Header Ads

'ഭര്‍ത്താക്കന്മാരുടെ നിഴലാവാനല്ല ജനങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്തത്': വനിതാ നേതാക്കളോട് എം കെ സ്റ്റാലിന്‍

Thamasoma News Desk

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കാണ്. പക്ഷേ, ജയിച്ചെത്തിയ സ്ത്രീ നേതാക്കളല്ല മറിച്ച് അവരുടെ ഭര്‍ത്താക്കന്മാരാണ് ഭരണച്ചുമതല കൈയ്യാളുന്നത്. അത് കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും ഇന്ത്യയുടെ ഏതു സംസ്ഥാനത്തായാലും അങ്ങനെ തന്നെ. എന്നാല്‍, ഭാര്യമാരെ മുന്നില്‍ നിറുത്തി പിന്‍സീറ്റ് ഡ്രൈവിംഗ് ഏറ്റെടുത്തിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കും അഴിമതി വീരന്മാരായ ജനപ്രതിനിധികള്‍ക്കും തടയിടാന്‍ തന്നെയാണ് തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ തീരുമാനം.

'ജനങ്ങള്‍ തെരഞ്ഞെടുത്തത് നിങ്ങളെയാണ്. അല്ലാതെ നിങ്ങളുടെ ഭര്‍ത്താക്കന്മാരെയല്ല. പേടിയോ മടിയോ കൂടാതെ ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ ആവശ്യങ്ങള്‍ക്കുമായി മുന്നിട്ടിറങ്ങിയേ തീരൂ. ആ ചുമതല നിങ്ങളുടെ ഭര്‍ത്താക്കന്മാരെ ഏല്‍പ്പിച്ചു മാറി നില്‍ക്കുകയല്ല വേണ്ടത്. ഇവിടെ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. ജനങ്ങളുടെ ആവശ്യങ്ങളില്‍ ഒപ്പമുണ്ടായിരിക്കുക എന്നതാണ് പ്രാധാന്യം. അവരെ അവഗണിക്കുകയോ സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കാതിരിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്കു മുന്നില്‍ ഞാനൊരു സര്‍വ്വാധിപതിയായി മാറും. പാര്‍ട്ടി മാത്രമല്ല അപ്പോള്‍ നിങ്ങളെ ശിക്ഷിക്കുക. എന്റെ ശിക്ഷയും അപ്പോള്‍ നിങ്ങള്‍ക്ക് ഏറ്റുവാങ്ങേണ്ടതായി വരും,' സ്റ്റാലിന്‍ പറഞ്ഞു. നാമയ്ക്കലില്‍ പഞ്ചായത്ത് കോര്‍പ്പറേഷന്‍ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോര്‍പ്പറേഷന്‍ മേയര്‍ മുതല്‍ പഞ്ചായത്ത് കൗണ്‍സിലര്‍ വരെ ജനങ്ങളുടെ ന്യായമായ എല്ലാ ആവശ്യങ്ങള്‍ക്കും കൂടെയുണ്ടായേ തീരൂ. നിങ്ങള്‍ക്കെതിരായി ഒരു തരത്തിലുമുള്ള അഴിമതിയോ പരാതികളോ ഉയരാന്‍ പാടില്ല. ജനങ്ങള്‍ക്ക് നിങ്ങളില്‍ നിന്നും പരമാവധി സേവനം നല്‍കിയേ മതിയാകൂ. നിയമത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് ജനങ്ങള്‍ക്കു വേണ്ടി സേവനം ചെയ്യാനാണ് അവര്‍ നിങ്ങളെ തെരഞ്ഞെടുത്തത് എന്ന കാര്യം മറക്കരുത്. ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ഓരോരുത്തരും ചെയ്‌തേ മതിയാകൂ. അതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല, സ്റ്റാലിന്‍ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിനു ജനപ്രതിനിധികളോടായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'ഒരു നേതാവ് തന്റെ തീരുമാനങ്ങള്‍ മാത്രം നടപ്പാക്കുന്നത് ജനാധിപത്യമല്ല, മറിച്ച് എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും മെച്ചപ്പെട്ട ഒന്ന് സ്വീകരിച്ച് നടപ്പാക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചൊരു നേതാവല്ല ഞാന്‍. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നില്‍ എന്റെ 50 വര്‍ഷത്തെ കഠിനാധ്വാനമുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും കാണിച്ച് എന്നെയോ കോടിക്കണക്കിനു വരുന്ന ഡി എം കെ പ്രവര്‍ത്തകരെയോ നാണംകെടുത്തരുത്. ഞാന്‍ നിങ്ങളില്‍ ഒരുവനാണ്, നിങ്ങളുടെ സഹോദരനാണ്. പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകനായി വര്‍ഷങ്ങള്‍ പണിയെടുത്തതിനു ശേഷം തന്നെയാണ് ഞാന്‍ ഇന്ന് ഈ പദവിയിലിരിക്കുന്നത്' അദ്ദേഹം പറഞ്ഞു.

ഒരുമിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്കു വേണ്ടി നല്ലതു ചെയ്യാന്‍ കഴിയുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു. 'ജനങ്ങള്‍ക്ക് നല്ല രീതിയില്‍ സേവനം നല്‍കണമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തമ്മില്‍ ഒത്തൊരുമ ഉണ്ടാവണം. ഇവിടെ മേയര്‍മാരും ഡെപ്യൂട്ടി മേയര്‍മാരും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും കൗണ്‍സിലര്‍മാരും തമ്മില്‍ പരസ്പരം സംസാരിക്കുക പോലും ചെയ്യില്ലെന്നാണ് ഞാനറിഞ്ഞത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാറ്റിവച്ച് ജനങ്ങള്‍ക്കു വേണ്ടി പണിയെടുത്തേ മതിയാകൂ,' അദ്ദേഹം പറഞ്ഞു.
'ഒരു സാധാരണ പ്രവര്‍ത്തകനായിട്ടാണ് ഞാന്‍ പാര്‍ട്ടിയില്‍ വന്നത്. ഒരു ചുമതലയും എനിക്കുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് കഷ്ടിച്ച് 5 മാസം കഴിഞ്ഞപ്പോഴേക്കും ഞാന്‍ ജയിലിലായി. ഡി എം കെ വിട്ടാല്‍ ജയിലില്‍ നിന്നും മോചിപ്പിക്കാമെന്നായിരുന്നു എന്നോടു പറഞ്ഞിരുന്നത്. പക്ഷേ, ഞങ്ങളതിനു തയ്യാറായില്ല. 1977 ലാണ് ഞാന്‍ ജയിലില്‍ നിന്നും പുറത്തു വന്നത്. അതായത്, ഏതെങ്കിലുമൊരു ചുമതലയിലേക്കു ഞാനെത്തുന്നത് 12 വര്‍ഷങ്ങള്‍ക്കു ശേഷം 1989 ലാണ്. അന്നാണു ഞാന്‍ നിയമ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ഉത്തരവാദിത്വങ്ങള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കിട്ടുന്നതല്ല. അത് കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ്,' സ്റ്റാലിന്‍ വ്യക്തമാക്കി.

'റോഡുകളോ പാലങ്ങളോ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജുകളോ പണിയുന്നതോടെ തീരുന്നതല്ല ജനപ്രതിനിധികളുടെ ഉത്തരവാദിത്വം. ദ്രാവിഡ തത്വസംഹിതകളായ സാമൂഹിക നീതി, പരസ്പര ബഹുമാനം, സാഹോദര്യം, സ്ത്രീ വിമോചനം, സമത്വം, തുല്യത, യുക്തിബോധം എന്നിവ നടപ്പിലാക്കാനും ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്വവും കടമയുമുണ്ട്.'

കഴിഞ്ഞ ഒരു വര്‍ഷത്തെ ഡി എം കെ ഭരണ പുരോഗതി ജനങ്ങളെ അറിയിക്കുന്നതിനായി പ്രാദേശിക മീറ്റിംഗുകള്‍ സംഘടിപ്പിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ 70-80 ശതമാനവും ഈ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയതായും മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി നടപ്പാക്കിയ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതും ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.