Header Ads

ആരവങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സ്ത്രീ സമൂഹം (ഭാഗം-2)


(പി കെ സുരേഷിന്റെ യാത്രാ വിവരണം)

ഞങ്ങളുടെ ക്യാബിന് ജനലകള്‍ ഇല്ലാത്തതിനാല്‍ രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റെങ്കിലും വെള്ള കീറിയോയെന്നറിയാന്‍ പറ്റിയില്ല. അറിയണമെങ്കില്‍ നീണ്ട കോറിഡോറിലൂടെ നടന്ന് ലോബിയിലെത്തണം. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങാമെന്ന് കരുതി കണ്ണുകള്‍ തുറന്ന് അവിടെ തന്നെ കിടന്നു. ആറു മണിയോട് കൂടി അത്യാവശ്യം കാര്യങ്ങളൊക്കെ നിവര്‍ത്തിച്ച് പുറത്ത് കടന്ന് ലോബിയിലെത്തിയപ്പോള്‍ അല്പം നിരാശ തോന്നി. നേരം നന്നായി വെളുത്തിരുന്നു. വേഗം മുകളിലെ ഡക്കില്‍ കയറി. ഡക്കില്‍ നിറയെ ആളുകളുണ്ടായിരുന്നു.വെന്റിങ്ങ് മെഷിനില്‍ നിന്ന് ഒരു കട്ടന്‍ കാപ്പിയുമെടുത്ത് ഡക്കിന്റെ കൈവരിയില്‍ കൈ വെച്ച് കുടിക്കാമെന്ന് കരുതി അതിനടുത്തേക്ക് നടന്നു. കാറ്റിന് വളരെ ശക്തിയുണ്ടായിരുന്നത് കൊണ്ട് ആ ഉദ്യമം വേണ്ടെന്ന് വെച്ചു. കാപ്പി കുടിച്ച് കപ്പ് യഥാസ്ഥാനത്ത് വെച്ച് ആളൊഴിഞ്ഞ സ്ഥലം നോക്കി ഡക്കിന്റെ മുന്‍ഭാഗത്ത് കൈവരിയില്‍ ചാരി കടലിലേക്ക് കപ്പലിന്റെ ഗതിയും നോക്കിനില്‍പ്പായി. മനസ്സ് സമ്മതമില്ലാതെ ഗതകാലത്തേക്ക് പോയി. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പല രാജ്യങ്ങളിലും ഉള്ള കച്ചവടക്കാര്‍ / സഞ്ചാരികള്‍ പായ കപ്പലില്‍ സഞ്ചരിച്ചിരുന്നതും അതില്‍ പലതും വിജയിച്ചതും ഇപ്പോള്‍ ഈ നിമിഷത്തില്‍ ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പല സഞ്ചാരങ്ങളും ദിശതെറ്റി മറ്റു കരകളില്‍ ചെന്നെത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളോടും നിര്‍മ്മിച്ച' ടൈറ്റാനിക്' ലക്ഷ്യ സ്ഥാനത്തെത്തിയില്ലെന്നതും ഓര്‍ക്കുമ്പോള്‍ അന്നത്തെ ലക്ഷ്യം കണ്ട സഞ്ചാരികളെ നമിക്കാതെ വയ്യ. പല വിധ രോഗങ്ങള്‍, കടല്‍ ക്ഷോഭങ്ങള്‍ എന്നിവയൊക്കെ നേരിട്ടല്ലേ ഇവരൊക്കെ ലക്ഷ്യസ്ഥാനത്തെത്തിയിട്ടുണ്ടാകുക.

അര മണിക്കൂറോളം കടന്നുപോയി. അപ്പോള്‍ അവിടെ വന്ന ഒരു കുടുംബം എന്നെ വര്‍ത്തമാനത്തിലേക്ക് കൊണ്ട് വന്നു. ആ കുടുംബം ഭര്‍ത്താവ്, ഭാര്യ, രണ്ട് കുട്ടികള്‍ അടങ്ങിയതാണ്. ഈ സ്ത്രീയെ ഞാന്‍ വേഗം തിരിച്ചറിഞ്ഞു. ഇന്നലെ വൈകീട്ട് എല്ലാവരേയും ഉല്ലാസ ഭരിതരാക്കാന്‍ അവിടെ ഒരു സംഗീത വിരുന്നുണ്ടായിരുന്നു. ആ വിരുന്നിലെ മുഖ്യ അവതാരകന്‍ നടത്തുന്ന ചലനങ്ങള്‍ ചുറ്റും നില്‍ക്കുന്നവര്‍ അനുകരിക്കുക, പിന്നീട് ചലനങ്ങള്‍ ഗാനത്തിന്റെ ആവേഗത്തിനൊപ്പം കൂടി നില്‍ക്കുന്നവരും അവരുടെ ചലനങ്ങളും ദ്രുതഗതിയിലാക്കും. മൊത്തത്തില്‍ അവിടെ കൂടിയിരിക്കുന്ന ജനങ്ങളൊന്നാകെ ആവേശഭരിതരായി അവതാരകനൊപ്പം നൃത്തം വെക്കുന്നു. ഓരോ പാട്ടിനും വ്യത്യസ്തമായ ചുവട് വെയ്പ്പുകള്‍.ഇതിനിടയില്‍ Boneym ലെ ഡാഡി കൂള്‍ എന്ന ഗാനം വന്നപ്പോള്‍ എനിക്കും ആവേശം കയറി. കാസറ്റ് കാലത്ത് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ഇംഗ്ലീഷ് ഗാനങ്ങള്‍ ABBA യും Boneym ഉം ആയിരുന്നു.


എല്ലാവരുടേയും നൃത്തങ്ങള്‍ വീക്ഷിക്കുന്നതിനിടയിലാണ് ഈ സത്രീയും അവതാരകന്റെ ചലനങ്ങള്‍ക്കൊപ്പം നൃത്തം വെക്കുന്നത് ഞാന്‍ കണ്ടത്. ശരിക്കും ശ്രദ്ധിച്ച്, അര്‍പ്പണബോധത്തോടെയുള്ള അവരുടെ പ്രവര്‍ത്തി കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. സ്ത്രീകള്‍ക്കും തങ്ങളുടെ സന്തോഷങ്ങള്‍ / അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പൊതു ഇടങ്ങള്‍ വേദിയാകണ്ടേ ? പലതിലും അവര്‍ അവരുടെ അഭിരുചികള്‍ പ്രകടിപ്പിക്കുന്നത് കുല സ്ത്രീകള്‍ക്ക് ചേരുന്നതല്ലായെന്ന ഒരു അഭിപ്രായം സമൂഹത്തിനുണ്ട്. പലയിടങ്ങളിലും ഞാന്‍ കേട്ടിട്ടുള്ളതാണ് സ്വാതന്ത്യം കൊടുത്താല്‍ തലയില്‍ കയറുമെന്ന്.

ഇതെഴുതുമ്പോള്‍ ഓര്‍മ്മ വന്നത് ഇന്നേറെ കേള്‍ക്കുന്ന പ്രയോഗങ്ങളായ ' രാവേറ്റം', 'രാത്രി നടത്തം' തുടങ്ങിയവയാണ്. ഇതൊക്കെ പ്രചരിക്കുന്നതിന് ഏകദേശം 5 വര്‍ഷം മുമ്പ് നടന്ന മറ്റൊരു രാവേറ്റത്തെ കുറിച്ചിവിടെ പറയട്ടെ. ബിന്ദു, ശശിയുടെ ഭാര്യ, ടീച്ചറാണ്, എന്റെ നല്ല സുഹൃത്തുമാണ്. ഞങ്ങള്‍ വര്‍ഷാവര്‍ഷം നടത്തുന്ന കുടുംബ സംഗമം കഴിഞ്ഞ് തിരികെ പോകും വഴി എന്നോട് ചോദിച്ചു, ഞാനും സരിതയും കൂടെ തന്നെ ഒരു യാത്ര പോകട്ടെ ? ഒന്നും ആലോചിക്കാതെ തന്നെ ആവട്ടെയെന്ന് ഞാനും പറഞ്ഞു. ശശിക്കും മറിച്ചഭിപ്രായമുണ്ടായിരുന്നില്ല. 

പല സ്ഥലങ്ങളും ഞാനും ശശിയും നിര്‍ദ്ദേശിച്ചു. നൈനിറ്റാളാണ് ഞാന്‍ പറഞ്ഞത്. പക്ഷെ ഞങ്ങളെ ഞെട്ടിച്ച് ബിന്ദു പ്രഖ്യാപിച്ചു, ഞങ്ങള്‍ക്ക് ഇന്ത്യക്ക് പുറത്ത് പോയാല്‍ മതിയെന്ന്. അതിലെ അപ്രയോഗികത, അപകട സാദ്ധ്യത തുടങ്ങിയവയൊക്കെ പറഞ്ഞെങ്കിലും ബിന്ദു അതേ ആവശ്യത്തില്‍ ഉറച്ച് നിന്നു. സരിതയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ നിസംഗതയല്ലാതെ ഒന്നും ദര്‍ശിക്കാനായില്ല. ടൂര്‍ ഏജന്റിനെ വിളിച്ചു, ലേഡീസ് ഓണ്‍ലി ടൂറുകള്‍ സര്‍വ്വസാധാരണമാണെന്നും അതിലേതിലെങ്കിലും ഏര്‍പ്പാട് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ആശ്വാസത്തോടെ ഞാന്‍ സരിത, ശശി പിന്നെ ബിന്ദു ഇവരെ വിളിച്ച് പറഞ്ഞു. ആദ്യത്തെ രണ്ട് പേരും ഉടന്‍ സമ്മതിച്ചെങ്കിലും ബിന്ദു പറഞ്ഞു, പോവുകയാണെങ്കില്‍ ഞങ്ങള്‍ തന്നെ, ഗ്രൂപ്പിന്റെ കൂടെ പോകുന്നതിലും ഭേദം നമുക്കൊരുമിച്ച് പോകുന്നതല്ലേയെന്നുള്ള ചോദ്യത്തില്‍ യുക്തിയുണ്ടായിരുന്നതിനാല്‍ ഞാന്‍ പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോണ്‍ വെച്ചു.

പിന്നീട് ഇവര്‍ രണ്ട് പേരും തനിയെ മലേഷ്യയില്‍ പോയി മൂന്ന് ദിവസം താമസിച്ചതും, നീന്തലറിയാത്ത ബിന്ദു കോറല്‍ ദ്വീപും ഈ യാത്രയില്‍ ഉള്‍പെടുത്തിയതും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഇന്ന് കേള്‍ക്കുന്ന രാവേറ്റത്തിനും മുമ്പേ പറന്ന പക്ഷികളായതില്‍ അതിയായ സന്തോഷവും തോന്നുന്നു.

പത്ത് മണിക്ക് ലക്ഷദീപില്‍ കപ്പല്‍ നങ്കൂരമിടുമെന്നും, ലക്ഷദ്വീപില്‍ പോകേണ്ടവര്‍ക്ക് 9.45നകം തയ്യാറാവണമെന്ന അറിയിപ്പ് വന്നതിനാല്‍ വേഗം കാബിനിലേക്ക് പോയി കുളിച്ച് കൂട്ടുകാരൊടൊന്നിച്ച് പ്രാതല്‍ കഴിച്ച് ലോബിയില്‍ തയ്യാറായി നിന്നു. പത്ത് മിനിട്ടിനകം വീണ്ടും അറിയിപ്പ് വന്നു, കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ലക്ഷദ്വീപില്‍ പോകുന്നത് വേണ്ടെന്ന് വെച്ചുവത്രെ. അല്പം നിരാശ തോന്നിയെങ്കിലും ഞങ്ങളൊരുമിച്ച് ഡക്കിലെ കാറ്റേറ്റിരുന്നപ്പോള്‍ നിരാശ മാറി കിട്ടുകയും ലക്ഷദ്വീപിലേക്ക് മാത്രമായി ഒരു യാത്ര ആസൂത്രണം ചെയ്യുകയും ചെയ്തു.

ഉച്ചഭക്ഷണം ഇന്നലത്തെ പോലെ ഗംഭീരമായിരുന്നു. ഭക്ഷണശേഷം വീണ്ടും മുകളില്‍ കയറി അല്പനേരം ഡക്കില്‍ നടന്നു. ഇന്ന് ഡക്കില്‍ നില്‍ക്കുമ്പോള്‍ ചൂടനുഭവപെട്ടില്ല. അന്തരീക്ഷം മൂടി കെട്ടിയ പോലെയായിരുന്നു.പിന്നീട് എല്ലാവരും സ്വന്തം മുറികളില്‍ പോയി വിശ്രമിച്ചു. വൈകീട്ടെല്ലാവരും മുകളില്‍ കസേരകള്‍ വട്ടത്തിലിട്ട് സംസാരിച്ചിരുന്നു.ഇതിനിടക്ക് പലയിടത്തും കൂട്ടം കൂടി ഇരുന്നും നിന്നും ചിലര്‍ മദ്യപിക്കുന്നുണ്ട്.

പല കൂട്ടത്തിലും സ്ത്രീകളും മദ്യപാനത്തില്‍ പങ്ക് ചേര്‍ന്നിട്ടുള്ളത് കണ്ടപ്പോള്‍ പണ്ടത്തെ പോലെ ഞെട്ടലൊന്നും അനുഭവപെട്ടില്ല. ഇതില്‍ തന്നെ ചിലര്‍
'താനാരോ തന്നാരോ'' യെന്ന് ഉറക്കെ ചൊല്ലിയത് എനിക്കലോസരമുണ്ടാക്കി. മറ്റുള്ളവരുടെ സ്വകാര്യതയോ, സൗകര്യമോ ഇക്കൂട്ടര്‍ക്ക് പ്രശ്‌നമല്ല.
ഞങ്ങള്‍ താഴത്തെ നിലകളിലേക്കിറങ്ങി സംഗീത മേള കണ്ടു, മുറികളില്‍ വന്ന് കുളിച്ച് അത്താഴം കഴിഞ്ഞ് ഉപചാരം ചൊല്ലി ഉറങ്ങാനായി പിരിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.