സംരക്ഷണമല്ല, ഇത് കേരളതീരം വിറ്റുകാശാക്കാനുള്ള ചെപ്പടിവിദ്യകള്‍

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

Intro: കേരളത്തിന്റെ കടല്‍ത്തീരം സംരക്ഷിക്കാനും തീരദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള തീവ്രയത്‌നത്തിലാണു തങ്ങളെന്ന പ്രതീതിയുണ്ടാക്കി സര്‍ക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത് കേരളത്തിന്റെ സ്വര്‍ണ്ണഖനിയായ തീരം വിറ്റു കാശാക്കാനുള്ള പദ്ധതികളാണ്. കോടികള്‍ ചെലവഴിച്ചിട്ടും രക്ഷയില്ലെന്നും തീരദേശത്തെ ജീവിതം സുരക്ഷിതമല്ലെന്നുമുള്ള പൊതുധാരണയുണ്ടാക്കുന്ന ഇടതു, വലതു, ബി ജെ പി തന്ത്രങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് ചെല്ലാനം കൊച്ചി ജനകീയ വേദി ജനറല്‍ കണ്‍വീനര്‍ വി ടി സെബാസ്റ്റ്യന്‍.

എന്തുകൊണ്ട് കടലാക്രമണങ്ങള്‍ ഉണ്ടാകുന്നു…?

പ്രകൃതി അതിന്റെ സ്വാഭാവിക താളത്തില്‍ ചലിച്ചു കൊണ്ടിരുന്ന നാളുകളില്‍ കടലാക്രമണങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. പ്രകൃതിയെ മനസിലാക്കാതെ നടത്തിയിട്ടുള്ള പുരോഗതിയുടെ ഉപോത്പ്പന്നമാണ് ഈ കടലാക്രമണങ്ങള്‍. പണ്ടൊന്നും കൊച്ചിയില്‍ അഴികള്‍ ഉണ്ടായിരുന്നില്ല. കൊടുങ്ങല്ലൂരിലെ മുസാരിസ് അഴിയായിരുന്നു ഇവിടെ ആകെയുണ്ടായിരുന്നത്. ഡാമുകളും ഇല്ലാതിരുന്ന അക്കാലങ്ങളില്‍ മഴ പെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ കൊച്ചിയുടെ കിഴക്കന്‍ പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങുമായിരുന്നു. ഇതിനെ നേരിടാനായി പ്രകൃതി തന്നെ ഏതെങ്കിലും പ്രദേശം പൊട്ടിക്കും. അതല്ലെങ്കില്‍ ജനങ്ങള്‍ മരത്തിന്റെ പാരകള്‍ ഉപയോഗിച്ച് ഭൂമി പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കും. അങ്ങനെ ചെയ്തില്ലെങ്കില്‍ മഴവെള്ളം കൊണ്ട് നാടു മുഴുവന്‍ മുങ്ങുന്ന ഒരവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.


V T Sebastian

ഇത്തരത്തില്‍ അഴി പൊട്ടിച്ച് ശുദ്ധജലം കടലിലേക്കൊഴുക്കുമ്പോള്‍ കടലിലുള്ള ധാരാളം മീനുകള്‍ ശുദ്ധജലത്തിലേക്കും തിരിച്ചും സഞ്ചരിക്കും. ഇത് ജനങ്ങള്‍ക്ക് വന്‍ചാകരകള്‍ സമ്മാനിച്ചിരുന്നു. വിദേശത്തു നിന്നും പത്തേമാരികളിലും പായ് വഞ്ചികളിലും എത്തിയിരുന്നവര്‍ ഇത്തരത്തില്‍ അഴിയുള്ള പ്രദേശം നോക്കിയാണ് വന്നടുത്തിരുന്നത്. വാണിജ്യത്തിനായി നാനാരാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്കു വന്നിരുന്നു.

വേലിയേറ്റ വേലിയിറക്കത്തെ ആശ്രയിച്ചു ചെയ്തിരുന്ന പൊക്കാളികൃഷിയായിരുന്നു അന്ന് കൊച്ചിയുടെ പ്രത്യേകത. അങ്ങനെയിരിക്കെ 1341 ല്‍ ഒരു വലിയ വെള്ളപ്പൊക്കമുണ്ടായി. തുടര്‍ന്ന് മുസരിസ് അഴി അടഞ്ഞു പോകുകയും കൊച്ചിയില്‍ ഒരു കൊച്ചഴി രൂപപ്പെടുകയും ചെയ്തു. ഈ കൊച്ചഴിയാണ് പിന്നീട് കൊച്ചിയായി മാറിയത്.



മലയോരങ്ങളില്‍ നിന്നും മലഞ്ചരക്കുമായി കിഴക്കു നിന്നും ചങ്ങാടങ്ങളിലും വഞ്ചികളിലുമായി ഇങ്ങോട്ടു വരുന്നവര്‍ അരി, തേങ്ങ, വെളിച്ചെണ്ണ, ഉപ്പ്, ഉപ്പുമീന്‍ എന്നിവയുമായി തിരിച്ചു പോകും. കൊച്ചിയിലുള്ളവര്‍ ഈ മലഞ്ചരക്കുകള്‍ വിദേശികള്‍ക്കു വിറ്റ് അവരില്‍ നിന്നും സ്വര്‍ണ്ണക്കട്ടി, വെള്ളിക്കട്ടി, സ്വര്‍ണ്ണ, വെള്ളിനാണയങ്ങള്‍ എന്നിവ വാങ്ങിയിരുന്നു. അങ്ങനെ സമ്പന്നതയിലായിരുന്നു കൊച്ചിക്കാര്‍ ജീവിച്ചിരുന്നത്. കാലവര്‍ഷക്കാലത്താണ് വിദേശികള്‍ വരുന്നതെങ്കില്‍ ആ കാലവസ്ഥ മാറിയതിനു ശേഷം മാത്രമേ അവര്‍ തിരിച്ചു പോകുമായിരുന്നുള്ളു. ഏകദേശം മൂന്നുനാലു മാസം വരെ അവരിവിടെ തമ്പടിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ നമ്മുടെ നാട്ടിലെ പെണ്ണുങ്ങളെക്കൊണ്ട് ഇവരെ കല്യാണം കഴിപ്പിക്കാനായി മത്സരമായിരുന്നു. സ്ത്രീകള്‍ മൂന്നുംനാലും കല്യാണങ്ങള്‍ കഴിച്ചാലും അക്കാലയളവില്‍ അതൊരു പ്രശ്നമായിരുന്നില്ല.

പുതുതായി രൂപപ്പെട്ട കൊച്ചഴി നിലനിര്‍ത്താന്‍ വേണ്ടി നൂറുകണക്കിനു വഞ്ചികളില്‍ മണ്ണുകോരിമാറ്റി. അങ്ങനെ നിലനിര്‍ത്തിപ്പോന്ന കൊച്ചി അഴിയിലാണ് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും മറ്റനേകം വിദേശികളും ആധിപത്യം സ്ഥാപിച്ചത്. ഈ പ്രദേശം കാലങ്ങളോളം തങ്ങളുടെ കാല്‍ച്ചുവട്ടിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത് ബ്രിട്ടീഷുകാരാണ്. കേരളത്തില്‍ നിന്നുമുള്ള മലഞ്ചരക്കും വനവിഭവങ്ങളും കൊണ്ടുപോകാന്‍ ഒരു തുറമുഖം അവര്‍ക്ക് ആവശ്യമായിരുന്നു. 1900 ആയപ്പോഴേക്കും സ്റ്റീം എന്‍ജിന്റെ കപ്പലുകള്‍ വരാന്‍ ആരംഭിച്ചിരുന്നു. അങ്ങനെ കപ്പലടുക്കുന്ന തുറമുഖം വേണമെന്നായി. അങ്ങനെ 1918 ല്‍ ഒരു ഡിസൈനും പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കി, 1924 ല്‍ തുറമുഖത്തിന്റെ പണി തുടങ്ങി, 1928 മെയ് 26ന് ഉത്ഘാടനം ചെയ്തു.



കൊച്ചി തുറമുഖത്തിനുവേണ്ടി അഴിയുടെ ആഴം കൂട്ടാനായി എടുത്ത മണ്ണ് കായലും ചതുപ്പുമായിരുന്ന പ്രദേശത്തിട്ടു നികത്തിയെടുത്താണ് വെല്ലിംഗ്ടണ്‍ ഐലന്റ് ഉണ്ടാക്കിയത്. സതേണ്‍ നേവല്‍ കമാന്റിന്റെ ആസ്ഥാനമാണിപ്പോള്‍ വെല്ലിംഗ്ടണ്‍ ഐലന്റ്. കൊച്ചി തുറമുഖം ഉണ്ടാക്കിയ 1928 നു ശേഷമാണ് ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം, അന്ധകാരനഴി വരെയുള്ള പ്രദേശങ്ങളില്‍ കടലാക്രമണം തുടങ്ങിയത്.

തിരമാലകളുടെ സ്വഭാവം…..

സാധാരണഗതിയില്‍ അറബിക്കടല്‍ വടക്കു നിന്നും തെക്കോട്ടായിരിക്കും ഒഴുകുക. അതായത്, ഭൂമിയുടെ രണ്ടു ധ്രുവങ്ങളില്‍ നിന്നും ഭൂമധ്യരേഖയിലേക്കായിരിക്കും സാധാരണഗതിയില്‍ സമുദ്രം ഒഴുകുന്നത്. ഉഷ്ണജലപ്രവാഹം, ശീതജലപ്രവാഹം, പ്രകൃതിയുടെ അസന്തുലിതാവസ്ഥ തുടങ്ങിയ ചില കാരണങ്ങള്‍ മൂലം ചില വ്യതിയാനങ്ങള്‍ സംഭവിക്കാം. എന്നിരുന്നാലും സാധാരണഗതിയില്‍ മുകളില്‍ പറഞ്ഞ പ്രകാരമാണ് സമുദ്രജലം ഒഴുകുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഭൂമധ്യരേഖ കടന്നു പോകുന്നതിനാല്‍, നമ്മുടെ നാട്ടില്‍ കടല്‍ ജലത്തിന്റെ ഒഴുക്ക് ഏതാണ്ട് 97% സമയവും വടക്കു നിന്നും തെക്കോട്ടായിരിക്കും. ഇതിനെ വടക്കന്‍ നീര് അല്ലെങ്കില്‍ വടനീരെന്നു പറയും. പ്രകൃതിയിലെന്തെങ്കിലും അസന്തുലിതാവസ്ഥയുണ്ടാവുക, ന്യൂനമര്‍ദ്ദം, ചന്ദ്രനും സൂര്യനോടുമൊപ്പം മറ്റുചില ഗ്രഹങ്ങളും കൂടി നേരെ വരുന്ന ചില പ്രത്യേക വാവുകളോടടുത്ത ദിവസങ്ങളിലും ചിലപ്പോള്‍ വെള്ളം തെക്കു നിന്നും വടക്കോട്ടൊഴുകും. ഇതിനെ തെക്കന്‍നീരെന്നു പറയും. ഈ തെക്കന്‍ നീരുവരുമ്പോള്‍ സാധാരണ ഗതിയില്‍ കടലിലെ ജലനിരപ്പു കൂടുകയും കടല്‍ കരയിലേക്കു കയറുകയും തിരമാല ശക്തമാകുകയും ചെയ്യും.


ആദ്യം പറഞ്ഞതു പോലെ വടക്കു നിന്നും തെക്കോട്ടാണ് 97 ശതമാനം സമയവും വെള്ളമൊഴുകുന്നത്. ഇങ്ങനെ വെള്ളമൊഴുകുമ്പോള്‍ കൊച്ചി അഴിയില്‍ നിന്നും വേലിയിറക്കത്തിന് വെള്ളം പടിഞ്ഞാറോട്ട് ഒഴുകും. ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊച്ചി അഴി. 600 മീറ്ററാണ് ഈ അഴിയുടെ വീതി. വേലിയേറ്റം വരുമ്പോള്‍ കടലില്‍ നിന്നും കായലിലേക്ക് വെള്ളം കയറും. വേലിയിറക്കത്തിന് വെള്ളം പടിഞ്ഞാറോട്ട് ഒഴുകും. ഈ വെള്ളം തിരിഞ്ഞൊഴുകി, ഒരു ചുഴി രൂപം കൊണ്ട ശേഷം തീരക്കടലിലൂടെയാണ് വടക്കോട്ടൊഴുകുന്നത്. ഇത്തരത്തില്‍ വടക്കോട്ട് ഒഴുകുന്നതിനൊപ്പം മണ്ണൊഴുകി പോകുന്നതാണ് ഇവിടുത്തെ പ്രശ്നം. ഒരു ദിവസം രണ്ടു പ്രാവശ്യം വേലിയേറ്റവും രണ്ടു പ്രാവശ്യം വേലിയിറക്കവുമുണ്ടാകും. അതായത്, അഞ്ചേമുക്കാല്‍ മണിക്കൂര്‍ വേലിയേറ്റവും തുടര്‍ന്ന് അഞ്ചേമുക്കാല്‍ മണിക്കൂര്‍ വേലിയിറക്കവുമുണ്ടാകും. ദിവസം രണ്ടു തവണ ഇതുണ്ടാവും.

ഈ കുത്തൊഴുക്കില്‍ മണ്ണൊഴുകി തെക്കു നിന്നും വടക്കോട്ടു പോകുന്നതാണ് ചെല്ലാനം നിവാസികളുടെ പ്രധാന പ്രശ്‌നം. ഇങ്ങനെ മണ്ണൊഴുകി പോയാല്‍ കടലിന് ആഴം കൂടും. ഇതേത്തുടര്‍ന്ന് തിരമാലയുടെ ഉയരം വര്‍ദ്ധിക്കുകയും പ്രഹര ശേഷി കൂടുകയും ചെയ്യും. അത് കരയിലേക്കു വന്നൊടിയും. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖം വന്നതോടെ പുലിമുട്ടിട്ടപ്പോള്‍ തെക്കു വശത്ത് മണ്ണു വന്നടിയുകയും വടക്കു വശത്തെ മണ്ണ് നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ ആഴം കൂടിയതു കൊണ്ടാണ് വിഴിഞ്ഞത്തിന്റെ വടക്കു വശത്ത്, അതായത് കോവളം ശംഖുമുഖം, വെട്ടുകാട് തുടങ്ങിയ പ്രദേശങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണം ആരംഭിച്ചത്. അതുപോലെ തന്നെയാണ് ചെല്ലാനത്തും സംഭവിച്ചത്.

ഈ മണ്ണെല്ലാമൊഴുകി വടക്കോട്ടു പോയപ്പോള്‍ കൊച്ചി തുറമുഖത്തിന്റെ തെക്കന്‍ കരയില്‍ ആഴം കൂടി. ഇങ്ങനെ സംഭവിച്ചതാണ് ഇവിടുത്തെ കടലാക്രമണത്തിന്റെ കാരണം. ഇതു കൂടാതെ, മുന്‍പ് ചെറിയ ഫിഷിംഗ് ഹാര്‍ബറുകളെല്ലാം നിര്‍മ്മിച്ചിരുന്നത് ‘u’ പോലെ കരയിലേക്കു വളച്ചായിരുന്നു. പക്ഷേ, ഇപ്പോഴതു മാറ്റി ‘n’ പോലെ, അതായത് കടലിലെക്കു വളച്ചായി ഹാര്‍ബറിന്റെ നിര്‍മ്മാണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു കരയില്‍ മണ്ണു കുമിഞ്ഞു കൂടും. മറ്റേകരയില്‍ ആഴം കൂടുകയും ചെയ്യും. ആഴം കൂടുന്ന സ്ഥലങ്ങളില്‍ കടല്‍ കയറ്റമുണ്ടാകും.

