ബലാത്സംഗത്തിന് രാസഷണ്ഡീകരണം ഫലപ്രദമോ.....??
Jess Varkey Thuruthel & D P Skariah
ബലാത്സംഗം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികളെ രാസ ഷണ്ഡീകരണം നടത്താനുള്ള നിയമം തായ്‌ലന്റില്‍ നിലവില്‍ വന്നു. ഏറ്റവും നീചമായ കുറ്റകൃത്യമായ ബലാത്സംഗം അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. വിദഗ്ധനായ ഒരു സൈക്യാട്രിക് സ്‌പെഷ്യലിസ്റ്റിന്റെയും ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റിന്റെയും മേല്‍നോട്ടത്തിലാവും ഈ ശിക്ഷ നടപ്പാക്കുക. ഈ ശിക്ഷ ഏറ്റുവാങ്ങാന്‍ കുറ്റവാളികള്‍ തയ്യാറായാല്‍ തടവു ശിക്ഷയില്‍ ഗണ്യമായ ഇളവുണ്ടാവും. ടെസ്റ്റസ്റ്റെറോണ്‍ ലെവല്‍ കുറയ്ക്കാനുള്ള കുത്തിവയ്പ്പാണ് രാസ ഷണ്ഡീകരണത്തിലൂടെ നല്‍കുക. ആവര്‍ത്തിച്ചു ബലാത്സംഗക്കുറ്റം ചെയ്യുന്നവരില്‍ ഈ ശിക്ഷ നടപ്പാക്കാനാണ് തീരുമാനം.രാസഷണ്ഡീകരണം: എതിര്‍ വാദങ്ങള്‍
രാസഷണ്ഡീകരണമെന്നത് പുതിയ ശിക്ഷാനിയമമല്ല. ഇത്തരത്തിലുള്ള ശിക്ഷകള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന രാജ്യങ്ങളാണ് സൗത്ത് കൊറിയ, പാകിസ്ഥാന്‍, പോളണ്ട്, അമേരിക്കയിലെ എട്ടു സ്‌റ്റേറ്റുകള്‍ എന്നിവ. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, നോരവേ എന്നീരാജ്യങ്ങളില്‍ സര്‍ജ്ജിക്കല്‍ ഷണ്ഡീകരണമാണ് നിലനില്‍ക്കുന്നത്. അതിക്രൂരമായ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികളിലാണ് ഈ ശിക്ഷ നടപ്പാക്കുന്നത്.
എന്നിരുന്നാലും ഇത്തരത്തിലുള്ള ശിക്ഷാ നടപടികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്. ഇത് കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് വാദിക്കുന്നവരും നിരവധിയാണ്. ബലാത്സംഗ തൃഷ്ണയില്‍ നിന്നും ഒരാളെ പിന്തിരിപ്പിക്കാന്‍ ഷണ്ഡീകരണത്തിനു കഴിയില്ലെന്നു വാദിക്കുന്നവരുമുണ്ട്. ഷണ്ഡീകരിക്കപ്പെട്ട ഒരു പുരുഷന്‍ സ്ത്രീകളെ പിന്നീട് വെറുപ്പോടെ കാണാന്‍ തുടങ്ങുമെന്നും ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു വഴിവയ്ക്കുമെന്നുമാണ് വിദഗ്ധാഭിപ്രായം. അനിയന്ത്രിതമായ ദേഷ്യത്തിന്റെ ഫലമായി ഇത്തരം പുരുഷന്മാര്‍ സ്ത്രീകളെ മറ്റുരീതിയില്‍ ഉപദ്രവിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരെ പുരുഷന്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പുരുഷലൈംഗിക അവയവം കൊണ്ടുമാത്രമുള്ളതല്ല. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ അവളെ ഉപദ്രവിക്കാതിരിക്കാനും കഴിയുകയുള്ളു. ചെറുപ്പം മുതല്‍ പരസ്പരം വെറുക്കാനും അകന്നു ജീവിക്കാനും പഠിപ്പിക്കുന്ന ഒരു സാമൂഹിക സാഹചര്യത്തില്‍ ബലാത്സംഗങ്ങള്‍ തുടര്‍ക്കഥകളാകുന്നു.
ആണിനും പെണ്ണിനുമായി വെവ്വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുക്കി പരസ്പരം അകറ്റിനിറുത്താന്‍ ആദ്യമവരെ പഠിപ്പിക്കുന്നു. ഒരുമിച്ചിരുന്നാല്‍ അനാശാസ്യം മാത്രമേ നടക്കുകയുള്ളു എന്ന വികലമായ കാഴ്ചപ്പാടില്‍ മിക്‌സഡ് സ്‌കൂളുകളില്‍പ്പോലും പരസ്പരം സംസാരിക്കാന്‍ അധ്യാപകര്‍ അനുവദിക്കാറില്ല. ഇതേക്കുറിച്ചു ചോദിച്ചാല്‍, ഇപ്പോഴത്തെ കുട്ടികള്‍ ഇക്കാര്യങ്ങളിലെല്ലാം വളരെ മുന്നിലാണെന്നും നിയന്ത്രിച്ചില്ലെങ്കില്‍ വഴിതെറ്റിപ്പോകുമെന്നുമുള്ള ചിന്തയാണ് കുട്ടികളുടെ മാതാപിതാക്കള്‍ പോലും വച്ചു പുലര്‍ത്തുന്നത്. ഇത്തരത്തില്‍, പരസ്പരം കാണാതെ, സംസാരിക്കാതെ, പരസ്പരം അറിയാതെ, ജൈവ ശാരീരിക വ്യത്യാസങ്ങളെക്കുറിച്ച് അജ്ഞരായി, ഇനി അറിഞ്ഞാലും തങ്ങള്‍ക്കതില്‍ യാതൊന്നുമില്ലെന്ന രീതിയില്‍ വളര്‍ത്തിയെടുക്കുകയാണ് ഇവിടെ തലമുറകളെ. പഠിക്കാനും ഉന്നതിയിലെത്താനും പണം സമ്പാദിക്കാനും മാത്രമായി വളര്‍ത്തിയെടുക്കുന്ന മക്കള്‍. പണം കൊണ്ട് എല്ലാം സാധ്യമാകുമെന്ന തെറ്റായ ധാരണ നിഷ്‌കളങ്കരായ കുട്ടികളിലേക്കു കടത്തിവിട്ട് വരുന്ന തലമുറകളെപ്പോലും തകര്‍ക്കുകയാണിവിടെ.
സദാചാരത്തിന്റെ പേരില്‍ സൗഹൃദങ്ങളെയപ്പാടെ തല്ലിത്തകര്‍ത്ത്, കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ മതത്തിന്റെ വിഷവിത്തുകള്‍ പാകി പരസ്പരം വെറുക്കാന്‍ പഠിപ്പിച്ച്, മറ്റുള്ളവരെ തോല്‍പ്പിക്കുകയും കീഴടക്കുകയും ചെയ്യുക എന്നതാണ് ജീവിത ലക്ഷ്യമെന്നു പഠിപ്പിച്ച്, ഒടുവില്‍, മുന്നിലുള്ള സകലതിനെയും കീഴടക്കാനുള്ള അഭിവാഞ്ജയില്‍ വളര്‍ന്നുവരുന്ന മനുഷ്യര്‍..... ഒടുവില്‍, വഴി പിഴച്ചു പോകുമ്പോള്‍ ചിലതു മുറിച്ചു കളഞ്ഞു നല്‍കുന്ന കടുത്ത ശിക്ഷകള്‍..... ഒരു മനുഷ്യന്‍ കുറ്റവാളിയാകുന്നുണ്ടെങ്കില്‍ ഈ സമൂഹത്തിനു കൂടി അതില്‍ പങ്കുണ്ട്. പക്ഷേ, ശിക്ഷിക്കപ്പെടുന്നത് കുറ്റകൃത്യം ചെയ്തവര്‍ മാത്രമാണ്. സമൂഹം എപ്പോഴും എല്ലാക്കാലത്തും നിലകൊള്ളുന്നത് സുരക്ഷിത മേഖലയില്‍ മാത്രം.....
അഭിപ്രായങ്ങളൊന്നുമില്ല