Headlines

ശാക്തീകരിക്കേണ്ടതില്ല, അവളുടെ വളര്‍ച്ചാവഴികളില്‍ തടസ്സമാകാതിരിക്കുക


 
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

ഫോര്‍ച്യൂണ്‍ 500 കമ്പനിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വീട്ടിലെത്തിയ ഇന്ദ്ര നൂയിയോട് അമ്മ പറഞ്ഞത് ഇങ്ങനെയാണ്.

‘നീ നേടിയ കിരീടമെല്ലാം വെളിയില്‍ വച്ചിട്ട് പോയി കുറച്ചു പാലെടുത്തുകൊണ്ടു വരൂ’ എന്ന്.

ഒരു തമാശ രൂപത്തില്‍ ഇന്ദ്ര നൂയി തന്നെയാണ് ഇതു പറഞ്ഞിട്ടുള്ളതെന്ന് പൊളിറ്റിക്കലി ഇന്‍കറക്ട് എന്ന കോളത്തിലൂടെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ശോഭ ഡെ യാണ് വെളിപ്പെടുത്തിയത്.

സ്ത്രീകള്‍ക്കു വേണ്ടത് ശാക്തീകരണമാണെന്ന് ഇനിയും നിങ്ങള്‍ പറയരുത്. അവള്‍ അബലയാണെന്നും ശക്തിയില്ലാത്തവളാണെന്നും നിങ്ങളുടെ കാഴ്ചപ്പാടും വിശ്വാസവുമാണ്. നിങ്ങള്‍ക്കതു മാറ്റുകയോ മാറ്റാതിരിക്കുകയോ ചെയ്യാം. അതു നിങ്ങളുടെ ഇഷ്ടം, സ്വാതന്ത്ര്യം. അവള്‍ക്കു നിങ്ങളുടെ ശാക്തീകരണങ്ങള്‍ ആവശ്യമില്ല, പ്രത്യേകിച്ചും പുരുഷന്മാരില്‍ നിന്നും. സ്വയമേവ ശക്തയായ സ്ത്രീ ഈ സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് അവളുടെ വളര്‍ച്ചാ വഴികളില്‍ ആരും തടസമാകാതിരിക്കുക എന്നതാണ്.

ഇക്കാര്യങ്ങള്‍ പറയുമ്പോഴും എനിക്കു വ്യക്തമായിട്ടറിയാം, ഈ കപടസമൂഹത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന്.

ബേട്ടി പഠാവോ എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പടെയുള്ളവരുടെ ആഹ്വാനം. വിജയിച്ചു വരുന്നവളെ ഈ സമൂഹം പ്രതീക്ഷിക്കുന്നത് ഏതെങ്കിലുമൊരു പ്രൊഫഷന്‍ കൈകാര്യം ചെയ്യുന്നതിന്റെ തലപ്പത്തല്ല, മറിച്ച് അടുക്കളയിലാണ്.

പഞ്ചായത്തുകളില്‍ 50 ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അവിടെയെല്ലാം ഭരണം കൈയ്യാളുന്നത് അവളുടെ ഭര്‍ത്താവോ പിതാവോ സഹോദരനോ അല്ലെങ്കില്‍ പുരുഷന്മാരായ ഏതെങ്കിലും അടുത്ത ബന്ധുവായിരിക്കും. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനോ അതു നടപ്പില്‍ വരുത്താനോ അവളെ ആരും അനുവദിക്കാറില്ല. പേരിനൊരു സംവരണവും, ഭരണം കൈയ്യാളാന്‍ ആണുങ്ങളുമെന്നതാണ് യാഥാര്‍ത്ഥ്യം.

സ്ത്രീ വിദ്യാഭ്യാസത്തിന് ഏറ്റവുമധികം ഊന്നല്‍ കൊടുക്കുകയും പഠിച്ചു മുന്നേറാനായി അവളെ അത്യധികം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു രാജ്യം അവളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താനായി എന്താണിവിടെ ചെയ്യുന്നത്…??

തന്റെ കോളത്തില്‍ ശോഭ ഡെ പറഞ്ഞുവയ്ക്കുന്ന ഒരു സംഭവമുണ്ട്. മഹാരാഷ്ട്ര ബി ജെ പി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടില്‍ എന്‍ സി പിയുടെ നേതാവും 13 വര്‍ഷം എം പിയുമായിരുന്ന സുപ്രിയ സൂളിനെ പറഞ്ഞു പഠിപ്പിച്ച ഒരു കാര്യമുണ്ട്, ‘വീട്ടില്‍ പോയി അടുക്കളയില്‍ കയറി വല്ലതും വച്ചുണ്ടാക്കൂ’ എന്ന്.

ഏതു പാര്‍ട്ടി ആയാലും ഏതു രാഷ്ട്രീയ നേതാവായാലും എന്തൊക്കെ കാര്യങ്ങള്‍ സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായി ചെയ്താലും പറഞ്ഞുവയ്ക്കുന്നൊരു കാര്യമുണ്ട്. അവളാണ് വീടു നോക്കേണ്ടവളെന്നും ഭക്ഷണമുണ്ടാക്കേണ്ടവളെന്നും.

ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമായ യൂണിവേഴ്‌സിറ്റികളില്‍ നിന്നു പഠിച്ചിറങ്ങിയ വനിതകളായാലും അവരും ജീവിതം കൊണ്ടൊരു ഞാണിന്മേല്‍ കളി നടത്തുകയാണിവിടെ. ആരും പരാതി പറയാത്തൊരു നല്ല മരുമകളാകാന്‍. ഇനി പ്രൊഫണല്‍ ജീവിതത്തില്‍ ഉറച്ചു നിന്നാല്‍ പോലും വീടും ജോലിയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കഠിന പ്രയത്‌നമാണ് നടത്തുന്നത്.

പെപ്‌സികോയുടെ തലപ്പത്തുള്ള ഇന്ദ്ര നൂയിയോ രാജ്യം ഭരിക്കുന്ന മന്ത്രിയോ പാര്‍ട്ടി തലപ്പത്തുള്ള നേതാവോ തൂപ്പു ജോലി ചെയ്യുന്നവളോ ആരായാലും ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ അവളെ കാത്തിരിക്കുന്ന വീടെന്ന വലിയൊരുത്തരവാദിത്വമാണ്. വീട്ടിലുള്ളവരുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി, അലങ്കോലപ്പെട്ടു കിടക്കുന്ന വീടു വൃത്തിയാക്കി, ഭക്ഷണമുണ്ടാക്കി, കുടുംബത്തെ മുന്നോട്ടു നയിക്കേണ്ടത് സ്ത്രീകള്‍ മാത്രമാണെന്ന, അല്ലെങ്കില്‍ അതു സ്ത്രീ ചെയ്താലേ ശരിയാവുകയുള്ളു എന്നു വാദിക്കുന്ന ഈ കപട ലോകത്തില്‍ വളരാന്‍ അവള്‍ക്കൊരു ഇടം വേണം.

ശക്തിപ്പെടുത്താന്‍ സ്ത്രീ അബലയോ ശക്തിയില്ലാത്തവളോ കഴിവുകെട്ടവളോ അല്ല. ബലഹീനരെന്നു മുദ്രകുത്തി, അവളുടെ സംരക്ഷണം ഏറ്റെടുത്ത് നിങ്ങള്‍ നടത്തുന്ന ഈ ശാക്തീകരണം അവസാനിപ്പിക്കുക. അവളെ സ്വതന്ത്രയായി ചിന്തിക്കാനും വളരാനും തീരുമാനങ്ങളെടുക്കാനും അനുവദിക്കുക. കാരണം, സ്വതേ ശക്തയായ അവളെ ഇനിയും ആരും ശാക്തീകരിക്കേണ്ടതില്ല.


…………………………………………………………………………………………………………….

#womenempowerment #Shobhaade #IndraNooyi #Fortune500 #pepsico #Narendramodi

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു