ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍: തമസോമയുടെ നിഗമനങ്ങള്‍ക്ക് അടിവര

 

Jess Varkey Thuruthel & D P Skariah


മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖയെ മാനസിക രോഗിയാണെന്നു മുദ്ര കുത്താന്‍ വരട്ടെ. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയാക്കപ്പെട്ടതിനെത്തുടര്‍ന്ന് തമസോമ നടത്തിയ ചില നിരീക്ഷണങ്ങള്‍ക്ക് അടിവരയിടുന്നതാണ് ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍. തമസോമയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച ലേഖനങ്ങളില്‍ ഒന്നും ഇതുതന്നെ ആയിരുന്നു.

ദിലീപ് എന്നയാള്‍ അത്ര നല്ല വ്യക്തിത്വത്തിന്റെ ഉടമയല്ല എന്നതു തന്നെയാണ് തമസോമയുടെയും നിരീക്ഷണം. സിനിമ മേഖലയില്‍ സ്വന്തം സാമ്രാജ്യം ഉറപ്പിക്കാന്‍ ദിലീപ് നടത്തിയ മനസാക്ഷിയില്ലാത്ത ഇടപെടലുകളും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ, നടിയെ ആക്രമിച്ച കേസ് സത്യസന്ധമായി അന്വേഷിച്ചാല്‍ മനസിലാകും ഈ കുറ്റകൃത്യത്തില്‍ ദിലീപിനു പങ്കില്ല എന്നത്. ഒരാളെ ഇല്ലായ്മ ചെയ്യാന്‍ ദിലീപ് തീരുമാനിച്ചാല്‍ തനിക്കുള്ള ശവക്കുഴി തോണ്ടിവച്ചുകൊണ്ടു ചെയ്യാന്‍ മാത്രം വിഢിയല്ല ദിലീപ്.

നടിയുടെ വായടപ്പിക്കാനും നിശ്ചയിച്ചു വച്ച വിവാഹം കലക്കാനും ഭാവി തന്നെ ഇല്ലാതാക്കാനും പള്‍സര്‍ സുനിക്കു ബലാത്സംഗക്കൊട്ടേഷന്‍ കൊടുത്തു എന്നതാണ് ദിലീപിനെതിരെയുള്ള കേസ്. അതാകട്ടെ, താനും കാവ്യാ മാധവനുമായുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചു എന്നതാണ് കാരണമായി പറയുന്നത്. ഈ കേസില്‍ ദിലീപിനെ ബന്ധിപ്പിച്ചിരിക്കുന്നത് പള്‍സര്‍ സുനി കൂടി ഉള്‍പ്പെടുന്ന ഒരു ഫോട്ടോയും ജയിലില്‍ നിന്നും പള്‍സര്‍ സുനി എഴുതിയ കത്തും അയാളുടെ ഫോണിലുണ്ടെന്നു പറയുന്ന മെമ്മറി കാര്‍ഡുമാണ്.

ഒരാളെ സാക്ഷിയായി കോടതി അംഗീകരിക്കണമെങ്കില്‍ അയാള്‍ ജീവിതത്തിലൊരിക്കലും ഒരു ക്രിമിനല്‍ കേസിലും ഉള്‍പ്പെട്ടിട്ടില്ലാത്തയാളും സത്യസന്ധനും കള്ളം പറയാത്തവനുമായിരിക്കണം എന്നതാണ് നിയമം. ഈ നിയമം നിലനില്‍ക്കെ, വായ് തുറന്നാല്‍ കള്ളം മാത്രം പറയുകയും കൊടുംക്രിമിനലും പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത കൊടുംകുറ്റവാളിയുമായ പള്‍സര്‍ സുനിയുടെ വാക്കു വിശ്വസിച്ച് ദിലീപിനെതിരെ പോലീസ് തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്ന നാണംകെട്ട കാഴ്ചയാണ് കാണുന്നത്.

നടിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും അതു തന്നെ കാണിച്ചാല്‍ മാത്രമേ താന്‍ വിശ്വസിക്കുകയുള്ളുവെന്നും ഒരു കൊടുംക്രിമിനലിനോടു ദിലീപ് പറഞ്ഞു വയ്ക്കുമ്പോള്‍ ആജീവനാന്തം തന്നെ കുരുക്കാനുള്ള കൊലക്കയര്‍ ഒരു കുറ്റവാളിയുടെ കൈയിലേക്ക് നല്‍കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ പോലും ബുദ്ധിയില്ലാത്തവനാണോ ദിലീപ്…?? ദിലീപിനെപ്പോലെ അതിസമ്പന്നനായ ഒരാളുടെ കൈയില്‍ നിന്നും എത്ര പണം വേണമെങ്കിലും തട്ടിയെടുക്കാനുള്ള വഴി ദിലീപ് തന്നെ പള്‍സര്‍ സുനിയെപ്പോലെ ഒരാള്‍ക്കു നല്‍കുമോ…?? ഒരു ക്രിമിനലിന്റെ കക്ഷത്തില്‍ സ്വന്തം തല തിരുകാന്‍ തക്കവണ്ണം ബോധവും വിവരവുമില്ലാത്തവനാണ് ദിലീപെങ്കില്‍ അയാള്‍ ഒരിക്കലും മലയാള സിനിമയുടെ തലപ്പത്ത് എത്തുകയില്ല. മലയാള സിനിമയെ അടക്കി ഭരിക്കുന്ന നിലയിലേക്ക് അയാള്‍ ഉയരുകയുമില്ല. എന്നിട്ടും പോലീസ് വിശ്വസിക്കുന്നത് പള്‍സര്‍ സുനിയുടെ വാക്കുകളാണ്. അയാളുടെ വാക്കുകള്‍ സത്യമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള തെളിവുകള്‍ക്കു വേണ്ടിയാണ് നാടൊട്ടുക്ക് അന്വേഷണം നടത്തുന്നത്.

ആരുടെയെങ്കിലും വാട്‌സ്ആപ്പ് നമ്പര്‍ കൈവശമുണ്ടെങ്കില്‍ ആ നമ്പറിലേക്ക് എന്തു വേണമെങ്കിലും അയച്ചു കൊടുക്കാം. അതിനു പരസ്പരം അറിയണമെന്നു പോലുമില്ല. ആരെങ്കിലുമൊരാള്‍ ഏതെങ്കിലും ദൃശ്യങ്ങള്‍ അയച്ചു കൊടുത്താല്‍, അത് ഓപ്പണ്‍ ചെയ്തു കണ്ടിട്ടുണ്ടെങ്കില്‍ ആ കണ്ടയാള്‍ എങ്ങനെയാണ് കുറ്റവാളിയാകുന്നത്….?? ദിലീപിനെ കുടുക്കണമെന്ന ഉദ്യേശത്തോടെ, അയാളുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് മനപ്പൂര്‍വ്വം ദൃശ്യങ്ങള്‍ അയച്ചിട്ടുണ്ടെങ്കില്‍, അതു കണ്ടെടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍, ദിലീപ് ശിക്ഷിക്കപ്പെടുമെന്ന നിലയിലാണ് കാര്യങ്ങള്‍. കുറ്റവാളിയായ പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് അതോടെ തെളിയുമത്രെ….!

ദിലീപിന് ആരോ കൊടുത്ത നല്ലൊന്നാന്തരം പണിയാണ് ഈ കേസ്. ദിലീപിനെ തളയ്ക്കാനുള്ള നല്ലൊന്നാന്തരം ക്വട്ടേഷന്‍. ഇതൊരു പുരുഷാധിപത്യ ലോകമാണ്, സംശയമില്ല. ആ പാട്രിയാര്‍ക്കിയുടെ ഏറ്റവും ശക്തനായ പ്രചാരകനുമാണ് ദിലീപ്. സ്ത്രീകള്‍ക്ക് യാതൊരു വിലയും നല്‍കാത്തവന്‍. ഒപ്പം സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നേരല്ലാത്ത വഴികള്‍ സ്വീകരിച്ചവന്‍. അങ്ങനെയുള്ള ഒരാളുടെ ചുമലിലേക്ക് ഈ കേസ് ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ ജനങ്ങളുമൊന്നു സംശയിക്കും, ഇയാള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തിരിക്കുമെന്ന്. ആ സംശയത്തിന്റെ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുകയാണിവിടെ ചെയ്തിരിക്കുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ദിലീപിനുള്ള പ്ലോട്ട് വളരെ നേരത്തെ തന്നെ ഒരുക്കിയിരുന്നു എന്നതിന്റെ തെളിവുകളാണ് ഇവയെല്ലാം. പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചു നില്‍ക്കുന്ന ചിത്രമല്ല, മറിച്ച്, എടുത്ത ഒരു ചിത്രത്തിന്റെ ഫ്രെയിമില്‍ അയാള്‍ കൂടി ഉള്‍പ്പെട്ടു എന്നതാണ്. ഈ കേസില്‍ ചോദ്യങ്ങള്‍ നിരവധിയാണ്. സത്യസന്ധമായ ഒരന്വേഷണം ഈ കേസില്‍ പ്രതീക്ഷിക്കാനാവില്ല. അതിനാല്‍ത്തന്നെ ഈ കേസ് അവസാനിക്കുന്നത് ദിലീപിന്റെ മരണത്തിലായിരിക്കും. അതായത്, ആ മനുഷ്യന്റെ മരണം വരെ ഈ കേസ് നീളുമെന്നര്‍ത്ഥം.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തമസോമ പ്രസിദ്ധീകരിച്ച് ലേഖനത്തിന്റെ ലിങ്ക് ചുവടെ:


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു