Header Ads

അവളവനെ തുരുതുരാ അടിക്കുന്നതിന് ദൃക്സാക്ഷികള്‍ നിരവധി, പക്ഷേ......


Thamasoma News Desk

സാക്ഷികളോ ദൃക്സാക്ഷികളോ ശക്തമായ തെളിവുകളോ ചവറുപോലെയുണ്ടെങ്കിലും ചില കുറ്റവാളികള്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടും. സുന്ദരിയായ ഒരു സ്ത്രീയാണ് പ്രതിസ്ഥാനത്തെങ്കില്‍, ആ ഒരൊറ്റക്കാരണം മതി, അവളുടെ കുറ്റങ്ങള്‍ മറക്കപ്പെടാന്‍....

2021 ഓഗസ്റ്റിലെ ഒരു ദിവസം ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് അതു സംഭവിച്ചത്. ഒരു ടാക്സി കാര്‍ സിഗ്‌നലിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. റോഡ് മുറിച്ചു കടക്കാന്‍ കാല്‍നടക്കാര്‍ക്ക് നിര്‍ദ്ദേശം കിട്ടുന്ന ചുവന്ന ലൈറ്റ് തെളിയും മുമ്പേ, പ്രിയദര്‍ശിനി യാദവ് എന്ന സ്ത്രീ തിടുക്കത്തില്‍ റോഡു മുറിച്ചു കടക്കാന്‍ ആരംഭിച്ചു. അവര്‍ ചെന്നുപെട്ടത് ആ ടാക്സി കാറിനു മുന്നിലേക്കായിരുന്നു. തന്റെ മുന്നിലേക്ക് അതിവേഗം വന്നു ചാടിയ സ്ത്രീയെ കണ്ടതും കാര്‍ ഡ്രൈവര്‍ ബ്രേക്കിട്ടു വണ്ടി നിറുത്തി. ആ സ്ത്രീയുടെ തൊട്ടരികിലെത്തി, ഇടിച്ചു ഇടിച്ചില്ലെന്ന മട്ടില്‍ കാര്‍ നിന്നു....

പക്ഷേ, പിന്നീടവിടെ കൂടിയിരുന്ന ആളുകള്‍ കണ്ടത് ആ സ്ത്രീയുടെ ഇളകിയാട്ടമായിരുന്നു.....

ആ സ്ത്രീ കാറിനടുത്തേക്കു പാഞ്ഞെത്തി. വണ്ടിയില്‍ നിന്നും ഡ്രൈവറെ വലിച്ചു പുറത്തിട്ടു. പിന്നെ അയാളെ തുരുതുരാ മര്‍ദ്ദിക്കാനാരംഭിച്ചു. പോലീസിനെ വിളിക്കാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറുടെ കൈയില്‍ നിന്നും ഫോണ്‍ ബലമായി പിടിച്ചു വാങ്ങി റോഡില്‍ എറിഞ്ഞുടച്ചു......

കാര്‍ ഡ്രൈവറെ ആ സ്ത്രീ പൊതിരെ തല്ലിയെങ്കിലും അയാള്‍ തിരിച്ചൊന്നും അവരെ ചെയ്തില്ല. കാര്‍ ഡ്രൈവറെ രക്ഷിക്കാന്‍ കാഴ്ചക്കാരിലൊരാള്‍ ശ്രമിച്ചെങ്കിലും അയാളെയും ആ സ്ത്രീ ആക്രമിച്ചു..... ഒടുവില്‍ സംഭവസ്ഥലത്തെത്തിയ പോലീസ് ചെയ്തത് എന്താണെന്നറിയുമോ....??

സമാധാന നില തകര്‍ത്തതിന് ഡ്രൈവറെ അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കി....! ഒരു ദിവസം ആ സാധു മനുഷ്യന് ലോക്കപ്പില്‍ കിടക്കേണ്ടി വന്നു. ഒടുവില്‍, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വെളിയില്‍ വന്നപ്പോള്‍ പോലീസിനെതിരെ അതിരൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്നത്. അതിനാല്‍ ആ മനുഷ്യനെ ലോക്കപ്പില്‍ നിന്നും പുറത്തു വിടേണ്ടി വന്നു പോലീസിന്.....

സംഭവത്തിന്റെ വീഡിയോ ദൃശ്യത്തില്‍ അവര്‍ 22 തവണ കാര്‍ ഡ്രൈവറെ തല്ലിയതായി തെളിഞ്ഞു.....

വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രിയദര്‍ശിനിക്കെതിരെ കേസെടുത്തു. പക്ഷേ അവരെ അറസ്റ്റു ചെയ്യാന്‍ തയ്യാറായില്ല. പിന്നീടിതേവരെ ആ കേസിനെക്കുറിച്ച് യാതൊരന്വേഷണവും ഉണ്ടായിട്ടില്ല. നിരപരാധിയായ ഒരു മനുഷ്യനെ പൊതുജനമധ്യത്തിലിട്ടു തല്ലിച്ചതച്ച ആ സ്ത്രീയിപ്പോള്‍ പരിപൂര്‍ണ്ണമായും സ്വതന്ത്രയാണ്....

പിന്നീട്, പ്രിയദര്‍ശിനിയുടെ നിരവധി വീഡിയോകള്‍ പുറത്തു വന്നു. യാതൊരു തരത്തിലുമുള്ള യുക്തിയുമില്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി ആരോടൊക്കെയോ തര്‍ക്കിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോകള്‍.

ഒരാള്‍ മാനസിക രോഗി ആണെന്നതു പോലും നിരപരാധിയായ മനുഷ്യരെ ഉപദ്രവിക്കാനുള്ള കാരണമല്ല. ജയിലിലടക്കാന്‍ കഴിയാത്ത വിധം മാനസിക നില തെറ്റിയവരായാല്‍പ്പോലും മറ്റെന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ, സമൂഹത്തില്‍ സ്വതന്ത്രമായി കറങ്ങാന്‍ വിട്ട് നിരപരാധികളെ ആക്രമിക്കാന്‍ അനുവദിക്കുകയല്ല വേണ്ടത്. പ്രിയദര്‍ശിനി യാദവ് അറിയപ്പെടുന്നത് ഇന്ത്യയിലെ ആംബര്‍ ഹേര്‍ഡ് എന്നാണ്.


ഇത് ഇന്ത്യയിലേത് ആണെങ്കില്‍ മൊറോക്കോയിലുമുണ്ട് ഇത്തരമൊരു പെണ്ണൊരുത്തി....

ഒരു ഡേറ്റിംഗ് വെബ്സൈറ്റിലാണ് ആസ്ട്രേലിയക്കാരനായ ഫൈസല്‍ അവളെ കണ്ടുമുട്ടിയത്. അവളുടെ പേര് അസ്മ. ബന്ധം പുരോഗമിച്ചതിനെത്തുടര്‍ന്ന്, അദ്ദേഹം മൊറോക്കോയിലെത്തി അവളുടെ മാതാപിതാക്കളെ കണ്ടു. പിന്നീട് അവര്‍ രണ്ടുപേരും വിവാഹിതരായി. അവളെ ഫൈസല്‍ ആസ്ട്രേലിയയിലേക്കു കൊണ്ടുപോന്നു.

പക്ഷേ, മാനസികമായും വൈകാരികമായും സാമ്പത്തികമായുമുള്ള നരകവേദനകളുടെ തുടക്കമായിരുന്നു അതെന്ന് ഫൈസലിനു പിന്നീടാണ് മനസിലായത്.

ഇനി ഈ വിവാഹ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നു മനസിലാക്കിയ ഫൈസല്‍ വിവാഹ മോചനത്തിനായി ഒരു വക്കീലിനെ സമീപിച്ചു. അതിന്റെ സൂചനകള്‍ കിട്ടിയ ആ സ്ത്രീ ഒരു കൊടുങ്കാറ്റു തന്നെയുണ്ടാക്കി. ഒരു രാത്രി, വീട്ടില്‍ തിരിച്ചെത്തിയ ഫൈസല്‍ കണ്ടത് യുദ്ധഭൂമി പോലെ താറുമാറായി കിടക്കുന്ന വീടാണ്. വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കപ്പെട്ടിരുനന്ു, അയാളുടെ എല്ലാ സാധനങ്ങളും നിലത്തു വലിച്ചു വാരിയിട്ടു, ഭിത്തികള്‍ അലങ്കോലമാക്കി, ഗ്ലാസുകള്‍ പൊട്ടിച്ചെറിഞ്ഞു, വൈന്‍ ബെഡ്റൂമിലാകെ കോരിയൊഴിച്ചു.....

'എന്നെക്കുറിച്ചു വക്കീലിനോടു പറഞ്ഞപ്പോള്‍ മിടുക്കനായെന്നു നിങ്ങള്‍ കരുതിയിട്ടുണ്ടാവും. എനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കു മനസിലായല്ലോ...' എന്നാണ് ഫൈസലിനോട് അവര്‍ പറഞ്ഞത്.
പിന്നീടവര്‍ പോയത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കായിരുന്നു. ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ ഒരു കേസും കൊടുത്തു. രാത്രി വീട്ടില്‍ നിന്നിറങ്ങിപ്പോയ ഭാര്യയുടെ സുരക്ഷയെ ഓര്‍ത്തു ആധിപിടിച്ച് അവരെ തിരയാനായി ഫൈസലും ഇറങ്ങിപ്പുറപ്പെട്ടു. അയാള്‍ ചെന്നെത്തിയതും ആ പോലീസ് സ്റ്റേഷനിലായിരുന്നു. തന്റെ ഭാര്യയെ അയാള്‍ അവിടെ കണ്ടു. പക്ഷേ, ഗാര്‍ഹിക പീഡനത്തിന് അയാളെ പോലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിലാക്കി. പോലീസ് എക്സ്‌കോര്‍ട്ടോടുകൂടി ഭാര്യയെ അവരുടെ വീട്ടില്‍ കൊണ്ടുചെന്നു. സ്വന്തം സാധനങ്ങള്‍ക്കൊപ്പം ഭര്‍ത്താവിന്റെതു കൂടി കരസ്ഥമാക്കി അവര്‍ സ്ഥലം വി്ട്ടു.

പിന്നീടുള്ള രണ്ടുമാസവും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള തെളിവു ശേഖരിക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു ഫൈസല്‍. തന്റെ അപ്പാര്‍ട്ട്മെന്റിലെ എലിവേറ്ററില്‍ നിന്നും ഭാര്യ ഓടിപ്പോയ ദിവസമുള്ള വീഡിയോ ദൃശ്യങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. അവിടെയായിരുന്നു മുഴുവന്‍ സംഭവങ്ങളുടെയും ട്വിസ്റ്റ്.

ആ എലിവേറ്ററില്‍ വച്ച് നിരവധി തവണ അവര്‍ സ്വന്തം മുഖത്ത് സ്വയമിടിച്ചു. ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചു എന്നതിന്റെ തെളിവുണ്ടാക്കാനായിരുന്നു ഇത്. ബെഡ്റൂമില്‍ വച്ച് തന്നെ ഭര്‍ത്താവ് കൈയ്യേറ്റം ചെയ്തുവെന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ കൃത്രിമമായി തെളിവുണ്ടാക്കുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്ന ശേഷം ഫൈസലിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങളില്‍ നിന്നെല്ലാം അദ്ദേഹത്തിനു മോചനം കിട്ടി. പക്ഷേ, ഇത്രയും ക്രൂരത ചെയ്തു കൂട്ടിയ അദ്ദേഹത്തിന്റെ ഭാര്യ അസ്മയ്ക്കെതിരെ യാതൊരു കേസും ഉണ്ടായില്ല. ആ സ്ത്രീ ആ വീടുവിട്ടു പോയപ്പോള്‍ സ്വന്തം സാധനങ്ങള്‍ മാത്രമല്ല, ഫൈസലിന്റെ സാധനങ്ങള്‍ കൂടി കൊണ്ടുപോയി. പക്ഷേ, ഈ കളവിനോ കള്ളത്തെളിവുണ്ടാക്കിയതിനോ ഒരു നടപടിയും ഇവര്‍ക്കെതിരെ ഉണ്ടായില്ല.

പുരുഷന്റെ ജീവിതം താറുമാറാക്കുന്ന സ്ത്രീകള്‍ വളരെ അപൂര്‍വ്വമാണെന്നായിരുന്നു പത്രങ്ങളുടെ വിലയിരുത്തല്‍. അപൂര്‍വ്വമോ അസംഭവ്യമോ എന്തുമാകട്ടെ, നിരപരാധിക്കു നീതി കിട്ടണം. കുറ്റവാളി ആരാണ് എന്നതിന്റെ അടിസ്ഥാനത്തിലല്ല, ചെയ്ത കുറ്റത്തിന്റെ ആഴമനുസരിച്ചാണ് ശിക്ഷ നല്‍കേണ്ടത്.

.............................................................................................................
#PriyadarshiniYadav #Cabdriverwasthrashed #Women #cruelty-usually-go-withoutpunishment


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.