Header Ads

ഷര്‍ട്ടില്‍ മാഗ്നെറ്റിക് ബട്ടന്‍, ലിങ്കണ് നിറഞ്ഞ പുഞ്ചിരി


 സെറിബ്രല്‍ പാള്‍സി ബാധിച്ച ലിങ്കണിനെ സംബന്ധിച്ചിടത്തോളം സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് ഏറ്റവും വലിയ പ്രശ്‌നം. ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കണമെന്നതല്ല അവരുടെ ലക്ഷ്യം, മറിച്ച്, ദൈനം ദിന കാര്യങ്ങളെങ്കിലും മറ്റുള്ളവരുടെ സഹായമില്ലാതെ ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന ചിന്ത മാത്രമേ ഈ മനുഷ്യരും ഇവരുടെ ഉറ്റവരും ആഗ്രഹിക്കുന്നുള്ളു.

മാഗ്നെറ്റിക് ബട്ടനോടു കൂടിയ ഈ ഷര്‍ട്ട് ലിങ്കണിനു വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ്. തന്റെ ഷര്‍ട്ടിന്റെ ബട്ടന്‍ സ്വയമിട്ട ശേഷം ലിങ്കണിന്റെ മുഖത്തുണ്ടായ പുഞ്ചിരിക്ക് ഈ ലോകം കീഴടക്കിയ പോരാളിയുടെ ആത്മവിശ്വാസവും തിളക്കവുമുണ്ട്.

  

ലിങ്കണിന്റെ ചുണ്ടിലെ ഈ പുഞ്ചിരി കാണുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 28 വയസുകാരിയായ മകളെ കൊന്ന് ആത്മഹത്യ ചെയ്ത ഒരമ്മ കണ്‍മുന്നിലുണ്ട്. സര്‍ക്കാരിന്റെയും സഹജീവികളുടെയും സ്‌നേഹവും പിന്തുണയും ലഭിക്കാതെ, ദുരിതജീവിതമവസാനിപ്പിച്ച് നൊന്തുപെറ്റ മകളെയും പോറ്റിവളര്‍ത്തിയ 28 വര്‍ഷത്തെയും അവഗണിച്ച് മരണത്തിലേക്കു നടന്നു നീങ്ങിയ ഒരമ്മ.

ശാരീരിക മാനസിക പ്രശ്‌നങ്ങളില്ലാതെ ജനിച്ചു വീഴുന്ന ഓരോ മനുഷ്യര്‍ക്കും ഇത്തരം കുറവുകളോടെ ജനിക്കുന്നവരെ താങ്ങിനിറുത്തുവാനും അവരുടെ മുഖത്തു പുഞ്ചിരി വിരിയിക്കുവാനും അവര്‍ക്കുകൂടി ഈ ജീവിതത്തിന്റെ മനോഹര നിമിഷങ്ങള്‍ സമ്മാനിക്കുവാനും ഉത്തരവാദിത്വമുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, ദൈവത്തിന്റെ ശിക്ഷയാണ് നിങ്ങളനുഭവിക്കുന്നതെന്ന മുട്ടാപ്പോക്കു ന്യായം നിരത്തി ഈ മനുഷ്യരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നവര്‍ നിരവധിയാണ്. സ്വന്തം കഴിവുകളും അറിവുകളും മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുത്തുമ്പോഴാണ് മനുഷ്യനില്‍ മനുഷ്യത്വമുണ്ടാകുന്നത്.....

മനുഷ്യനാകാം, മനുഷ്യത്വമുള്ളവരാകാം..... മറ്റുള്ളവരോടും ഈ ലോകത്തോടു തന്നെയും കരുതലുള്ളവരാകാം.....


........................................................................
#magneticbutton #shirtwithmagneticbutton #CerebralPalsy

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.