ഈ ഫോട്ടോ എങ്ങനെയുണ്ടായി ഉമ തോമസേ….??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

കണ്ണീര്‍ സീരിയലുകള്‍ രണ്ടടി അകലം പാലിക്കും, ഉമ തോമസിന്റെ ഈ തകര്‍പ്പന്‍ അഭിനയ മികവിനു മുന്നില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിച്ചിരുന്നു, പി ടിയുടെ പ്രിയ പത്‌നി ഉമ തോമസിന്റെ അഭിനയ മികവ്. അന്നവര്‍ മാധ്യമ പ്രതിനിധികള്‍ക്കു മുന്നില്‍ അതിമനോഹരമായി അഭിനയിച്ചു. തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി താന്‍ അല്ലെന്നവര്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ ആണയിട്ടു പറഞ്ഞു…….

അതു വെറും അഭിനയമായിരുന്നുവെന്ന് ജനങ്ങള്‍ പിറ്റേന്നു തിരിച്ചറിഞ്ഞു. ഒരു സുപ്രഭാതത്തില്‍ മുളച്ചു പൊന്തുന്നതല്ല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. പല കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്.

കരുത്തരായ സ്ത്രീകള്‍ അധികാര സ്ഥാനങ്ങളില്‍ എത്തിയേ തീരൂ. പക്ഷേ, അതിങ്ങനെ കണ്ണീര്‍ കഥകള്‍ പാടി ജനങ്ങളുടെ വൈകാരികതയെ ചൂഷണം ചെയ്തു കൊണ്ടാവരുത്. ജനങ്ങള്‍ക്ക് ഒരു ഭരണാധികാരിയുടേയും കണ്ണീര്‍ (അത് ആണോ പെണ്ണോ ആവട്ടെ) ആവശ്യമില്ല. ജനങ്ങള്‍ക്കാവശ്യം അവരുടെ പ്രശ്‌നങ്ങള്‍ക്ക് സധൈര്യം പരിഹാരം കാണുന്ന ഭരണാധികാരികളെയും നേതാക്കളെയുമാണ്. അതിനുള്ള കഴിവും കരുത്തും ഉമ തോമസിന് ഉണ്ടെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കും. അതല്ല, ഇമ്മാതിരി കണ്ണീര്‍ സീരിയല്‍ ആകാനാണ് തീരുമാനമെങ്കില്‍ ജനങ്ങള്‍ തൂത്തെറിയുക തന്നെ ചെയ്യും.

കെ റെയില്‍ അല്ല തൃക്കാക്കരയിലെ ജനങ്ങളെ സ്വാധീനിച്ചതെന്ന ശക്തമായ എതിര്‍ വാദങ്ങള്‍ ഉയരുന്നുണ്ട്. പക്ഷേ, അതു സത്യമല്ല എന്നതിന് അനേകം തെളിവുകള്‍ നിരത്താനാകും. മരിച്ച ടി പി ജീവിച്ചിരുന്ന ടി പിയെക്കാള്‍ അതിശക്തനായിരുന്നു എന്നത് ഒരു ഘടകമാണ്. പക്ഷേ, ആ ഘടകത്തെയും വെല്ലുന്നതായിരുന്നു ഉമ തോമസിന്റെ വിജയത്തിനു വേണ്ടി കോണ്‍ഗ്രസ് നടത്തിയ വ്യക്തിഹത്യകള്‍. എതിര്‍സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിനെതിരെ മനസാക്ഷിക്കു നിരക്കാത്ത പച്ചക്കള്ളങ്ങളാണ് കോണ്‍ഗ്രസ് പടച്ചു വിട്ടത്. ജനങ്ങളിതെല്ലാം കാണുന്നുണ്ട്. ആ വ്യക്തിഹത്യകള്‍ അവഗണിച്ചും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടു ചെയ്തുവെങ്കില്‍ അതവര്‍ മണ്ടരോ മന്ദബുദ്ധികളോ ആയിട്ടല്ല. മറിച്ച്, കെ റെയിലിനെ അവര്‍ അത്രമാത്രം എതിര്‍ക്കുന്നതു കൊണ്ടുതന്നെയാണ്. മറ്റൊന്ന്, ഇരട്ടച്ചങ്കനെന്നവകാശപ്പെടുന്ന പിണറായി വിജയന്‍ തന്റെ രണ്ടാം വരവില്‍ സമ്പൂര്‍ണ്ണ തോല്‍വിയാണെന്ന് ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും മനസിലായിക്കഴിഞ്ഞു.

സ്ഥാനാര്‍ത്ഥികളുടെ കഴിവുകളോ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമോ രാഷ്ട്രീയമോ ആയിരുന്നില്ല തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍. തോല്‍ക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാവാം, കെ റെയില്‍ വിഷയങ്ങള്‍ തെരഞ്ഞെടുപ്പു വേളയില്‍ ചര്‍ച്ച ചെയ്യപ്പെടുക പോലും ചെയ്യാതിരുന്നത്. ഇതേ ലക്ഷ്യത്തോടെ തന്നെയാണ് കുറ്റിനാട്ടുന്ന പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചത്.

2021 ല്‍, 99 നിയമസഭ സീറ്റുകള്‍ നല്‍കി പിണറായി വിജയനെ കേരളം രണ്ടാമതും വിജയ കിരീടം ചൂടിക്കുമ്പോള്‍ അവരുടെ മനസിലുണ്ടായിരുന്ന പ്രതീക്ഷകള്‍ ആകാശത്തോളം വലുതായിരുന്നു. 2018 ലുണ്ടായിരുന്ന വന്‍ പ്രളയകാലവും, തുടര്‍ന്നുണ്ടായ പ്രളയങ്ങളുടെ ആവര്‍ത്തനങ്ങളും ഓഖി, നിപ്പ, കൊറോണ ദുരന്തങ്ങളെയും അക്ഷോഭ്യനായി നേരിട്ട സഖാവ് പിണറായി വിജയനെയും ടീമിനെയും വീണ്ടും വിജയിപ്പിച്ചാല്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മിതി സാധ്യമാകുമെന്നവര്‍ കണക്കു കൂട്ടി. പക്ഷേ, ജനങ്ങളുടെ എല്ലാ പ്രതീക്ഷകളെയുമവര്‍ കാറ്റില്‍ പറത്തി. ദുരന്തങ്ങളുടെ പരമ്പര തന്നെ ഏറ്റുവാങ്ങിത്തളര്‍ന്ന ജനങ്ങളെ താങ്ങിനിറുത്താനോ തകര്‍ന്നടിഞ്ഞ ജീവിതം കെട്ടിപ്പടുക്കാനോ കാര്യമായ യാതൊന്നും ചെയ്തില്ലെന്നു മാത്രമല്ല, കെ റെയിലെന്ന മഹാദുരന്തം അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും വേണ്ട രീതിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാരിനായില്ല. കൊറോണ മൂലം തകര്‍ന്നടിഞ്ഞ ബിസിനസ് രംഗത്തിന് താങ്ങാവാനും കഴിഞ്ഞില്ല. പകരം സമരങ്ങളും പണിമുടക്കുകളുമെല്ലാം അടിച്ചേല്‍പ്പിച്ച് ബിസിനസിനെ വീണ്ടും തകര്‍ക്കാനുള്ള അവസരങ്ങളൊരുക്കി. ഇതിനിടയിലാണ് വികസനത്തിന്റെ പേരില്‍ കേരളത്തെ തകര്‍ത്തെറിയാന്‍ തക്ക ശേഷിയുള്ള കെ റെയിലിനു വേണ്ടി ധാര്‍ഷ്ട്ര്യപൂര്‍വ്വം മുന്നോട്ടു നീങ്ങിയത്.

രാഷ്ട്രീയപരമായി മത്സരിക്കുന്നതിനു പകരം വ്യക്തിഹത്യകളുടെ എല്ലാ സീമകളും ലംഘിക്കുന്ന കാഴ്ചയാണ് തൃക്കാക്കരയില്‍ കാണാന്‍ കഴിഞ്ഞത്. എതിരാളി ജോ ജോസഫിനെ നിര്‍ദ്ദാക്ഷിണ്യം തേജോവധം ചെയ്യുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്. അദ്ദേഹത്തിനെതിരെ പച്ചക്കള്ളങ്ങള്‍ പടച്ചുവിടുകയായിരുന്നു. ഇത്തരത്തില്‍ വ്യക്തഹത്യ ചെയ്യുന്ന ഒരാളെപ്പോലും വെറുതെ വിട്ട ചരിത്രം കേരള ജനതയ്ക്ക് ഉണ്ടായിട്ടില്ല. വ്യക്തിഹത്യ ചെയ്യുന്നവര്‍ക്ക് ജനങ്ങള്‍ തെരഞ്ഞെടുപ്പു ഗോദയില്‍ കൃത്യമായ തിരിച്ചടികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, പി ടിയ്ക്കു വേണ്ടി ഭക്ഷണപാത്രം മാറ്റിവച്ചും നട്ട റോസ് കരിഞ്ഞുണങ്ങിയ കണ്ണീര്‍ക്കഥകളും ഡോക്ടര്‍ ജോയ്ക്കേറ്റ അപമാനങ്ങളും ആയിരുന്നില്ല ജനങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങള്‍. മറിച്ച്, രണ്ടാമതും ഭരിക്കാനായി വമ്പന്‍ ഭൂരിപക്ഷം നല്‍കി നിയമസഭയിലേക്കു പറഞ്ഞയച്ചവര്‍ തങ്ങളുടെ നെഞ്ചത്തു തായമ്പക കൊട്ടിക്കളിക്കുന്നത് അധികനാള്‍ വച്ചു പൊറുപ്പിക്കുവാന്‍ ജനങ്ങള്‍ക്കു കഴിയുമായിരുന്നില്ല. ആ പ്രതിഷേധമാണ് വോട്ടായി ഉമ തോമസിന്റെ പെട്ടിയില്‍ വീണത്.

വിജയ ശേഷവും ഈ കണ്ണീര്‍ക്കഥകള്‍ തന്നെ ആവര്‍ത്തിക്കാനാണ് ഉമ തോമസിന്റെ ഉദ്ദേശമെങ്കില്‍ ജനമനസുകളില്‍ അധിക കാലം പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കാവില്ല. കഴിവില്ലാത്ത ഒരാളെയും തോളിലേറ്റേണ്ട ആവശ്യം ഒരു വോട്ടര്‍ക്കുമില്ല. പക്ഷേ, ഇവരെല്ലാം ജനങ്ങള്‍ക്കൊരു ബാധ്യതയാണ്. യാതൊരു കഴിവുമില്ലാതിരുന്നിട്ടും, പിതാവോ പങ്കാളിയോ മരിച്ചതിന്റെ സഹതാപത്തില്‍ അധികാരക്കസേരയിലേക്ക് അനായാസം നടന്നെത്തി വീണ്ടും കണ്ണീര്‍ കാണിച്ചു പ്രഹസന നാടകങ്ങള്‍ നടത്തുന്നത് എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി?

സ്ത്രീകള്‍ കൂടുതലായി രാഷ്ട്രീയത്തിലേക്കിറങ്ങുക തന്നെ വേണം. പക്ഷേ, അതിങ്ങനെ ജനങ്ങളുടെ വൈകാരികതയെ കൈയിലെടുത്തു കൊണ്ടാവരുത്. മാറ്റുരയ്‌ക്കേണ്ടത് കഴിവുകളോടാണ്. അല്ലാതെ കണ്ണീര്‍ സീരിയലുകളോടല്ല.

ഉമ തോമസ് എന്ന വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍, ഡോ ജോ ജോസഫ് വളരെ മികച്ചൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളിലും പെരുമാറ്റങ്ങളിലും ഒരു തിടുക്കവുമുണ്ടായിരുന്നു. പക്ഷേ, അതൊക്കെക്കൂടിച്ചേര്‍ന്നതായിരുന്നു ജോ ജോസഫ് എന്ന മനുഷ്യന്‍. ഒരു മായാലോകത്തില്‍ അറിയാതെ പെട്ടുപോയവന്റെ പരിഭ്രമം അപ്പാടെ ആ പെരുമാറ്റത്തിലുണ്ടായിരുന്നു. എങ്കിലും, കണ്ണീര്‍ കാണിച്ചല്ല അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വന്തം നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ അദ്ദേഹത്തിനു നേടാനായെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവു കൊണ്ടു തന്നെയാണ്.

ജോ ജോസഫ് എന്ന മനുഷ്യന്‍ ജയിക്കണമെന്നാഗ്രഹിച്ചവര്‍ പോലും വോട്ടു ചെയ്തിട്ടുണ്ടാവുക ഉമ തോമസിനായിരിക്കും. കാരണം, അത്രത്തോളം തീവ്രമാണ് ഭരണ വിരുദ്ധവും കെ റെയില്‍ വിരുദ്ധവുമായ വികാരം. അതിനാല്‍, ഉമ തോമസ് അധികം കരഞ്ഞ് ജനങ്ങളെ വെറുപ്പിക്കണമെന്നില്ല. നിങ്ങളുടെ വ്യക്തിപ്രഭാവമല്ല നിങ്ങള്‍ ജയിക്കാന്‍ കാരണം. പി ടിയ്ക്കു വേണ്ടി മാറ്റിവച്ച് ഭക്ഷണ പാത്രവും പി ടി നട്ട ചെടി കരിഞ്ഞുണങ്ങിയതും മാധ്യമങ്ങള്‍ക്കു മുന്നില്‍ കരഞ്ഞു കൂവിയുള്ള ഈ നില്‍പ്പുമാണ് നിങ്ങളുടെ വിജയത്തിനു കാരണമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, ജനങ്ങളത്ര മണ്ടന്മാരല്ലെന്ന് നിങ്ങളോര്‍ക്കുന്നതു നന്നായിരിക്കും. പി ടിയ്ക്കു വേണ്ടി കരയാന്‍ നിങ്ങള്‍ക്കവകാശമുണ്ട്. പക്ഷേ, ആ കരച്ചില്‍ വിറ്റു കാശാക്കുന്നത് നാണം കെട്ട പരിപാടിയാണ് നേതാവേ…. നിങ്ങളതറിഞ്ഞില്ലെങ്കില്‍, വൈകാതെ നിങ്ങളെ ജനങ്ങളത് അറിയിക്കും……


…………………………………………………………………………………………………

#UmaThomas #MalayalaManorama #Jojoseph #Thrikkakara #Krail, #Silverline

2 thoughts on “ഈ ഫോട്ടോ എങ്ങനെയുണ്ടായി ഉമ തോമസേ….??

  1. ഒരു സ്ത്രീ മരിച്ചു പോയ തൻ്റെ ഭർത്താവിൻ്റെ ഫോട്ടോയ്ക്ക് മുന്നിൽ കരയുന്നത് കരുത്തില്ലായ്മയാണോ?

  2. മരിച്ചു പോയ ഭര്‍ത്താവിന്റെ ഫോട്ടോയ്ക്കു മുന്നില്‍ കരയുന്നതല്ല, മറിച്ച് അതു വിറ്റു കാശാക്കുന്നതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

    കരയാന്‍ ഉമയ്ക്ക് അവകാശമുണ്ട്. പക്ഷേ, ആ കരച്ചില്‍ മാധ്യമങ്ങള്‍ക്കു മുന്നിലല്ല നടത്തേണ്ടത്.

    ആ ഫോട്ടോ എങ്ങനെ വന്നു?

    ഉമയുടെ വീടിനുള്ളില്‍ ഒളിച്ചു കടന്ന് മാധ്യമങ്ങള്‍ ചിത്രീകരിച്ചതാണോ…??

    അതോ മാധ്യപ്പടയ്‌ക്കൊപ്പം പോയി നിന്നു കരഞ്ഞപ്പോഴെടുത്തതോ…??

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു