Header Ads

സൗഹൃദമെന്നാല്‍ ലൈംഗികതയ്ക്കുള്ള ലൈസന്‍സല്ല: ബോംബൈ ഹൈക്കോടതി


Thamasoma News Desk

'ഞാനുമായി ലൈംഗികത പങ്കിടാന്‍ നിനക്ക് സമ്മതമാണോ...?' എന്ന വ്യക്തമായ ചോദ്യവും 'സമ്മതമാണ്' അല്ലെങ്കില്‍ 'അല്ല' എന്ന വ്യക്തമായ ഉത്തരവും കണ്‍മുന്നിലുള്ളപ്പോള്‍ അവയെ ആശ്രയിക്കാതെ പ്രണയത്തെയും സൗഹൃദത്തെയും ലൈംഗികതയ്ക്കുള്ള സമ്മതമായി കണ്ട് അവളെ ബലാത്കാരം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്.

ഏതെങ്കിലുമൊരു പെണ്ണുമായി ലൈംഗികത പങ്കുവയ്ക്കാന്‍ ആഗ്രഹിച്ചാല്‍ അതവളോടു നേരിട്ടു ചോദിക്കുമെന്ന വിനായകന്റെ വെളിപ്പെടുത്തലിനു പിന്നാലെ കേരളത്തിലെ മാധ്യമ ലോകവും സമൂഹവും ആ മനുഷ്യനെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. ഈ വൃത്തികെട്ട സമൂഹം തന്നെയാണ് പെണ്‍സുഹൃത്തോ പ്രണയിനിയോ ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അവള്‍ എന്തിനാണ് അവന്റെ പിന്നാലെ പോയത് എന്ന ചോദ്യവുമായി അവളെ നേരിടുന്നത്. ഇത്തരം പ്രവണതയ്‌ക്കെതിരെയുള്ള ശക്തമായ താക്കീതാണ് ബോംബെ ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

പുരുഷനുമായി ഒരു സ്ത്രീ സൗഹൃദം സ്ഥാപിച്ചാല്‍ അതിനര്‍ത്ഥം അവള്‍ക്ക് ആ മനുഷ്യനുമായി ലൈംഗികതയ്ക്കു താല്‍പര്യമാണ് എന്നല്ല, മറിച്ച് സൗഹൃദത്തിന് സൗഹൃദമെന്ന ഉദാത്തമായ അര്‍ത്ഥമാണുള്ളതെന്ന് ബോംബെ ഹൈക്കോടതി. അവളുടെ സമ്മതത്തോടെയാണ് അവളെ താന്‍ പ്രാപിച്ചത് എന്നു വരുത്തിത്തീര്‍ക്കാന്‍ പുരുഷന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍ അത്യന്തം കുടിലമാണെന്നും കോടതി നിരീക്ഷിച്ചു.

സൗഹൃദമെന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്ത മനുഷ്യരുടെ എണ്ണം അതിശയിപ്പിക്കും വിധം വലുതാണ്. ഒരു പുരുഷനുമായി ഏതെങ്കിലുമൊരു സ്ത്രീ സൗഹൃദത്തിലാകുമ്പോള്‍ ചിലര്‍ ചിന്തിക്കുന്നത് ലൈംഗികതയ്ക്ക് സമ്മതമാണെന്ന് അവള്‍ അറിയിക്കുകയാണ് എന്നാണ്. സൗഹൃദമെന്താണ്, ലൈംഗികതയ്ക്കു വേണ്ടിയുള്ള സമ്മതമെന്താണ് എന്നൊന്നും ആര്‍ക്കും അറിയുകയേ വേണ്ട. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാനും പിന്നെ അതിനെ വെള്ളപൂശാനുള്ള ന്യായീകരണങ്ങളുമാണ് ഇവിടെ നടക്കുന്നത്. ഹൈക്കോടതി നിരീക്ഷിച്ചു. ആശിഷ് ചാക്കോര്‍ എന്നയാളുടെ കേസില്‍ വാദം കേള്‍ക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് അവള്‍ ആശിഷിനെ ആദ്യമായി കണ്ടുമുട്ടിയത്. അവളുടെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു ആശിഷ്. പിന്നീട് അവര്‍ സുഹൃത്തുക്കളായി. എന്നാല്‍ സൗഹൃദത്തിന് ആശിഷ് നല്‍കിയ അര്‍ത്ഥം ലൈംഗികതയെന്നു തോന്നിക്കും വിധമായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍.


ലൈംഗികമായി ആശിഷ് തന്നെ സമീപിച്ചപ്പോള്‍ അവളതു നിരസിച്ചു. പക്ഷേ, ബലപ്രയോഗത്തിലൂടെ അയാള്‍ അവളെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട്, അവളെ വിവാഹം കഴിച്ചുകൊള്ളാമെന്ന് അയാള്‍ ഉറപ്പു കൊടുത്തു. തനിക്ക് അവളോടുള്ള സ്‌നേഹം ആത്മാര്‍ത്ഥമാണെന്നും അവളെ അയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ അവള്‍ ഗര്‍ഭിണി ആയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അവളെ വിവാഹം കഴിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, അവള്‍ പലരുടേയും കൂടെ കിടന്നിട്ടുള്ളവളാണെന്ന് അപവാദ പ്രചാരണവും നടത്തി.

ഇത്തരത്തില്‍ അവളെ അപമാനിക്കുന്നതിനിടയിലും അവളുമായി ലൈംഗിക ബന്ധത്തിന് അയാള്‍ നിര്‍ബന്ധിച്ചു. യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അവളുടെ സമ്മതപ്രകാരമായിരുന്നുവെന്നും അതിനാല്‍ അവളെ വിവാഹം കഴിക്കാനുള്ള ബാധ്യത തനിക്കില്ലെന്നുമായിരുന്നു ആശിഷിന്റെ വാദം.


തന്നെ ഇത്തരത്തില്‍ പറ്റിക്കുകയും സ്വഭാവ ഹത്യ നടത്തുകയും ചെയ്ത ആശിഷിനെതിരെ യുവതി കേസ് കൊടുത്തു.

കേസില്‍ ജസ്റ്റിസ് ഭാരതി എച്ച് ഡാങ്‌ഗ്രെയുടെ നിരീക്ഷണങ്ങള്‍

ആശിഷിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് ഭാരതി എച്ച് ഡാങ്‌ഗ്രെ നടത്തിയ നിരീക്ഷണങ്ങള്‍ ഇവയാണ്.

ഏതെങ്കിലുമൊരു സ്ത്രീ പുരുഷനുമായി സൗഹൃദം സ്ഥാപിച്ചാല്‍ അതിനര്‍ത്ഥം അവള്‍ അവനുമായി ലൈംഗികതയ്ക്കു തയ്യാറാണ് എന്നല്ല. സൗഹൃദത്തിന്റെ പേരില്‍ ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാനും പുരുഷന് അവകാശമില്ല. സുഹൃത്ത് എന്നത് ലൈംഗികമായി സ്ത്രീയെ കയറിപ്പിടിക്കാനുള്ള ലൈസന്‍സല്ല. ഏതൊരു ബന്ധത്തിലും പുരുഷനില്‍ നിന്നും ഒരു സ്ത്രീ പ്രതീക്ഷിക്കുന്നത് പരസ്പര ബഹുമാനമാണ്. അത് സുഹൃദ്ബന്ധത്തിലായാലും പ്രണയത്തിലായാലും അങ്ങനെ തന്നെ. പ്രണയമാണെന്നതു പോലും പെണ്ണിനെ കയറിപ്പിടിക്കാനോ നിര്‍ബന്ധിച്ചു ശാരീരിക ബന്ധത്തിലേര്‍പ്പെടാനോ ഉള്ള ലൈസന്‍സ് അല്ല. വിവാഹം കഴിച്ചുകൊള്ളാമെന്ന് വാഗ്ദാനം നല്‍കിയിട്ട് യുവതി ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ കാലുമാറുകയായിരുന്നു ഇയാള്‍. താനല്ല, മറിച്ച് മറ്റുപലരുമാണ് യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി എന്ന അപവാദ പ്രചാരണവും അയാള്‍ നടത്തി.
ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്ത് കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു.

നോ എന്ന വാക്കിനര്‍ത്ഥം നോ എന്നു തന്നെ...!

സ്ത്രീ ഒരു പുരുഷനുമായി സൗഹൃദത്തിലാവുകയോ ഒരുമിച്ചൊരു യാത്ര പോകുകയോ സമയം ചിലവിടുകയോ ചെയ്താല്‍ താനുമായി ലൈംഗികതയ്ക്ക് അവള്‍ തയ്യാറാണ് എന്നാണ് പല പുരുഷന്മാരുടെയും ചിന്ത. വിവാഹ വാഗ്ദാനം നടത്തിയോ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ചോ അവളെ കൈയ്യേറ്റം ചെയ്യുന്നതിനെ അനുമതിയോടെയുള്ള ലൈംഗികതയെന്നു പറയുന്നത് ശുദ്ധ പോക്രിത്തരമാണ്. അവള്‍ നോ എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം നോ എന്നു തന്നെയാണ്.

ഏതെങ്കിലുമൊരു ആണ് ഒരു പെണ്ണിനോട് അപമര്യാദയായി പെരുമാറിയാല്‍ ആളുകള്‍ ആദ്യം ചോദിക്കുന്ന ചോദ്യം അവനുമായി അവള്‍ എന്തിനു സുഹൃത്തായി എന്നാണ്. പുരുഷനുമായി സൗഹൃദം ഉണ്ട് എന്നത് കയറിപ്പിടിക്കാനുള്ള അനുമതിയാണെന്ന് ഈ സമൂഹത്തെ ആരാണ് പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്....??

.......................................................................................................
#Consentforsex, #martialrape #freindshipisnotaconsent

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.