Headlines

ആരുടേയും ഔദാര്യത്തിനല്ല, സ്വന്തം അവകാശത്തിനാണിവര്‍ കാത്തിരിക്കുന്നത്

ബുദ്ധിക്കോ ശാരീരികാവയവങ്ങള്‍ക്കോ യാതൊരു കേടുമില്ലാതെ ഒരു കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും സന്തോഷകരം. കാരണം, ജീവിത യാത്രയിലെവിടെയെങ്കിലും വച്ച് മാതാപിതാക്കള്‍ മരിച്ചു പോകാനിടവന്നാല്‍, ആ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം കാര്യങ്ങള്‍ നോക്കാനെങ്കിലും പ്രാപ്തിയുണ്ടെന്നതാണ് ഈ സന്തോഷത്തിന്റെ കാരണം. പക്ഷേ, അത്രത്തോളം ഭാഗ്യമില്ലാത്ത കുട്ടികളോട് കേരളം സ്വീകരിക്കുന്ന നിലപാട് അത്യന്തം ക്രൂരമാണ്.

2015 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 19 വയസില്‍ താഴെയുള്ള 1,30,798 സ്‌പെഷ്യല്‍ കുട്ടികളാണ് ഉള്ളത്. ഇവരില്‍ 21,533 പേര്‍ ബുദ്ധിവളര്‍ച്ച ഇല്ലാത്തവരാണ്. വൈറ്റ് ബോര്‍ഡ് എന്ന പേരില്‍ സമഗ്ര ശിക്ഷയുടെ കീഴിലായി ഈ സ്‌പെഷ്യല്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പക്ഷേ, പ്രത്യക്ഷത്തില്‍ ഇവയൊന്നും ഈ കുട്ടികള്‍ക്കു പ്രയോജനപ്പെടുന്നില്ലെന്നതാണ് സത്യം.

ബലൂണുകളും വര്‍ണ്ണക്കടലാസുകളും കളിചിരികളും നിറഞ്ഞ ക്ലാസ് റൂമുകളിലേക്ക് ആഹ്ലാദാരവങ്ങളോടെ കുട്ടികള്‍ എത്തിയിട്ടേയുള്ളു. പ്രത്യേക പരിഗണനകള്‍ ആവശ്യമില്ലാത്ത കുട്ടികളും അവരുടെ മാതാപിതാക്കളും അത്യാവേശത്തിലാണ്. എന്നാല്‍, ആശങ്കകളുടെ സ്‌കൂള്‍ ദിനത്തിലേക്ക് കയറിച്ചെല്ലുന്ന നിരവധി കുട്ടികളുണ്ട് നമുക്കിടയില്‍. അവര്‍ക്കു വേണ്ടത് നമ്മുടെ സഹതാപമല്ല. അപമാനവും പരിഹാസവും അവഗണനയും അവര്‍ക്കു താങ്ങാവുന്നതുമല്ല. ഹൃദയത്തില്‍ കരുണയുണ്ടാകുവാന്‍ ചുണ്ടുകളില്‍ പ്രാര്‍ത്ഥന മാത്രം പോരാ. സഹജീവികളോടു സ്‌നേഹവും അലിവുമുണ്ടാകണം. എങ്കില്‍ മാത്രമേ സ്‌പെഷ്യല്‍ കുട്ടികള്‍ക്കു സ്‌പെഷ്യല്‍ പരിഗണന നല്‍കാനും അവരുടെ മാതാപിതാക്കളെ ചേര്‍ത്തു പിടിക്കാനും നമുക്കാവുകയുള്ളു.


എന്തെങ്കിലും ശാരീരിക മാനസിക കുറവുകളോടെ ജനിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ശാപജന്മങ്ങളെന്നു വിശ്വസിക്കുന്ന മനുഷ്യരേറെയുള്ള നാടാണിത്. അത്രമേല്‍ കണ്ണില്‍ച്ചോരയില്ലാതെയാണ് ഇവരോട് മനുഷ്യര്‍ പെരുമാറുന്നത്. ആരോഗ്യ മാനസിക പ്രശ്‌നങ്ങളേതുമില്ലാത്ത തങ്ങളെന്തോ പ്രത്യേക പരിഗണനാ വിഭാഗത്തില്‍ പെടുന്നവരാണെന്ന ചിന്തയാണ് ഈ നിസ്സഹായ മനുഷ്യരോടു ക്രൂരത കാണിക്കുന്നവര്‍ക്കുള്ളത്. ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ജനിച്ചത് മറ്റുള്ളവരെ സഹായിക്കുവാന്‍ കൂടി വേണ്ടിയാണെന്ന സഹജീവി സ്‌നേഹം എന്നാണിനി മനുഷ്യര്‍ പഠിക്കുക….?? അങ്ങനെയൊരു മാനുഷിക പരിഗണന സ്‌കൂളില്‍ നിന്നു പോലും ലഭിക്കുന്നില്ലെങ്കില്‍ ഈ പഠനം കൊണ്ട് ആര്‍ക്കെന്തു പ്രയോജനമാണുള്ളത്…??

സ്‌നേഹിക്കുന്നവരുടെ തണലില്ലാതെ ജീവിതം അസാധ്യമായ കുട്ടികളുടെ മാതാപിതാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ചു നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രീത ജി പി. വളര്‍ത്തു നായ്ക്കളെപ്പോലും വിശ്വസിച്ചേല്‍പ്പിച്ചു പോകാനൊരു ഇടമിവിടെ ഉണ്ടെന്നിരിക്കെ, ഈ കുഞ്ഞുങ്ങളെ ആരെയും വിശ്വസിച്ച് ഏല്‍പ്പിച്ച് പോകാന്‍ കഴിയാത്ത മാതാപിതാക്കളുടെ വേദനകള്‍ പ്രീത പകര്‍ത്തുന്നത് ഹൃദയരക്തത്തില്‍ ചാലിച്ചാണ്.

ഇവിടെയിതാ അത്തരമൊരമ്മയുടെ അടക്കിപ്പിടിച്ച നിലവിളികള്‍……. പ്രീതയുടെ വാക്കുകളിലൂടെ……

അവര്‍ എന്നെ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വിളിച്ചിരുന്നു, ADHD ഉള്ള കുട്ടിയുടെ അമ്മയാണ്. കോളേജില്‍ പഠിപ്പിക്കുന്നു. ജോലിയും മകന്റെ പ്രശ്‌നങ്ങളും ഒന്നിച്ചു കൊണ്ടുപോകാന്‍ ഉള്ള തന്ത്രപ്പാടിലാണ്.

ഇന്നു മോനെ സ്‌കൂളില്‍ വിട്ട് സ്‌കൂള്‍ മൈതാനത്ത് ഒരുപാട് ഭയാശങ്കകള്‍ ചേര്‍ത്തുവച്ചാണ് അവര്‍ വിളിച്ചത്. മോനൊരു personal assistant നെ ക്ലാസില്‍ അവര്‍ തന്നെ വച്ചിട്ടുണ്ട്. നോക്കാം കുട്ടികളെ ഉപദ്രവിക്കുകയാണങ്കില്‍ പ്രശ്‌നമാകും എന്നാണ് സ്‌കൂളില്‍ നിന്ന് പറഞ്ഞത്. അങ്ങനെ ഇരിക്കുമ്പോള്‍ എന്തെങ്കിലും കണ്ടാല്‍ പെട്ടന്ന് തട്ടിപ്പറിക്കുകയും, മാന്തുകയും ഒക്കെ ചെയ്യും. ഡോക്ടര്‍ പറഞ്ഞത് ഒരാഴ്ച നോക്കാം. അഡ്ജസ്റ്റായില്ലെങ്കില്‍ Risperidone കൊടുക്കാം. എല്‍ കെ ജി യില്‍ ചേര്‍ത്ത മകനെയും അവന്റെ കൂടെ ഇരുത്തി. ഞാനിവിടെ മൈതാനത്തിരിക്കുകയാണ്. ഒരു മോറല്‍ സപ്പോര്‍ട്ടിനാണ് പ്രീതയെ വിളിച്ചത്. വീട്ടില്‍ അവന്റെ മുമ്പില്‍ കരയാനും പറ്റില്ല.

ഇനിയിപ്പോള്‍ സ്‌കൂള്‍ സമയം ജോലി എങ്ങനെ മാനേജ് ചെയ്യുമെന്നറിയില്ല. HoD ഒട്ടും സഹകരിക്കുന്നില്ല. നിങ്ങളുടെ കുട്ടിക്ക് പ്രശ്‌നമായതിനു ഞാന്‍ എന്തു ചെയ്യണം എന്നാണ് ചോദിക്കുന്നത്. Disability ഉള്ള കുട്ടികളുടെ പേരന്‍സിനു ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ പെര്‍മിഷന്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കു ഒരു പരാതിയുമില്ല. പക്ഷേ അവരോടു എന്തെങ്കിലും ചോദിച്ചാല്‍ വീട്ടില്‍ കുത്തിയിരിക്കുന്ന നിങ്ങളോട് എന്ത് പറയാന്‍ എന്നു രോഷം കൊള്ളും. അവര്‍ക്കു വേണമെങ്കില്‍ സഹായിക്കാം. ലാസ്റ്റ് hour ഒഴിവാക്കി തന്നാല്‍ എനിക്ക് മോനെ കൂട്ടി വരാം. ഒപ്പം ജോലി ചെയ്യുന്നവര്‍ ഒക്കെ നല്ല സഹകരണമാണ്. ഇവരാണ് പ്രശ്‌നം. ജോലി ഇട്ടിട്ടു പോകാം ന്നു വച്ചാല്‍ ഇത്ര കഷ്ടപ്പെട്ടു പഠിച്ചതല്ലേ? പിന്നെ തെറാപ്പിയൊക്കെ എത്ര expensive ആണ്. ആ ചിലവൊക്കെ എങ്ങനെ മീറ്റ് ചെയ്യും. എടുത്തു പറയണ്ട കാര്യം HoD ഒരു സ്ത്രീയാണന്നതാണ്.

ഞാന്‍ അവരോട് പറഞ്ഞു മോന്റെ കാര്യം പറഞ്ഞു അധിക്ഷേപിക്കുന്നതിനും അതിനായി ലഭിച്ച ആനുകൂല്യത്തിന്റെ പേരില്‍ പരിഹസിക്കുന്നതും workplace harrasment ആണ്. നിങ്ങള്‍ principal ന്റ അടുത്തു പരാതി കൊടുക്കണം. പരിഹരിച്ചില്ലങ്കില്‍ UGC ക്കും, പറ്റു മെങ്കില്‍ social welfare department ല്‍ ഒരു പരാതി കൊടുക്കാന്‍ വകുപ്പുണ്ടോയെന്നു നോക്കു.

എനിക്കറിയാം പറയുമ്പോള്‍ ഇതൊക്കെ എളുപ്പമാണ്. പക്ഷേ aggressive ആയ ADHD യുളള ഒരു കുഞ്ഞിനെ മാനേജ് ചെയ്യണം, ജോലി ചെയ്യണം, അതിനിടക്ക് പരാതിയുമൊക്കെയായി നടക്കുക അതിലും ബുദ്ധിമുട്ടാണ്. എങ്കിലും അവര്‍ പറഞ്ഞു തീര്‍ത്തത് എന്റെ മോന്റെ പേരു പറഞ്ഞ് ഇനിയും അധിക്ഷേപിക്കുകയാണങ്കില്‍ ഞാന്‍ കേസു കൊടുക്കും എന്നാണ്.


ഒരു ചായ മാത്രമാണ് പ്രീതാ ഞാനീ നേരം കഴിച്ചതന്നു ഇടക്കു പറയുന്നുണ്ടായിരുന്നു. വിശപ്പു മറന്ന് നെഞ്ചിനുള്ളിലെ ആന്തലുമായി അവര്‍ ആ സ്‌കൂള്‍ മൈതാനത്തുണ്ടാകും ഞാനിതെഴുതി തീര്‍ന്ന ഈ സമയത്തും.

എല്ലാ കുട്ടികളെയും ഒരുപോലെ ചേര്‍ത്തു പിടിക്കുന്നതാവണം വിദ്യാഭ്യാസം. ഈ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ മാത്രം കരുതല്‍ മതിയാകില്ല. സര്‍ക്കാരും ജനങ്ങളും ഒരുപോലെ സഹകരിച്ചേ മതിയാകൂ. ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ജനിച്ചത് ആരുടെയും മേന്‍മ കൊണ്ടല്ല. ഏതെങ്കിലും തരത്തിലുള്ള ഒരു വൈകല്യം ഏതു നിമിഷവും ആര്‍ക്കും വരാമെന്ന ചിന്തയോടെ വേണം ജീവിക്കാന്‍. സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍, ചെയ്തുപോയ കുറ്റങ്ങളുടെ തീവ്രതയോര്‍ത്തു നിലവിളിച്ചാല്‍, ക്രൂരതയ്ക്ക് ഇരയായവരുടെ വേദനകള്‍ക്ക് പരിഹാരമാവില്ല. അതിനാല്‍, ചേര്‍ത്തു പിടിക്കണം, ഈ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും. അവരും ജീവിക്കട്ടെ, ഈ സുന്ദരമായ ലോകത്തില്‍…. അവരെ ചേര്‍ത്തു പിടിക്കാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും കഴിയണം.


……………………………………………………………………………………..
#ADHDinKerala #Attensiondeficitdisorder #specialneedskids #childrenwithspecialneeds

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു