ഭാര്യ നഴ്‌സ് ആവാതിരിക്കാന്‍ വലതുകൈപ്പത്തി അറുത്തുമാറ്റി ഭര്‍ത്താവ്
Thamasoma News Desk
കേതുഗ്രാമിലെ കിഴക്കന്‍ ബര്‍ദ്വാന്‍ സ്വദേശിയാണ് രേണു. കേതുഗ്രാമിലെ സിനിസ്പൂരില്‍ പച്ചക്കറി കട നടത്തുന്നയാളാണ് ഭര്‍ത്താവ് മുഹമ്മദ്. രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന രേണുവിനരികിലേക്ക് കൂട്ടുകാരെയും കൂട്ടി വന്ന ഭര്‍ത്താവ് മുഹമ്മദ് തലയിണ കൊണ്ട് അവരുടെ മുഖം അമര്‍ത്തിപ്പിടിച്ച ശേഷം മൂര്‍ച്ചയുള്ളൊരു ആയുധം ഉപയോഗിച്ച് വലതു കൈപ്പത്തി മുറിച്ചു മാറ്റുകയായിരുന്നു.
അതിനു ശേഷം മുഹമ്മദ് തന്നെ രേണുവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പക്ഷേ, മുറിച്ചു മാറ്റിയ കൈ തുന്നിച്ചേര്‍ക്കാതിരിക്കാന്‍ അയാള്‍ ആ കൈപ്പത്തി വീട്ടില്‍ തന്നെ ഉപേക്ഷിച്ചാണ് രേണുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഡോക്ടര്‍മാര്‍ രേണുവിന്റെ കൈ തുന്നിച്ചേര്‍ക്കാതിരിക്കാനാണ് അയാളിതു ചെയ്തത്. വിവരമറിഞ്ഞ് രേണുവിന്റെ മാതാപിതാക്കള്‍ എത്തിയപ്പോഴേക്കും മുഹമ്മദ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
രണ്ടു കൈയും ഉണ്ടെങ്കിലല്ലേ നീ ജോലിക്കു പോകുകയുള്ളു. അതിനാല്‍ ഒരെണ്ണം ഞാന്‍ മുറിച്ചു മാറ്റുന്നു എന്നാണ് രേണുവിനോടു ഭര്‍ത്താവ് പറഞ്ഞത്.
നഴ്‌സായി ഭാര്യ ജോലി നോക്കുന്നത് ഷേര്‍ മുഹമ്മദിനു തീരെയും ഇഷ്ടമായിരുന്നില്ലെന്ന് രേണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന് മുഹമ്മദിനോട് അയാളുടെ സുഹൃത്തുക്കളും ഉപദേശിച്ചു. അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മുഹമ്മദ് ഈ ക്രൂരകൃത്യം ചെയ്തത്.
'എന്റെ സഹോദരിയുടെ എല്ലാ അത്യാവശ്യ രേഖകളും കൊണ്ടാണ് മുഹമ്മദ് മുങ്ങിയിരിക്കുന്നത്. ചെറുപ്പം മുതല്‍ നല്ല പഠനമികവു തെളിയിച്ച കുട്ടിയായിരുന്നു എന്റെ സഹോദരി. ഒരു നഴ്‌സ് ആവണമെന്നത് അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എത്ര പഠിച്ചാലും നിനക്കു സര്‍ക്കാര്‍ ജോലി കിട്ടാന്‍ പോകുന്നില്ല എന്ന് അവളുടെ ഭര്‍ത്താവ് അവളോടു പറയുമായിരുന്നു,' രേണുവിന്റെ സഹോദരന്‍ റിപ്പണ്‍ ഷെയ്ഖ് പറഞ്ഞു.
ഷേര്‍ മുഹമ്മദുമായുള്ള രേണുവിന്റെ വിവാഹം നടന്നത് 2017 ലായിരുന്നു. വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ രേണുവിന് നേരിടേണ്ടി വന്നത് ദുരിതങ്ങളായിരുന്നു. അവള്‍ക്ക് സര്‍ക്കാര്‍ ജോലി കൂടി കിട്ടിയെന്നറിഞ്ഞതോടെ അവളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി.
ഒരു കാരണവശാലും ജോലിക്കു വിടില്ലെന്ന് ഭര്‍ത്താവും വീട്ടുകാരും രേണുവിനോടു പറഞ്ഞു. പക്ഷേ, ജോലി ഉപേക്ഷിക്കാന്‍ രേണു തയ്യാറായില്ല. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ഈ ക്രൂരത.
അറുത്തു മാറ്റിയ വലതു കൈപ്പത്തി കണ്ടെത്താന്‍ വേണ്ടി രേണുവിന്റെ വീട്ടില്‍ എല്ലായിടത്തും തെരച്ചില്‍ നടത്തി. പക്ഷേ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍, ഒളിപ്പിച്ചു വച്ച ഒരു ബാഗില്‍ നിന്നുമാണ് അത് കണ്ടെടുത്തത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു, റിപ്പോണ്‍ പറഞ്ഞു.
.........................................................................................
അഭിപ്രായങ്ങളൊന്നുമില്ല