Header Ads

സ്‌നേഹമാണിനി ഇവള്‍ക്കു സര്‍വ്വം: മൂന്നര വയസുകാരിക്ക് ജാതി-മത രഹിത സര്‍ട്ടിഫിക്കറ്റ് നേടിയെടുത്ത് മാതാപിതാക്കള്‍

 
Thamasoma News Desk


സ്‌കൂളില്‍ മകള്‍ പഠിക്കേണ്ടത് സ്‌നേഹവും സാഹോദര്യവും സമത്വവുമാണെന്ന് ആ മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി, ജാതിയോ മതമോ ഇല്ലാതെ മകള്‍ വിമലയെ സ്‌കൂളില്‍ ചേര്‍ക്കണമെന്നായിരുന്നു ആ മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ, അതിനായി സ്‌കൂളിനെ സമീപിച്ച കോയമ്പത്തൂര്‍ സ്വദേശികളായ നരേഷ് കാര്‍ത്തിക് - ഗായത്രി ദമ്പതികള്‍ക്ക് കടക്കേണ്ടി വന്നത് ഒട്ടേറെ കടമ്പകളാണ്. ഒടുവില്‍ അവരതു നേടിയെടുത്തു. അവരുടെ മകളിനി ജാതിയില്ലാതെ മതമില്ലാതെ സ്‌കൂളില്‍ പഠിക്കും, വളരും.

ജാതിയും മതവുമില്ലാതെ മകളെ പഠിപ്പിക്കാന്‍ തയ്യാറുള്ള വിദ്യാഭ്യാസ സ്ഥാപനം തിരക്കി കാര്‍ത്തികിനും ഗായത്രിക്കും ഒട്ടേറെ അലയേണ്ടി വന്നു. ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനായി നിരവധി ഓഫീസുകള്‍ അവര്‍ കയറിയിറങ്ങി. ഇതേ ആവശ്യവുമായി ജില്ല കളക്ടര്‍ ജി എസ് സമീരനെ സമീപിച്ചപ്പോള്‍ നോര്‍ത്ത് കോയമ്പത്തൂര്‍ തസഹില്‍ദാരെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. 1973 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമമനുസരിച്ച് സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ ജാതിയോ മതമോ നിര്‍ബന്ധമില്ലെന്ന് കാര്‍ത്തികിന്റെ ഒരു അടുത്ത സുഹൃത്ത് പറയുകയും ചെയ്തിരുന്നു.

ജാതിയും മതവുമില്ലാതെ പഠിക്കുന്ന കുട്ടികള്‍ക്ക് ഇതിന്റെ പേരിലുള്ള യാതൊരു തരത്തിലുമുള്ള ആനുകൂല്യത്തിനോ സര്‍ക്കാര്‍ റിസര്‍വേഷനോ യോഗ്യത ഉണ്ടായിരിക്കില്ലെന്ന കാര്യം തങ്ങള്‍ക്ക് അറിയാമെന്ന സത്യവാങ്മൂലം എഴുതി വാങ്ങിയതിനു ശേഷമാണ് ജാതി രഹിത മത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസില്‍ദാര്‍ തയ്യാറായത്.

തന്റെ മകള്‍ മത്സരിക്കേണ്ടത് കഴിവിന്റെ അടിസ്ഥാനത്തിലാണെന്നും അല്ലാതെ ജാതിയുടേയും മതത്തിന്റെയും പേരിലുള്ള ഒരു ആനുകൂല്യവും അവള്‍ക്ക് ആവശ്യമില്ലെന്നും കാര്‍ത്തിക്കും ഗായത്രിയും പറഞ്ഞു. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെന്ന കാര്യം ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുന്നതിനു വേണ്ടിയാണ് സ്വന്തം ജാതിയും മതവും തെളിയിച്ചു കൊണ്ട് ഒട്ടേറെ മനുഷ്യരിവിടെ ജീവിക്കുന്നത്. കഴിവിന്റെ അടിസ്ഥാനത്തില്‍ മത്സരിക്കാന്‍ കഴിയാത്തവരും തേടുന്നത് ജാതി-മത വ്യവസ്ഥിതിക്ക് ഉള്ളില്‍ വളരാനാണ്. സ്‌നേഹവും ധര്‍മ്മവും സമത്വവും കാറ്റില്‍ പറത്തി, മനുഷ്യരെ പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുകയാണ് മതങ്ങളിവിടെ ചെയ്യുന്നത്. എന്നിട്ടും, കിട്ടാനുള്ള എച്ചില്‍ക്കഷണങ്ങള്‍ക്കായി പരസ്പരം വെട്ടിയും കുത്തിയും കൊന്നും തള്ളുന്നവരുടെ നെറികെട്ട ജാതി മത ബോധത്തിലേക്ക് തന്റെ കുഞ്ഞിനെ തള്ളിവിടരുതെന്ന ബോധമുള്ളതു കൊണ്ടാണ് ഈ മാതാപിതാക്കള്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് മകള്‍ക്കായി നേടിയെടുത്തത്.

ജാതിയുടേയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത് സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും നീലാകാശത്തിലേക്ക് സ്വന്തം മകളെ പറത്തിവിട്ടിരിക്കുകയാണ് കാര്‍ത്തിക്കും ഗായത്രിയും. അവള്‍ വളരട്ടെ, സ്വാതന്ത്ര്യത്തോടെ......

..........................................................................................
#NoCasteNoReligionCertificate #castesysteminIndia #competeinAbilities

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.