നട്ടെല്ലുള്ളവന്‍ നാറിയാല്‍ ശ്രീറാമെന്നു വിളിക്കാം

Jess Varkey Thuruthel & D P Skariah


ദേവികുളം സബ്കളക്ടറായി ചുമതലയേറ്റ ശേഷം അനധികൃത ഭൂമി കൈയ്യേറ്റമാഫിയയ്‌ക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ധീരോചിതമായിരുന്നു. 2017 ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നും ശ്രീറാമിന്റെതായിരുന്നു. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും എന്ന് കവലയില്‍ നിന്നു പോലും വിളിച്ചു പറയാന്‍ മടിയില്ലാത്ത സി പി എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും കണ്ണിലെ കരടായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് ഈ സമൂഹത്തിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ശ്രീറാം വെങ്കിട്ടറാമന്‍.

നട്ടെല്ലു നിവര്‍ത്തി ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിച്ച ശ്രീറാമിനെ പൂട്ടാന്‍ തക്കം പാര്‍ത്തു നടക്കുകയായിരുന്നു സി പി എം. മൂന്നാറും അവിടെയുള്ള വന്‍ ഭൂമി കൈയ്യേറ്റങ്ങളും എന്നെന്നും കേരള സമൂഹത്തിന്റെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. സര്‍ക്കാര്‍ ഭൂമി കൈവശം വച്ചനുഭവിക്കുന്നതില്‍ വന്‍കിടക്കാരും ചെറുകിടക്കാരുമായ കൈയ്യേറ്റക്കാരുണ്ട്. പതിനായിരക്കണക്കിന് ആദിവാസികളും ദളിതരും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ അലഞ്ഞു നടക്കുമ്പോഴാണ് അവര്‍ക്ക് അവകാശപ്പെട്ടത് ഭൂമാഫിയ തട്ടിയെടുത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നിലപാടെടുത്ത ശ്രീറാം വെങ്കിട്ടരാമന് നേരിടേണ്ടി വന്നത് അതിശക്തമായ എതിര്‍പ്പായിരുന്നു. സി പി എം നേതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ നീക്കുകയായിരുന്നു. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് മൂന്നാറില്‍ കൈയ്യേറ്റം നടക്കുന്നതെന്നു മനസിലാക്കാന്‍ ഇതിനപ്പുറം എന്തു കാരണമാണ് വേണ്ടത്…??

ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളിലൊന്നാണ് ദേവികുളം. കണ്ണന്‍ദേവന്‍ ഹില്‍സ്, കാന്തല്ലൂര്‍, കൊട്ടക്കമ്പൂര്‍, കുഞ്ചിത്തണ്ണി, മറയൂര്‍, വട്ടവട എന്നിവയൊക്കെയാണ് 1774.16 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദേവികുളം താലൂക്കിലെ വില്ലേജുകള്‍. റിസോര്‍ട്ട് മാഫിയ കണ്ണുവെച്ച കേരളത്തിലെ കണ്ണായ ഭൂപ്രദേശം. അതീവ പരിസ്ഥിതി ലോലപ്രദേശമാണെന്ന് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ച പ്രദേശം. അതുകൊണ്ടുതന്നെയാണ് ഇവിടുത്തെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ റെവന്യൂ അധികാരിയായ സബ് കളക്ടര്‍മാര്‍ എക്കാലവും രംഗത്തെത്തിയിട്ടുള്ളത്. നിയമം ലംഘിച്ചുള്ള നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുന്ന സബ് കളക്ടര്‍മാരെ പുകയ്ക്കാന്‍ ഭൂമാഫിയ മുന്നില്‍ നിര്‍ത്തുന്നത് ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരെയാണ്. ഈ ഭൂമാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍.

പുലിയില്‍ നിന്നും എലിയിലേക്ക്…..


നട്ടെല്ലുള്ളവന്‍ നാറിയാല്‍ അതിനു പരിധിയില്ലെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു 2019 ഓഗസ്റ്റ് മുന്നിനു പുലര്‍ച്ചെ 1.30 ന് സംഭവിച്ചത്. മദ്യപിച്ച് അമിത വേഗത്തില്‍ കാറോടിച്ചു വന്ന ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു ബഷീര്‍. കൊല്ലത്ത് ഓഫീസ് യോഗത്തിനു ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്നു അദ്ദേഹം.

മ്യൂസിയം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന അപകടത്തിന് ശേഷം ശ്രീറാമിനെ സംരക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങളാണ് പൊലീസ് നടത്തിയത്. ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മദ്യത്തിന്റെ മണമുണ്ടെന്ന് എഴുതിയെങ്കിലും ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ശ്രീറാമിന്റെ രക്തപരിശോധന പൊലീസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. ഒടുവില്‍, 9 മണിക്കൂറിന് ശേഷം രക്തം പരിശോധിച്ചുവെങ്കിലും മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. അപകടമുണ്ടായ ശേഷം കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്. വാഹനാപകടക്കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ ശ്രീറാമിനെ സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സ്വന്തം അധികാരമുപയോഗിച്ച് ശ്രീറാം കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. റാങ്കോടെ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസായ, വിദ്യാസമ്പന്നനായ, ഡോക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ ഒരുമനുഷ്യനും ചെയ്യാന്‍ പാടില്ലാത്ത രീതിയില്‍ തരംതാഴുകയായിരുന്നു.

മനോരോഗിയെ വീണ്ടും കളക്ടറായി നിയമിച്ചതിനു പിന്നില്‍

മെഡിക്കല്‍ സയന്‍സില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രോഗത്തിനു പേര് റിട്രോഗ്രേയ്ഡ് അംനേഷ്യ എന്നാണ്. അതായത്, ഏതെങ്കിലും തരത്തിലുള്ള കടുത്ത മാനസിക ശാരീരിക ആഘാതത്തിന്റെ ഫലമായി ഉണ്ടാകുന്ന മറവി രോഗം. കഴിഞ്ഞതൊന്നും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥ. മുന്‍പ് ഈ രോഗം ബാധിച്ച രോഗികളിലെല്ലാം കഴിഞ്ഞ കാലം അപ്പാടെ മറന്നു പോയിരുന്നു. ശ്രീറാമിന്റെത് സ്‌പെഷ്യല്‍ കേസായതിനാല്‍ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ഇയാളുടെ രോഗത്തിന്റെ പരിധിയില്‍ വരുന്നുള്ളു. ബാക്കിയെല്ലാ കാര്യങ്ങളും കൃത്യമായി ഇയാളുടെ ഓര്‍മ്മയിലുണ്ട്. പഠിച്ച വിദ്യയും ജോലിയുമൊന്നും ഇയാള്‍ മറന്നിട്ടില്ല.

അപകടത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ശ്രീറാമിന് ശമ്പളം കൊടുക്കേണ്ടതുള്ളതു കൊണ്ട് ജോലിയില്‍ തിരിച്ചെടുക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീറാമിനെ തിരിച്ചെടുക്കുന്നതിനുള്ള ന്യായീകരണമായി നിരത്തിയ വാദം. എതിരാളികളെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അവരെ വിലയ്ക്കെടുക്കുക എന്നതാണ്. അധികാരിവര്‍ഗം എക്കാലവും അത് ചെയ്യുകയും ചെയ്യും. പിണറായിയും സി പി എമ്മും ശ്രീറാമിന്റെ കാര്യത്തില്‍ ചെയ്തതും അതായിരുന്നു.

റോഡില്‍ നടക്കുന്ന അപകടങ്ങള്‍ക്ക് ഇന്ത്യയില്‍ കിട്ടുന്ന ശിക്ഷ വളരെ നിസ്സാരമാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ. എളുപ്പം രക്ഷപ്പെടാവുന്ന കുറ്റകൃത്യം. ശ്രീറാം വെങ്കിട്ടരാമന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ശിക്ഷയില്‍ ഇളവു കിട്ടുകയും ചെയ്യുമായിരുന്നു. പക്ഷേ, സി പി എമ്മിന്റെ പിണറായിയുടെ കാല്‍ച്ചുവട്ടില്‍ വിനീത വിധേയനായി ജീവിതകാലമത്രയും കിടന്നുകൊള്ളാമെന്നു തീരുമാനിക്കുകയായിരുന്നു മുന്‍പ് പുലിയായി മൂന്നാറില്‍ വിലസിയ ശ്രീറാം. ജീവിതത്തില്‍ ഒരു പ്രശ്‌നം നേരിട്ടപ്പോള്‍ നീതിയും നിയമവും കാറ്റില്‍ പറത്തി, എത്ര നാണംകെട്ട കളി കളിക്കാനും മടിയില്ലെന്നു തെളിയിച്ചവന്‍. ശ്രീറാമിനെ പോലൊരാളെ ജോലിയില്‍ തിരിച്ചെടുത്താല്‍ കേസില്‍ സ്വാധീനിക്കാനിടയുണ്ടെന്ന നീതിയൊന്നും ഇവിടെ പാലിക്കപ്പെടുന്നുപോലുമില്ല. കാരണം സി പി എമ്മിന് ശ്രീറാമിലൂടെ മറയ്ക്കാന്‍ ഒരുപാടുണ്ട്.

ആലപ്പുഴ കളക്ടറായി ശ്രീറാമിനെയും കൊച്ചിയിലേക്ക് ഭാര്യ രേണുരാജിനെയും മാറ്റിയതിലൂടെ ശ്രീറാമിനു വേണ്ടത്ര സൗകര്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ് സര്‍ക്കാര്‍. അധികാരവും പണവും സ്വാധീനവും ഉണ്ടെങ്കില്‍ നീതിയും നിയമവും വിലയ്‌ക്കെടുക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണിവിടെ ശ്രീറാമിലൂടെ. ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കി അവിടെ നിന്നുണ്ടായേക്കാവുന്ന എതിര്‍പ്പുകള്‍ക്കും തടയിട്ടു കഴിഞ്ഞു. പണമില്ലാത്ത, സ്വാധീനവും അധികാരവുമില്ലാത്ത ഒരു മനുഷ്യന് നിയമം പോലും കൂട്ടിനില്ലെന്ന് ബഷീറിന്റെ ചോര നമ്മോടു പറയുന്നു…..


നിരപരാധിയായ ഒരു പാവം മനുഷ്യനെ കൊന്നു തള്ളിയിട്ടും ശ്രീറാമിന് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല. കളക്ടര്‍ പദവിയും മെച്ചപ്പെട്ട ജീവിതവും വിവാഹ ജീവിതവും. സൗഭാഗ്യങ്ങളില്‍ നിന്നും സൗഭാഗ്യഗ്യങ്ങളിലേക്കാണ് ഇയാളുടെ ജീവിതം പൊയ്‌ക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ നിരവധിയായ നിയമലംഘനങ്ങളെ മറച്ചു പിടിക്കുന്നതിനു ലഭിക്കുന്ന പ്രതിഫലം. നഷ്ടം ബഷീറിനാണ്, അദ്ദേഹത്തിന്റെ കുടുംബത്തിനാണ്, ആ കുഞ്ഞുങ്ങള്‍ക്കാണ്…..




3 thoughts on “നട്ടെല്ലുള്ളവന്‍ നാറിയാല്‍ ശ്രീറാമെന്നു വിളിക്കാം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു