേ...?? നിങ്ങളുടെ സ്വന്തമായ, നിങ്ങളുടേതു മാത്രമായ പ്രത്യേകതകള്‍ എന്താണെന്നു കണ്ടെത്താന്‍ എന്നെങ്കിലും നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ....?? അങ്ങനെ നിങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മുന്നില്‍ കാണുന്ന സകലതിനും പിന്നാലെ പായാന്‍ നിങ്ങള്‍ക്കാവില്ല.
നമ്മുടെ ജീവിതവും ലൈംഗികതയും പങ്കിടാന്‍ ഒരു ഇണയെ നമ്മള്‍ തേടുമ്പോള്‍ നമ്മള്‍ ആരാണെന്നും നമ്മുടെ പ്രത്യേകതകള്‍ എന്നതാണെന്നും അറിയുകയല്ലേ ആദ്യം വേണ്ടത്. അതിനു പകരം, അവരുടെ ഭംഗി കണ്ട്, ശരീരത്തിന്റെ നിറം കണ്ട്, പോക്കറ്റു കണ്ട്, കുടുംബ മഹിമ കണ്ട്, കണ്ണ്, കാല്‍, മുടി, നെഞ്ച്, നിതംബം, അനാവൃതമാകുന്ന ശരീരം ഇതെല്ലാം കണ്ട് ലൈംഗികതയിലേക്കു കടന്നാല്‍ അത് എത്രത്തോളം ആസ്വാദ്യകരമാകും...?? എത്രമാത്രം അതിന് ആയുസുണ്ടാകും...??
ഒരാളുടെ ലൈംഗികത മറ്റൊരാളില്‍ നിന്നും വ്യത്യസ്ഥമായിരിക്കുന്നതു പോലെ തന്നെ, ലൈംഗികതയ്ക്കുമുണ്ട് നിരവധി മാനങ്ങള്‍. ചിലര്‍ക്കത് ക്ലാസിക്കലാണ്. ചിലര്‍ക്ക് കുറച്ചു കൂടി ചടുലവും തീവ്രവും. ചിലര്‍ക്കാകട്ടെ, വന്യം. സ്വകാര്യ നിമിഷങ്ങളില്‍ ചിലര്‍ പരസ്പര ബഹുമാനത്തോടെ, കരുതലോടെ സ്‌നേഹത്തോടെ പെരുമാറുമ്പോള്‍ ചിലര്‍ ഉടമകളെപ്പോലെയും ചിലര്‍ അടിമകളെപ്പോലെയും പെരുമാറുന്നു. ക്രൂരത ഇഷ്ടപ്പെടുന്നവരുണ്ട്, ക്രൂരത സഹിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഫെറ്റിസം എന്ന വിഭാഗത്തില്‍പ്പെട്ടവര്‍ ഇത്തരത്തിലുള്ളതാണ്. ക്ലാസിക്കല്‍ ഇഷ്ടപ്പെടുന്നവര്‍ക്കു കിട്ടുന്ന ഇണ വന്യത ആഗ്രഹിക്കുന്നവരെയാണെങ്കിലോ....?? ജീവിതത്തോടു തന്നെയുള്ള ആഗ്രഹം അതോടെ അവസാനിക്കും. ചിലര്‍ സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോകാന്‍ ശ്രമിക്കും. ക്രൂരതയും പരിഹാസങ്ങളും കീഴടക്കലുകളും ആക്രമണങ്ങളും സഹിക്കാനാവാതെ പാതിവഴിയില്‍ ജീവിതം തന്നെ ഉപേക്ഷിക്കുന്നവരും നിരവധി.
സ്വന്തം ലൈംഗികതയെ അറിയുകയും മാനിക്കുകയും ചെയ്യുന്ന ഒരാളും മറ്റുള്ളവരെ തോണ്ടിയോ കയറിപ്പിടിച്ചോ ഒളിഞ്ഞു നോക്കിയോ ബലപ്രയോഗത്തിലൂടെയോ അതു നേടിയെടുക്കാന്‍ ശ്രമിക്കില്ല. ലോകത്തിലേക്കും വച്ചേറ്റവും വലിയ ഭീരുക്കള്‍ക്കു മാത്രമേ ചതിച്ചും വഞ്ചിച്ചും ആക്രമിച്ചും ഇണ ചേരാന്‍ കഴിയുകയുള്ളു. എങ്ങനെയും സ്‌കലനം സംഭവിച്ചാല്‍ മാത്രം മതിയെന്നു ചിന്തിക്കുന്ന ഇത്തരക്കാരാണ് നഗ്നശരീരങ്ങള്‍ക്കു പിന്നാലെ ആര്‍ത്തി പിടിച്ചു പായുന്നത്.
