Headlines

സ്ത്രീയും ഫെമിനിസപ്രസ്ഥാനങ്ങളും ചില പൊള്ളത്തരങ്ങളും

Written by: പ്രീത ക്ലീറ്റസ്

‘The greatest ideas are the simplest’ എന്ന ആപ്തവാക്യം Lord of Flies എന്ന വിഖ്യാതമായ നോവലിലൂടെ നല്കിയ വില്യം ഗോള്‍ഡിന്റെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട് താന്‍ നേരിട്ട്കണ്ട ജീവിതാനുഭവത്തിലൂടെ തന്നെ ആവണം. അദ്ദേഹത്തിന്റെ വാക്കുകള്‍,
‘ആണിനെപ്പോലെ ആകാന്‍ ശ്രമിക്കുന്ന വിഡ്ഢികളാണ് സ്ത്രീകള്‍. അവര്‍ അവനും മുകളിലാണെന്നവര്‍ ചിന്തിയ്ക്കുന്നതേയില്ല.’
ആണിനൊപ്പമാകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഫെമിനിസ്റ്റ് ( അത് ആണായാലും പെണ്ണായാലും) ആണ്. തന്റെ സ്വത്വം അറിയുന്ന യഥാര്‍ത്ഥ സ്ത്രീയ്ക്ക് അങ്ങനെയൊരാഗ്രഹം ഉണ്ടാകാന്‍ വഴിയില്ല. കാരണം സ്ത്രീയ്ക്ക് താന്‍ ആരെന്നും എന്തെന്നും അറിയാം. സ്വയം അറിയാത്തവര്‍ സ്ത്രീരൂപമാണ്. യഥാര്‍ത്ഥസ്ത്രീ ആണെന്ന് പറയാനാകുമോ? സ്ത്രീ പുരുഷനേക്കാള്‍ ശക്തയാണ്. കാരണങ്ങളില്‍ ചിലത് അക്കമിട്ട് ചുവടെ;

1) തന്നോട് തെറ്റ് ചെയ്യുന്നവരോട് പെട്ടെന്ന് ക്ഷമിയ്ക്കാന്‍ സാധിയ്ക്കുന്നത് സ്ത്രീയ്ക്കാണോ പുരുഷനാണോ? മാനസിക കരുത്തുള്ളവര്‍ക്ക് മാത്രമേ ക്ഷമിക്കാന്‍ സാധിയ്ക്കൂ. മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ കഴിയൂ. അത് കൂടുതലുള്ളത് സ്ത്രീയ്‌ക്കോ പുരുഷനോ?

2) ഏത് തരത്തിലുള്ള മാനസികാഘാതവും നേരിടാന്‍ ത്രാണി ആര്‍ക്കാണ് കൂടുതലുള്ളത്?

3) പുതിയ ജന്മം സ്ത്രീയിലൂടെയാണോ അതോ പുരുഷനിലൂടെയാണോ?

4) സ്ത്രീയുടെ mental age കൂടുതല്‍ ആയതുകൊണ്ടല്ലേ വിവാഹപ്രായം സ്ത്രീകള്‍ക്ക് 18 ഉം പുരുഷന് 21 ഉം ആയത്?

5) നിലവില്‍ ശാരീരിക ആരോഗ്യം പുരുഷനാണ്. അത് അവര്‍ക്ക് ജനനം മുതല്‍ അവര്‍ക്ക് കിട്ടുന്ന കെയര്‍ (സ്ത്രീകളേക്കാള്‍ കൂടുതല്‍ പരിചരണവും സംരക്ഷണവും) + സ്ത്രീകള്‍ക്ക് മാസം തോറും രക്തം നഷ്ടപ്പെടുന്നതിനാലും മാത്രമല്ലേ?

ഇന്ന് സ്ത്രീ സമത്വ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിയ്ക്കുന്ന മിക്ക സ്ത്രീകളും പുരുഷന്റെ ഇച്ഛാനുസരണം പ്രവര്‍ത്തിയ്ക്കുന്നത് കൊണ്ടല്ലേ സ്ത്രീകള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാകാത്തത്? ഉദാഹരണമായി വനിതാമതില്‍, രാനട പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവാക്കാന്‍ സ്ത്രീകളുടെ പിന്തുണയില്ലെങ്കില്‍ നടക്കുമോ? സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനമായിരുന്നോ അത്? സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം അല്ലേ ആവശ്യം? അല്ലാതെ പ്രകടനസുരക്ഷിതത്വമാണോ? സമത്വത്തിന് തടസം നില്ക്കുന്നത് സ്ത്രീസമത്വം എന്ന മുദ്രാവാക്യവുമായി നീങ്ങുന്ന സ്ത്രീസംഘടനകളുടെ തിരിച്ചറിവ്/ ബോധമില്ലായ്മ അല്ലേ?



യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയാതിരിയ്ക്കാന്‍ മറ പിടിയ്ക്കലല്ല സ്ത്രീസുരക്ഷ കൊണ്ടര്‍ത്ഥമാക്കുന്നത്. എവിടെയെങ്കിലും ബലാത്സംഗം നടന്നാല്‍ സ്ത്രീകള്‍ക്കെതിരെ മാധ്യമശ്രദ്ധ കിട്ടുന്ന വേറേ എന്തെങ്കിലും അക്രമം ഉണ്ടായാല്‍ ഉടന്‍ രണ്ട് സെമിനാര്‍, ചര്‍ച്ച അല്ലാതെ എന്താണ് ഇന്ന് നടക്കുന്നത്? യഥാര്‍ത്ഥ കാര്യങ്ങള്‍ മറച്ചു പിടിയ്ക്കാനല്ലേ അത്തരം സെമിനാറുകള്‍ ഉപകാരപ്പെടുകയുള്ളൂ.
സ്ത്രീസുരക്ഷയ്‌ക്കെതിരെയുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സംഭവങ്ങള്‍ തടയാന്‍, തൊഴിലിടങ്ങളില്‍ സമത്വമുണ്ടാക്കാന്‍ നിയമനടപടിയ്ക്കായി സ്വീകരിച്ചവ നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നുണ്ടോ? നിയമങ്ങള്‍ ഉണ്ടാക്കി ഫയലില്‍ സൂക്ഷിയ്ക്കാന്‍ മാത്രമുള്ളതോ? സ്ത്രീകള്‍ ഒരുപാട് ഉള്ള മേഖലയാണ് നഴ്‌സിംഗ്/ അണ്‍ എയ്ഡഡ് അധ്യാപക മേഖലകള്‍. അവര്‍ക്ക് വേണ്ടി ഈ സ്ത്രീസമത്വ പ്രസ്ഥാനക്കാര്‍ ഇതുവരേയും ചെയ്തത് എന്താണ്? ഇനി ചെയ്യാന്‍ പോകുന്നത് എന്താണ്? ഓരോ കസേരയില്‍ ഇരുന്ന് ഫോട്ടോ എടുത്ത് പത്രങ്ങളില്‍ കൊടുക്കാനും സാമൂഹ്യമാധ്യമങ്ങളില്‍ ഇടുന്നതിനും മാത്രമുള്ളതാണോ സ്ത്രീപുരുഷ സമത്വ പ്രവര്‍ത്തനങ്ങള്‍? ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കുന്നത് സ്വന്തം പണമൊന്നുമല്ലല്ലോ. സ്ത്രീകള്‍ നല്കുന്ന പണവും പൊതുജനനികുതിയില്‍ പെടുന്നതല്ലേ?
സ്ത്രീകള്‍ക്ക് കിട്ടേണ്ടതും കയ്യടക്കി വച്ചിരിയ്ക്കുന്നതും തങ്ങളുടെ ചൊല്പടിയ്ക്ക് നില്ക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ സ്ഥാനം നല്കൂ എന്ന് ചിന്തിയ്ക്കുന്നതുകൊണ്ടുമല്ലേ അസന്തലുതാവസ്ഥ ഉണ്ടാകുന്നത്? സ്ത്രീപുരുഷ അസമത്വം പുരുഷന്റെ ഗൂഢമായ തന്ത്രങ്ങളാല്‍ ഉണ്ടാകുന്നതല്ലേ? തങ്ങളുടെ അടിമകളായ സ്ത്രീകളുടെ പിന്തുണയാല്‍ കൃത്രിമമായി സൃഷ്ടിയ്ക്കപ്പെടുന്നതല്ലേ? ചുരുക്കം ചില സ്ത്രീകള്‍ തന്നെയല്ലേ സ്ത്രീകളെ ഉയരാന്‍ അനുവദിയ്ക്കാത്തതിന് പുരുഷന് പിന്തുണ നല്കുന്നത്?
സ്ത്രീകള്‍ക്കായുള്ള നിയമങ്ങള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് സത്യസന്ധമായി ലഭിയ്ക്കുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ ദുരുപയോഗമല്ലേ കൂടുതലും നടമാടുന്നത്? ആ ദുരുപയോഗത്തിന്റെ പിന്നിലും സ്ത്രീകളുടെ കൈകള്‍ ഇല്ലേ?
……………………………………………………………………………………..
Tags: Woman wall, Feminism in Kerala, position of women in Kerala, man dominating society

2 thoughts on “സ്ത്രീയും ഫെമിനിസപ്രസ്ഥാനങ്ങളും ചില പൊള്ളത്തരങ്ങളും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു