Header Ads

ലോകചരിത്രത്തിലെ ഏറ്റവും വലിയ, ക്രൂരമായ കൂട്ടബലാത്സംഗം ഇതാണ്


നാന്‍കിങ് കൂട്ടക്കൊല അഥവാ നാന്‍കിങ് കൂട്ടബലാത്സംഗം..... ഇന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്ക് ഒരു ഞെട്ടലോടെ മാത്രമേ ഈ കൂട്ടബലാത്സംഗത്തെക്കുറിച്ചു ചിന്തിക്കാനാവൂ. അത്രമേല്‍ ഭീതിദമായ ഒരു ബലാത്സംഗവും കൂട്ടക്കൊലയും ലോകചരിത്രത്തിലിന്നോളം ഉണ്ടായിട്ടില്ല.... ഇനിയൊരിക്കലും ഉണ്ടാകാതിരിക്കട്ടെ......

എങ്കിലും, ഏതെങ്കിലുമൊരു രാജ്യത്ത് പട്ടാളം അധിനിവേശം നടത്തുമ്പോള്‍, ഭയപ്പാടോടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ലോകത്തിലേക്കും വച്ച് ഏറ്റവും ക്രൂരത ചെയ്യുന്നത് മൃഗങ്ങളല്ല, മനുഷ്യരാണെന്നത്. അതും കാവല്‍ ഭടന്മാരെന്നും രക്ഷാസേനകളെന്നും വിളിക്കുന്ന പട്ടാളക്കാര്‍....! ഒരു രാജ്യത്തേക്ക് ഈ ക്രൂരമൃഗങ്ങളെ അഴിച്ചു വിട്ടശേഷം അവര്‍ കാണിച്ചു കൂട്ടുന്ന ക്രൂരതകള്‍ എന്തെന്നറിഞ്ഞാല്‍ ഞരമ്പിലൂടെയോടുന്ന രക്തം പോലും തണുത്തുറഞ്ഞു പോകും. അത്രമേല്‍ ഭയാനകമാണത്.

അടക്കിവയ്ക്കപ്പെട്ട ലൈംഗിക വൈകൃതങ്ങളത്രയും യുദ്ധഭൂമിയില്‍ പുറത്തെടുക്കുന്നവരാണ് പട്ടാളക്കാരിലേറെയും. പുരുഷന്മാരെയെല്ലാം കൊന്നൊടുക്കിയും പിഞ്ചുകുഞ്ഞുങ്ങളെന്നോ വയസായവരെന്നോ വ്യത്യാസമില്ലാതെ കണ്ണില്‍കാണുന്ന സ്ത്രീകളെയെല്ലാം ബലാത്സംഗം ചെയ്യുന്ന കാമക്രോധ വെറിപൂണ്ട കൊടുംക്രൂരതകള്‍ മനുഷ്യക്കോലത്തില്‍, പട്ടാളയൂണിഫോമില്‍ കാണാനാവും. അത് ഒരു രാജ്യത്തിലെ പട്ടാളക്കാരുടെ മാത്രം പ്രശ്‌നമല്ല. ഏതൊക്കെ രാജ്യങ്ങളില്‍ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ടോ, എവിടെയെല്ലാം പട്ടാള അധിനിവേശങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം നിസ്സഹായ മനുഷ്യരുടെ മേല്‍ ഏറിയും കുറഞ്ഞും ഈ കൊടുംക്രൂരതകള്‍ അരങ്ങേറിയിട്ടുണ്ട്. അത്തരത്തില്‍ ഏറ്റവും ക്രൂരമായ ബലാത്സംഗങ്ങളാണ് ചൈനയിലെ നാന്‍കിങില്‍ (നാന്‍ജിംഗ് എന്നും പറയും) നടന്നത്.

രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തെത്തുടര്‍ന്ന്, 1937 ഡിസംബര്‍ 1 നാണ് ചൈനയുടെ തലസ്ഥാനമായ നാന്‍ജിംഗില്‍ ജപ്പാന്‍ പട്ടാളം കൂട്ടക്കൊല ആരംഭിച്ചത്. ആറാഴ്ച നീണ്ടുനിന്ന ഈ പൈശാചിക തേര്‍വാഴ്ചയില്‍ മൂന്നുലക്ഷത്തിലേറെ ചൈനക്കാരെ അതിക്രൂരമായി കൊന്നുതള്ളി. പിഞ്ചുകുട്ടികളും വൃദ്ധരുമടക്കം 80,000 ലേറെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു കൊന്നൊടുക്കി. കൊള്ളയും കൊലയും തീവയ്പ്പും നടത്തി. ചരിത്രത്തിലേക്കും വച്ചേറ്റവും ക്രൂരമായ കൊലപാതകങ്ങളും ബലാത്സംഗങ്ങളുമാണ് അന്ന് ചൈനയില്‍ അരങ്ങേറിയത്.



1937 ഓഗസ്റ്റില്‍ ജപ്പാന്‍ പട്ടാളം ഷാങ്ഹായ്ക്കു നേരെ ആക്രമണം അഴിച്ചു വിട്ടു. എന്നാല്‍. ഇവിടെനിന്നും അതിശക്തമായ ചെറുത്തുനില്‍പ്പാണ് ജപ്പാന്‍ പട്ടാളത്തിനു നേരിടേണ്ടി വന്നത്. യുദ്ധത്തില്‍ രണ്ടുവിഭാഗത്തിനും കനത്ത നാശനഷ്ടങ്ങലുണ്ടായി. എന്നാല്‍, നവംബര്‍ പകുതിയോടെ, അതിശക്തമായ ബോംബ് വര്‍ഷത്തിലൂടെയും വ്യോമാക്രമണത്തിലൂടെയും ജപ്പാന്‍ പട്ടാളം ഷാങ്ഹായ് പിടിച്ചെടുത്തു. യുദ്ധത്തെത്തുടര്‍ന്നുണ്ടായ കനത്ത നാശനഷ്ടം മൂലം ചൈനയില്‍ കൂടുതല്‍ ആക്രമണം നടത്തേണ്ടെന്നായിരുന്നു ടോക്കിയോയിലെ ജനറര്‍ ആസ്ഥാനത്തു നിന്നുള്ള പ്രാഥമിക തീരുമാനം. എന്നാല്‍, ചൈനയുടെ തലസ്ഥാനമായ നാന്‍ജിംഗും അതിലൂടെ ചൈന കീഴടക്കാനും ജപ്പാന്‍ പട്ടാളത്തിന് നിര്‍ദ്ദേശം കിട്ടി. ഇതോടെ, 1937 ഡിസംബര്‍ ഒന്നിനാണ് ജപ്പാന്‍ പട്ടാളം നാന്‍ജിംഗില്‍ തേര്‍വാഴ്ച നടത്തിയത്.

ഷാങ്ഹായില്‍ നേരിട്ട തോല്‍വി നാന്‍ജിംഗില്‍ ഉണ്ടാകരുതെന്ന് ചൈനീസ് ജനതയോട് ഭരണകൂടം ആഹ്വാനം ചെയ്തു. മരിച്ചു വീഴേണ്ടി വന്നാലും ജന്മനാട് വിട്ടുകൊടുക്കരുതെന്നായിരുന്നു ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. അതിനാല്‍, നാന്‍ജിംഗിലും കനത്ത തിരിച്ചടിയാണ് ജപ്പാന്‍ പട്ടാളത്തിനു നേരിടേണ്ടി വന്നത്. ഷാങ്ഹായില്‍ നടന്ന യുദ്ധത്തില്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ ചെറുത്തു നില്‍പ്പും ജപ്പാന്‍ പട്ടാളത്തെ വിളറി പിടിപ്പിച്ചിരുന്നു. അതിനാല്‍ കനത്ത ആക്രമണമാണ് ജപ്പാന്‍ നാന്ജിംഗില്‍ നടത്തിയത്. നാന്‍ജിംഗില്‍ പ്രവേശിച്ച ഉടന്‍ പട്ടാളത്തിനു മുന്നില്‍ കീഴടങ്ങിയ 10,000 ത്തിലേറെ ചൈനീസ് പട്ടാളത്തെ ജപ്പാന്‍ സേന നിരത്തി നിറുത്തി വെടിവച്ചു കൊന്നു. ഏകദേശം 20,000 ത്തിലേറെ ചൈനീസ് യുവജനതയെ ട്രക്കില്‍ കയറ്റി സിറ്റിക്കു പുറത്തേക്കു കൊണ്ടുപോയി അവിടെ വച്ച് അതിക്രൂരമായി കൊന്നൊടുക്കി. പിന്നീട് നാന്‍ജിംഗ് പട്ടണം കൊള്ളയടിച്ചു. ഓരോ വീടിന്റെയും വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി പിഞ്ചുകുഞ്ഞുങ്ങളെ ഉള്‍പ്പടെ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. എന്നിട്ടും ശമിക്കാത്ത ക്രൂരത മൂലം അവരെ അതിക്രൂരമായി കൊന്നൊടുക്കി.



ഈ ഭൂമിയില്‍ ജനിക്കാതിരുന്നെങ്കിലെന്ന് ഓരോ ചൈനക്കാരും ആഗ്രഹിച്ച ആറുമാസക്കാലമാണ് അന്നു കടന്നുപോയത്. കുടിച്ചു കൂത്താടിമറിഞ്ഞ ജപ്പാന്‍ പട്ടാളം പിശാച്ചുക്കളെപ്പോലെ നാന്‍ജിംഗില്‍ തേര്‍വാഴ്ച നടത്തി. ഓരോ വീടുകളും കയറിയിറങ്ങി. കൊള്ളയും കൊള്ളിവയ്പ്പും തീവയ്പ്പും ബലാത്സംഗവും കൊലപാതകങ്ങളും. കൊള്ളയടിക്കാന്‍ യാതൊന്നുമില്ലാത്ത മനുഷ്യരെ ആ നിമിഷം കൊന്നൊടുക്കി.

ബലാത്സംഗം ചെയ്തും കൊന്നും തള്ളിയ പതിനായിരക്കണക്കിനു പേരുടെ മൃതദേഹങ്ങള്‍ യാങ്‌സേ നദിയില്‍ കൊണ്ടുപോയി തള്ളി. നിര്‍ഭാഗ്യമനുഷ്യരുടെ ചോരയും മൃതശരീരങ്ങളും വീണ് യാങ്‌സേ നദി ചുവന്നൊഴുകി. ഇതുകൊണ്ടും പൈശാചികത അവസാനിക്കാത്ത ജപ്പാന്‍ സൈന്യം നാന്‍ജിംഗ് നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ചുട്ടെരിച്ചു.

കൂട്ടക്കൊലയും ബലാത്സംഗങ്ങളും അതിജീവിച്ച പലര്‍ക്കും ആ ദിനങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ തന്നെ പേടിയാണ്. മറക്കാനാവാത്ത വിധം അതവരുടെ ബോധമണ്ഡലത്തെ വരിഞ്ഞുമുറുക്കിയിട്ടുണ്ടെങ്കിലും ഓര്‍മ്മയില്‍ പോലും ആ ദിനങ്ങള്‍ തെളിയരുതേയെന്നവര്‍ ആശിക്കുന്നു.



