Header Ads

യാത്രയാക്കുന്ന പുഞ്ചിരി


* * * * ** * **

Novel: പ്രീത ക്ലീറ്റസ്


പുറത്ത് ജനീവ നഗരം നക്ഷത്രക്കൂമ്പാരമായി വ്യാപിച്ചുകിടക്കുന്നു. തടാകത്തിലെ ജലധാര പ്രകാശപൂരിതമാണ്. മിന്നാമിന്നിക്കൂട്ടങ്ങള്‍ പോലെ കൊച്ചു ബോട്ടുകള്‍ ഒഴുകി നടക്കുന്നു. പ്രതീക്ഷയോടെ നോക്കിയ പലതും നടന്നകന്നപ്പോള്‍ കേള്‍ക്കാതെ പോയ കാലൊച്ച തന്നെ കാത്തിരുന്നത് വെളിച്ചത്തിന്റെ അടയാളമായിട്ടായിരുന്നോ? നിര്‍മ്മല്‍ താനെഴുതാനായി ഗാഥ തന്നിരുന്ന നാടകത്തിന്റെ ആദ്യ വരികള്‍ ഒന്നുകൂടെ നോക്കി.

'ശൂദ്രനെക്കുറിച്ച് ലേഖനം! അവന് ലഭിക്കേണ്ട നീതിയെക്കുറിച്ച്. ഗംഭീരം! അവര്‍ക്ക് ലഭിയ്‌ക്കേണ്ട നീതിയെക്കുറിച്ച് വാദിയ്ക്കുന്ന തനിയ്ക്ക് ധാര്‍മ്മിക അവകാശങ്ങളുടെ ബാലപാഠത്തെക്കുറിച്ച് അറിയാമോ? ചെറുതായിത്തീര്‍ന്ന വലിയവന്‍. ചൂഷണം കൊണ്ട് പരാജിതരായവരുടെ ജീവിതം കൊണ്ട് വളരാന്‍ എഴുത്ത് പോലും വന്യമാക്കുന്നവന്‍. ജനാധിപത്യം അല്ലേ ഇഷ്ട വിഷയം? അട്ടപ്പാടിയിലാവും സേവനം? വിവാഹം കഴിയ്ക്കാതെ അമ്മമാരായ പെണ്‍കുട്ടികളുടെ പരിചരണം തീര്‍ന്നോ? പരിഷ്‌ക്കാരികളുടെ നികൃഷ്ടതയ്ക്ക് വെള്ള പൂശാന്‍ തനിയ്ക്ക് പേന. എത്ര കിട്ടി ? പോക്കറ്റ് നിറഞ്ഞോ?'

വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. Get lost എന്ന് പ്രതികരിച്ചപ്പോള്‍ കിട്ടിയ സന്ദേശം നെഞ്ചാണ് പൊള്ളിച്ചത്.

ഒരേ ദിശയിലേക്ക് തിരിഞ്ഞിരിയ്ക്കുന്ന രണ്ട് മനസ്സുകള്‍ക്ക് പരസ്പരമുള്ള ഭാഷ അറിയില്ല? ഞാനൊരു വിഷയമാണ് എഴുതിയത്. അതും നീ എഴുതിത്തുടങ്ങാനായി തന്നത്. അതും നിനക്കും തമ്മിലെന്ത് ബന്ധം?

നീയും ഞാനും അഹങ്കരിയ്ക്കും എല്ലാവരേയും പോലെ, എന്നെ നിനക്കും നിന്നെ എനിയ്ക്കും അറിയാമെന്ന്. അത്രമേല്‍ ഒട്ടിനില്‍ക്കുകയാണെന്ന്. പക്ഷേ നിഴലിനുപോലും പരസ്പരം അറിയുന്ന കഴിവ് ഇല്ലയെന്ന് ഉള്ളില്‍ മദിക്കുമ്പോള്‍... കൂരിരുളിന്റെ വിജനതയില്‍ ഒറ്റപ്പെടുമ്പോള്‍ സ്വയം പഴിയ്ക്കും. പിന്നെ ഉള്ളിലേയ്ക്ക് ഇറ്റ് വീഴുന്ന നീര്‍ത്തുള്ളിയെത്തേടും ആശ്വാസത്തിനായി. ഒറ്റപ്പെടലിനെ സ്‌നേഹിയ്ക്കുന്നതാവും നല്ലത്. അതു മാത്രമാണ് എല്ലാവരുടെയും സ്വത്വം.

ഇന്ന് ജനീവയില്‍ സമ്മേളിയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സാംസ്‌കാരിക വിഭാഗം സമിതി തന്നെ ക്ഷണിച്ചു വരുത്താന്‍ കാരണക്കാരി അവളാണ്. അവളുടെ കുറിപ്പുകളാണ്. തന്നോടൊപ്പം ഇവിടെ ഉണ്ടായിരിക്കേണ്ടവള്‍. അങ്ങകലെ മധ്യകേരളത്തിലെ തിരക്കേറിയ ഒരാശുപത്രിയുടെ ഇടുങ്ങിയ മുറിയില്‍ പ്രജ്ഞയറ്റ്. കോവിഡ് 19 ആണോ എന്ന് അറിയാനുള്ള തന്ത്രപ്പാടില്‍ ഒരു കൂട്ടം ഡോക്ടേഴ്‌സ് ഇപ്പോഴും നെട്ടോട്ടത്തില്‍. ഒപ്പമാകാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വരെ എത്തിയെങ്കിലും കാണാനായില്ല. പെട്ടെന്ന് ഉയര്‍ന്ന ശരീരോഷ്മാവ് മൂലം ബോധക്ഷയം വന്നു എന്നാണ് മാനുവല്‍ പറഞ്ഞത്.

എന്തൊരു ജന്മമെന്ന് മിക്കപ്പോഴും തോന്നിയിട്ടുണ്ട്. തലച്ചോറ് വേവിയ്ക്കാന്‍ കാണിയ്ക്കുന്ന ആ വ്യഗ്രത കാണുമ്പോള്‍. അത് ജീവിതത്തില്‍ കാട്ടാത്തതെന്തെന്ന് ചോദിച്ചാല്‍ പഴമ്പുരാണത്തിന്റെ കെട്ടഴിയ്ക്കും.

ഒന്ന് വിളിയ്ക്കാമെന്ന് നോക്കിയാല്‍ പക്ഷേ എങ്ങനെ? രാജ്യങ്ങള്‍ തമ്മിലുള്ള സമയക്രമങ്ങളിലെ പ്രകടമായ വ്യത്യാസവും ഇന്നത്തെ തിരക്കും ഒരു ടെലിഫോണ്‍ വിളിയ്ക്കുളള സാധ്യത അകറ്റുന്നു. അഥവാ വിളിച്ചാലും പ്രജ്ഞയറ്റു കിടക്കുന്ന അവള്‍ എങ്ങനെ?

നോവു തുഴയുന്ന മൗനം അലകളായി ഉള്ളിലുണര്‍ന്നപ്പോള്‍ നിര്‍മ്മലിന്റെ കാലുകള്‍ അറിയാതെ ജനാലക്കരികിലേയ്ക്ക് നീങ്ങി. ഒരാഴ്ച മുമ്പ് അവളയച്ച വാട്‌സാപ്പ് സന്ദേശം മനസിലിരുന്ന് വിങ്ങുന്നുണ്ട്. 'ഏതെങ്കിലും ദിനങ്ങളില്‍ നിന്റെ സന്ദേശങ്ങള്‍ കാണാതിരുന്നാല്‍ ഉള്ളിലൊരു നീറ്റലാണ്. നീ ജീവിച്ചിരിയ്ക്കുന്നു എന്നുളളതിന് തെളിവായി അതു മാത്രമേ എനിയ്ക്കുള്ളൂ എന്ന് നീ മറക്കരുത്.

മുന്നോട്ട് നോക്കുക. കാരണം നാം പിന്നോട്ടല്ല നടക്കേണ്ടത്. മുന്നോട്ടാണ്. അനാഥനെന്ന് കരുതി വേദനിയ്‌ക്കേണ്ട. സ്വയം പഴിയ്‌ക്കേണ്ട.

നിനക്കും പ്രത്യാശയുണ്ട്. പ്രകൃതിയിലേക്കൊന്ന് നോക്കുക. നിന്റെ മുന്നില്‍ ഒരു ചുവട് പോലും വയ്ക്കാനാകാതെ നില്ക്കുന്ന വൃക്ഷങ്ങള്‍ക്ക് പോലും പ്രത്യാശയില്ലേ? മുറിച്ചാല്‍ അത് തളിര്‍ക്കില്ലേ? പുതിയ ശാഖകള്‍ പൊട്ടിക്കിളിയ്ക്കുന്നത് നീ കണ്ടിട്ടില്ലേ? അതിന്റെ വേരുകള്‍ മണ്ണിനടിയില്‍ പഴകി അഴുകിയാലും, അതിന്റെ കുറ്റി മണ്ണില്‍ കെട്ട് പോയാലും മഴയുടെ ഗന്ധമേറ്റാല്‍ അത് തളിര്‍ക്കുന്നത് കണ്ടിട്ടില്ലേ? ഇളം ചെടിയുടെ ആര്‍ജ്ജവത്തോടെ ശാഖ പുറപ്പെടുവിക്കുന്നത് കണ്ടിട്ടില്ലേ? അത് കൊണ്ട് നിനക്ക് മാത്രം പറ്റില്ല, കഴിയില്ല എന്ന് ഇനി പറയരുത്.

ജനീവ നഗരത്തിന് ജീവന്‍ വയ്ക്കുന്നു. അതിന്റെ ആകാശഗോപുരങ്ങള്‍ക്ക് ചിറകുകള്‍ വയ്ക്കുന്നത് ഗുയ്‌സന്‍ തെരുവിന്റെ വിഹ്വലതകളിലാണെന്ന് തോന്നും. മധ്യാഹ്നത്തിന്റെ വിരസതയില്‍ നിന്നും സായാഹ്നത്തിന്റെ കുസൃതികളിലേയ്ക്ക് നഗരം ചുവട് വച്ചു തുടങ്ങി.

ഹോട്ടല്‍ മെട്രോ പോള്‍ ജനീവയില്‍ നിന്നും അധികം അകലെയല്ലാത്ത യു. എന്‍. ആ സ്ഥാനമായ 'പാലെസ് ഡെസ് നേഷന്‍സ്' കെട്ടിട സമുച്ചയത്തിലെ ഹ്യുമന്‍ റൈറ്റ് ഹാളില്‍ നടക്കുന്ന ഹാളിലെ സമ്മേളനമാണ് താനും അവളും ഇതുവരെ കാത്തിരുന്നത്.** ** ** * *

തുടരുംഅഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.