Header Ads

' റോക്കട്രി' വിക്ഷേപിക്കുന്ന പുതിയ ജീവിതം

രഘുനാഥന്‍ പറളി

ജൂലൈ ഒന്നിന് റിലീസ് ചെയ്ത റോക്കട്രി - ദി നമ്പി എഫക്ട് എന്ന ശ്രദ്ധേയ സിനിമ അല്പം വൈകി ഇന്നലെയാണ് കാണാന്‍ കഴിഞ്ഞത്. പ്രമുഖ റോക്കറ്റ് ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ ശ്രീ നമ്പി നാരായണനെ നിര്‍ഭാഗ്യവശാല്‍ ലോകം ആദ്യം അറിഞ്ഞത് 1994 ല്‍ അദ്ദേഹം പ്രതിയായി ആരോപിക്കപ്പെട്ട വ്യാജ ചാരക്കേസിലൂടെയാണ്.

സുപ്രാധാന രഹസ്യ രേഖകള്‍ പാക്കിസ്ഥാന് കൈമാറി എന്ന ഗുരതര രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് അമ്പത് ദിവസം ജയിലില്‍ കഴിഞ്ഞ ഒരു നിരപരാധിയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥയും സാമൂഹികാവസ്ഥയും ഇപ്പോള്‍ പോലും അചിന്തനീയമാണ് എന്നത് ഓര്‍ക്കുക ! അത്തരമൊരു തീവ്ര പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ആര്‍ മാധവന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച റോക്കട്രി - ദി നമ്പി എഫക്ട് എന്ന ചിത്രം ആരംഭിക്കുന്നതും.! നമ്പി നാരായണന്റെ ഭിന്ന കാലഘട്ടങ്ങളെ അതി ഗംഭീരമായി മാധവന്‍ എന്ന നടന്‍ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നു.

1996 ല്‍ സിബിഐയും 1998 ല്‍ സുപ്രീം കോടതിയും പൂര്‍ണ്ണമായി റദ്ദാക്കുകയും നമ്പി നാരായണനെ തീര്‍ത്തും കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെയുള്ള സംഘര്‍ഷ നിര്‍ഭരമായ നാളുകള്‍ സിനിമ യഥാതഥമായി ചിത്രീകരിക്കുന്നു. 1.3 കോടി രൂപ, കോടതി, സംസ്ഥാന ഗവണ്‍മെന്റില്‍ നിന്ന് അദ്ദേഹത്തിന് നഷ്ടപരിഹാരം വിധിച്ചതും രാജ്യം പിന്നീട് ഈ ശാസ്ത്രജ്ഞനെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചതും നമ്പി നാരായണന്റെ യഥാര്‍ത്ഥ ജീവിതത്തെ കൂടുതല്‍ സിനിമാറ്റിക് ആക്കുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആത്മകഥയായ 'ഓര്‍മകളുടെ ഭ്രമണപഥ' ത്തിന്റെ ദൃശ്യവല്‍ക്കരണമായി കൂടിയാണ് നമ്മള്‍ ഈ ചിത്രം കാണുന്നതെന്ന് പറയാം.


Raghunathan Parali

സിനിമ, ഈ റോക്കറ്റ് ശാസ്ത്രജ്ഞന്റെ സംഭവബഹുലമായ ജീവിതവും സംഘര്‍ഷങ്ങളും മാത്രമല്ല, സംഭാവനകളും സൂക്ഷ്മതയോടെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന സവിശേഷത എടുത്തു പറയേണ്ടതുണ്ട്. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ റോക്കറ്റ് പ്രൊപ്പല്‍ഷനിലെ വിദ്യാഭ്യാസത്തിന് ശേഷം നാസയില്‍ ചേരാന്‍ അമേരിക്ക ക്ഷണിച്ചുവെങ്കിലും അദ്ദേഹം രാജ്യത്തു തന്നെ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ഐഎസ്ആര്‍ഒയില്‍ ചേരുകയുമായിരുന്നു. വിഖ്യാത ശാസ്ത്രഞ്ജന്‍ വിക്രം സാരാഭായുമായുള്ള ഹൃദയ ബന്ധവും അതിനു കാരണമായിട്ടുണ്ട്.

ഇന്ത്യന്‍ റോക്കട്രി, സോളിഡ് പ്രൊപ്പല്ലന്റുകളെ മാത്രം ആശ്രയിച്ചിരുന്ന ഒരു ഘട്ടത്തിലത്രേ അദ്ദേഹം ദ്രാവക പ്രൊപ്പല്‍ഷനില്‍ വൈദഗ്ദ്ധ്യം നേടുന്നത്. അതുപോലെ, ക്രയോജനിക് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഘട്ടത്തിലാണ് വ്യാജചാരവൃത്തി അറസ്റ്റ് ഉണ്ടാകുന്നത്. 'വികാസ് 'എന്ന തദ്ദേശീയമായ റോക്കറ്റ് എഞ്ചിന്‍ വികസിപ്പിക്കുന്നതിലും ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയെ ഇന്ന് പ്രധാനമായും നയിക്കുന്ന സ്വദേശീയമായ ക്രയോജനിക് സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിലും (CE-20 റോക്കറ്റ് എഞ്ചിന്‍) നമ്പി നാരായണന്‍ വഹിച്ചിട്ടുള്ള പങ്ക് സിനിമ മികച്ച രീതിയില്‍ ഓര്‍മിപ്പിക്കുന്നു.

ചുരുക്കത്തില്‍, 2013 ലെ മംഗള്‍യാന്‍ മിഷന്റെ പശ്ചാത്തലത്തില്‍ - ഒരു അഭിമുഖ രൂപേണ പുനരാനയിക്കപ്പെടുന്ന - ഈ ബഹുഭാഷാ ജീവിതചിത്രം അദ്ദേഹത്തിന് ലഭിച്ച ഏത് വലിയ അംഗീകാരത്തിനും ഒപ്പമോ അതിനും മുകളിലോ നില്‍ക്കുന്ന ഒരു ജനകീയ പുരസ്‌കാരമായി നിലകൊള്ളുമെന്നതില്‍ സന്ദേഹമില്ല.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.