എലിയുടെ തലയോ അതോ കടുവയുടെ വാലോ: സ്റ്റാലിന്‍ തെരഞ്ഞെടുക്കുന്നത് ഏതായിരിക്കും...??
Jess Varkey Thuruthel & D P Skariah
ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ 1990 കളില്‍ കലൈഞ്ജര്‍ കരുണാനിധിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം അതിനായി പരിശ്രമിച്ചതു പോലുമില്ല. ഇതേക്കുറിച്ച് പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'എന്റെ ഉയരം എത്രയാണെന്ന് എനിക്കറിയാം...'കേന്ദ്രത്തില്‍ അക്കാലയളവില്‍ രൂപം കൊണ്ട ചില രാഷ്ട്രീയപാര്‍ട്ടികളുടെ കൂട്ടുകെട്ടില്‍ പ്രധാനമന്ത്രിമാരെ മാറ്റിമാറ്റി പരീക്ഷിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. വെറുമൊരു ഉപഭോഗവസ്തുപോലെ ഉപയോഗിച്ച ശേഷം വലിച്ചെറിയുക എന്ന തന്ത്രം ഭരണത്തില്‍ പയറ്റിയിരുന്ന കാലം. ഉറപ്പില്ലാത്ത പ്രധാനമന്ത്രി പദവിയെക്കാള്‍ ഉറപ്പുള്ള തമിഴ്നാട് സംസ്ഥാനത്തിന്റെ ഭരണമാണ് തനിക്ക് അഭികാമ്യമെന്ന് രാഷ്ട്രീയ വിശാരദനായ കരുണാനിധിക്ക് അറിയാമായിരുന്നു. അതിനാല്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ തമിഴിലെ ഒരു പഴഞ്ചൊലിനെ അനുസ്മരിപ്പിച്ചു.....
'കടുവയുടെ വാലാകുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലതാണ് എലിയുടെ തലയാകുന്നത്....' നാളെ കിട്ടാനിടയുള്ള ചക്കപ്പഴത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് കൈയിലുള്ള ചെറിപ്പഴമെന്നു സാരം.
അച്ഛന്റെ രാഷ്ട്രീയത്തെ സസൂക്ഷ്മം നിരീക്ഷിച്ചിട്ടുള്ള, രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള എം കെ സ്റ്റാലിനും വ്യക്തമായിട്ടറിയാം, തന്റെ ഉയരമെത്രയാണെന്ന്. തമിഴ്നാട്ടില്‍, പ്രതിപക്ഷത്തിരുന്നപ്പോഴും അതിശക്തനായിരുന്നു കരുണാനിധി. തൂക്കു മന്ത്രിസഭയുടെ പ്രധാനമന്ത്രി പദവിയിലെത്താന്‍ യാതൊരു തരത്തിലുമുള്ള കുതിരക്കച്ചവടത്തിന് അദ്ദേഹം തയ്യാറായില്ല.
ഏറ്റവുമധികം പാര്‍ലമെന്റ് സീറ്റുകളുള്ള സംസ്ഥാനങ്ങളാണ് ഉത്തര്‍പ്രദേശ് (80), മഹാരാഷ്ട്ര (48), വെസ്റ്റ് ബംഗാള്‍ (42), ബീഹാര്‍ (40) എന്നിവ. തമിനാടിന് പോണ്ടിച്ചേരി ഉള്‍പ്പടെ 40 പാര്‍ലമെന്റ് സീറ്റുകളാണ് ഉള്ളത്. എന്നാല്‍, തമിഴ്നാട്ടിലൊഴിച്ച് വേറൊരു സ്ഥാനത്തും എല്ലാ പാര്‍ലമെന്റ് സീറ്റും വിജയിക്കാന്‍ സാധ്യതയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയില്ല. മോഡി തരംഗം ഇന്ത്യയൊട്ടാകെ കത്തിനിന്ന 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍പ്പോലും ജയലളിതയുടെ എ ഐ എ ഡി എം കെ 37 സീറ്റുകള്‍ തൂത്തുവാരി.
2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ തങ്ങളുടെ സഖ്യകക്ഷികളുമായി ചേര്‍ന്ന് നേടിയത് 39 ല്ഡ 38 സീറ്റുകളാണ്. 2019 ലെ പെര്‍ഫോമന്‍സ് 2024 ലും ആവര്‍ത്തിച്ചാല്‍ സ്റ്റാലിന് 38 സീറ്റുകള്‍ അതേപടി നിലനിര്‍ത്താന്‍ സാധിക്കും. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ കാഴ്ചവയ്ക്കുന്ന ഭരണത്തിന്റെ മികവില്‍ അത് സ്റ്റാലിനെപ്പോലൊരു ഭരണാധികാരിക്ക് വളരെ നിസ്സാരവുമാണ്. ഇന്ത്യയിലെ മറ്റൊരു പാര്‍ട്ടിക്കും ഒരു സംസ്ഥാനത്തും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു തൂക്കു മന്ത്രിസഭയില്‍ 30 ല്‍ കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകള്‍ നേടാനാവില്ല. അതിനാല്‍, ഏറ്റവുമധികം പാര്‍ലമെന്റ് സീറ്റുകള്‍ നേടിയ പാര്‍ട്ടി എന്ന ലേബലില്‍ തൂക്കുമന്ത്രിസഭയില്‍ പ്രധാനമന്ത്രി പദം തന്നെ സ്റ്റാലിനു സ്വന്തമാക്കാം.....
പക്ഷേ, ആ ചോദ്യം നിലനില്‍ക്കുന്നു. ഏതായിരിക്കും സ്റ്റാലിന്‍ തെരഞ്ഞെടുക്കുക...?? എലിയുടെ തലയോ അതോ പുലിയുടെ വാലോ....??
ചില സാഹചര്യങ്ങളില്‍ രാജാവാകുന്നതിനെക്കാള്‍ എന്തു കൊണ്ടും അഭികാമ്യമാണ് രാജശില്‍പ്പിയാവുന്നത്.
എങ്കിലും, യഥാര്‍ത്ഥ ജനാധിപത്യത്തിലൂന്നിയ, സാധാരണക്കാരുടെ വാക്കുകള്‍ക്ക് വിലയുള്ള, സദ്ഭരണം പ്രതീക്ഷിക്കുന്ന ഓരോ ഇന്ത്യക്കാരനുമാഗ്രഹിക്കും, ഇന്ത്യയുടെ അമരത്തേക്ക് സ്റ്റാലിനെത്തിയെങ്കിലെന്ന്...!
മതവികാരങ്ങളെ ഇളക്കിവിട്ട്, നാനാജാതി മതസ്ഥരായ മനുഷ്യരെ തമ്മിലടിപ്പിച്ച്, ഇന്ത്യയെ കൊള്ളയടിച്ച്, കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ അടിയറ വച്ച്, ജനങ്ങളെ പട്ടിണിയില്‍ നിന്നും പട്ടിണിയിലേക്കു തള്ളിവിടുന്ന ബി ജെ പി സര്‍ക്കാരിനെതിരെ കരളുറപ്പുള്ള ഒരു ഭരണാധികാരി എത്തിയെങ്കിലെന്ന്...!
ഇന്ന് തമിഴ്ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭാഗ്യം ഇന്ത്യയിലെ ഓരോ സാധാരണജനത്തിനും ലഭ്യമായിരുന്നുവെങ്കില്‍...!
അഭിപ്രായങ്ങളൊന്നുമില്ല