Header Ads

വിപ്ലവ വനിതക്ക് ആദരാഞ്ജലികൾ

D P Skariah

കോട്ടയം: സ്ത്രീകളുടെ അവകാശത്തിനായുള്ള നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു.

89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയാണ്.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തെ ചോദ്യം ചെയ്ത മേരി റോയ് നടത്തിയ നിയമപോരാട്ടമാണ് സ്ത്രീകള്‍ക്ക് പിതൃസ്വത്തിന് അര്‍ഹതയുണ്ടെന്ന സുപ്രധാന വിധിക്ക് വഴിവെച്ചത്.

1986ലാണ് തിരുവിതാംകൂര്‍ കൊച്ചിന്‍ പിന്തുടര്‍ച്ച അവകാശനിയമം അസാധുവാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പിവി ഐസക്കിന്റെ മകളായി 1933 ല്‍ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം.

ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.

ചെന്നൈ ക്വീന്‍ മേരീസ് കോളജില്‍ നിന്ന് ബിരുദം നേടി. കല്‍ക്കത്തയില്‍ ഒരു കമ്ബനിയില്‍ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്.

കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടില്‍ താമസമാക്കി.

1916-ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമത്തെ ചോദ്യംചെയ്ത് മേരിറോയ് കോടതി കയറുന്നത്.

1960കളുടെ പാതിയോടെ കീഴ്‌കോടതികളില്‍ നിന്നും ആരംഭിച്ച മേരിയുടെ ഈ നിയമപോരാട്ടം 1984-ല്‍ സുപ്രീംകോടതിയുടെ മുന്‍പിലെത്തി.

 1986-ല്‍, തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം സുപ്രീംകോടതി അസാധുവാക്കി. വില്‍പ്പത്രമെഴുതാതെ മരിക്കുന്ന അപ്പന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന ക്രിസ്ത്യന്‍ പുരുഷസമൂഹത്തെ ഞെട്ടിച്ച ആ വിധിയാണ് മേരിയെ പ്രശസ്തയാക്കിയത്.

കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പില്‍ക്കാലത്തു സഹോദരനുതന്നെ തിരിച്ചുനല്‍കി. 

സഹോദരന് എതിരെയല്ല കോടതിയില്‍ പോയതെന്നും നീതി തേടിയാണെന്നും മക്കള്‍ തുല്യരാണ്, പെണ്‍കുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരി റോയ് അഭിപ്രായപ്പെട്ടിരുന്നു.


Courtesy



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.