കടലാക്രമണം തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം

കടലാക്രമണം തടയാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം ജിയോ സിന്തെറ്റിക് ടെക്‌സ്‌റ്റൈല്‍ അഥവാ ജിയോ ട്യൂബുകളാണ്. 25 മീറ്റര്‍ നീളവും 5 മീറ്റര്‍ വ്യാസവുമുള്ള കട്ടികൂടിയ തുണികൊണ്ടുള്ള സഞ്ചിയാണ് ജിയോ ട്യൂബ്. ഇതിനകത്ത് കടലിലെ മണ്ണും വെള്ളവും നിറച്ചാല്‍ മതിയാകും. ഇത്തരത്തില്‍ നിറച്ചു കഴിയുമ്പോള്‍ ഈ ട്യൂബിന് 5 മീറ്റര്‍ ഉയരം കിട്ടും. അതായത് ഏകദേശം രണ്ടു നില വീടിന്റെ ഉയരം. 6 മീറ്ററാണ് രണ്ടുനില വീടിന്റെ ഉയരം. കാര്‍ബണ്‍ അടങ്ങിയ വസ്തുവാണ് ജിയോ സിന്തറ്റിക് ടെക്‌സ്‌റ്റൈല്‍. അതിനാല്‍, വെയില്‍ കൊണ്ടാല്‍ ഇവ നശിച്ചുപോകും. അതേസമയം ഇവ വെള്ളത്തിനടിയില്‍ കിടന്നാല്‍ ഒരിക്കലും നശിക്കില്ല. അതിനാല്‍, ജിയോ ട്യൂബുകള്‍ ഉപയോഗിച്ചു പുലിമുട്ടിട്ട് മണ്ണൊലിപ്പു തടഞ്ഞാല്‍ തീരക്കടലിന്റെ ആഴം കുറയ്ക്കാന്‍ കഴിയും. കൂടാതെ ചെല്ലാനം നിവാസികള്‍ക്ക് മറ്റൊരു ഗുണം കൂടിയുണ്ട്.

കൊച്ചി തുറമുഖത്തിന്റെ ആഴം സദാ നിലനിര്‍ത്താനും കൂട്ടിയെടുക്കാനുമായി ട്രഡ്ജു ചെയ്തു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ട്രഡ്ജു ചെയ്‌തെടുക്കുന്ന എക്കലും ചെളിയും മണലും 20 കിലോമീറ്റര്‍ അപ്പുറം പുറംകടലില്‍ കൊണ്ടുപോയി കളയുകയാണിപ്പോള്‍. എന്നാല്‍, ഈ ട്രഡ്ജറില്‍ തന്നെ 20 കിലോമീറ്റര്‍ പടിഞ്ഞാട്ട് പോകുന്നതിനു പകരം ഒരു കിലോമീറ്റര്‍ മുതല്‍ 18 കിലോമീറ്റര്‍വരെയുള്ള സ്ഥലത്ത്, അതായത് അഴിയുടെ ഒരു കിലോമീറ്റര്‍ തെക്കോട്ടു മാറി പിന്നെ 18 കിലോമീറ്റര്‍ വരെയുള്ള ചെല്ലാനം വരെയുള്ള പ്രദേശത്ത് നിക്ഷേപിക്കുകയും മണ്ണും ചെളിയും വീണ്ടും വടക്കോട്ടൊഴുകി പോകാതിരിക്കാന്‍ ജിയോ സിന്തറ്റിക് ടെക്‌സൈറ്റൈല്‍ കൊണ്ടു പുലിമുട്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമായി. ഇതിന് ആകെക്കൂടി 20 കോടി രൂപയില്‍ താഴെ മാത്രമേ ചെലവു വരികയുള്ളു.

സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടേയും കള്ളക്കളികള്‍…..

ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെ 18 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇതില്‍ വെറും 7.36 കിലോമീറ്റര്‍ സ്ഥലത്തെ കടലാക്രമണം തടയാനായി കരിങ്കല്‍ ഭിത്തി കെട്ടാനും ടെട്രാപോഡുകള്‍ സ്ഥാപിക്കാനുമായി 344.2 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈ കരിങ്കല്‍ ഭിത്തി വളരെ ഉയരത്തിലും വീതിയിലും കെട്ടിയിട്ട് പടിഞ്ഞാറ് കടലിന്റെ അരികില്‍ വന്നു മുട്ടുന്നിടത്ത് ടെട്രാ പോഡ് എന്ന നാലു കാലുള്ള 2000-3000 കിലോ ഭാരമുള്ള കോണ്‍ക്രീറ്റ് ബ്ലോക്ക് അടുക്കി വയ്ക്കുന്നു. അപ്പോള്‍ ബാക്കി സ്ഥലത്തെ കടലാക്രണം കൂടി തടയാനുള്ള പദ്ധതികള്‍ക്കായി ചെലവാകുന്ന തുക എത്രയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.



പശ്ചിമഘട്ടം മുഴുവന്‍ പൊട്ടിച്ചു കൊണ്ടുവന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കടല്‍ഭിത്തി കെട്ടിത്തീരുകയില്ല. അതുമല്ല, കടല്‍ഭിത്തിയുടെ അടിയിലെ മണ്ണൊലിച്ചു പോയാല്‍ ഭിത്തി തകര്‍ന്നടിയുകയും ചെയ്യും.

വലിയ വലിയ കപ്പലുകള്‍ വന്നടുക്കുന്നതിനു വേണ്ടി കൊച്ചി തുറമുഖത്തിന്റെ ആഴം വീണ്ടും കൂട്ടാനൊരുങ്ങുകയാണ്. ആദ്യകാലങ്ങളില്‍ പോര്‍ട്ടിന്റെ ആഴം 8 മീറ്റര്‍ ആയിരുന്നു. ഇപ്പോഴത് 16 മീറ്ററായി. ഈ ആഴം വീണ്ടും 20-25 മീറ്ററാക്കി ഉയര്‍ത്താനാണ് തീരുമാനം. കപ്പല്‍ച്ചാലിന് ആഴമില്ലാത്തതിനാല്‍ ഇപ്പോള്‍ പുറംകടലില്‍ വന്നു പോകുന്ന മദര്‍ഷിപ്പുകളൊന്നും തീരത്തേക്ക് അടുക്കുന്നില്ല. അതിനാല്‍ തുറമുഖത്തിന്റെ ആഴം കൂട്ടാന്‍ ഈ വര്‍ഷം പോര്‍ട്ടിന് 300 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ക്യാപിറ്റല്‍ ട്രഡ്ജിംഗ് അഥവാ ആഴം കൂട്ടുന്നതിനുള്ള ട്രഡ്ജിംഗിനു വേണ്ടിയാണിത്. സാധാരണ എല്ലാ കൊല്ലവും 120 മുതല്‍ 150 കോടി രൂപ വരെ ട്രഡ്ജിംഗിനു മാത്രം പോര്‍ട്ട് ചെലവഴിക്കുന്നുണ്ട്.

ട്രഡ്ജ് ചെയ്തില്ലെങ്കില്‍ ഈ പോര്‍ട്ട് അടഞ്ഞുപോകും. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇവരിതു ചെയ്യുന്നത്. ഇതുകൂടാതെ ഈ വര്‍ഷം അനുവദിച്ച ക്യാപിറ്റര്‍ ട്രഡ്ജിംഗിനുള്ള 300 കോടി രൂപയുടെ പണി കൂടി ചെയ്തു കഴിയുമ്പോള്‍ ഞങ്ങളുടെ തീരത്തെ മണ്ണു മുഴുവനുമൊഴുകി അങ്ങോട്ടു പോകും. തെക്കന്‍ കരയിലെ ഞങ്ങളുടെ മണ്ണാണ് ഒഴുകി വടക്കന്‍ കരയില്‍ ചെന്നു ചേരുന്നത്. മുന്‍പ് ഇങ്ങനെ മണ്ണൊഴുകി പുതുതായി വച്ച കരയാണ് പുതുവയ്പ്. ഇപ്പോള്‍, എല്‍ എന്‍ ജി, എസ് പി എം തുടങ്ങിയവയെല്ലാം സ്ഥാപിച്ചിരിക്കുന്നത് ഇത്തരത്തില്‍ നികന്നു കിട്ടിയ സ്ഥലത്താണ്. ഞങ്ങളുടെ മണ്ണ് ഇനിയും അങ്ങോട്ട് ഒഴുകിയൊഴുകി പോകും.

പുനര്‍ഗേഹമെന്ന ചതി…..

കേരളത്തിന്റെ കടല്‍ തീരങ്ങളില്‍ 50 മീറ്റര്‍ പരിധിയിലുള്ള സ്വന്തം സ്ഥലത്ത് വീടുവച്ചു താമസിക്കുന്നവരെ തീരദേശത്തുനിന്നും മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയാണിത്. 2019-ല്‍ കേരള സര്‍ക്കാര്‍ തുടങ്ങിയതാണ് പുനര്‍ഗേഹം പദ്ധതി. സ്ഥല ലഭ്യതയ്ക്കനുസരിച്ച് ഫ്‌ളാറ്റ് നിര്‍മ്മിച്ചും പദ്ധതി നടപ്പാക്കുന്നുണ്ട്. പദ്ധതിയില്‍ താല്‍പര്യമുള്ള ഗുണഭോക്താക്കള്‍ വാസയോഗ്യമായ സ്ഥലം പഞ്ചായത്തില്‍ 3 സെന്റിലും കോര്‍പ്പറേഷനില്‍ 2 സെന്റിലും കുറയാത്ത സ്ഥലം വാങ്ങണം. സ്ഥലത്തിന് ഫിഷറീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ വില നിര്‍ണ്ണയിക്കും. പരമാവധി 6 ലക്ഷം രൂപ വരെ സ്ഥലം വാങ്ങുന്നതിനായി സ്ഥലം വില്‍ക്കുന്ന ആളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. വില കൂടുതലാണെങ്കില്‍ തുക ഗുണഭോക്താവ് കണ്ടെത്തണം.

വീട് വയ്ക്കുന്നതിന് 4 ലക്ഷം രൂപ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടം ആയി ലഭിക്കും. വാങ്ങുന്ന സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം 12 വര്‍ഷത്തേയ്ക്ക് മാറ്റാനോ ഈ സ്ഥലം വില്‍ക്കുന്നതിനോ ബാങ്കില്‍ പണയം വയ്ക്കുന്നതിനോ സാധ്യമല്ല. വീട് പണി ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവനായി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ വാങ്ങിയ മുഴുവന്‍ പണവും18% പലിശയോടെ സര്‍ക്കാരിനു തിരിച്ചു കൊടുക്കേണ്ടിയും വരും. തീരദേശവാസികളുടെ സമരം കൊണ്ട് ഈ തീരുമാനം തിരുത്തിയിട്ടുണ്ട്.

പഴയ വീട് ഗുണഭോക്താവ് സ്വന്തം ചെലവില്‍ പൊളിച്ചു മാറ്റണം. വീട് എത്ര ചെറുതോ വലുതോ സ്ഥലം എത്ര ഉണ്ടെങ്കിലും പരമാവതി ലഭിക്കുന്നത് 10 ലക്ഷം മാത്രം. സ്ഥലം 5 സെന്റില്‍ കുറവാണെങ്കില്‍ അത് സര്‍ക്കാര്‍ ഏറ്റെടുക്കും.5 സെന്റില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കൃഷി ചെയ്യാം. എന്നാല്‍ അതിര്‍ത്തി കല്ല് സ്ഥാപിക്കാനോ എന്തെങ്കിലും നിര്‍മ്മാണം ചെയ്യാനോ വേലി കെട്ടുന്നതിനോ പോലും കഴിയില്ല.



തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ തന്നെ ഭൂമി കണ്ടെത്തി ഫ്‌ളാറ്റ് നിര്‍മ്മിച്ച് കൊടുക്കുന്നുണ്ട്. കൊല്ലത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ഫ്‌ളാറ്റിന് വെറും 480ച.അടി മാത്രമാണ് വിസ്തീര്‍ണ്ണം. ഇപ്പോള്‍ നിര്‍മിക്കുന്നതിന് 500 ച- അടിയും. തിരുവനന്തുപുരത്ത് 550 ച. അടിയും. 4 അംഗങ്ങളുള്ള വീടുകള്‍ക്ക് 750 ച. അടി തറ വിസ്തീര്‍ണ്ണം വേണം എന്ന് ദേശീയ ശരാശരി ഉള്ളപ്പോഴാണ് തീരദേശ വാസികളോട് ഈ അവഗണന. ഫ്‌ളാറ്റുകള്‍ ഗുണഭോക്താവിന്റെ പേരില്‍ ലഭിക്കുമെങ്കിലും പരമ്പരാഗതമായി പിന്‍തുടര്‍ച്ചക്കാര്‍ക്ക് കൈമാറി താമസിക്കാം എന്നു മാത്രം. ഇത് ഒരിക്കലും വില്‍ക്കുവാനോ ബാങ്കില്‍ പണയപെടുത്താനോ കഴിയില്ല. പിന്‍തുടര്‍ച്ചക്കാര്‍ ഇല്ലെങ്കില്‍ ഫ്‌ളാറ്റ് സര്‍ക്കാരിന് തിരിച്ചു കിട്ടും. സ്വന്തം പട്ടയ ഭൂമിയും വീടും ഉള്ളവരെയാണ് ആട്ടിന്‍ കൂട് പോലുള്ള ഇടുങ്ങിയ വീടുകളില്‍ വാടക കൊടുക്കേണ്ടാത്ത വാടകക്കാരായി താമസിപ്പിക്കുന്നത്.

കടലില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ പുനര്‍ഗേഹം വഴി നിര്‍ബന്ധമായി ഒഴിഞ്ഞു പോകണം എന്നും പോയില്ലെങ്കില്‍ ഭാവിയില്‍ കടല്‍ കയറിയോ മറ്റു പ്രകൃതി ദുരന്തം ഉണ്ടായി വീടിനോ മറ്റോ തകരാറു പറ്റിയാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരംതരില്ല എന്നുള്ള ഭരണഘടനലംഘിച്ചുകൊണ്ടുള്ള നിര്‍ദ്ദേശവും ഈ ഉത്തരവിലുണ്ട്.



ഭരണഘടനാപരമായി സ്വന്തം ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട ഭരണാധികാരികളുടെ കെടുകാര്യസ്ഥത കൊണ്ടും കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടലുകള്‍ കൊണ്ടു മാത്രം കടലാക്രമണം നേരിടേണ്ടി വരുന്ന ചെല്ലാനം കൊച്ചി തീരദേശ ജനതയെ കടല്‍കയറ്റി പേടിപ്പിച്ചും പറഞ്ഞു ഭീഷണിപ്പെടുത്തിയും പറ്റിച്ചും പിറന്നു ജീവിക്കുന്ന നാട്ടില്‍ നിന്ന് പാലായനം ചെയ്യിക്കുന്നത് എന്തിനാണെന്നല്ലേ?

ഇവിടെ കടല്‍തീരത്തു വരാന്‍പോകുന്ന ബ്ലൂ എക്കോണമി, സാഗര്‍ മാല, പ്രത്യേക സാമ്പത്തിക മേഖല, ലോജിസ്റ്റിക് പാര്‍ക്ക്, തീരദേശറോഡ്, ടൂറിസം, കടല്‍ മണല്‍ ഖനനം ഇവയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കം മാത്രമാണ് ”പുനര്‍ ഗേഹം’. ഇതു തന്നെയാണ് ലക്ഷ ദ്വീപിലും നടക്കുന്നത്.

സര്‍ക്കാരിന്റെ ഭീഷണികള്‍…..

ആഗോള താപനം കൊണ്ടു ജലനിരപ്പു കൂടിയെന്നും അതുകൊണ്ടിവിടെ കൊച്ചിയും ചെല്ലാനവുമെല്ലാം മുങ്ങിപ്പോകുമെന്നുമാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. അതിനാല്‍ എത്രയും വേഗം ജനങ്ങള്‍ ഇവിടെ നിന്നും രക്ഷപ്പെടണമെന്നുമാണ് ഇവര്‍ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് ഫിഷറീസ് വകുപ്പ് ഞങ്ങളെ ദിവസവും വിളിച്ചു കൊണ്ടിരിക്കുകയാണ്. ഈ ആഗോള താപനമെന്നും കടല്‍കയറ്റമെന്നും പറയുമ്പോള്‍, ചെറിയ ഉദാഹരണം പറയാം. ഫോര്‍ട്ട് കൊച്ചിയില്‍ ഐ എന്‍ എസ് ദ്രോണാചാര്യ എന്ന നേവി ക്യാമ്പുണ്ട്. ഫോര്‍ട്ടു കൊച്ചിയില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്കോട്ടു മാറി ഒരു കിലോമീറ്ററിലധികം സ്ഥലത്താണ് നേവി ക്യാമ്പ്. ഇവിടെ സര്‍ക്കാര്‍ സഹായത്തോടെ നേവി 11 പുലിമുട്ടുകള്‍ ഇട്ടിട്ടുണ്ട്. ഇവിടെ ഓഖി വന്നു, ടൗട്ടെ വന്നു, ന്യൂന മര്‍ദ്ദങ്ങള്‍ പലതു വന്നു. സുനാമി പോലും വന്നു. പക്ഷേ, അതൊന്നും ഈ നേവി ക്യാമ്പിനെ ബാധിച്ചില്ല. ഇതു കൂടാതെ ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ എന്ന സ്ഥലത്ത് രണ്ടു പുലിമുട്ടുകള്‍ ഇട്ടിട്ടുണ്ട്. ഇതോടെ, പുലിമുട്ടിന്റെ തെക്കു വശത്ത്, കിലോമീറ്ററുകളോളം ദൂരത്തില്‍ മണ്ണടിഞ്ഞുകൂടി. ഇവിടെയും കടല്‍ കയറിയില്ല.

ഇപ്പോള്‍ നടക്കുന്ന പണി ഊരാളുങ്കലിനു പണമുണ്ടാക്കാനുള്ള പണി….

കടലാക്രമണം തടയാനുള്ള പണികള്‍ ചെയ്യുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന കണ്ണൂര്‍ ആസ്ഥാനമായിട്ടുള്ള സി പി ഐ എമ്മിന്റെ പിന്തുണയുള്ള ഒരു കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. അവര്‍ക്കു പണിയും ലാഭവുമുണ്ടാക്കാന്‍ വേണ്ടി വച്ചിരിക്കുന്ന ഒരു പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അല്ലാതെ ഞങ്ങളുടെ കടലാക്രമണം പരിഹരിക്കാന്‍ വേണ്ടിയുള്ള പദ്ധതിയല്ല.

പക്ഷേ, കേരളത്തിലെ ജനങ്ങള്‍ അറിയുന്നില്ല, ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്ന ഈ പണി പൂര്‍ത്തീകരിച്ചാലും അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മണ്ണൊലിപ്പു മൂലം കരിങ്കല്‍ ഭിത്തി താഴേക്ക് ഇരിക്കുമെന്ന്. തിരമാലയുടെ ഉയരമെന്നത് തീരക്കടലിന്റെ ആഴത്തിന് ആനുപാതികമായിട്ടാണ്. ഈ ആഴം മൂന്നുമീറ്റര്‍ ആണെങ്കില്‍ മൂന്നുമീറ്റര്‍ ഉയരമുള്ള തിരമാല വരും. ആഴം പത്തു മീറ്റര്‍ ആണെങ്കില്‍ 10 മീറ്റര്‍ ഉയരമുള്ള തിര വരും. അതായത്, തീരക്കടലിന്റെ ആഴം കൂടുന്നതിനനുസരിച്ച് തിരമാലയുടെ ഉയരവും ശക്തിയും പ്രഹര ശേഷിയും മുകളിലേക്കു പൊങ്ങിവരുന്ന വെള്ളത്തിന്റെ അളവും കൂടും. അതാണ് ഇപ്പോഴത്തെ വിഷയം.



ഈ പദ്ധതിയെ ഞങ്ങള്‍ എതിര്‍ത്താല്‍ ഈ നാട്ടില്‍ ഞങ്ങള്‍ക്കു പിന്നെ നില്‍ക്കാനാവില്ല. കാരണം ജനങ്ങളെ മുഴുവന്‍ ഈ രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്. ഇതു വന്നുകഴിഞ്ഞാല്‍ ഈ നാടു രക്ഷപ്പെടുമെന്നും ഇവിടൊരു തുള്ളി കടല്‍ പോലും കയറില്ലെന്നും നാട്ടുകാരെ പറഞ്ഞു പറ്റിച്ചിരിക്കുകയാണ്. എന്നാല്‍ ഇതാണു സംഭവിക്കാന്‍ പോകുന്നതെന്നു ഞങ്ങള്‍ പറയുന്നു. ഞങ്ങളുടെ അഭിപ്രായങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

കൊച്ചിന്‍ പോര്‍ട്ട് നിര്‍മ്മാണത്തിന്റെ ഡിസൈനില്‍, അഴിമുഖത്തിന്റെ ഇരു കരകളിലും അതായത് ഫോര്‍ട്ടു കൊച്ചിയിലും വൈപ്പിനിലും കടലിലേക്ക് ഒന്നര മൈല്‍ നീളത്തില്‍ ഏതാണ്ട് മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പുലിമുട്ട് പടിഞ്ഞാട്ട് ഇടണമെന്ന് പറഞ്ഞിരുന്നു. അങ്ങനെ പുലിമുട്ട് ഇട്ടിരുന്നെങ്കില്‍, ഈ പറയുന്ന ഒഴുക്കിനെ ആഴക്കടലിലേക്കു തിരിച്ചു വിടാന്‍ കഴിഞ്ഞേനെ. ട്രഡ്ജിംഗിനു വേണ്ടി വരുന്ന ചെലവ് 150 കോടിയില്‍ നിന്നും 30 കോടിയായി ചുരുക്കാനും കഴിയുമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്താല്‍, സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധപ്പെട്ടവര്‍ക്കും കമ്മീഷന്‍ ഇനത്തില്‍ വന്‍തുക കൈപ്പറ്റാനാവില്ല. അതിനാല്‍, അവര്‍ ഇതിനു മുതിരുകയുമില്ല.

മേഴ്‌സിക്കുട്ടിയമ്മ ഇട്ട ജിയോ ട്യൂബ് എട്ടു നിലയില്‍ പൊട്ടാന്‍ കാരണം

പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു കരയിലിടുന്ന ജിയോ ട്യൂബ് ഗുണം ചെയ്യില്ല എന്ന്. ഇത് കടല്‍ ഭിത്തിയുടെ കിഴക്കു വശത്ത് കരയില്‍ കരിങ്കല്‍ ഭിത്തിക്കു സമാന്തരമായിട്ടാണ് മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലുള്ളവര്‍ ജിയോ ട്യൂബ് ഇട്ടത്. വെയിലും മഴയും കൊണ്ട് ആ വര്‍ഷം തന്നെ അതു പൊട്ടിപ്പോയി. ഒരു വര്‍ഷം പോലും അതിനു പ്രയോജനപ്പെട്ടില്ല. അതിനു വേണ്ടി മുടക്കിയ കാശും വെള്ളത്തിലായി. ജിയോ ട്യൂബ് ഫലപ്രദമല്ലെന്ന വാദം സ്ഥാപിച്ചെടുക്കാനും ഇതിലൂടെ സര്‍ക്കാരിനു കഴിഞ്ഞു.

ജിയോ ട്യൂബ്, പോണ്ടിച്ചേരി മാതൃക…..

ദേശത്തിന്റെ ഭൂരിഭാഗവും കടല്‍ കൊണ്ടുപോയ പോണ്ടിച്ചേരിയെ തമിഴ്‌നാട് സര്‍ക്കാര്‍ തിരിച്ചു പിടിച്ചത് സബ്‌മെര്‍ജ്ഡ് ജിയോ ട്യൂബുകള്‍ ഉപയോഗിച്ചായിരുന്നു. ചെന്നൈ ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്‌നോളജി എന്ന സ്ഥാപത്തെയാണ് ഇതിനായി നിയോഗിച്ചത്. കോണ്‍ക്രീറ്റ് തൂണുകളോ കരിങ്കല്‍ ഭിത്തികളോ നിര്‍മ്മിച്ച് പണം പാഴാക്കുന്നതിനു പകരമായി ഇവര്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ജിയോ ട്യൂബുകള്‍ ഉപയോഗിച്ച് കടലാക്രമണത്തിനു തടയിട്ടു. ഇന്ന് പുതുച്ചേരി തീരത്തിന് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്.

പുതുച്ചേരി മാത്രമല്ല, കര്‍ണാടക, ആന്ധ്ര, ഒഡിഷ, ഗോവ എന്നിവിടങ്ങളിലും ഇതേ മാര്‍ഗ്ഗമാണ് അവലംഭിച്ചിരിക്കുന്നത്. അമേരിക്ക, മെക്‌സിക്കന്‍ തീരങ്ങള്‍, ഇസ്രായേല്‍, കൊറിയ തുടങ്ങി നിരവധി സ്ഥലങ്ങളിലും വിജയിച്ചു തെളിയിച്ച മാര്‍ഗ്ഗമാണ് സബ്‌മെര്‍ജ്ഡ് ജിയോ ട്യൂബ് ഉപയോഗിച്ചുള്ള പുലിമുട്ടുകള്‍. പക്ഷേ, കേരളത്തിനു മാത്രം ഇതിലൊന്നും വിശ്വാസമില്ല. അവര്‍ക്കു ലക്ഷ്യം പശ്ചിഘട്ടം പൊട്ടിച്ചു കൊണ്ടുവന്ന് അറബിക്കടലില്‍ തള്ളുന്ന മാര്‍ഗ്ഗത്തില്‍ മാത്രം….. എങ്കില്‍ മാത്രമേ തീരദേശ വാസികളെ അവിടെ നിന്നും ഇറക്കി വിടാന്‍ കഴിയുകയുള്ളുവെന്ന് ഭരണ പ്രതിപക്ഷങ്ങള്‍ക്കു നന്നായി അറിയാം……

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു