ഓട്ടോ ഡ്രൈവര്‍, പക്ഷേ ഇവളുടേത് പൊരുതി നേടിയ ജീവിതം.....
ജീവിതം അവസാനിപ്പിക്കാന്‍ നൂറു കാരണങ്ങള്‍ കാണും, പക്ഷേ ജീവിക്കാന്‍ ഉള്ളിലൊരു കനല്‍ മാത്രം മതി.....
ജീവിതം ദുരിതത്തിലും സങ്കടക്കടലിലും മുങ്ങിത്താഴുമ്പോഴും തളരാതിരിക്കാന്‍ നമുക്കാ കനലിന്റെ ചൂടുമാത്രം മതിയാകും. പരമ്പരാഗത മുസ്ലീം കുടുംബത്തില്‍ ജനിച്ച്, ദുരിത വഴികള്‍ താണ്ടി, ജീവിക്കാന്‍ ഓട്ടോ ഓടിക്കുന്ന ഈ വനിതയ്ക്കും പറയാനുള്ളത് പൊരുതി നേടിയ പോരാളിയുടെ കഥയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കുവച്ച ആ ജീവിതാനുഭവമിതാ....
മാതാപിതാക്കള്‍ തമ്മില്‍ പൊരിഞ്ഞ വഴക്ക് ആരംഭിച്ചത് അവളുടെ 11-ാമത്തെ വയസിലാണ്. പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍, ഒത്തു പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ അവളുടെ അമ്മ വിവാഹ മോചനം നേടി.
ഇഷ്ടമില്ലാത്ത വിവാഹത്തിന്റെ കയ്‌പ്പേറിയ ഓര്‍മ്മകളില്‍ ശിഷ്ട ജീവിതം തള്ളിനീക്കാനായിരുന്നില്ല അവളുടെ അമ്മയുടെ തീരുമാനം. മറ്റൊരു ഇണയെ കണ്ടെത്തി ശേഷിക്കുന്ന ജീവിതം മനോഹരമാക്കാന്‍ അവര്‍ കൊതിച്ചു. വീണ്ടുമൊരു വിവാഹം കഴിച്ചു, ഇളയ മകനെയും കൊണ്ടു വീടുവിട്ടു പോയി. പക്ഷേ, നാട്ടുകാര്‍ അവരെ വെറുതെ വിട്ടില്ല. അവര്‍ പിഴച്ചവളായതിനാലാണ് ഭര്‍ത്താവ് അവരോടു മോശമായി പെരുമാറിയത് എന്നായിരുന്നു നാട്ടുകാരുടെ ആരോപണം. അമ്മയോടൊപ്പം പോയ മകനെയും നാട്ടുകാര്‍ വെറുതെ വിട്ടില്ല. അവന്റെയും മനസില്‍ അമ്മയോടുള്ള വിദ്വേഷം കുത്തിനിറച്ചു. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ ശേഷിയില്ലാതെ ആ അമ്മ ആത്മഹത്യ ചെയ്തു.
അവളും സഹോദരിയും താമസിച്ചത് പിതാവിനോടൊപ്പമായിരുന്നു. അമ്മയുടെ മരണം അവരുടെ ജീവിതത്തെ വല്ലാതെ ഉലച്ചിരുന്നു. എങ്കിലും ജീവിതം മുന്നോട്ടു പോയി. പ്രായപൂര്‍ത്തി ആയപ്പോള്‍ അവരുടെ പിതാവ് രണ്ടുപേരെയും വിവാഹം കഴിപ്പിച്ചയച്ചു. എന്നാല്‍, സഹോദരിയുടെ ജീവിത്തിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവും ബന്ധുക്കളും സഹോദരിയെ വിഷം കൊടുത്തു കൊന്നു. അങ്ങനെ അവള്‍ ഏറെ സ്‌നേഹിച്ച അമ്മയും സഹോദരിയും അവളെ വിട്ടു പോയി.....

ഭര്‍തൃവീട്ടിലുള്ള അവളുടെ ജീവിതവും സമാധാനപൂര്‍ണ്ണമായിരുന്നില്ല. ഭര്‍ത്താവും അവളും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളായിരുന്നു. മൂന്നാമത്തെ കുഞ്ഞു ജനിച്ചതോടെ വഴക്കുകള്‍ തീഷ്ണമായി. അയാള്‍ക്കൊപ്പം കിടക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമേ അയാള്‍ക്കുണ്ടായിരുന്നുള്ളു. ഒടുവില്‍, തലാഖിക്കില്‍ ആ വിവാഹ ജീവിതം അവസാനിച്ചു.
മൂന്നുകുഞ്ഞുങ്ങളുമായി അവള്‍ തെരുവിലെറിയപ്പെട്ടു. എന്തു ചെയ്യണമെന്ന് അവള്‍ക്ക് യാതൊരു രൂപവുമുണ്ടായിരുന്നില്ല. ജീവിക്കാന്‍ വേണ്ടി ചെറിയൊരു ബിരിയാണി സ്റ്റാള്‍ തട്ടിക്കൂട്ടിയെങ്കിലും ബി എം സി അധികൃതര്‍ വന്ന് അതു നശിപ്പിച്ചു. അവളുടെ ഭര്‍ത്താവ് ഒരു ഓട്ടോ ഡ്രൈവര്‍ ആയിരുന്നു. ഓട്ടോയുമായി അങ്ങനെയൊരടുപ്പം അവള്‍ക്കുണ്ടായിരുന്നു. അതിനാല്‍, കൈയിലുള്ളതെല്ലാം വിറ്റുപെറുക്കി അവളൊരു ഓട്ടോ വാങ്ങി.
കുഞ്ഞുങ്ങളെ പട്ടിണിക്കിടാതെ പരിരക്ഷിക്കാമെന്നായി. പക്ഷേ, നാട്ടുകാര്‍ വെറുതെ വിടാന്‍ ഭാവമില്ലായിരുന്നു. അവരവളെ കളിയാക്കി, ഭീഷണിപ്പെടുത്തി, മാനമില്ലാത്തവളെന്ന് അധിക്ഷേപിച്ചു. പക്ഷേ, അവള്‍ പതറിയില്ല. യാത്രക്കാരെ വാഹനത്തില്‍ കയറ്റാനോ അവരില്‍ നിന്നും പൈസ ഈടാക്കാനോ മറ്റ് ഓട്ടോക്കാര്‍ അവളെ പലപ്പോഴും അനുവദിച്ചില്ല. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത്് അവള്‍ മുന്നോട്ടു പോയി, മക്കള്‍ക്കു വേണ്ടി ജീവിച്ചു.
ഇന്നവള്‍, അവളുടെ മക്കളെ പട്ടിണിയില്ലാതെ അന്തസായി പരിരക്ഷിക്കുന്നു. അവര്‍ക്ക് ആവശ്യമായതെല്ലാം വാങ്ങിനല്‍കുന്നു, നല്ല രീതിയില്‍ പഠിപ്പിക്കുന്നു. നാട്ടുകാരുടെ തീരുമാനത്തിനനുസരിച്ച് ജീവിച്ചിരുന്നെങ്കില്‍ അവളും ആ മൂന്നു കുഞ്ഞുങ്ങളും ഇന്ന് ജീവനോടെ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. ജീവിതത്തിലെ ദുരന്തങ്ങളത്രയും സഹിച്ചു ജീവിക്കേണ്ടവളാണ് സ്ത്രീ എന്നും അതിനു കഴിയാത്തവര്‍ക്ക് ആത്മഹത്യ മാത്രമേ വഴിയുള്ളു എന്നും കരുതി ജീവിക്കുന്നവര്‍ക്ക് ഈ സ്ത്രീയുടെ ജീവിതം കരുത്തു പകരട്ടെ..........
അഭിപ്രായങ്ങളൊന്നുമില്ല