Header Ads

ലോകത്തിലേക്കും വച്ചേറ്റവും വലിയ കൊലപാതക പങ്കാളികള്‍ ഈ സ്ത്രീകളാണ്.....


ജെസ് വര്‍ക്കി തുരുത്തേല്‍

മനുഷ്യനായി പിറന്നതില്‍ ലജ്ജിക്കേണ്ടി വരുന്ന ചില നിമിഷങ്ങളില്ലേ ഓരോ വ്യക്തിയുടേയും ജീവിതത്തില്‍....?? സമാനതകളില്ലാത്ത ക്രൂരതകള്‍ ചെയ്യുന്ന ചില മനുഷ്യപ്പിശാചുക്കള്‍ മനുഷ്യകുലത്തെയപ്പാടെ തലകുനിച്ചു നില്‍ക്കാനിടയാക്കുന്ന നിരവധി കാഴ്ചകള്‍ മനുഷ്യകുലത്തിലുടനീളം നമുക്കു കാണാനാവും.

പിശാചുക്കള്‍ക്കിടയില്‍ ഒരു മത്സരം വച്ചാല്‍ വിജയിക്കുന്നവരുടെ കൂട്ടത്തില്‍ ഈ നാലു സ്ത്രീകളും ഉള്‍പ്പെടും. കാരണം അവര്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ അത്രമേല്‍ ക്രൂരവും നിന്ദ്യവും പൈശാചികവുമാണ്.

വാലെന്‍സ്വേല സഹോദരികള്‍ എന്നറിയപ്പെടുന്ന നാലു സ്ത്രീകളാണവര്‍. മെക്‌സിക്കോയിലെ ജാലിസ്‌കോ സ്വദേശികളായ മരിയ ഡെല്‍ഫിയ ഗോണ്‍സാലസ് വാലന്‍സ്വേല (1912), മരിയ ഡെല്‍ കാര്‍മെന്‍ ഗോണ്‍സാലെസ് വാലെന്‍സ്വേല (1918), മരിയ ലൂസിയ ഗോണ്‍സാലെസ് വാലെന്‍സ്വേല (1920), മരിയ ഡി ജീസസ് ഗോണ്‍സാലസ് വാലെന്‍സ്വേല (1924) എന്നിവരാണ് ഈ സ്ത്രീകളാണ്.

വളരെ ദരിദ്രമായ കുടുംബമായിരുന്നു അവരുടേത്. പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടുകളും മാത്രമല്ല, അതിക്രൂരനായ സ്വന്തം പിതാവും ചെറുപ്പകാലത്ത് അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി. സ്വന്തം പിതാവിന്റെ ക്രൂരതകളില്‍ പൊറുതിമുട്ടിയ നാട്ടുകാരും ഇവരെ വെറുപ്പോടെയാണ് കണ്ടിരുന്നത്.

1945 ല്‍ മെക്‌സിക്കോയില്‍ ലൈംഗികത്തൊഴില്‍ മാന്യവും ആദരവും കലര്‍ന്നൊരു ജോലിയായിരുന്നു. എന്നാല്‍, ഈ തൊഴില്‍ നന്നായി ചെയ്യാനുള്ള വൈദഗ്ധ്യമോ അറിവോ വിദ്യാഭ്യാസമോ വാലെന്‍സ്വേല സഹോദരിമാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, മാന്യമായ ഈ തൊഴിലിടം തങ്ങള്‍ക്കും സ്വന്തമാകണമെന്ന് ഇവര്‍ അതിയായി ആഗ്രഹിച്ചു. അതിനായി പരിശ്രമിക്കുകയും ചെയ്തു.



പരിമിതമായ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വാലെന്‍സ്വേല സഹോദരിമാര്‍ ആ ബിസിനസ് ആരംഭിച്ചു. സ്വന്തം ബിസിനസ് കേന്ദ്രത്തോടൊപ്പം ഒരു ബാറും കൂടി അവര്‍ തുടങ്ങി. ഇവിടെയെത്തുന്ന ആളുകള്‍ക്ക് അത് മറ്റൊരു ആകര്‍ഷണമായിരുന്നു.

ബിസിനസ് നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോയി. എന്നാല്‍, തങ്ങള്‍ ഇത്രയും വളര്‍ന്നാല്‍ പോരെന്നും കൂടുതല്‍ നേട്ടമുണ്ടാക്കണമെന്നും ആ നാലു സഹോദരിമാരും തീരുമാനമെടുത്തു. ഈ തൊഴിലിന് വേണ്ട പ്രഥമ പ്രധാനമായ ഗുണം ആകര്‍ഷകമായ ശരീരവും നന്നായി പെരുമാറാനുള്ള മനസുമായിരുന്നു. പക്ഷേ, ഈ സ്ത്രീകളില്‍ ആരും സുന്ദരികളായിരുന്നില്ല. ആകര്‍ഷകമായ ശരീരവും അവര്‍ക്കില്ലായിരുന്നു. അതിനാല്‍, തങ്ങളുടെ ബിസിനസിലേക്ക് ജോലിക്കാരായി സുന്ദരികളായ സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ അവര്‍ തീരുമാനിച്ചു.

'വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്. മാന്യമായ ശമ്പളം, സ്വാദിഷ്ഠമായ ഭക്ഷണം, മെച്ചപ്പെട്ട താമസ സൗകര്യം. യുവതികളായ സ്ത്രീകള്‍ മാത്രം ബന്ധപ്പെടുക' എന്ന പരസ്യവും അവര്‍ നല്‍കി.

ജോലി തേടിയുള്ള യുവതികളുടെ അപേക്ഷകള്‍ കുമിഞ്ഞുകൂടി. സുന്ദരികളായ യുവതികളെ ജോലിക്കെടുത്തു. പക്ഷേ, പരസ്യത്തില്‍ പറഞ്ഞതുപോലെ ആയിരുന്നില്ല കാര്യങ്ങള്‍. ജോലിക്കെടുത്തവര്‍ക്ക് ആവശ്യത്തിനു ഭക്ഷണം പോലും കിട്ടിയില്ല. കിടക്കാനും സൗകര്യം നല്‍കിയില്ല. എന്നുമാത്രമല്ല, ഒരു നാണയം പോലും ശമ്പളമായും ലഭിച്ചില്ല.

ജോലിയില്‍ പ്രവേശിച്ച ഒരാള്‍ പോലും പിന്നെ പുറംലോകം കണ്ടിട്ടില്ല. ലൈംഗിക അടിമകളായി അവര്‍ മാറ്റപ്പെട്ടു.

വാലെന്‍സ്വേല സഹോദരിമാരുടെ ബിസിനസ് തഴച്ചു വളര്‍ന്നു. പക്ഷേ, അതുകൊണ്ടും തൃപ്തരാവാന്‍ അവര്‍ തയ്യാറായില്ല. ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങള്‍ക്ക് അവര്‍ രൂപം നല്‍കി. അതിനായി ചെറിയ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വരാനുള്ള സംഘങ്ങളെ നിയമിച്ചു. കന്യകകളായ സ്ത്രീകളെ കൂടുതല്‍ വിലയ്ക്ക് സ്‌പെഷ്യല്‍ കസ്റ്റമേഴ്‌സിനു നല്‍കി.



ഒന്നിനു പുറകെ മറ്റൊന്നായി നിരവധി വേശ്യാലയങ്ങളവര്‍ അവര്‍ തുറന്നു. അതിലേക്കായി നിരവധി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നു. പക്ഷേ കൊണ്ടുവന്ന ഓരോ പെണ്‍കുട്ടിയുടെയും ജീവിതം നരകത്തെക്കാള്‍ ക്രൂരമായിരുന്നു.

മയക്കുമരുന്നുകളായ ഹെറോയിനും കൊക്കൈയ്‌നും അവരുടെ ദേഹത്ത് ബലപ്രയോഗത്തിലൂടെ കുത്തിവയ്ക്കപ്പെട്ടു. അടിമകളെക്കാള്‍ മോശമായ രീതിയില്‍ അവരുടെ ശരീരങ്ങള്‍ ഉപയോഗിക്കപ്പെട്ടു.

ഏതെങ്കിലുമൊരു പെണ്‍കുട്ടിക്കു രോഗം വന്നാല്‍ അവളെ ആ നിമിഷം കൊന്നു കളയുകയാണ് ചെയ്തിരുന്നത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെയും മൃഗീയമായി കൊന്നു തള്ളി. ജോലി ചെയ്യാന്‍ മടികാണിച്ചവര്‍ക്കും മരണമായിരുന്നു ശിക്ഷ. വരുന്ന കസ്റ്റമര്‍ക്ക് ഇഷ്ടപ്പെടാത്ത സ്ത്രീകളെയും കൊന്നുതള്ളി. ഏതെങ്കിലുമൊരു സ്ത്രീ ഗര്‍ഭിണിയാണെന്നു കണ്ടാല്‍ ഗര്‍ഭപാത്രത്തിനുള്ളിലേക്ക് ഹാങ്ങര്‍ കടത്തിയിട്ട് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ അമ്മയ്ക്കും ജീവന്‍ നഷ്ടമാകും. കൂടെയുള്ള രക്ഷാധികാരികള്‍ കൂടുതല്‍ പണമുണ്ടാക്കിയെന്നു ബോധ്യമായാല്‍ അവരെയും കൊന്നുകളഞ്ഞിരുന്നു.

ഏകദേശം പത്തിലേറെ വര്‍ഷങ്ങള്‍ ഈ കൊടും ക്രൂരത തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരുനാള്‍, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരില്‍ ഒരാള്‍ പോലീസ് പിടിയിലായി. ജോസഫിനാ ഗുട്ടിറെസ് എന്ന സ്ത്രീയായിരുന്നു അത്. തന്റെ ഇരയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമിത്തിനിടയിലാണ് ഇവര്‍ പോലീസ് പിടിയിലാകുന്നത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ആ നടുക്കുന്ന സത്യം പോലീസ് മനസിലാക്കിയത്. വേശ്യാലയങ്ങളില്‍ പരിശോധന നടത്തിയ പോലീസ് കണ്ടത് ശവശരീരങ്ങളുടെ കൂമ്പാരമായിരുന്നു. ആ മൃതശരീരങ്ങളില്‍ 80 സ്ത്രീകളും 11 പുരുഷന്മാരും നിരവധി ഗര്‍ഭസ്ഥ ശിശുക്കളുമുണ്ടായിരുന്നു.



നല്‍കി ഭക്ഷണം പറ്റാത്തതിനാല്‍ മരിച്ചുപോയവരാണ് ഇവരെന്നായിരുന്നു വേശ്യാലയ ഉടമകളായ സഹോദരിമാരില്‍ ഒരാളുടെ മറുപടി. അവരുടെ വേശ്യാലയത്തിനു കുറച്ചു ദൂരെനിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 200 ലേറെ മൃതദേഹങ്ങള്‍ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞു. യാതൊരു തരത്തിലുമുള്ള കാരുണ്യവുമില്ലാതെയാണ് ആ കൊലപാതകങ്ങളത്രയും ഈ സഹോദരികള്‍ നടത്തിയത്.

ഒറ്റപ്പെട്ട ഒരു ചേമ്പറില്‍ പൂട്ടിയിട്ട് ഭക്ഷണമോ വെള്ളമോ കൊടുക്കാതെ പട്ടിണിക്കിട്ടാണ് ഇവരെ കൊലപ്പെടുത്തിയത്. കൂട്ടത്തില്‍ ഭാഗ്യമുണ്ടായിരുന്നവര്‍ക്ക് തലയ്ക്ടിയേറ്റു മരിക്കാന്‍ കഴിഞ്ഞു. കാരണം, മരണം പോലും മഹാഭാഗ്യമായിരുന്നു ആ നിസ്സഹായ ജന്മങ്ങള്‍ക്ക്.

1945 നും 1964 നും ഇടയിലാണ് ഈ കൊലപാതക പരമ്പരകള്‍ അരങ്ങേറിയത്. The most prolific murder partnership എന്ന പേരില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഈ കൊലപാതകങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്.

വാലെന്‍സ്വേല സഹോദരിമാരുടെ കേസിലെ വാദം പൂര്‍ത്തിയായയത് 1964 ലാണ്. ഓരോ സഹോദരിമാര്‍ക്കും 40 വര്‍ഷം തടവു ശിക്ഷ ലഭിച്ചു.

വാലെന്‍സ്വേല സഹോദരിമാരെക്കുറിച്ചു കേള്‍ക്കാനിടയായ ഒരു നിര്‍മ്മാണ തൊഴിലാളി ഇവരെ കാണാനുള്ള ശ്രമം നടത്തുന്നതിനിടയില്‍ തലയില്‍ നിന്നും സിമന്റു ചാക്ക് വന്നുവീണാണ് സഹോദരിമാരില്‍ ഒരാള്‍ മരിച്ചത്. അവരുടെ മൃതദേഹം ജയില്‍ ജീവനക്കാര്‍ പുറത്തേക്കു വലിച്ചുകൊണ്ടുപോയി എലികള്‍ക്കു തിന്നാന്‍ നല്‍കി. മാംസമെല്ലാം എലികള്‍ തിന്നു തീര്‍ത്ത ശേഷം ശേഷിച്ച എല്ലുകള്‍ സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍ തള്ളി.



തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ക്യാന്‍സര്‍ ബാധിച്ചാണ് കാര്‍മെന്‍ മരിച്ചത്. പൊതുജനങ്ങള്‍ ആക്രമിച്ചേക്കുമോ എന്നു ഭയന്നു ജീവിച്ച മരിയ ലൂസിയ ഭ്രാന്തു വന്നു മരിച്ചു. ശിക്ഷ പൂര്‍ത്തിയാക്കി മരിയ ജയില്‍ മോചിതയായെങ്കിലും അധികം താമസിയാതെ അവരും കൊല്ലപ്പെടുകയായിരുന്നു.

കൊടുംക്രൂരതകള്‍ മാത്രം ചെയ്ത ആ സ്ത്രീകളെല്ലാം ചത്തൊടുങ്ങി. പക്ഷേ, അവര്‍ തുടക്കമിട്ട അതിനീച പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുന്നു..... ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നിസ്സഹായ പെണ്‍ജന്മങ്ങളെ തട്ടിക്കൊണ്ടു പോകുന്നു, ചതിച്ചും വഞ്ചിച്ചും വേശ്യാലയങ്ങളില്‍ തള്ളുന്നു. അവരുടെ ചോരയും നീരും ഊറ്റിപ്പിഴിഞ്ഞെടുത്ത് ചിലര്‍ തിന്നുകൊഴുക്കുന്നു......



..................................................................................................
#Valenzuelasisters #Themostprolificmurderpartnership #kidnappingandmurder #abduction #prostitution

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.