Header Ads

മുസ്ലീമിനെതിരെ 'പെറ്റുകൂട്ടുന്ന' പച്ചക്കള്ളങ്ങള്‍


Written by: ജെസ് വര്‍ക്കി തുരുത്തേല്‍

ഇന്ത്യയില്‍ മുസ്ലീം സമുദായത്തിനെതിരെ ചില പച്ചക്കള്ളങ്ങള്‍ പടച്ചു വിടുന്നുണ്ട് ചിലര്‍. മതവൈരവും വര്‍ഗ്ഗീയതയും മനപ്പൂര്‍വ്വമുണ്ടാക്കി നേട്ടം കൊയ്യുന്നവര്‍ അവരാണ്. ഇവിടെ ഇതാ ചില കണക്കുകള്‍....

ഇന്ത്യയില്‍ 20 കോടി മുസ്ലീങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത്, ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് മുസ്ലീങ്ങളെന്നു സാരം. കഴിഞ്ഞ മാസം പുറത്തു വിട്ട National Family Health Survey 5 (NFHS-5) യിലെ കണ്ടെത്തലാണിത്.

പെറ്റുകൂട്ടുകയാണോ മുസ്ലീങ്ങള്‍...??

മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയിലുണ്ടായിട്ടുള്ള ഏറ്റവും വലിയ ആരോപണമാണ് അവര്‍ അനിയന്ത്രിതമായി പെറ്റുകൂട്ടി ഇന്ത്യയുടെ ജനസംഖ്യയെതന്നെ തകിടം മറിക്കുന്നു എന്നത്. പെറ്റുകൂട്ടുന്ന മുസ്ലീങ്ങളെ തോല്‍പ്പിക്കാന്‍ ഹിന്ദു സ്ത്രീകള്‍ കുറഞ്ഞത് നാലു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നാണ് 2015 ല്‍ ഹിന്ദുത്വ നേതാവും ഉന്നാവോ എം പി യുമായ സക്ഷി മഹാരാജ് ആഹ്വാനം ചെയ്തത്.


ഇന്ത്യയിലെ സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി റേറ്റ് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. മുസ്ലീം സ്ത്രീകളില്‍ ഫെര്‍ട്ടിലിറ്റി നിരക്ക് കൂടുതലാണ്. പക്ഷേ, ഇത് മറ്റു കമ്മ്യൂണിറ്റിയെക്കാള്‍ വല്ലാതെ കൂടിയിട്ടില്ല. NFHS-5 പ്രകാരം 2019-21 കാലഘട്ടത്തില്‍ മുസ്ലീം സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് 2.36% മായിരുന്നു. അതായത്, 100 സ്ത്രീകള്‍ക്ക് 236 കുട്ടികള്‍ എന്ന നിരക്ക്. അതായത് ഓരോ മുസ്ലീം സ്ത്രീകള്‍ക്കും 2-3 കുട്ടികള്‍ വീതമാണ് ജനിക്കുന്നത് എന്നര്‍ത്ഥം. കഴിഞ്ഞ 25 വര്‍ഷത്തെ കണക്കുകളില്‍ ഈ നിരക്ക് 3.6% മായിരുന്നു. അതായത് ശിശുജനനത്തില്‍ മുസ്ലീം സമുദായത്തില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട് എന്നര്‍ത്ഥം. ഹിന്ദു സ്ത്രീകള്‍ക്കിടയിലെ ശിശു ജനനനിരക്ക് 1.96% മാണ്. അതായത്, ഹിന്ദു സ്ത്രീകളെ അപേക്ഷിച്ച് മുസ്ലീം സ്ത്രീകള്‍ കൂടുതലായി പ്രസവിക്കുന്നത് 42 -ല്‍ താഴെ കുഞ്ഞുങ്ങളെ മാത്രം.

രക്തബന്ധ വിവാഹങ്ങള്‍

മുസ്ലീങ്ങള്‍ രക്തബന്ധത്തിലുള്ളവരെയാണ് കൂടുതലായി വിവാഹം കഴിക്കുന്നത് എന്നാണ് അവര്‍ക്കെതിരെയുള്ള മറ്റൊരു ആരോപണം. ഇന്ത്യയില്‍ 15.8% മുസ്ലീം സ്ത്രീകള്‍ മാത്രമാണ് രക്തബന്ധമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത്. 80 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ രക്തബന്ധത്തിനു പുറത്തുള്ള പങ്കാളിയെയാണ് തെരഞ്ഞെടുക്കുന്നത്. ബുദ്ധമതത്തില്‍ ഇത് 14.5%വും ക്രിസ്ത്യന്‍ സമുദായത്തില്‍ 11.9% വും ഹിന്ദു സമുദായത്തില്‍ 10.1% വുമാണ് ഈ നിരക്ക്.

ശൈശവ വിവാഹങ്ങള്‍

മുസ്ലീങ്ങള്‍ക്കെതിരെ പ്രചരിക്കുന്ന മറ്റൊരു തെറ്റായ ആരോപണമാണ് ശൈശവവിവാഹങ്ങള്‍. മുസ്ലീം വ്യക്തിനിയമം അനുസരിച്ച് 15 വയസുകഴിഞ്ഞ സ്ത്രീയ്ക്കും പുരുഷനും വിവാഹം കഴിക്കാവുന്നതാണ്. പക്ഷേ, NFHS-5 ഡാറ്റ പറയുന്നു, ഇത്തരത്തിലല്ല വസ്തുതകളെന്ന്.


മുസ്ലീം സ്ത്രീകളുടെ വിവാഹ പ്രായം 18.7 വയസാണെന്ന് NFHS-5 പറയുന്നു. അതായത്, പകുതിയില്‍ക്കൂടുതല്‍ മുസ്ലീം സ്ത്രീകളും വിവാഹം കഴിക്കുന്നത് 18-19 വയസിനിടയില്‍ ആണെന്നാണ് സര്‍വ്വേ പറയുന്നത്. ഹിന്ദു സ്ത്രീകളുടെ വിവാഹപ്രായവും 18.7 വയസില്‍ തന്നെ. സിഖ് സ്ത്രീകളില്‍ ഇത് 21 വയസുകഴിഞ്ഞിട്ടാണ്. ക്രിസ്ത്യന്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 21.7 വയസും ജെയിന്‍ സ്ത്രീകളുടേത് 22.7 വയസുമാണ്.

പെണ്‍കുട്ടികളെ സ്‌കൂളിലയക്കാത്തവര്‍

കര്‍ണാടകയില്‍ ഹിജാബ് വിവാദം പടര്‍ന്നുപിടിച്ചപ്പോഴുയര്‍ന്ന മറ്റൊരു വിവാദമാണ് മുസ്ലീം സ്ത്രീകളെ പഠിപ്പിക്കാറില്ല എന്നത്. പക്ഷേ അതു സത്യമായിരുന്നുവെങ്കില്‍ അത് ഈ സര്‍വ്വേയില്‍ പ്രതിഫലിക്കുമായിരുന്നു. മുസ്ലീം പെണ്‍കുട്ടികള്‍ ശരാശരി 4.3 വര്‍ഷം സ്‌കൂള്‍ പഠനത്തിനു ചെലവഴിക്കുന്നതായി NFHS-5 സര്‍വെ പറയുന്നു. അതേസമയം മുസ്ലീം ആണ്‍കുട്ടികളാകട്ടെ 5.4 വര്‍ഷവും. ഹിന്ദു പെണ്‍കുട്ടികളില്‍ ഇത് 4.9 വര്‍ഷവും ആണ്‍കുട്ടികളില്‍ 7.5 വര്‍ഷവുമാണ്. അതായത്, ഹിന്ദു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലീം പെണ്‍കുട്ടികളിലെ കണക്കുകള്‍ അത്രത്തോളം താഴ്ന്നതല്ലെന്നു ചുരുക്കം.


മദ്യപാനികള്‍


മദ്യപാനം മുസ്ലീങ്ങള്‍ക്കു വര്‍ജ്ജ്യമാണ്. പല ഇസ്ലാമിക രാജ്യങ്ങളിലും മദ്യം വില്‍ക്കപ്പെടുന്നില്ല. അഥവാ വിറ്റാല്‍തന്നെ വളരെയേറെ നിയന്ത്രണങ്ങളോടെയാണ്. മുസ്ലീം ഇതര മതസ്ഥരാണ് ഇതു കുടിക്കുന്നതും. ഇന്ത്യയില്‍ മദ്യപാനികളായ മുസ്ലീങ്ങള്‍ 6.3 ശതമാനമാണ്. ഹിന്ദുക്കളില്‍ 25 ശതമാനം പേരും ക്രിസ്ത്യാനികളില്‍ 36% പേരും മദ്യപാനികളാണ്.


എപ്പോഴെല്ലാം മുസ്ലീങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നുവോ അപ്പോഴെല്ലാം അവരെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും ധാരാളമായി ഉണ്ടാകുന്നു. ഒരു സമുദായത്തെക്കുറിച്ച് വസ്തുതകള്‍ക്കു നിരക്കാത്ത അഭിപ്രായങ്ങള്‍ നിങ്ങളില്‍ രൂപപ്പെടുമ്പോള്‍ നിങ്ങള്‍ അവരെക്കുറിച്ച് തെറ്റായ അറിവു നേടുകയാണ് ചെയ്യുന്നത്. പക്ഷേ, ആ തെറ്റിദ്ധാരണ ശരിയാണെന്നു വരുത്തിത്തീര്‍ക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളും കൂടി നിരത്തുമ്പോള്‍ അത് അത്യന്തം അപകടകരമായി മാറുന്നു. മുസ്ലീങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ധാരാളമായി ഉണ്ടാക്കിവിടുന്ന ഗ്രൂപ്പുകള്‍ ഇന്ത്യയിലിന്ന് കൂടുതല്‍ ശക്തമാണ്. മുസ്ലീങ്ങളെ വിമര്‍ശിക്കാനുള്ള ശരിയായ കാര്യങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ആ സമുദായത്തെ വെറുക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യവും അതുതന്നെയാണ്.

ഇന്ത്യയില്‍ മുസ്ലീമിനെ വെറുക്കാനുള്ള അതിതീവ്രമായ പ്രചാരണങ്ങളാണിവിടെ നടക്കുന്നത്. ഇന്ത്യ ഒരു മതേതരരാഷ്ട്രമാണ്. അതിനാല്‍, ഇത്തരം തെറ്റായ ആരോപണങ്ങളെ കാര്യകാരണ സഹിതം നേരിടാനും എതിര്‍ക്കാനും എല്ലാ പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഏതു സമുദായവും ചെയ്യുന്ന തെറ്റായ നടപടികള്‍ എതിര്‍ക്കപ്പെടണം. പക്ഷേ, അതോടൊപ്പം അവരെക്കുറിച്ചുള്ള കള്ളപ്രചാരണങ്ങള്‍ അവസാനിക്കുകയും വേണം. അവിടെയാണ് ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും ശക്തിപ്രാപിക്കുന്നത്.


................................................................................................................
#mulsimsinIndia #muslimpopulation #muslimeducation #childmarriageamongmuslims #childmarriageinIndia, alcoholconsumption


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.