കേരളത്തില്‍ 75% സ്ത്രീകള്‍ക്കും സഞ്ചാര സ്വാതന്ത്ര്യമില്ല
NFHS-5-says-75%-women-in-Kerala-are-not-allowed-to-freedom-of-movement
സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യമെന്നാല്‍, തനിയെ മാര്‍ക്കറ്റിലേക്കും ആശുപത്രികളിലേക്കും വില്ലേജിനോ സമുദായത്തിനോ പുറത്തേക്കോ തനിയെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇന്ത്യയിലെ ആധുനിക സ്ത്രീകള്‍ വളരെയേറെ സ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്നും അവര്‍ സ്വതന്ത്രരായിട്ടാണ് ജീവിക്കുന്നതെന്നുമുള്ള തെറ്റായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാരെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വേ - 5 (National Family Health Survey - 5 (NFHS-5)) കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍വ്വേയ്ക്കായി തെരഞ്ഞെടുത്തത് 15 - 49 വയസിന് ഇടയിലുള്ള സ്ത്രീകളെയാണ്. ഇന്ത്യയില്‍ തനിയെ മാര്‍ക്കറ്റില്‍ പോകാന്‍ അനുവാദമുള്ള സ്ത്രീകളുടെ എണ്ണം 56% മാണ്. ആശുപത്രികളില്‍ തനിയെ പോകാന്‍ അനുമതിയുള്ളവര്‍ 52% പേരും വില്ലേജിനോ കമ്മ്യൂണിറ്റിക്കോ പുറത്തേക്കു തനിയെ യാത്ര ചെയ്യാന്‍ അനുമതിയുള്ളവര്‍ 50% പേരുമാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യയില്‍ ഈ മൂന്നു സ്ഥലത്തേക്കും തനിയെ യാത്ര ചെയ്യാന്‍ അനുമതിയുള്ളത് 42 ശതമാനം സ്ത്രീകള്‍ക്കാണെന്നു സാരം. എന്നാല്‍, ഇന്ത്യയിലെ 5% സ്ത്രീകള്‍ ഈ മൂന്നില്‍ ഒരു സ്ഥലത്തേക്കു പോലും തനിയെ പോകാന്‍ അനുമതിയില്ലാത്തവരാണ്.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേ - 4 ന് ശേഷം സഞ്ചാര സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. NFHS-4 പ്രകാരം സഞ്ചാര സ്വാതന്ത്ര്യമുള്ള സ്ത്രീകളുടെ എണ്ണം 41% മായിരുന്നു. എന്നാല്‍ സര്‍വ്വേ -5 ല്‍ അത് 42% മായി കൂടി. അതായത് 4 വര്‍ഷത്തിനിടയില്‍ വെറും 1% ത്തിന്റെ വര്‍ദ്ധനവ് മാത്രം.
എന്നാല്‍ ഈ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയിട്ടുള്ളത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്.
സ്വാതന്ത്ര്യമനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ഥമാണ്. വിദ്യാഭ്യാസവും സംസ്‌കാരവും സ്വാതന്ത്ര്യവും ഏറ്റവും കൂടുതലുണ്ടെന്നഹങ്കരിക്കുന്ന കേരളത്തില്‍ തനിയെ ഈ മൂന്നു സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാന്‍ അനുവാദമുള്ള സ്ത്രീകളുടെ എണ്ണം വെറും 15% മാണ്. ഹിമാചല്‍ പ്രദേശില്‍ 82% സ്ത്രീകളും സഞ്ചാര സ്വാതന്ത്ര്യം അനുഭവിക്കുന്നു.
കേരളത്തിലെ സ്ത്രീകള്‍ സഞ്ചാര സ്വാതന്ത്ര്യം അനുഭവിക്കുന്നില്ലെന്ന പച്ചയായ യാഥാര്‍ത്ഥ്യം മറച്ചു വച്ച് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് അനുസരണക്കേടു കാണിക്കുന്ന സ്ത്രീകളെ തല്ലാനുള്ള അവകാശം ഭര്‍ത്താവിനുണ്ടെന്നു പകുതിയിലേറെ സ്ത്രീകളും അംഗീകരിക്കുന്നു എന്ന സര്‍വ്വേ റിപ്പോര്‍ട്ടാണ്.
ഒട്ടേറെ ആശ്വാസകരമായ മറ്റൊരു പഠനം ഈ സര്‍വ്വേയിലുണ്ട്. താല്‍പര്യമില്ലെങ്കില്‍ ഭര്‍ത്താവിനു ലൈംഗികത നിഷേധിക്കാമെന്ന് അനുകൂലിക്കുന്ന 80% സ്ത്രീകള്‍ ഉണ്ടെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യം അംഗീകരിക്കുന്ന 66% പുരുഷന്മാരുമുണ്ട് ഇന്ത്യയില്‍. എന്നാല്‍, പുരുഷന്‍ ആവശ്യപ്പെട്ടാല്‍ യാതൊരു കാരണവശാലും അവര്‍ക്കു ലൈംഗികത നിഷേധിക്കാന്‍ പാടില്ലെന്നു വിശ്വസിക്കുന്ന സ്ത്രീകളുടെ എണ്ണം 8% വും ഇതേ അഭിപ്രായമുള്ള പുരുഷന്മാരുടെ എണ്ണം 10% വുമാണ്.
സ്ത്രീ ശാക്തീകരണ പരിപാടികള്‍ ഏറ്റവും കൂടുതലായി നടക്കുന്നൊരു സംസ്ഥാനമാണ് കേരളമെന്ന് മാറിമാറി വരുന്ന സര്‍ക്കാരുകളും മതനേതാക്കളും സംഘടനകളും അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസം കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചുവത്രെ. പക്ഷേ, ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെയും വിമര്‍ശനങ്ങളെയും ധൈര്യപൂര്‍വ്വം നേരിടുവാനും കൈകാര്യം ചെയ്യുവാനും എത്ര സ്ത്രീകള്‍ക്കു കഴിയാറുണ്ട്...??
..................................................................................................................
#FreedomOfWomen #Freedomofmovementforwomen #NationalFamilyhealthsurvey-5 #womeninkerala
അഭിപ്രായങ്ങളൊന്നുമില്ല