പങ്കാളിയെ അറിഞ്ഞ്, മനസിലാക്കി, അവരുടെ ഇഷ്ടാനിഷ്ടങ്ങളെയും വ്യക്തിത്വത്തെയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ ലൈംഗികത ആസ്വദിക്കുകയും അറിയുകയും ചെയ്യുന്നത്. പങ്കാളിയുടെ സഹകരണം, മികച്ച ക്ഷമാശീലം, പൂര്‍ണ്ണമായ അര്‍പ്പണം ഇവയെല്ലാം ഇതിനാവശ്യമാണ്. കെയറിംഗും ഷെയറിംഗും ലാളനകളും പരിലാളനകളുമെല്ലാം ഇതിനാവശ്യമാണ്.
മനുഷ്യന്റെതുള്‍പ്പടെ ഓരോ ജീവകോശത്തിലും ഇന്‍ബില്‍റ്റായി നിര്‍മ്മിക്കപ്പെട്ട ഒന്നാണ് ഭക്ഷണം, സെക്‌സ്, അപകടം എന്നീ മൂന്നു കാര്യങ്ങള്‍. ഇവയോടു കൂടിയാണ് ഓരോ ജീവജാലവും പിറവി കൊള്ളുന്നത്. മരിക്കാതിരിക്കാന്‍ ഭക്ഷണം വേണം. വംശം നിലനിര്‍ത്താന്‍ സെക്‌സ് ആവശ്യമാണ്. ജീവഭയമാണ് മൂന്നാമത്തേത്. ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്നും കൊല്ലപ്പെട്ടേക്കാമെന്നുമുള്ള ചിന്ത. വിവേചന ബുദ്ധി സിദ്ധിച്ച ശേഷം മനുഷ്യനില്‍ മൂന്നാമത്തെ കാര്യത്തില്‍ കുറവു സംഭവിച്ചിട്ടുണ്ട്. എങ്കിലും ഏതു നിമിഷവും അപകടമുണ്ടായേക്കാമെന്ന ചിന്തയില്‍, ശരീരവും തലച്ചോറും നിമിഷാര്‍ദ്ധം കൊണ്ടു പ്രതികരിക്കാനുള്ള കാരണം ഈ ജീവഭയം തന്നെയാണ്.
ജനനത്തോടൊപ്പം കിട്ടിയ ലൈംഗികതയെന്ന സിദ്ധിയെ തെല്ലും മാനിക്കാതെ, കളിക്കാനൊരു ശരീരം തേടി നടക്കുകയും തരം കിട്ടിയാല്‍ അതു സാധ്യമാക്കുകയും ചെയ്യുന്നവര്‍ നശിപ്പിക്കുന്നത് അവരവരുടെ തന്നെ ലൈംഗികതയെയാണ്. അവരവരെത്തന്നെയാണ് അവര്‍ മലിനമാക്കുന്നത്. ഈ ചിന്ത മനസിലേക്കെത്തിയാല്‍, ഏതു ശരീരമിവിടെ തുണിയില്ലാതെ തിമിര്‍ത്താടിയാലും വെറും കാഴ്ചക്കാരായി കണ്ടു നില്‍ക്കുവാന്‍ സാധിക്കും. സ്വന്തം ലൈംഗികതയെ ബഹുമാനിക്കുകയും അതിന്റെ അമൂല്യത മനസിലാക്കുകയും ചെയ്യുന്ന ഒരാള്‍ക്കു പോലും അത് അലസമായി കൈകാര്യം ചെയ്യാനാവില്ല. അവരവരുടെ മനസിനും ശരീരത്തിനും ചിന്തകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ചേര്‍ന്നവരുമായി മാത്രമേ അതു പങ്കുവയ്ക്കുവാനാവുകയുള്ളു. അത്തരത്തില്‍ ഇണയെ കണ്ടെത്തി ജീവിക്കുന്നവരുടെ ജീവിതം തന്നെയാണ് സ്വര്‍ഗ്ഗം.
Image is taken from Google
അഭിപ്രായങ്ങളൊന്നുമില്ല