വെന്‍ സൂന്‍ഷി അത്തരത്തില്‍ രക്ഷപ്പെട്ട ഒരു സ്ത്രീയാണ്. 1937 ഡിസംബറില്‍ ജപ്പാന്‍ പട്ടാളം സിറ്റിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് പിന്തിരിഞ്ഞോടിയ നിരവധി ചൈനീസ് പട്ടാളക്കാര്‍ നദി നീന്തിക്കടന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒളിച്ചിരിക്കാനായി കുറെയേറെ പട്ടാളക്കാര്‍ സൂന്‍ഷിയുടെ വീടും തെരഞ്ഞെടുത്തിരുന്നു. പകല്‍ എരിഞ്ഞടങ്ങിയപ്പോള്‍, സിറ്റിക്കു മേല്‍ ഇരുട്ടു കനത്തപ്പോള്‍, വീട്ടിലുള്ള എല്ലാവരും മറ്റൊരു അഭയാര്‍ത്ഥി താവളത്തിലേക്കു പുറപ്പെട്ടു. പക്ഷേ യാത്രാമധ്യേ, ജപ്പാന്‍ പട്ടാളത്തിന്റെ യുദ്ധക്കപ്പല്‍ അവരെ കണ്ടെത്തി. അവരുടെ നേരെ മെഷിന്‍ ഗണ്ണില്‍ നിന്നും പേമാരി പോലെ വെടിയുണ്ടകള്‍ പാഞ്ഞുവന്നു.

ആയിരക്കണക്കിന് അഭയാര്‍ത്ഥികളുണ്ടായിരുന്നു. അവര്‍ പുഴുക്കളെപ്പോലെ ചത്തുവീണുകൊണ്ടിരുന്നു. കുറെപ്പേര്‍ ജീവനോടെ ശേഷിച്ചു. ഒരു ദിവസം ഏഴെട്ടു ജപ്പാന്‍ പട്ടാളക്കാരവിടെയെത്തി. എല്ലാവരുടെയും അരയില്‍ തോക്കുണ്ടായിരുന്നു. മണിബന്ധത്തിലായി കത്തിയും തൂക്കിയിരുന്നു. ആ കൂട്ടത്തില്‍ നിന്നും കുറെ സ്ത്രീകളെ അവര്‍ പിടികൂടി. അവരില്‍ സൂന്‍ഷിയുമുണ്ടായിരുന്നു. തീരെ ചെറിയൊരു പെണ്‍കുഞ്ഞും ആ കൂട്ടത്തിലുണ്ടായിരുന്നു. പട്ടാളക്കാരിലൊരാള്‍ സൂന്‍ഷിയെ ഒഴിഞ്ഞൊരു മുറിയിലേക്ക് തൂക്കിയെടുത്തു കൊണ്ടുപോയി. കൈയിലെ കത്തിയുപയോഗിച്ച് സൂന്‍ഷിയുടെ വസ്ത്രങ്ങളയാള്‍ കീറിയെറിഞ്ഞു. പിന്നീടവരെ അതിക്രൂരമായി ബലാത്സംഗം ചെയ്തു.

ആ രാത്രി, വീണ്ടും ജപ്പാന്‍ പട്ടാളത്തിന്റെ തേര്‍വാഴ്ച വീണ്ടുമുണ്ടായേക്കാമെന്ന് അഭയാര്‍ത്ഥികള്‍ ഭയന്നു. അതിനാല്‍, ആ ഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്നുമവര്‍ മുട്ട വിരിയിക്കുന്നൊരു മുറിയിലേക്കു മാറി. ആ ഇരുട്ടറയില്‍ മാസങ്ങളോളം അവര്‍ ഒളിച്ചിരുന്നു. കഴിക്കാനുള്ള ഭക്ഷണം അതീവ രഹസ്യമായി അവര്‍ ഈ കേന്ദ്രത്തിലെത്തിച്ചു. അങ്ങനെ ഒരുവര്‍ഷത്തിലേറെ കാലം തള്ളിനീക്കിയ ശേഷമാണ് തിരിച്ചവര്‍ക്ക് സ്വന്തം വീട്ടിലേക്കു പോകാനായത്.


നാന്‍ജിംഗിലെ മനുഷ്യരെയെല്ലാം പിടിച്ചു നിരത്തിനിറുത്തി വെടിവച്ച കൂട്ടത്തില്‍ 19 വയസുകാരിയായ ചെന്‍ ജിയാഷുവും ഉണ്ടായിരുന്നു. ജപ്പാന്‍ പട്ടാളം വെടിവയ്പ്പാരംഭിച്ചപ്പോള്‍ ചത്തുവീണവര്‍ക്കൊപ്പം ജിയാന്‍ഷുവും വീണുകിടന്നു. അവളുടെ ശരീരത്തിനു മുകളിലേക്ക് മൃതദേഹങ്ങള്‍ വീണുകൊണ്ടിരുന്നു. ചോര പുഴപോലൊഴുകി. രാത്രി ഇരുട്ടും വരെ അവളാ കിടപ്പു കിടന്നു. ഒടുവില്‍, ആരവങ്ങളടങ്ങിയപ്പോള്‍, പരിസരം നിശബ്ദമായപ്പോള്‍, മൃതദേഹക്കൂമ്പാരത്തിനടിയില്‍ നിന്നുമവള്‍ പുറത്തു കടന്നു.....

നാന്‍ജിംഗ് മെഡിസിന്‍ ഫാക്ടറിക്കു മുന്നില്‍ ബോധരഹിതരായി കിടന്ന നാന്‍ജിംഗ് നിവാസികള്‍ക്കു മുകളിലൂടെ പട്ടാളവാഹനം ഓടിച്ചു കയറ്റി കൂട്ടക്കൊല ചെയ്തതും കണ്ടുനില്‍ക്കേണ്ടി വന്നു ആ 19 കാരിക്ക്.

1937 ല്‍, ജപ്പാന്‍ പട്ടാളം നാന്‍ജിംഗിലെ പുരുഷന്മാരെയെല്ലാം കൊന്നൊടുക്കുകയും സ്ത്രീകളെ ഒരെണ്ണത്തിനെപ്പോലും വെറുതെ വിടാതെ ബലാത്സംഗം ചെയ്യുകയും ചെയ്യുമ്പോള്‍ ചെന്നിന് ആറുവയസായിരുന്നു പ്രായം. അവളുടെ അമ്മയുടെ പ്രസവസമയമടുത്തിരുന്നു. പട്ടാളം അവരുടെ വീട്ടിലെത്തി, ആന്റിയെ ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാനൊരുങ്ങി. ശക്തമായി ചെറുത്തു നിന്ന അവരെ ചെന്നിന്റെ മുന്നിലിട്ടു തന്നെ കുത്തി കൊലപ്പെടുത്തി.

സുരക്ഷിതമായ ഭൂമികയിലിരുന്ന് യുദ്ധത്തെ വീക്ഷിക്കുന്നവര്‍ക്ക് യുദ്ധമെന്നത് ഒരു ലഹരി ആയിരിക്കാം. പക്ഷേ, കൊടുംക്രൂരതകള്‍ക്ക് ഇരയാകേണ്ടി വരുന്ന പച്ച മനുഷ്യര്‍ക്കിത് നരകത്തേക്കാള്‍ ഭീകരമാണ്. അതിക്രൂരമായി മാംസദാഹം തീര്‍ത്ത ശേഷം കൊന്നു തള്ളുന്നവര്‍, യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരുടെ കണ്ണു ചൂഴ്‌ന്നെടുത്തും കൈകാലുകള്‍ പിഴുതു മാറ്റിയും മൃഗീയമായി കൊന്നൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന പട്ടാളക്കാരെന്ന പിശാചുബാധിതര്‍......

ഈ ജീവലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂരതകള്‍ ചെയ്തു കൂട്ടുന്നതു മനുഷ്യര്‍ തന്നെയാണ്...... അതിനാല്‍, ഈ പ്രപഞ്ചത്തിലെ ഏറ്റവും ക്രൂരനായ മൃഗവും മനുഷ്യന്‍ തന്നെ....


..................................................................................................................................

#RapeofNanking #NanjingMassacre #BattleofNanjing #theSecondSino-JapaneseWar #ImperialJapaneseArmy

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.