മക്കള്‍ക്കു വേണ്ടി ജോലി ഉപേക്ഷിക്കണമെന്ന് സ്ത്രീകളോടു പറയാന്‍ ആര്‍ക്കും അവകാശമില്ല: ബോംബെ ഹൈക്കോടതി
മക്കള്‍ക്കു വേണ്ടി ജോലി ഉപേക്ഷിക്കേണ്ടവരല്ല സ്ത്രീകളെന്നും അങ്ങനെ ഒരു സ്ത്രീയോടും ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ബോംബെ ഹൈക്കോടതി. മെച്ചപ്പെട്ട ജോലി ലഭിച്ചതിനെത്തുടര്‍ന്ന് 9 വയസുകാരിയായ മകളുമൊത്ത് പോളണ്ടിലേക്കു പോകാനൊരുങ്ങിയ പൂനെ സ്വദേശിയായ സ്ത്രീയ്‌ക്കെതിരെ അവരുടെ ഭര്‍ത്താവ് നല്‍കിയ കേസിലാണ് ഈ കോടതി വിധി. 31 പേജുള്ള വിധി ന്യായത്തില്‍ ജസ്റ്റിസ് ഭാരതി ഡാഗ്രെയുടേതാണ് ഈ ഉത്തരവ്.
'ഓരോ വ്യക്തിക്കും കുടുംബം പ്രധാനപ്പെട്ടതു തന്നെയാണ്. പക്ഷേ, കുട്ടിയും കുടുംബവും ഉണ്ടെന്നതിന്റെ പേരില്‍ ഒരു സ്ത്രീയോടും ജോലി ഉപേക്ഷിക്കാന്‍ പറയാന്‍ സാധിക്കില്ല. ജോലിയിലെ ഉയര്‍ച്ച ഓരോ വ്യക്തിയുടെയും സ്വപ്‌നമാണ്. അതൊന്നും വേണ്ടെന്നു വയ്ക്കാന്‍ ഒരമ്മയോടും പറയാന്‍ കോടതിക്ക് കഴിയില്ല,' വിധിന്യായത്തില്‍ ജസ്റ്റിസ് ഭാരതി പറഞ്ഞു.2010 ജൂലൈ 8 നായിരുന്നു യുവതിയുടെ വിവാഹം. 2013 ജൂലൈ 8ന് ഇവര്‍ക്കൊരു മകള്‍ ജനിച്ചു. അപ്പോഴവര്‍ താമസിച്ചിരുന്നത് ഡല്‍ഹിയിലായിരുന്നു. എന്‍ജിനീയറായ യുവതി പ്രശസ്തമായൊരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍, ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഉപദ്രവത്തെത്തുടര്‍ന്ന് അവര്‍ ജോലി ഉപേക്ഷിച്ചു. പിന്നീട് മകളെയും കൂട്ടി സ്വന്തം അമ്മയോടൊപ്പം അവരുടെ ജന്മദേശമായ പൂനെയിലേക്കു പോയി. 2017 നവംമ്പറില്‍ ഇവര്‍ കുടുംബ കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തു.
ഡിവോഴ്‌സ് പെറ്റിഷനില്‍ കാലതാമസം നേരിട്ടതിനെത്തുടര്‍ന്ന് പോളണ്ടില്‍ നിന്നും ലഭിച്ച ജോലി സ്വീകരിക്കാന്‍ ഫാമിലി കോടതിയില്‍ അനുവാദം തേടിയെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. ജോലിയിലുള്ള അവരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ ജോലി വാഗ്ദാനമായിരുന്നു പോളണ്ടില്‍ നിന്നും അവര്‍ക്കു ലഭിച്ചത്. എന്നാല്‍ തന്നെ തന്റെ മകളില്‍ നിന്നും അകറ്റി നിറുത്താനുള്ള തന്ത്രമാണിതെന്നു കാണിച്ച് യുവതിയുടെ ഭര്‍ത്താവ് ഇതിനു തടയിടുകയായിരുന്നു.
ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏറെ മുന്നിലുള്ള പോളണ്ടില്‍ തന്റെ കുഞ്ഞ് സുരക്ഷിതയായിരിക്കില്ലെന്നും അതിനാല്‍ യുവതിയുടെ യാത്ര മുടക്കണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. അയല്‍രാജ്യമായ ഉക്രൈനില്‍ നടക്കുന്ന യുദ്ധവും യുവാവ് ചൂണ്ടിക്കാണിച്ചിരുന്നു.
കുടുംബവുമായി ബന്ധപ്പെട്ട ഏതു കേസ് പരിഗണിക്കുമ്പോഴും കുട്ടികളുടെ ക്ഷേമത്തിനും സന്തോഷത്തിനുമാണ് കോടതി പ്രഥമ പരിഗണന നല്‍കുന്നതെന്ന് കോടതി നിരീക്ഷിച്ചു. മാതാപിതാക്കളോടൊപ്പം, മറ്റൊരു രാജ്യത്തേക്കോ സ്ഥലത്തേക്കോ കുട്ടികള്‍ പോകുന്നതു സാധാരണമാണെന്നും അവര്‍ക്കത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഈയൊരു കാരണത്തിന്റെ പേരില്‍ പിതാവും മകളുമായുള്ള ബന്ധം തകരാറിലാവില്ലെന്നും ബന്ധം ഊഷ്മളമായി നിലനില്‍ക്കുന്നതിനു വേണ്ടി എല്ലാ ദിവസവും വീഡിയോ കോളില്‍ ബന്ധപ്പെടാന്‍ കുഞ്ഞിനെ അനുവദിക്കണമെന്നും യുവതിയോട് കോടതി നിര്‍ദ്ദേശിച്ചു. വരുന്നതിനു 15 ദിവസം മുന്‍പേ അറിയിച്ച് പോളണ്ടിലെത്തി കുട്ടിയെ കാണാന്‍ പിതാവിനും അനുമതി നല്‍കി. കുഞ്ഞിന്റെ വെക്കേഷന്‍ കാലയളവില്‍ 3 തവണയാണ് കാണാനായി അനുമതി നല്‍കിയത്.
അഭിപ്രായങ്ങളൊന്നുമില്ല