പെണ്ണിന്റെ ആത്മാഭിമാനത്തിന് ഇതോ കോടതി നല്‍കുന്ന വില…??

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

സ്ത്രീധനമെന്ന സാമൂഹിക തിന്മയെ വേരോടെ പിഴുതെറിയാന്‍ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഫലപ്രദമായ നടപടികള്‍ എന്തെന്ന ചോദ്യത്തിന് യാതൊന്നുമില്ല എന്നതാണ് മറുപടി.

വിസ്മയയെ അതിക്രൂരമായി മരണത്തിലേക്കു തള്ളിവിട്ട കിരണ്‍കുമാറിന് 10 വര്‍ഷത്തെ തടവും പന്ത്രണ്ടര ലക്ഷം രൂപയും ശിക്ഷ വിധിച്ചതോടെ സമാധാനം ലഭിച്ച പോലെയാണ് ഇവിടെയുള്ള മാധ്യമങ്ങളും വിസ്മയയുടെ മാതാപിതാക്കളും ഉള്‍പ്പടെയുള്ള സകലരുടെയും പ്രതികരണം. കേവലം 23 വയസ് മാത്രം പ്രായമുണ്ടായിരുന്ന, ജീവിതം ഇനിയും ധാരാളം ബാക്കി കിടന്ന ആ പെണ്‍കുട്ടിക്ക് ഇവിടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ച യഥാര്‍ത്ഥ കൊലയാളികളിപ്പോഴും പുറത്താണ് എന്നത് കോടതി തെല്ലും പരിഗണിക്കാത്തത് എന്താണ്…??

ജീവിക്കാന്‍ ഏറെ കൊതിച്ച, ജീവിതത്തെ ഏറെ സ്‌നേഹിച്ച വിസ്മയയ്ക്ക് ജീവിതം നിഷേധിച്ചവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ എന്താണ് അവകാശം…?? മരിച്ച വിസ്മയയ്ക്ക് നീതി നടത്തിക്കൊടുക്കാന്‍ സാധിക്കില്ലെന്നിരിക്കെ, മരണം പുല്‍കാന്‍ കാത്തിരിക്കുന്ന വിസ്മയമാര്‍ക്ക് ഈ കോടതിയും ഇവിടുത്തെ നിയമ വ്യവസ്ഥയും നല്‍കുന്ന പരിരക്ഷ എന്താണ്…??

കിരണ്‍കുമാറിന് അര്‍ഹിക്കുന്ന ശിക്ഷയാണ് നല്‍കിയതെന്ന് കോടതി ചിലപ്പോള്‍ അഭിമാനിക്കുന്നുണ്ടാവും. തങ്ങളുടെ മകളെ മരണത്തിലേക്കു തള്ളിവിട്ടവന് തക്ക ശിക്ഷ ലഭിച്ചെന്ന് വിസ്മയയുടെ മാതാപിതാക്കളും ആശ്വസിക്കുന്നുണ്ടാവാം. ഈ ശിക്ഷ ഏറ്റവും മുന്തിയതാണെന്നിവിടെ മാധ്യമങ്ങളും വാഴ്ത്തിപ്പാടിയേക്കാം. പക്ഷേ, ഒരു പെണ്ണിന്റെ ജീവന്‍ പുല്ലുപോലെ വലിച്ചെറിഞ്ഞ് മരണത്തിലേക്കു തള്ളിവിട്ട നരാധമര്‍ക്കു കിട്ടേണ്ട ശിക്ഷ ഇതല്ല. ഈ വിധിയൊരിക്കലും സ്ത്രീധനത്തിന്റെ, സ്ത്രീപീഡനത്തിന്റെ, ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ സ്ത്രീകളെ കൊന്നുതള്ളുന്ന ക്രിമിനല്‍ സംഘങ്ങളെ തെല്ലും ഭയപ്പെടുത്താന്‍ ഉതകുന്നതല്ല. മറിച്ച്, പെണ്ണിനെ എത്ര ഉപദ്രവിച്ചാലും കൊന്നു തള്ളിയാലും ഇത്രയൊക്കേയേ ശിക്ഷയുള്ളു എന്ന ധാരണ മനുഷ്യമനസിലേക്ക് കടത്തി വിടാന്‍ മാത്രമേ ഉതകുകയുള്ളു. അതിനാല്‍ത്തന്നെ ഈ കോടതി വിധി വിസ്മയയ്ക്ക് അനുകൂലമല്ല, മറിച്ച് കിരണ്‍കുമാര്‍മാരുടെ രക്ഷയ്ക്കുള്ള വിധിയാണെന്ന് നിസ്സംശയം പറയാം.

ബന്ദു നിരോധിച്ചപ്പോള്‍ പകരം ഹര്‍ത്താല്‍ വന്നതു പോലെയാണ് സ്ത്രീധനം നിരോധിച്ചപ്പോള്‍ ഗിഫ്റ്റുകള്‍ എത്തിച്ചേര്‍ന്നത്. സ്ത്രീധനം നിരോധിച്ച കോടതിയുടെയും ഭരിക്കുന്ന സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ് ഈ നിയമം കൃത്യമായി പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുക എന്നത്. പൊങ്ങച്ചവും ധൂര്‍ത്തും കൈയിലുള്ള പണത്തിന്റെ വലിപ്പവും നാട്ടുകാരെ കാണിക്കാന്‍ വിവാഹ മാമാങ്കങ്ങള്‍ നടത്തുന്നവരെ നിരീക്ഷിക്കാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും തക്ക ശിക്ഷ നല്‍കാനും സ്ത്രീധന നിയമം നടപ്പാക്കിയ കോടതിക്ക് ഉത്തരവാദിത്വമുണ്ട്. കുറ്റക്കാരെന്നു കാണുന്നവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്കു സ്വമേധയാ തീരുമാനിക്കാനുള്ള അധികാരമുണ്ട്. എന്നിട്ടും ഇക്കാര്യത്തില്‍ കോടതിയും സര്‍ക്കാരുകളും കാണിക്കുന്ന മൗനം കിരണ്‍കുമാര്‍മാരെ സംരക്ഷിക്കാനും രക്ഷപ്പെടാനും മാത്രമേ ഉപകരിക്കുകയുള്ളു.

തന്റെ 41-ാം വയസില്‍ പുറത്തിറങ്ങുന്ന കിരണ്‍കുമാറിന് പിന്നീടുള്ള കാലം നല്ലൊരു ജീവിതം കെട്ടിപ്പടുക്കാം. കേരളത്തിലോ ഇന്ത്യയിലോ വിദേശത്തോ എവിടെ വേണമെങ്കിലും ജീവിക്കാം. ആരും അയാളെ തിരിച്ചറിയുക പോലുമില്ല. പക്ഷേ, സഹിക്കാന്‍ ശേഷിയില്ലാതെ ജീവിതമവസാനിപ്പിച്ച വിസ്മയമാരാണ് ഇവിടെ ശിക്ഷിക്കപ്പെട്ടത്. ഈ വിധിയിലൂടെയും ശിക്ഷിച്ചിരിക്കുന്നത് വിസ്മയയെത്തന്നെ.

വിസ്മയമാര്‍ക്ക് നീതി ലഭിച്ചു എന്ന പ്രതീതിയുണ്ടാക്കി, കിരണ്‍കുമാര്‍മാരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള കോടതി വിധിയാണ് വിസ്മയ കേസില്‍ ഉണ്ടായിട്ടുള്ളത്. കിരണ്‍കുമാറിനെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള ഒരു വിധി പുറപ്പെടുവിച്ചിട്ട് വിസ്മയയ്ക്കു നീതി ലഭിച്ചു എന്നു വിളിച്ചുകൂവി ആഹ്ലാദം പങ്കിടുന്നതില്‍ കാര്യമില്ല. വിസ്മയയെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക്, സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍, സ്ത്രീധനവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും തടയാന്‍ സര്‍ക്കാരും കോടതിയും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് ഇവയാണ്.

1. കിരണ്‍കുമാറിനു നല്‍കിയിരിക്കുന്ന ശിക്ഷ അപര്യാപ്തമാണ്. ഒന്നുകില്‍ ജീവിതകാലം മുഴുവനും അയാളെ ജയിലിനകത്താക്കണം. അയാളിനി പുറം ലോകം കാണാന്‍ പാടില്ല. വിസ്മയയ്ക്കു ജീവിക്കാന്‍ അവകാശം നിഷേധിച്ച കിരണ്‍ കുമാറിനും ജീവിക്കാന്‍ അവകാശമില്ല. അതിനാല്‍, അയാള്‍ അര്‍ഹിക്കുന്ന ശിക്ഷ മരണം തന്നെയാണ്. ക്രിമിനല്‍ പശ്ചാത്തലമില്ല എന്നത് കൊടും ക്രൂരത കാണിച്ചവന് രക്ഷപ്പെടാനുള്ള ഒഴികഴിവാകരുത്.

2. വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റവാളി ആക്കിയിട്ടുള്ളത് നിലവില്‍ കിരണ്‍കുമാറിനെ മാത്രമാണ്. ഇത് ശരിയായ നീതിയല്ല. കിരണ്‍ കുമാറിനൊപ്പം തന്നെ ശിക്ഷിക്കപ്പെടേണ്ടവരാണ് കിരണ്‍ കുമാറിന്റെ മാതാപിതാക്കള്‍. ഇക്കാര്യത്തില്‍ കോടതി കാണിച്ചിരിക്കുന്നത് കുറ്റകരമായ മൗനമാണ്. അതിനാല്‍, കിരണ്‍കുമാറിനൊപ്പം അയാളുടെ മാതാപിതാക്കള്‍ കൂടി ശിക്ഷിക്കപ്പെടണം.

3. തന്റെ ജീവന്‍ അപകടത്തിലാണെന്ന് മകള്‍ വിളിച്ചു പറഞ്ഞിട്ടും തെളിവുകള്‍ സഹിതം കാണിച്ചിട്ടും അതെല്ലാം എല്ലാ വീട്ടിലും സംഭവിക്കുന്നതല്ലേ, എല്ലാം മാറും എന്നുപറഞ്ഞു സമാശ്വസിപ്പിച്ച വിസ്മയയുടെ മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടണം.

4. വിവാഹത്തിനു ബില്ലോടു കൂടി കൈമാറ്റം ചെയ്യാന്‍ കഴിയുന്ന സ്വര്‍ണ്ണം 60 പവനാണെന്നിരിക്കേ, 101 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയുടെ കാറും ഒന്നരയേക്കര്‍ സ്ഥലവും മകള്‍ക്കു സ്ത്രീധനമായി കൊടുത്ത വിസ്മയയുടെ മാതാപിതാക്കളുടെ വരുമാനത്തിന്റെ ഉറവിടം അന്വേഷിക്കണം. ത്രിവിക്രമന്‍ നായര്‍ ഈ പണം എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും നിയമസംവിധാനങ്ങള്‍ക്കുമുണ്ട്.

5. പന്ത്രണ്ടര ലക്ഷം രൂപ പിഴയല്ല, കിരണ്‍കുമാറിന്റെ മാതാപിതാക്കളുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടുകയാണ് വേണ്ടത്. ഒരു പെണ്‍കുട്ടിയെ നിഷ്‌കരുണം കൊന്നുതള്ളിയ കിരണ്‍ കുമാര്‍മാരും അവരുടെ മാതാപിതാക്കളും സ്വത്തുക്കളേതുമില്ലാതെ നരകിച്ചു തന്നെ തുടര്‍ന്നുള്ള ജീവിതം ജീവിക്കണം.

സ്ത്രീകളുടെ ആത്മാഭിമാനത്തിനും അന്തസിനും ജീവിക്കാനുള്ള അവകാശത്തിനും കുറച്ചെങ്കിലും വില ഈ ഭരണകൂടവും കോടതികളും കൊടുത്തേ തീരൂ. വെറും 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപയുമാണ് വിസ്മയയുടെ ജീവന് ഈ കോടതിയിട്ട വില. എന്നിട്ടു പറയുന്നു, കുറ്റവാളിക്കു തക്ക ശിക്ഷ നല്‍കിയെന്ന്… ഇതാണ് ആ തക്ക ശിക്ഷയെങ്കില്‍, ഇവിടെ വിസ്മയമാര്‍ സൃഷ്ടിക്കപ്പെടുന്നതും കിരണ്‍കുമാര്‍മാര്‍ ആനന്ദനൃത്തം ചവിട്ടുന്നതും ഇത്തരം വിധികളുടെ പിന്‍ബലത്തിലാണ്. മാറ്റിയെഴുതപ്പെടുക തന്നെ വേണം ഈ അറുപഴഞ്ചന്‍ നിയമങ്ങള്‍.

………………………………………………………………………………………………..

#courtsinindiaprotectscriminals #Kirankumar #Vismaya #caseofvismaya #verdictnoadwquate #lightpunishmentforkirankumar

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു