പ്രഭാതം ചൊല്ലുന്നത്..... (Novel-Chapter-2)
Novel: 'മേൽവിലാസമില്ലാത്ത ഭാരങ്ങൾ'
Written by: Preetha Cleetus
*** *****
നിർമ്മൽ വിശ്രമിയ്ക്കുന്ന അരിയാനപാർക്കിലുള്ള കെട്ടിടസമുച്ചയം ചരിത്രത്തെ പലതവണ ഞെട്ടിച്ചിട്ടുണ്ട്. ചിലരെ തരം താഴ്ത്തിയും മറ്റു ചിലരെ വാനോളം ഉയർത്തിയും അതിന്റെ പ്രയാണം തുടരുന്നു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയവരെ ലോകത്തിന് കാണിച്ചു കൊടുത്ത സന്ദർഭങ്ങൾ അനവധി ഉണ്ടായിട്ടുണ്ട്. ഇവിടെ എത്തിപ്പെട്ടത് താൻ എന്തിനാവുമോ എന്തോ?
സായാഹ്‌നത്തിലാവും പരിപാടികൾ അരങ്ങേറുകയെന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടുണ്ട്. വെറും ഒന്നര മണിക്കൂറിനുള്ളിൽ കാര്യപരിപാടികൾ എല്ലാം അവസാനിച്ചിരിയ്ക്കും. സമയനിഷ്ഠയാണത്രേ യു.എൻ പരിപാടികളുടെ ഒരു വലിയ പ്രത്യേകത.
സമയം അധികമുണ്ടെന്ന ഉറപ്പിൽ അവൻ്റെ ചിന്തകൾ ഓർമ്മകളിലേയ്ക്ക് തിരിഞ്ഞു നടന്നു.
മനുഷ്യാവകാശപ്രവർത്തകൻ പത്രപ്രവർത്തകനായാൽ നേരിടുന്ന വെല്ലുവിളികൾ അവനെ മിക്കപ്പോഴും നിരാശയുടെ തോഴനാക്കി. നേരേ തിരിച്ചാണവളുടെ സ്വഭാവം. അധ്യാപകവിദ്യാർത്ഥിയായതിനാലും മിക്കപ്പോഴും നഴ്സറി കുട്ടികളുടെ മനസ് കാണുന്നതിനാലും അവളുടെ ഹൃദയം കത്തിചാമ്പലാകാൻ നിരാശയെ അനുവദിയ്ക്കാറില്ല. പ്രത്യാശ എന്നത് വിലയില്ലാത്ത കുപ്പയാണോ എന്ന് ചോദിയ്ക്കുന്ന സ്വഭാവമായതിനാലാവാം അസ്വസ്ഥതയും നിരാശയും ഒരു വ്യക്തിയെ ഭരിയ്ക്കുന്നുവെന്ന് കേൾക്കുന്നത് തന്നെ അവൾക്ക് അലർജിയാണ്.
പലപ്പോഴും താൻ നേരിടുന്ന പ്രതിസന്ധി നിമിത്തം കാഴ്ച നഷ്ടപ്പെട്ടിരിയ്ക്കുമ്പോൾ.... വേദനകൊണ്ട് പുളഞ്ഞ് ഒന്നും കേൾക്കാൻ ആകാതെ വരുമ്പോൾ .... കയ്പുനീർ കുടിച്ച് അവശനാകുമ്പോൾ.... ആശയക്കുഴപ്പങ്ങൾമൂലം ഉഴറുമ്പോൾ അവൾ എരിതീയിൽ എണ്ണയൊഴിയ്ക്കാനെന്ന മട്ടിൽ പറയും : നിനക്ക് കാഴ്ചയില്ലാത്തത് കണ്ണിനല്ല. മനസിനാണ്. അല്ലെങ്കിൽ സ്നേഹം കരുതൽ തുടങ്ങിയവ നോവിയ്ക്കാൻ മാത്രമുള്ളതാണെന്ന് നീ പഠിച്ചതെങ്ങനെയാണ്? സ്നേഹവും കരുതലും ആത്മാർത്ഥത മൂലമെങ്കിൽ മനുഷ്യർക്ക് പരസ്പരം കണ്ണുതുറന്ന് നോക്കാനുള്ള ധൈര്യം ഇല്ലാതാകുമോ? എവിടെ നിന്നോ ആരുടെയൊക്കെയോ പ്രീതി കിട്ടാൻ കപടതകൾ കാട്ടിക്കൂട്ടുമോ? ഹൃദയം മറച്ച് സംസാരിയ്ക്കാൻ മാത്രം നാവ് ഉപയോഗിയ്ക്കുമോ? ഒരുവൻറെ പ്രതികാരം തീർക്കാൻ മറ്റു മനുഷ്യരെ ഉപയോഗിയ്ക്കുന്നതാണ് നിൻ്റെ സ്നേഹം. നന്മ നിൻ്റെ ഉള്ളിലിപ്പോൾ ഇല്ലെങ്കിലും നല്ലവനാണെന്ന് നിനക്ക് ഭാവിയ്ക്കണം.
നിൻറെ ഭാവനയും ചിന്തയുമൊന്നും ദുഷിച്ചിട്ടില്ല. പക്ഷേ ദുഷിയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. കാരണം നിൻ്റെ വഞ്ചിയ്ക്കപ്പെട്ട ഹൃദയം നിന്നെ വഴിതെറ്റിയ്ക്കുന്നു. സ്വാതന്ത്ര്യത്തിൽ ആണെന്ന് പറയുന്ന നിനക്ക് നിന്നെത്തന്നെ സ്വതന്ത്രനാക്കാൻ കഴിയുന്നില്ല. നിൻ്റെ ഉള്ളം കൈയിൽ കാപട്യമാണ് കുടികൊള്ളുന്നതെന്ന് ചിന്തിയ്ക്കാനും കഴിയില്ല. നീ പറയും നിൻ്റെ തീരുമാനങ്ങളിലെ തെരെഞ്ഞെടുപ്പ് നിൻ്റേത് മാത്രമെന്ന്. പക്ഷേ യഥാർത്ഥത്തിൽ അങ്ങനെയല്ല. നിന്നെ ഭരിയ്ക്കുന്നത് നീയായിരുന്നെങ്കിൽ നിൻ്റെ വാക്കുകളിലും വരകളിലും വർണ്ണങ്ങൾ ഉണ്ടാകുമായിരുന്നു. ഇരുട്ട് പുതച്ചു സന്തോഷിയ്ക്കുമായിരുന്നില്ല.ഇന്നും ഇരുട്ടിൻ്റെ വേദനാഭരിതമായ അടയാളങ്ങളാണു ഉള്ളിൽ അവശേഷിയ്ക്കുന്നതെങ്കിൽ എന്നെ മറന്നേക്കുക. ഒന്നും ഓർമ്മിച്ച് ദു:ഖിക്കേണ്ടതില്ല.ഒരു കാര്യം സത്യമാണ്.സൂര്യനും നക്ഷത്രങ്ങളും നെഞ്ചിൽ വേരോടി പഴുത്താലും എത്ര മുറിവുകൾ എതിരേറ്റാലും ശ്വാസത്തിൽ വിഷാദരേഖ പതിഞ്ഞിട്ടുണ്ടെങ്കിലും നീ നീയല്ലെങ്കിൽ എനിക്ക് നിന്നെ മറക്കാൻ കഴിയും.
സ്യൂട്ടിലെ ചുമന്ന നിറത്തിലുള്ള ഫോൺ ശബ്ദിയ്ക്കുന്നു. റിസപ്ഷനിൽ നിന്നായിരിയ്ക്കും. തന്നെ കൂട്ടിക്കൊണ്ട് പോകുവാൻ ഔദ്യോഗികപ്രതിനിധി വരേണ്ട സമയമായിരിയ്ക്കുന്നു. നിഗമനം തെറ്റിയില്ല. യു.എൻ. സാംസ്കാരിക ഓഫീസിൽ നിന്നും തന്നെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയ പ്രതിനിധി തന്നെ. സ്യൂട്ടിലേയ്ക്ക് കയറ്റിവിടാൻ അനുമതി കൊടുത്തു. രണ്ട് മിനിറ്റ് കഴിഞ്ഞില്ല. കോളിംഗ് ബെൽ ശബ്ദിച്ചു. വാതിൽ തുറന്നപ്പോൾ ആഗതൻ തന്നെ പരിചയപ്പെടുത്തി അകത്തുകടക്കാൻ അനുവാദം ചോദിച്ചു. അദ്ദേഹത്തെ നിർമൽ സ്വീകരിച്ചിരുത്തി.
" ഞാൻ റൊസാൻറോ കാമറൂൺ.. യു.എൻ. സാംസ്കാരിക -മനുഷ്യാവകാശ സമിതി ഓഫീസിൽ നിന്നും വരുന്നു. താങ്കളെ സമ്മേളനവേദിയിലേയ്ക്ക് കൊണ്ട് പോവുകയാണ് ഉദ്ദേശം.തയ്യാറായെങ്കിൽ നമുക്ക് ഉടനെ പുറപ്പെടാം. പുറപ്പെടുന്നതിന് മുന്നോടിയായി എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? അയ്യാൾ സൗമ്യതയോടെ ആരാഞ്ഞു.
ഇതിനിടയിൽ മൊബൈൽ ഫോൺ ശബ്ദിച്ചു. ഹോസ്പിറ്റലിൽ നിന്നും സുഹൃത്താണ്. ഗാഥയുടെ ബോധം തെളിഞ്ഞിട്ടുണ്ട്. പക്ഷേ അവൾക്ക് ശ്വസിയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. രക്തത്തിലെ ഓക്സിജൻ്റെ അളവ് ക്രമാതീതമായി കുറയുന്നു. ഫോണവൾക്ക് കൊടുക്കാൻ പറഞ്ഞെങ്കിലും അവൾ സംസാരിച്ചില്ല. സംസാരിയ്ക്കാൻ ശ്രമിയ്ക്കുന്നെങ്കിലും ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല. ശ്വാസമെടുക്കുന്ന ശബ്ദം മാത്രം. അവൾക്കും കൊവിഡ് സ്ഥിതീകരിച്ചതിൻ്റെ ഭീതിയിലാണവൾ.
നേരിടുന്ന ദുരവസ്ഥകളോട് മല്ലിട്ടുകൊണ്ട് കുടുംബത്തെ മുന്നോട്ടു കൊണ്ട് പോകുന്ന ഒരു ഇരുപത്തിനാലുകാരി. എങ്ങനെയാകുമോ ആശുപത്രിച്ചിലവുകൾ? ഒരുപാത്രം കഞ്ഞിയ്ക്ക് ആയിരത്തിലധികം രൂപ ബില്ലിടുന്ന നാടാണ്. മനുഷ്യൻ്റെ ഏതവസ്ഥയിലും ചൂഷണം ചെയ്യാൻ മടിയില്ലാത്തവർ.
ആശുപത്രികിടക്കയിലെ നിശബ്ദമായ സങ്കടത്തിൻ്റെ മഞ്ഞുമലയുടെ നിഴൽ ചിത്രം ഹൃദയത്തിൽ ഏറ്റുവാങ്ങിനിന്നെങ്കിലും മറുവശത്തെ ശ്വാസം കൂടി നിന്നപ്പോൾ ഫോൺ താഴെ വച്ചു.
തനിയ്ക്ക് നഷ്ടമായെന്ന് മറ്റുള്ളവർ കരുതിയ വിധിയെ മാറ്റിയെഴുതാൻ, നൊമ്പരത്തെ സ്നേഹിയ്ക്കാൻ, ജീവിതത്തിൻ്റെ അർത്ഥശൂന്യതകളെയെല്ലാം കരുണാശൂന്യമായി നോക്കിക്കാണുന്നവൾ. മഴയുടേയും ഇളം വെയിലിൻ്റെയും സാന്ത്വനം അറിയാതെ ആയപ്പോൾ കണ്ണീരിൻ്റെ ശിശിരത്തിൽ ഇല പൊഴിച്ചു നില്ക്കുന്ന വസന്തത്തെ നോക്കിക്കാണാൻ പ്രകൃതിയെ നോക്കുന്നവൾ. ഇപ്പോഴുള്ള അവളുടെ മാനസികാവസ്ഥ എന്താവും?
(Will Continue)
..................................
എഴുത്ത് മറന്നിരുന്ന ഞാൻ വീണ്ടും എഴുത്തിലേയ്ക്ക് മടങ്ങിവരാൻ ഒരു കാരണം തമസോമയുടെ സ്വന്തം ജെസി തുരൂത്തേലിൻ്റെ പ്രോല്സാഹനമാണ്.
മറുപടിഇല്ലാതാക്കൂ