Header Ads

ആ നരബലിയില്‍ നടുങ്ങിത്തെറിച്ചവര്‍......!


Jess Varkey Thuruthel & D P Skariah

കേരളത്തില്‍ നടത്തിയ നരബലിയില്‍ നടുങ്ങിത്തെറിച്ചവരില്‍ പ്രധാനികള്‍ ഇവിടുത്തെ മാധ്യമങ്ങളും വിശ്വാസികളുമാണ്. ഐശ്വര്യവും സമ്പദ്‌സമൃദ്ധിയുമുണ്ടാകാന്‍ പല തരത്തിലുമുള്ള പൂജകളും വഴിപാടുകളും പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തി സംപൂജ്യരായിരിക്കുന്ന വിശ്വാസികള്‍ക്കുണ്ടായ ഞെട്ടലും നടുക്കവും... ആഹാ...! അതു വിവരിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്.....!!

പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്കു പോലും പരിപൂര്‍ണ്ണ നിയമ പരിരക്ഷയുള്ള ഈ നാട്ടില്‍, ദുര്‍ബലരുടെ മേല്‍ വിശ്വാസികള്‍ നടത്തുന്ന കൈയ്യേറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചിരിക്കുന്ന സമൂഹം. വിശ്വാസത്തിന്റെ പേരില്‍ എന്തിനെയും പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍....! എന്നിട്ടും നരബലിയെന്നു കേട്ടമാത്രയില്‍ അവര്‍ നടുങ്ങിത്തെറിച്ചത്രെ....! എന്തിന്....??

വെജിറ്റേറിയന്‍ മുതലയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാതോരാതെ വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ നടുങ്ങിത്തെറിച്ചത്രെ...! നിവേദ്യച്ചോറുണ്ട് ദര്‍ശനം നല്‍കിയ മുതലയുടെ കഥകള്‍ പാടിനടന്ന വിശ്വാസികള്‍ നടുങ്ങിത്തെറിച്ചത്രെ...!!

മാംസം ഭക്ഷിച്ചു ജീവിക്കുന്ന ജീവിയാണ് മുതല. ജീവിത നൈരാശ്യം വന്ന് ഇന്നേവരെ ഒരു ജീവിയും ആത്മഹത്യ ചെയ്തിട്ടില്ലാത്തതിനാല്‍, അങ്ങനെയുള്ള കുരുട്ടു ബുദ്ധികളൊന്നും ജന്തുലോകത്തിന് പരിചിതമല്ലാത്തതിനാല്‍ തിന്നാന്‍ കിട്ടിയ ചോറും കഴിച്ച് ജീവിതത്തിലൊരിക്കലുമൊന്ന് ഇണ ചേരാന്‍ പോലും കഴിയാതെ ആ മുതല ജീവിച്ചു. വിശ്വാസത്തിന്റെ പേരില്‍ ആ മുതലയുടെ അവകാശങ്ങളത്രയും മനുഷ്യര്‍ കുരുതി കൊടുത്തു.... എന്നിട്ടു പടച്ചു വിട്ട നിറം പിടിപ്പിച്ച കഥകളില്‍ ഹര്‍ഷപുളകിതരായവര്‍ എത്രയാണ്...!

രോഗം വന്നാല്‍ പുരോഹിതന്‍ വെഞ്ചിരിച്ച വെള്ളം കുടിച്ചാല്‍ മതിയെന്നു വിശ്വസിക്കുന്നവര്‍..! വിശ്വാസത്തിന്റെ പേരില്‍ തീക്കനലിലൂടെ നടക്കുന്നവര്‍, ഗരുഡന്‍ തൂക്കം, ജനനേന്ദ്രിയത്തിന്റെ തുമ്പുമുറിക്കല്‍, പിശാചിനെ കല്ലെറിഞ്ഞോടിക്കല്‍, വിഷുഫലവും വാരഫലവും ലക്ഷണശാസ്ത്രവും വിളമ്പല്‍, കൊറോണയെ തോല്‍പ്പിക്കാന്‍ പാത്രം കൊട്ടല്‍, ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം വിളികള്‍, ശത്രു സംഹാര പൂജ, വഴിപാടുകള്‍, നേര്‍ച്ചകള്‍, പാമ്പുകടിക്കാതിരിക്കാന്‍ വിശുദ്ധന്‍ കൊന്ന പാമ്പിന്റെ വായില്‍ നാണയമിടല്‍, ഇതെല്ലാം നടത്തിയവര്‍ നരബലിയില്‍ നടുങ്ങിത്തെറിച്ചത്രെ....!

മതങ്ങള്‍ കേരളത്തിലെ മനുഷ്യരെ ഇത്രയേറെ വരിഞ്ഞുമുറുക്കാന്‍ കാരണം പണിയെടുക്കാതെ തിന്നാനുള്ള മലയാളിയുടെ അത്യാഗ്രഹം മൂലമാണ്. പിന്നെ, സ്വന്തം തെറ്റുപോലും ഏറ്റെടുക്കാനുള്ള നട്ടെല്ലില്ലായ്മയും. തനിക്കൊരു തലച്ചോറുണ്ടെന്നും ചിന്തിക്കാനുള്ളതാണ് അതെന്നും അങ്ങനെ ചിന്തിച്ച് തന്റെ ജീവിതത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കേണ്ടയാള്‍ താനാണെന്നുമുള്ള യാതൊരു ബോധവുമില്ലാതെ എല്ലാം ദൈവത്തിനു വിട്ടുകൊടുത്തു ജീവിക്കുന്ന വിശ്വാസികളെന്ന മന്ദബുദ്ധികള്‍. തങ്ങള്‍ എടുത്ത തെറ്റായ തീരുമാനത്തിന്റെ അനന്തരഫലമാണ് തങ്ങളുടെ ജീവിതത്തിലുണ്ടായ തിരിച്ചടികളെന്നു ചിന്തിക്കാന്‍ ശേഷിയില്ലാത്തവര്‍.

ഓരോ മതങ്ങളും പിടിച്ചു നില്‍ക്കുന്നത് ശാപത്തിലും അനുഗ്രഹത്തിലുമാണ്. നല്ല കാലം വരുമ്പോള്‍ അത് ദൈവത്തിന്റെ അനുഗ്രഹമായും കഷ്ടങ്ങള്‍ വരുമ്പോള്‍ അതു ശാപമായും കാണുന്നവര്‍.

ഈ നാട്ടില്‍ നിലനില്‍ക്കുന്ന നിയമത്തില്‍ വിശ്വാസമില്ലാതെ, ദൈവത്തിന്റെ നീതിയിലും നിയമത്തിലും വിശ്വസിക്കുന്നവര്‍. കാരണം, എന്തു തോന്ന്യാസം കാണിച്ചാലും ക്ഷമിക്കുന്ന പരമ കാരുണികനാണല്ലോ ദൈവം. മറ്റുള്ളവരെ പറ്റിച്ചും കുതികാല്‍ വെട്ടിയും വഞ്ചിച്ചും പണമുണ്ടാക്കിയാലും കുഴപ്പമില്ല, ചെയ്ത പാപങ്ങള്‍ ഏറ്റുപറഞ്ഞ് പരിഹാരം ചെയ്താല്‍ മതിയാകും.

മതവിശ്വാസം തന്നെ അന്ധവിശ്വാസമാണ്. സ്വന്തം കര്‍ത്തവ്യങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള വളരെ എളുപ്പമാര്‍ഗ്ഗം. വിശ്വാസിയാണെങ്കില്‍ സ്വന്തം പ്രവൃത്തിദോഷത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മറ്റുള്ളവരിലോ ദൈവത്തില്‍ തന്നെയോ ചാര്‍ത്തിക്കൊടുക്കാം. പണിയെടുത്തു തിന്നാതെ എല്ലാം പ്രാര്‍ത്ഥിച്ചു നേടാന്‍ ശ്രമിക്കാം. വിശ്വാസികളെ ചതിച്ചും ജീവിക്കാന്‍ കഴിയും.

എല്ലാം ദൈവത്തിനു വേണ്ടിയാകുമ്പോള്‍ കൊടുംക്രൂരതകള്‍ പോലും ചെയ്യാന്‍ അനുമതിയുണ്ട്. മതവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനിവിടെ മാധ്യമങ്ങളുണ്ട്.

ശബരിമല സ്ത്രീപ്രവേശന വിഷയം വന്നപ്പോള്‍ കൂടുതല്‍ ജനങ്ങള്‍ യുക്തിചിന്തയിലേക്കു മടങ്ങുന്നു എന്നു മനസിലാക്കിയ മാധ്യമങ്ങള്‍ വിശ്വാസങ്ങളുടെയും ഐതീഹ്യങ്ങളുടെയും പരമ്പരകള്‍ തന്നെ സൃഷ്ടിച്ചു. കാരണം, അവര്‍ക്കറിയാം, തങ്ങളുടെ നിലനില്‍പ്പു പോലും ഇത്തരം വിശ്വാസികളിലാണെന്ന്. അവര്‍ വാരിയെറിയുന്ന പണത്തിലാണെന്ന്...... ആ പണമില്ലെങ്കില്‍ തങ്ങള്‍ക്കു നിലനില്‍പ്പില്ലെന്ന്.....

ഒരു വശത്തു കൂടി വിശ്വാസങ്ങളെ നിശിതമായി വിമര്‍ശിക്കും.... മറുവശത്തു കൂടി വിശ്വാസങ്ങളെ സര്‍വ്വശക്തിയോടും കഴിവുകളോടും കൂടി പ്രോത്സാഹിപ്പിക്കും..... എന്നിട്ടിപ്പോള്‍ ഈ നരബലിയില്‍ അവര്‍ ഞെട്ടിയത്രെ...! നടുങ്ങിത്തെറിച്ചത്രെ...! ഈ പച്ചക്കള്ളങ്ങള്‍ വിശ്വസിക്കാനുമിവിടെ ആളുകള്‍ ക്യൂ നില്‍ക്കുന്നു.....!! അതേ, അതിമഹത്തരമാണീ കേരളം, പ്രബുദ്ധരായ മലയാളികളും....!!!



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.