ഹോംവര്‍ക്ക് ചെയ്തില്ല: പിഞ്ചുകുഞ്ഞിനെ കൈകാല്‍ കെട്ടി പൊള്ളുന്ന വെയിലില്‍ ടെറസില്‍ തള്ളി
Thamasoma News Desk
കൊച്ചു കുഞ്ഞുങ്ങളോടു ചെയ്യുന്ന ക്രൂരതകളുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ് ഡല്‍ഹിയില്‍ നിന്നുള്ള ഈ വാര്‍ത്ത. ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അഞ്ചുവയസുള്ള മകളെ കൈകാലുകള്‍ ബന്ധിച്ച് ഉരുകുന്ന ചൂടില്‍ ടെറസില്‍ കൊണ്ടുപോയി തള്ളി മാതാപിതാക്കള്‍.ഡല്‍ഹിയിലെ കരവാല്‍ നഗറില്‍ തുഖ്മിര്‍പൂരിലാണ് സംഭവം. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ പെണ്‍കുട്ടി. ഇന്റര്‍നെറ്റില്‍ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ടെറസില്‍ കുഞ്ഞ് വേദന കൊണ്ടു പിടയുന്നതു കണ്ട അയല്‍വാസിയാണ് ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്.
ചെറിയ കുഞ്ഞിനോട് അത്രയും ക്രൂരത ആരെങ്കിലും ചെയ്യുമോ എന്നു പോലും സംശയിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണിത്. ഒരു കയര്‍ കൊണ്ട് ഈ അഞ്ചു വയസുകാരിയുടെ കൈകളും കാലുകളും കെട്ടിയിട്ടുണ്ട്. ഉരുകുന്ന ചൂടില്‍ ടെറസില്‍ ശരീരം പൊള്ളിയതിനെത്തുടര്‍ന്ന് വേദനകൊണ്ടു പുളയുന്നുണ്ട് കുഞ്ഞ്. സംഭവം അറിഞ്ഞ ഉടന്‍ പോലീസ് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വീടിനടുത്തുള്ള ഒരു സ്‌കൂളിലാണ് ഈ കുഞ്ഞ് പഠിക്കുന്നത്.
കുഞ്ഞുങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് ഇന്ത്യന്‍ ഭരണഘടനയിലുള്ളത്. കുഞ്ഞുങ്ങളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നവര്‍ മാതാപിതാക്കളോ അധ്യാപകരോ, സംരക്ഷകരോ, ആരു തന്നെ ആയാലും കടുത്ത ശിക്ഷയാണ് ഭരണഘടനയിലുള്ളത്.
കുട്ടികളുടെ സ്വാതന്ത്ര്യത്തെയും അന്തസിനെയും ഹനിക്കുന്നവര്‍ക്ക് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് 14 വയസുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും നിഷേധിക്കാന്‍ അനുവാദമില്ലാത്ത നാട്ടിലാണ് ഇത്തരം കൊടുംക്രൂരതകള്‍ അരങ്ങേറുന്നത്.
കുട്ടികളോടു ക്രൂരത ചെയ്യുന്നത് പാവപ്പെട്ട കുടുംബങ്ങളില്‍ മാത്രമല്ല, സമ്പന്ന കുടുംബങ്ങളിലും നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല