ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ ഇന്ത്യയിലെ ഒരു സ്ത്രീയ്ക്കും കഴിയില്ല: അലഹബാദ് ഹൈക്കോടതി
Thamasoma News Deskസ്വന്തം ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയുമായും പങ്കുവയ്ക്കാന്‍ ഇന്ത്യയിലെ ഒരു സ്ത്രീയ്ക്കും കഴിയില്ലെന്നും ഇനി അഥവാ അങ്ങനെ ഏതെങ്കിലുമൊരു സ്ത്രീയ്ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സുബോധത്തോടെ അതനുവദിക്കാന്‍ കഴിയില്ലെന്നും അലഹബാദ് ഹൈക്കോടതി.
രണ്ടാം ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കുറ്റത്തില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വാരണാസി സ്വദേശി സുശീല്‍ കുമാറിന്റെ കേസ് പരിഗണിക്കവെ ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദിയാണ് ഈ നിര്‍ണ്ണായക നിരീക്ഷണം നടത്തിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി തനിക്കെതിരെ പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊടുക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു സുശീല്‍ കുമാര്‍.
'ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാലും എന്തെല്ലാം സഹിക്കേണ്ടി വന്നാലും ഒരു സ്ത്രീയ്ക്കും തന്റെ ഭര്‍ത്താവിനെ മറ്റൊരാളുമായി പങ്കുവയ്ക്കാന്‍ കഴിയില്ല. ഭര്‍ത്താവ് തന്റെതു മാത്രമായിരിക്കണമെന്ന നിര്‍ബന്ധമുള്ളവരാണ് ഓരോ ഇന്ത്യന്‍ സ്ത്രീയും. അവരെ മറ്റൊരാളുമായി പങ്കുവയ്ക്കുന്നത് ഒരു സ്ത്രീയ്ക്കും സഹിക്കാനാവില്ല. തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നതോ മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നതോ സഹിക്കാന്‍ ഒരു സ്ത്രീയ്ക്കും കഴിയില്ല. അത്തരമൊരു സന്ദര്‍ഭത്തില്‍ സമചിത്തതയോടെ ഈ പ്രശ്‌നത്തെ നേരിടാന്‍ സ്ത്രീകള്‍ക്കു കഴിയില്ല,' ജസ്റ്റിസ് രാഹുല്‍ ചതുര്‍വ്വേദി നിരീക്ഷിച്ചു.സുശീല്‍ കുമാര്‍ മൂന്നാമതൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നു അയാളുടെ രണ്ടാം ഭാര്യ. ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിനെതിരെയും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തിനെതിരെയും 2018 സെപ്റ്റംബര്‍ 22 ന് ഇവര്‍ പോലീസില്‍ ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടായിരുന്നു ഇവരുടെ മരണം.
ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടാതെയാണ് സുശീല്‍ കുമാര്‍ രണ്ടാമതു വിവാഹം കഴിച്ചത്. ആദ്യത്തെയും രണ്ടാമത്തെയും ബന്ധം നിലനില്‍ക്കേയാണ് മൂന്നാമത്തെ വിവാഹത്തിന് ഇയാള്‍ ഒരുങ്ങിയത്. ആദ്യഭാര്യയില്‍ ഇയാള്‍ക്ക് രണ്ടു കുട്ടികളുണ്ട്. 2010 ലായിരുന്നു ഇയാളുടെ രണ്ടാം വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. ഇക്കാലയളവിനുള്ളില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനങ്ങളും അവഹേളനങ്ങളും അവര്‍ക്കു സഹിക്കേണ്ടി വന്നു. ഗാര്‍ഹിക പീഡനത്തിനെതിരെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഇവര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
'തന്റെ ഭര്‍ത്താവ് രഹസ്യമായി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെത്തുര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. തന്നോടു കാണിച്ച മാനസിക ശാരീരിക പീഡനങ്ങള്‍ക്കെതിരെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസില്‍ പരാതിയും ഇവര്‍ നല്‍കിയിരുന്നു. ഇത്തരമൊരവസരത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തില്‍ നിന്നും ഭര്‍ത്താവായ സുശീല്‍ കുമാറിനെ ഒഴിവാക്കാനാവില്ല,' ജസ്റ്റിസ് ചതുര്‍വ്വേദി നീരീക്ഷിച്ചു.സെപ്റ്റംബര്‍ 22, 2018 ല്‍ യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുശീല്‍ കുമാറിനും വീട്ടുകാര്‍ക്കുമെതിരെ സെക്ഷന്‍ 323 (മനപ്പൂര്‍വ്വം ദേഹോപദ്രവം ഏല്‍പ്പിക്കുക) 379 (സ്വത്തുക്കള്‍ അപഹരിക്കുക), 494 (ആദ്യഭാര്യയില്‍ നിന്നും വിവാഹ മോചനം നേടാതെ രണ്ടാമതും വിവാഹം കഴിക്കുക), 504 (മനപ്പൂര്‍വ്വം അപമാനിക്കുക) 506 (ഭീഷണിപ്പെടുത്തുക) എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
2010 ല്‍ വിവാഹം കഴിഞ്ഞ ശേഷം ജീവിതത്തിലുടനീളം ഭര്‍ത്താവില്‍ നിന്നും അയാളുടെ വീട്ടുകാരില്‍ നിന്നും സഹിക്കേണ്ടി വന്നത് കൊടും ക്രൂരതകളായിരുന്നു. സുശീല്‍ കുമാറും വീട്ടുകാരും ചെയ്ത കുറ്റങ്ങള്‍ക്കെതിരെയുള്ള തെളിവുകളും കോടതി പരിശോധിച്ചു വരികയാണ്. ഇതിനിടെ, 2018 സെപ്റ്റംബര്‍ 11 നാണ് തന്റെ ഭര്‍ത്താവ് മൂന്നാമതും വിവാഹം കഴിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്ത കാര്യം ഇവരറിയുന്നത്. സാരംഗ് നാഥ് ക്ഷേത്രത്തില്‍ വച്ചു വിവാഹം കഴിക്കാനായിരുന്നു തീരുമാനം. ഇതറിഞ്ഞതിന്റെ പിറ്റേന്നാണ് ഇവര്‍ പോലീസില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. പിന്നീടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല