Header Ads

കന്യാസ്ത്രീയ്ക്ക് കുടുംബജീവിതത്തിന് അനുമതി നല്‍കി കോടതി


25 വര്‍ഷക്കാലത്തെ കന്യാസ്ത്രീ ജീവിതമവസാനിപ്പിച്ച് കാസര്‍കോട് കടുമേനി സ്വദേശിനി കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത് തികച്ചും അഭിനന്ദനാര്‍ഹം. ഇഷ്ടമില്ലാത്ത ജീവിതം നിര്‍ബന്ധപൂര്‍വ്വം തുടരുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ഇഷ്ടത്തോടു കൂടി സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കുന്നത്. കണ്ണൂരിലെ സഭാസ്ഥാപനത്തില്‍ നിന്നും ഇവരെ കാണാതായതിനെത്തുടര്‍ന്ന് സഹോദരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് കാമുകനൊപ്പം താമസിക്കുന്ന ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന്, കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് എസ്. അമ്പിളി അനുവദിക്കുകയായിരുന്നു.

മികച്ച അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് ജമ്മുവില്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന യുവതിയുടെ സഹോദരനായ കൊല്ലം സ്വദേശിയുമായി പരിചയപെടുകയും ഫോണ്‍ വഴി ഇവര്‍ തമ്മിലുള്ള ബന്ധം ദൃഢമാവുകയുമായിരുന്നു.

കഴിഞ്ഞ മെയ് ഒന്നിനാണ് ഇവരെ സഭയുടെ ഹോസ്റ്റലില്‍ നിന്നും കാണതായത്. തുടര്‍ന്ന് ഇവരുടെ സഹേദരന്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ മുറിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കുരിശുമാല അഴിച്ചു വെച്ചതായും തിരുവസ്ത്രം കത്തിച്ചതായും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പൊലീസ് സിസ്റ്റര്‍ സ്ഥലം വിട്ടതാണെന്ന് മനസിലാക്കിയത്.

കോവിഡ് ബാധിച്ചു ശരീരം തളര്‍ന്ന പിതാവിനെ സഹായിക്കാന്‍ ഫിസിയോ തെറാപ്പിസ്റ്റായ കാമുകന്‍ ഏതാനും മാസങ്ങള്‍ സിസ്റ്ററിന്റെ വീട്ടില്‍ താമസിച്ചിരുന്നുവെന്നും പറയുന്നു. ഈ ബന്ധം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. കണ്ണൂരിലെ ഒരു സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാളാണ് തിരുവസ്ത്രം ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്.

ആറു കന്യാസ്ത്രീകള്‍ താമസിക്കുന്ന കോണ്‍വെന്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മറ്റു കന്യാസ്ത്രീകള്‍ക്കൊപ്പം പള്ളിയിലേക്ക് പോയ ഇവര്‍ ഉച്ചയോടെ തിരികെ തനിയെ കോണ്‍വെന്റിലെത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നും 'എനിക്ക് ഈ ജീവിതം മടുത്തു. ഞാന്‍ പോകുകയാണ്' എന്നെഴുതിയ കത്ത് ലഭിച്ചു. ഇതിനിടയില്‍ സ്വന്തം സഹോദരനും മദര്‍ സുപ്പീരിയറിനും 'ഇനി അന്വേഷിക്കേണ്ട, പോകുകയാണ്' എന്ന സന്ദേശവും അയച്ചിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കന്യാസ്ത്രീ സ്ഥിരമായി വിളിച്ചിരുന്ന ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തി. രാത്രി 10 മണിക്ക് ശേഷം ഫോണ്‍ സംഭാഷണം അനുവദിനീയമല്ലാത്ത കോണ്‍വെന്റില്‍ ഈ സമയത്തിന് ശേഷം ദീര്‍ഘനേരം ഇതേ ഫോണിലേക്ക് വിളിച്ച് സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് കോണ്‍വെന്റിലെ മറ്റ് കന്യാ സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ സ്ഥിരമായി ഫോണ്‍ വിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും അമ്മയോട് സംസാരിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും പൊലീസ് മനസ്സിലാക്കി. ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തോമസിനൊപ്പമാണ് പോയതെന്ന് വ്യക്തമായത്.

 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.